പല വണ്ടികളില്‍ ലിഫ്റ്റ്‌ ചോദിച്ച് ഒരു യുവാവിന്‍റെ സാഹസികമായ ഭാരതയാത്ര..!

ലിഫ്റ്റ്‌ വാങ്ങിയുള്ള യാത്ര, കയ്യില്‍ പണമൊന്നും കരുതാതെ, രാത്രിയുറക്കം അമ്പലങ്ങളിലും റെയില്‍വേ സ്റ്റേഷനിലും ഗുരുദ്വാരകളിലും.ആഹാരം ആളുകളോട് ചോദിക്കും .കിട്ടിയാല്‍ വാങ്ങി കഴിക്കും. കുളിയും നനയും വഴിയില്‍ കാണുന്ന നദികളിലും പുഴകളിലും.

28 കാരനായ ദില്ലി സ്വദേശി അംശു മിശ്ര കഴിഞ്ഞ 243 ദിവസമായി യാത്രയിലാണ്.ഇതുവരെ 28 സംസ്ഥാനങ്ങള്‍ ചുറ്റി ഇപ്പോള്‍ മദ്ധ്യപ്രദേശില്‍ എത്തിയിരിക്കുന്നു. യാത്രക്കായി ട്രെയിന്‍, ബസ് ഒന്നും ഉപയോഗിച്ചിട്ടില്ല. കാളവണ്ടി മുതല്‍ ടൂ വീലറുകള്‍ തുടങ്ങി മെര്സിഡിസ് ബെന്‍സില്‍ വരെ യാത്ര ചെയ്തു.

ഒക്കെയും ലിഫ്റ്റ്‌ വാങ്ങിയുള്ള യാത്രകള്‍. ഒരു രൂപപോലും ഇതുവരെ ചിലവായിട്ടില്ല. കയ്യിലുള്ള റോഡ്‌ മാപ്പ് വച്ച് റൂട്ടുകള്‍ കണ്ടുപിടിച്ചു അവിടെയെത്തി ആളുകളോട് ലിഫ്റ്റ്‌ വാങ്ങിയാണ് യാത്ര. 9 മണിക്കൂര്‍ വരെ ലിഫ്റ്റൊന്നും കിട്ടാതെ ഹൈവേയില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. രണ്ടര ദിവസം വരെ ആഹാരം കിട്ടാതെ വിശന്നു യാത്ര ചെയ്തു.. അനുഭവങ്ങള്‍ നിരവധിയാണ്.

നമുക്ക് തോന്നാം ഇയാള്‍ക്ക് വട്ടാണോ എന്ന്. ഈ യാത്രക്ക് കാരണമുണ്ട്. ഓരോ മനുഷ്യര്‍ക്കും വന്നുഭവിക്കുന്ന ചില സംഭവങ്ങള്‍ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാം എന്നുപറഞ്ഞതുപോലെ അംശു മിശ്രക്കും ജീവിതത്തില്‍ ഒരു വലിയ അനുഭവമുണ്ടായി.

അംശു മിശ്ര ഡല്‍ഹിയില്‍ ഒരു കമ്പനിയില്‍ എക്സിക്യൂട്ടീവ് ആയിരുന്നു. നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും. ഒരു ദിവസം രാത്രി ഡല്‍ഹിയിലെ ഒരു ഡാബ യില്‍ ( വഴിയോരക്കട ) അംശു മിശ്ര ആഹാരം കഴിച്ചുകൊണ്ടി രിക്കുകയായിരുന്നു. ആ സമയത്ത് സ്പീഡില്‍ വന്ന ഒരു ഇന്നോവാ കാര്‍ കടക്ക്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രക്കിന്‍റെ പിന്നില്‍ വന്നിടിക്കുകയും കാറിലുണ്ടായിരുന്നവര്‍ അത്ഭുതകമായി രക്ഷപെടുകയും ചെയ്തു.

ഒന്നും സംഭവിച്ചില്ലെങ്കിലും കാറിനു സാരമായ നഷ്ടമുണ്ടായി. സമ്പന്നരുടെ മക്കളായിരുന്നു കാറില്‍. അവരെല്ലാം മദ്യപിച്ചിരുന്നു. തെറ്റ് കാറോടിച്ചിരുന്ന വ്യക്തിയുടെ ഭാഗത്തായിരുന്നെങ്കിലും അവര്‍ ഒന്നടങ്കം ട്രക്ക് ഡ്രൈവറെ അസഭ്യം പറയാന്‍ തുടങ്ങി. ഡ്രൈവര്‍ അതെല്ലാം തലകുനിച്ചിരുന്നു കേട്ടതല്ലാതെ മറുത്ത് ഒരക്ഷരം പറഞ്ഞില്ല.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അംശു മിശ്ര ഡ്രൈവറുടെ അടുത്തുചെന്ന് പ്രതികരിക്കാതിരുന്നതിന്റെ കാരണം തിരക്കി. ആ ഡ്രൈവറുടെ വാക്കുകള്‍ ഇതായിരുന്നു.

“ ഇന്ത്യയില്‍ എവിടെച്ചെന്നാലും ലോറി ഡ്രൈവര്‍മാര്‍ക്ക് ഒരു കാരണവു മില്ലാതെ തെറി കിട്ടും.തെറ്റ് മറ്റുള്ളവര്‍ ചെയ്താലും ഇതുതന്നെയാണ് അവസ്ഥ.. ഞങ്ങള്‍ ലോറി ഡ്രൈവര്‍മാര്‍ മുഴുവന്‍ ജീവിതവും മറ്റുള്ളവരുടെ സേവനങ്ങള്‍ക്കായാണ് ചിലവഴിക്കുന്നതെങ്കിലും ആരില്‍ നിന്നും മാന്യമായ സമീപനം ഉണ്ടാകാറില്ല. ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള സാധനങ്ങളുമായാണ് ഞങ്ങളുടെ യാത്രയെങ്കിലും പോലീസുകാരും വെറുതെ വിടാറില്ല. ലോറി ഡ്രൈവര്‍മാര്‍ മദ്യപാനികളും ,വ്യഭിചാരികളും എന്നാണറിയപ്പെടുന്നത്. നിങ്ങള്‍ ഇപ്പോള്‍ കണ്ട ഈ മാന്യന്മാര്‍ മദ്യപിച്ചിട്ടുണ്ട്‌.അവരുടെ വണ്ടിയില്‍ മദ്യവും ഉണ്ടാകും. ഞങ്ങളുടെ ഓരോ ദിവസവും മറ്റുള്ളവരുടെ അസഭ്യവും ശകാരവും കേട്ടാണ് മുന്നോട്ടുപോകുന്നത്. ഇതില്‍ ഭാഷാ ദേശ ഭേദമില്ല. എല്ലാ നാട്ടുകാരും ഒരേകണക്കാണ്. ഈ പോയവരോട് ഞാന്‍ മറുപടി പറഞ്ഞിരുന്നെങ്കില്‍ അവരെന്നെ തല്ലിയിട്ട് പോകുമായിരുന്നു.ആരും സഹായത്തിനു വരില്ല “

ലോറി ഡ്രൈവറുടെ ഈ വാക്കുകള്‍ അംശു മിശ്ര യുടെ മനസ്സില്‍ തട്ടി. ഭാരതം മുഴുവന്‍ ചുറ്റിക്കറങ്ങി കാണണമെന്നും ആളുകളെ അടുത്തറിയണമെന്നും അവരിലെ ക്ഷമയും സഹാനുഭൂതിയും സഹന ശക്തിയും അളക്കണമെന്നും തീരുമാനിച്ചു. അങ്ങനെയാണ് ഈ ചക്കാത്തു യാത്ര 2017 ഫെബ്രുവരി മൂന്നാം തീയതി അലഹബാദില്‍ നിന്ന് ആദ്യ ലിഫ്റ്റ്‌ വാങ്ങി അംശു മിശ്ര ആരംഭിച്ചത്.

ബാങ്കില്‍ പണവും ATM കാര്‍ഡും ഉണ്ടെങ്കിലും ഇതുവരെ ഒരു രൂപാ പോലും അതില്‍നിന്നെടുത്തിട്ടില്ല. കേരളമുള്‍പ്പെടെയുള്ള ദക്ഷിണ ഭാരതവും ,ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ചക്കാത്തില്‍ കറങ്ങിയടിച്ച അംശു മിശ്ര ഇപ്പോള്‍ MP യിലെ ഉജ്ജയിനിലാനുള്ളത്.

ഇനി ഛത്തീസ്ഗഡ്‌ സംസ്ഥാനം വഴി ഒക്ടോബര്‍ 15 നു തിരികെ അലഹബാദില്‍ എത്തണമെന്നതാണ് കണക്കുകൂട്ടല്‍. തന്‍റെ യാത്രാനുഭവങ്ങള്‍ ചിത്രങ്ങള്‍ സഹിതം ‘ LET’S ROAM ‘ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും അംശു മിശ്ര പരിപാടിയിടുന്നുണ്ട്. തന്‍റെ യാത്രാനുഭവങ്ങള്‍ ആപ്പപ്പോള്‍ അദ്ദേഹം ഫേസ് ബുക്കില്‍ അപ് ഡേറ്റ് ചെയ്യുന്നുമുണ്ട്. നഗരവാസികളെക്കാള്‍ നിഷ്ക്കളങ്കരും ശുദ്ധഗതിക്കാരും ഗ്രാമീണരാണെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍.

കടപ്പാട് – Millath Group vettom 

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply