ദേശസാത്കൃത റൂട്ട്: നിലപാടിലുറച്ച് കെ.എസ്.ആര്‍.ടി.സി

സപ്ളിമെന്‍ററി സ്കീമില്‍പെട്ട 31 റൂട്ടുകളില്‍ സ്വകാര്യബസുകള്‍ അനുവദിക്കുന്നതിനെതിരെ നിലപാട് കര്‍ശനമാക്കി കെ.എസ്.ആര്‍.ടി.സി ദേശസാത്കൃത റൂട്ടുകളിലെ 31 പെര്‍മിറ്റുകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്‍െറ ഭാഗമായി നടന്ന തെളിവെടുപ്പിലാണ് നിലപാട് വ്യക്തമാക്കിയത്. ഈ റൂട്ടുകളില്‍ സ്വകാര്യബസുകള്‍കൂടി ഓടിയാല്‍ കെ.എസ്.ആര്‍.ടി.സി കനത്ത പ്രതിസന്ധിയിലാകും.

സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും പുതുതായി വാങ്ങിയ 1200 ബസില്‍  500 എണ്ണം സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകള്‍ക്കായാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിലേക്ക് ജീവനക്കാരെയും കണ്ടത്തെി. ഒരേ റൂട്ടില്‍ സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സിയും ഓടുന്നതോടെ അനാരോഗ്യകരമായ മത്സരമുണ്ടാകും. ഇത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെയും ബാധിക്കും. 243 ബസുകള്‍ക്ക് അനുവദിച്ച ‘ലിമിറ്റഡ് സറ്റോപ് ഓര്‍ഡിനറി’ എന്നത് മോട്ടോര്‍ വാഹനച്ചട്ടത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്തതാണെന്നും കോര്‍പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

കെ.എസ്.ആര്‍.ടി.സിയുടെ ദേശസാത്കൃത റൂട്ടുകളില്‍ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ സ്വകാര്യ ബസുകള്‍ക്കോ അത് നല്‍കാന്‍ ആര്‍.ടി.എകള്‍ക്കോ അധികാരമില്ളെന്നും തെളിവെടുപ്പില്‍ അഭിപ്രായമുയര്‍ന്നു.

16 വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യബസുടമകള്‍ക്കെതിരെയും കെ.എസ്.ആര്‍.സിക്ക് അനുകൂലമായും എന്തെല്ലാം വാദങ്ങളുയര്‍ത്തിയിട്ടുണ്ടോ അതെല്ലാം നിഷേധിക്കുന്നതാണ് യു.ഡി.എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച 2015 ആഗസ്റ്റിലെ വിജ്ഞാപനവും   2016 ഫെബ്രുവരിയിലുമുണ്ടായ ഉത്തരവുമെന്നും കെ.എസ്.ആര്‍.ടി.സി റിട്ട.ഇന്‍സ്പെക്ടര്‍ ദേവദാസ് പുന്നത്ത് പറഞ്ഞു.

നിയമവിരുദ്ധമായ ഈ ഉത്തരവും വിജ്ഞാപനവും പിന്‍വലിക്കണം. ലിമിറ്റഡ് സ്റ്റോപ് സര്‍വിസുകള്‍ക്ക് ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എടുക്കേണ്ട സമയവും നിശ്ചയിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സ്വകാര്യബസുകള്‍ സൂപ്പര്‍ ഡീലക്സ്, എക്സ്പ്രസ്, ഫാസ്റ്റ് എന്നിവയുടെ സമയക്രമം അനുസരിച്ചാണ് ഓടുന്നതെന്നും അഭിപ്രായമുയര്‍ന്നു.

അതേസമയം, ദേശസാത്കൃത റൂട്ടുകളിലെ പെര്‍മിറ്റ് നിലനിര്‍ത്തണമെന്നതായിരുന്നു സ്വകാര്യബസുടമകളുടെ നിലപാട്.

News : Madhyamam

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply