ലോകസിനിമയുടെ കേന്ദ്രമായ ഹോളിവുഡിലേക്കൊരു യാത്ര.

എഴുത്ത് – ബക്കർ അബു.

സിനിമയെന്ന ദൃശ്യകലയുടെ ഭൂലോക തലസ്ഥാനം, അതാണ്‌ ഹോളിവുഡ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടു തീര്‍ക്കാന്‍ കഴിയാത്ത ഒരതിശയലോകം. ഏതു വാക്കുകള്‍ ഉപയോഗിച്ചാലും എത്ര പറഞ്ഞാലും തീരാത്ത, വിസ്മയ കാഴ്ചകള്‍ക്ക് ജന്മം നല്‍കുന്ന യുനിവേര്‍സല്‍ സ്റ്റുഡിയോ ഹോളിവുഡിലേക്കൊരു യാത്ര, സിനിമ കാണുന്നവര്‍ക്കും കാണാത്തവര്‍ക്കും കൌതുകങ്ങള്‍ക്കപ്പുറത്തുള്ളൊരു സ്വപ്ന ലോകമാണത്. സ്ക്രീനിനു പിറകില്‍ കഥാപാത്രങ്ങളും സംഭവങ്ങളും ഉടലെടുക്കുന്ന കളിക്കളത്തിലേക്ക് എന്നെങ്കിലും ചെന്നെത്തണമെന്ന ആഗ്രഹം സഫലമായൊരു യാത്രയായിരുന്നിത്.

പസഫിക്കിനെയും അറ്റ്ലാന്റിക്കിനെയും കീറി മുറിച്ചുകൊണ്ട് വര്‍ഷങ്ങളോളം തുടര്‍ച്ചയായി അമേരിക്കന്‍ തുറമുഖങ്ങളില്‍ കപ്പല്‍ വഴി പോയിട്ടുണ്ട്. World Trade Centre ല്‍ വിമാനം കുത്തിയിടിച്ചിറങ്ങുന്നവരെ ഏതു പോര്‍ട്ടിലും എപ്പോഴും നമുക്ക് ഇറങ്ങിപ്പോവാമായിരുന്നു. ഇന്ന് എമിഗ്രേഷന്‍ നിയമങ്ങളുടെ കര്‍ശനതയിലും യാത്രക്കാരന്‍റെ ഊരു ചുറ്റുന്ന മനസ്സിന് അമേരിക്ക തുറക്കുന്ന വാതായനങ്ങള്‍ അഭിനന്ദാര്‍ഹമായിത്തുടരുന്നു. NYK എന്ന ജാപ്പാനീസ് കമ്പനിക്ക് വേണ്ടി ജോലി ചെയ്യുമ്പോള്‍ അമേരിക്കന്‍ യാത്രയായിരുന്നു ഏറെ കൂടുതലും .

ജപ്പാനില്‍ നിന്നും കപ്പല്‍ വിട്ടാല്‍, ചിലപ്പോള്‍ തുടരെയും, ചിലപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലും, ഷിപ്പ് ക്ലോക്ക് ഓരോ മണിക്കൂര്‍ അഡ്വാന്‍സ് ചെയതും, രേഖാംശ രേഖ 180ല്‍ എത്തിയാല്‍ ഒരു ദിവസം പിറകോട്ട് പോയും, ഉറക്കത്തിന്‍റെയും ഭക്ഷണത്തിന്‍റെയും നിശ്ചിത സമയങ്ങള്‍ തിരിച്ചും മറിച്ചും കൊണ്ട്, കാലിഫോര്‍ണിയയില്‍ ലോങ്ങ്‌ ബീച്ച് എന്ന പോര്‍ട്ടില്‍ എത്തിച്ചേരുന്നിടത്തു തുടങ്ങുന്നു ഹോളിവുഡിലേക്കുള്ള ഈ പ്രയാണം. അമേരിക്കയിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന കാലിഫോര്‍ണിയയിലെ ലോങ്ങ്‌ ബീച്ചില്‍ നിന്നും ട്രാം വഴി ലോസ് ആഞ്ചലസിലേക്ക് കൂടെ ജോലി ചെയ്യുന്ന സമീറും അശോകുമൊത്തായിരുന്നു എന്‍റെ ഈ യാത്ര.

സൈമണ്‍ ജോണ്‍ എന്ന വളരെ പ്രായമുള്ള ഒരു പ്രൈവറ്റ് സീമാന്‍ മിഷന്‍ പ്രവര്‍ത്തകന്‍ ഹോളിവുഡ് കാണണമെന്നുള്ള ഞങ്ങളുടെ ആഗ്രഹത്തിനു ചെയ്ത് തന്ന സഹായം ഇവിടെ ഓര്‍മ്മിക്കേണ്ടതാണ്. എന്ട്രന്‍സ് ടിക്കറ്റിനുള്ള കണ്‍സഷന്‍ കൂപ്പണും, ട്രാമില്‍ പോവുമ്പോള്‍ ചില്ലറയില്ലെങ്കില്‍ കരുതേണ്ട കൊയിന്‍സും കൊണ്ട് അദ്ദേഹം അതിരാവിലെ കാറുമായെത്തി. ലോങ്ങ്‌ ബീച്ചില്‍ ട്രാം സ്റ്റേഷനില്‍ കൊണ്ട് വിട്ടു ഒരു ഡോളര്‍ പോലും കൂലി വാങ്ങാതെ വിടപറയുമ്പോള്‍ തിരികെ ഷിപ്പില്‍ പോവാന്‍ രാത്രി എത്ര വൈകി വന്നാലും എന്നെ വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചില നേരങ്ങളില്‍ ചില മനിതര്‍ ഇങ്ങനെയാണ്. നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറത്ത് സുമനസ്സുമായി കടലുകള്‍ താണ്ടി അവര്‍ വന്നെത്തും. ഒരു പക്ഷെ ജീവിതത്തില്‍ ഇതിനു മുന്‍പ് ഒരിക്കലും കാണാത്ത സൈമണ്‍ ജോണിനെപ്പോലെയുള്ള ഒരു മുഖമായിരിക്കുമത്, ഇതിനു ശേഷം ഇനിയൊരിക്കലും കാണാന്‍ ഇടവരാത്തതുമായ മുഖങ്ങള്‍. ഇവരിലാണ് പ്രതിഫലം ഇച്ഛിക്കാത്ത യഥാര്‍ത്ഥ സ്നേഹാംശത്തിന്‍റെ മനുഷ്യപ്പെരുമ കുടി കൊള്ളുന്നത്‌.

വെറും അഞ്ചു ഡോളര്‍ ട്രാം ടിക്കറ്റ്, ഏകദേശം രണ്ടു മണിക്കൂര്‍ യാത്ര. പറപറക്കുന്ന കാലിഫോര്‍ണിയന്‍ സ്റ്റേറ്റിന്‍റെ ട്രാം പാതകള്‍ക്കിരുവശവും പഴയ മെക്സിക്കന്‍ ജനജീവിതത്തിന്‍റെ മാപ്പു സാക്ഷികളായ കെട്ടിടങ്ങളിലായിരുന്നു എന്‍റെ ശ്രദ്ധ മുഴുവനും. പലപ്പോഴും അമേരിക്കയുടെ ചില ഉള്ളറകളില്‍ കയറിയിറങ്ങിയപ്പോള്‍ പത്രങ്ങളില്‍ കാണുന്ന അമേരിക്കയല്ല ഇതൊന്നു തോന്നിപ്പോയിട്ടുണ്ട്‌. കുടിയേറ്റ കേന്ദ്രങ്ങളിലെ ജനജീവിതത്തിന് വ്യത്യസ്തമായ മുഖമുണ്ട്. പച്ചയായ മനുഷ്യജീവിതത്തിന്‍റെ മുഖം. ഇങ്ങനെപോയാല്‍ ഹോളിവുഡില്‍ എത്തും എന്ന് തോന്നുന്നില്ല, കഥ മാറ്റിപ്പറയാം.

ട്രാമില്‍ നിന്നിറങ്ങി റോഡ്‌ ക്രോസ് ചെയ്‌താല്‍ ഹോളിവുഡിന്‍റെ മെയിന്‍ ഗെയിറ്റിലേക്ക് ചെറിയ കുന്നു കയറിപ്പോവുന്ന മറ്റൊരു കൊച്ചു ട്രാം കാത്തിരിപ്പുണ്ട്‌. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ജനം ആകാംക്ഷയോടെ ഹോളിവുഡിലെക്കൊഴുകുകയാണ്. ആ ട്രാം വഴി ഞങ്ങളും മുകളിലെത്തി. നമ്മള്‍ ചെന്നെത്തുന്ന സമയത്തിനനുസരിച്ച് ഏതൊക്കെ തീം പാര്‍ക്കുകളും കാഴ്ചകളും കാണണമെന്ന് വിശദമായി പ്ലാന്‍ ചെയ്തു തരുന്ന വിവരം ശേഖരിച്ചു ടിക്കറ്റും ഭക്ഷണ കൂപ്പണും വാങ്ങി ഞങ്ങള്‍ യുനിവേര്‍സല്‍ സ്റ്റുഡിയോവില്‍ പ്രവേശിച്ചു.

ആയിരക്കണക്കിന് ഇന്ഗ്ലിഷ് സിനിമകളില്‍ തുടക്കത്തില്‍ നമ്മള്‍ കാണുന്ന യുനിവേര്സല്‍ എംബ്ലം സ്വാഗതമരുളി. ടോം ഹാങ്ക്സും, ആര്‍നോല്‍ഡും, ശ്രെക്കും, വൂപ്പി ഗോള്‍ഡ്‌ബര്‍ഗും അടങ്ങുന്ന ഒരു വമ്പിച്ച താരനിരയുടെ മുഖങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന ബോര്‍ഡില്‍ നിന്നും തുടങ്ങി യാത്രയുടെ ഒന്നാം ഘട്ടം. വടകര ജയഭാരത് ടാക്കീസിലെ മൂട്ട കടിക്കുന്ന മുന്‍ബെഞ്ചിലിരുന്നു “”കുപ്പിവളയിലെ” അബ്ദുള്‍ഖാദര്‍ എന്ന അന്ധനായ പ്രേംനസീറിന്‍റെ കഥാപാത്രത്തി’ന്‍റെ സങ്കടം കണ്ട് വിതുമ്പിക്കരഞ്ഞ പഴയ ഒരാറാം ക്ലാസ് വിദ്യാര്‍ഥിക്ക് മുന്‍പില്‍ ഇതാ ഹോളിവുഡ് സിനിമയുടെ സാഗരാനുഭവം സാക്ഷ്യപ്പെടുത്തുന്നു. അതെ, ഇതാണ് സ്വപ്നങ്ങള്‍ക്ക് അതിര് നിര്‍ണ്ണയിക്കാത്തവരുടെ യാത്രകള്‍ക്ക് അനുഭവിച്ചറിയാനുള്ളത്.

സാഹസികതയും അപകടകരമായ സ്റ്റണ്ടും തീയും നിറഞ്ഞ Water World ആയിരുന്നു ആദ്യത്തെ കാഴ്ച. 1995 ലെ Sci-Fi മൂവിയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ തീം പാര്‍ക്ക് രൂപപ്പെടുത്തിയിട്ടുള്ളത്. അതിവേഗതയില്‍ പറക്കുന്ന jet skis, power boats, hot flames , crashing sea plane പിന്നെ Jet Ski splashes ഒക്കെ കൊണ്ട് ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിറുത്തുന്ന ഒരുഗ്രന്‍ അനുഭവം. അക്ഷയ്കുമാറിന്‍റെ ‘’Khambakat Ishq” എന്ന ഹിന്ദി സിനിമയിലെ സ്റ്റണ്ട് സീന്‍ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്. നാല്പത്തഞ്ച് മിനിട്ട് നീണ്ടു നില്‍ക്കുന്ന ട്രാം വഴിയുള്ള സ്റ്റുഡിയോ ടൂര്‍ യൂണിവേര്‍സല്‍ സ്റ്റുഡിയോ അത്ഭുതങ്ങള്‍ നേര്‍ക്ക്‌ നേരെ കാണാനുള്ള ഒരവസരമാണ്.

ലോകപ്രസിദ്ധമായ പല ചിത്രങ്ങളിലും ഉപയോഗിച്ചിട്ടുള്ള സെറ്റുകള്‍ നമുക്ക് ഈ വഴിയില്‍ കാണാം. യാത്രക്കിടയില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഇടിമിന്നലും മഴയും വെള്ളപ്പൊക്കവും അനുഭവിക്കാനിടയായി. ഒരു ഗുഹായാത്രയുടെ അനുഭവം നല്‍കുന്ന വഴിയിലൂടെ ട്രാം കടന്നു പോവുമ്പോള്‍ പെട്ടെന്ന് നമുക്കരികില്‍ ഹെലിക്കോപ്റ്റര്‍ ക്രാഷ് ലാന്ഡ് ചെയ്യുന്നു. അതോടൊപ്പം എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചു ഉണ്ടാകുന്ന ഭീമാകാരമായ തീഗോളത്തില്‍ നിന്ന് മോചിതനാവും മുന്‍പ് പേടിപ്പെടുത്തുന്ന ഭൂമി കുലുക്കം കൊണ്ട് നമ്മള്‍ വിറങ്ങലിച്ച് നില്‍ക്കും.

തുടര്‍ന്നുണ്ടാവുന്ന വെള്ളപ്പൊക്കം അവസാനിക്കുമ്പോഴേക്കും നമ്മുടെ അരികില്‍ വന്നെത്തി ഗര്‍ജ്ജിക്കുന്ന കിംഗ്‌ കോന്‍ഗ്. സിനിമയില്‍ കാണുന്ന അതെ വലുപ്പത്തിലും രൌദ്രഭാവത്തിലും ട്രാമില്‍ പിടിച്ചു തൂങ്ങി ഭീകരമായ ഒരലര്‍ച്ചയോടെ അത് ഇരുട്ടിലേക്ക് മറഞ്ഞു. ഓരോ സെറ്റിലൂടെയും ട്രാം യാത്ര തുടരുമ്പോള്‍ വിവരണം നല്‍കുന്നത് കൊണ്ട് നന്നായി എന്ജോയ്‌ ചെയ്യാന്‍ പറ്റുന്ന ടൂര്‍ ആണിത്.

ടോം ക്രൂസിന്‍റെ War of the World എന്ന സിനിമയിലെ പ്ലയ്ന്‍ ക്രാഷ്, (ഒരു ഒറിജിനല്‍ ബോയിഗ് വിമാനം തകര്‍ത്തിട്ടുണ്ടിവിടെ) ഹൈഡ്രോളിക് ജാക്കില്‍ ഉയര്‍ത്തിയ കാറുകള്‍ ഗസോലീന ഗാനത്തിനനുസരിച്ചു നൃത്തം ചെയ്യുന്നത്, Jaws എന്ന സിനിമയിലെ കൂറ്റന്‍ സ്രാവ് ഒരു പ്രകമ്പനത്തോടെ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും, Fast and Furious സിനിമകളിലെ വിവിധയിനം വാഹനശേഖരം, spider man തൂങ്ങിയാടിപ്പോവുന്ന നഗരവീഥി, Indiana Jonsum, Back to the Future ഷൂട്ട്‌ ചെയ്ത സെറ്റുകള്‍, വിവിധതരത്തിലുള്ള അമേരിക്കന്‍ യുറോപ്പ്യന്‍ വീടുകള്‍ തുടങ്ങി 415 ഏക്കറില്‍ പ്രശോഭിതമായ സിനിമാവിരുന്നൊരുക്കി വിസ്മയമാകുന്നു യുനിവേര്‍സല്‍ സ്റ്റുഡിയോ.

സ്റ്റുഡിയോയുടെ മുകളിലെത്തെ ഭാഗത്ത് തീം പാര്‍ക്കുകളും റൈഡ്കളും ഒരുക്കിയിട്ടുണ്ട്. Universal Animals Actors show, Sea water world of special effects, Shrek 4D Movie ഇതൊക്കെ ഇവയില്‍പ്പെടുന്നു. അതില്‍ അടിപൊളിയായി അനുഭവിച്ചറിഞ്ഞതില്‍ മറക്കാന്‍ പറ്റാത്തത് Shrek-4D ആയിരുന്നു. താഴെഭാഗത്ത് Jurassik Park Ride, Revenge of the Mummy അടുത്തിടെയായി Transformers: The Ride കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015 ജൂലായില്‍ കപ്പലില്‍ ജോലി ചെയ്യുന്ന മകന്‍ Nabil Zaman പോയപ്പോള്‍ നിലവിലുള്ള തീം പാര്‍ക്കുകളില്‍ പല പുതുമകളും കൂട്ടിച്ചേര്‍ത്തതായി പറഞ്ഞു. അതില്‍ പ്രധാനം സ്റ്റുഡിയോ ടൂറില്‍ യാത്രക്കാര്‍ കയറിയ ട്രാമിനെ എടുത്തു മറിക്കാന്‍ ശ്രമിക്കുന്ന ദിനോസാറുമായി കിംഗ്‌ കൊന്ഗ് ഏറ്റുമുട്ടുന്ന ഒരു ഭീകര യുദ്ധമാണ്.

അതെ പോലെ Fast and Furious നെ ഒരു പുതുലോകം തന്നെ സൃഷ്ടിട്ടുണ്ടവിടെ. Shrek 4D കാണുന്നതിനു മുന്‍പ് ഒരു പ്രീ ഷോ ഹോസ്റ്റ് ചെയ്ത് കഥയുടെ ഒരേകദേശ രൂപം പറഞ്ഞു തരും. മുഖ്യ ഷോവില്‍ ആനിമേഷന്‍ 3Dയിലും സീറ്റ് അറേഞ്ച് 4D യിലുമാണ് സാങ്കേതികപ്പെടുത്തിയിട്ടുള്ളത്. ഈ ഒരനുഭവം ഒരു മാജിക്കല്‍ അനുഭവം തന്നെയാണ്. 360 ഡിഗ്രിയില്‍ കാഴ്ചക്കാരനെ ശബ്ദം കൊണ്ടും ദൃശ്യം കൊണ്ടും സിനിമയുടെ ഇന്നേവരെ കാണാത്ത ഒരനുഭൂതിയിലെക്ക് ചെന്നെത്തിക്കുന്നു. വാട്ടര്‍ സ്പ്രേ മുഖത്ത് തെറിക്കുന്നുണ്ട്, ഓരോ സീറ്റിലും എയര്‍ ബ്ലാസ്റ്റ് ഉണ്ടാക്കി വിചിത്രാനുഭവം നല്‍കുന്നു. സ്ക്രീനില്‍ നിന്നും നമ്മുടെ ഇടയിലേക്ക് ഇറങ്ങി വരുന്ന കഥാപാത്രങ്ങള്‍. നമ്മുടെ കാലിന്നിടയിലൂടെ നുഴഞ്ഞു കയറുന്ന ചിലന്തികള്‍. അതെ പോലെ Terminator 2 – 3D യും ഒരു പ്രീ ഷോവിലൂടെ ആരംഭിച്ച് മുഖ്യ ഷോവില്‍ അവസാനിക്കുന്നു. ജെയിംസ്‌ കാമറൂണ്‍ സംവിധാനം ചെയ്ത ഈ യുനിവേര്സല്‍ സ്പെഷ്യല്‍ ഷോ സ്പെഷ്യല്‍ എഫക്ടിന്‍റെ ഒരു മായാലോകമാണ്.

ഇതിലെ ആര്‍നോള്‍ഡിനെയും ഹാര്‍ലി ഡാവിസന്‍ ബൈക്കിനെയും തിയ്യേറ്റര്‍ വിട്ടു വരുമ്പോള്‍ നമ്മള്‍ കൂടെ കൊണ്ട് പോരും. ജുറാസിക് കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന ജുറാസിക് പാര്‍ക്ക്‌ റൈഡ് ഭീമാകാരമായ ദിനോസര്‍കളെ കാണാന്‍ ഒരവസരം ഉണ്ടാക്കിത്തരുന്നു. മമ്മി റൈഡ്ല്‍ മണിക്കൂറില്‍ മുന്നൂര്‍ കിലോമീറ്റര്‍ വേഗതയില്‍ റോളര്‍ കോസ്റ്റര്‍ യാത്രയില്‍ പേടിപ്പെടുത്തുന്ന കാഴ്കളാണ് നമ്മെ കാത്തിരിക്കുന്നത്. മമ്മികളും വണ്ടുകളും നമ്മെ ആക്രമിക്കുകയും ഭീതിയുടെ മുള്‍മുനയില്‍ നിന്ന് മമ്മി ലോകത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നു വിചാരിക്കുമ്പോള്‍ അതെ റൈഡ്, റിവേഴ്സില്‍ വീണ്ടും കുതിച്ചു പായുന്ന ഒരൊന്നൊന്നര നടുക്കുന്ന അനുഭവം പകരുന്നു.

ഇതൊരു അതിശയോക്തിയല്ല എന്ന് അനുഭവസ്ഥര്‍ പറയുന്ന, തീം പാര്‍ക്കിന്‍റെ ചരിത്രത്തില്‍ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന TRANSFORMER 3D യാണ് ഒഴിവാക്കാതെ കാണേണ്ട മറ്റൊരു അസാമാന്യ സാങ്കേതിക മികവുള്ള റൈഡ്. അടുത്ത തലമുറക്ക് വേണ്ടി വാര്‍ത്തെടുത്ത ഒരു സ്പെഷ്യല്‍ ഷോ. ബില്‍ഡിങ്ങുകളില്‍ ഇടിച്ചിറങ്ങിക്കൊണ്ടും വായുവിലൂടെ പറന്നുകൊണ്ടും,സങ്കല്‍പ്പവും യാഥാര്‍ഥ്യവും സമന്വയിപ്പിച്ച് HD 3D മീഡിയയില്‍ flight simulation ടെക്നിക്കിലൂടെ 610 മീറ്റര്‍ ട്രാക്കില്‍ Transformers adventure തേര് തെളിക്കുന്നത് തികച്ചും ഒരു ഉഗ്രരൂപികളായ റോബോട്ടുകള്‍ യുദ്ധം ചെയ്യുന്ന ഒരു War Zone ലേക്കാണ്. ഒരു വിധം എല്ലാം കണ്ടു കഴിഞ്ഞു ഹോളിവുഡ്ല്‍ നിന്നും വിട്ടകലുമ്പോള്‍ ഭ്രമ്മാത്മകമായ ലോകത്ത് നിന്നും ഞാന്‍ എന്നിലേക്ക് വീണ്ടും തിരിച്ചിറങ്ങി.

1986 മുതല്‍ 1988 വരെയുള്ള രണ്ടു വര്‍ഷം മദ്രാസില്‍ പഠിക്കുമ്പോള്‍ മലയാള സിനിമയുടെ ചിലമ്പൊലിയുയരുന്ന കോടമ്പാക്കവും വടപളനിയും കണ്‍ തുറന്നു കണ്ട ഓര്‍മ്മകളിലേക്ക്…. കോടമ്പാക്കം പാലത്തിനപ്പുറം ഒരു ദേശീയതയും, മറുപുറം മറ്റൊരു ദേശീയതയുമാണെന്ന് വിളിച്ചു പറഞ്ഞ ജോണ്‍ എബ്രഹാമിന്‍റെ അളവില്ലാത്ത മുഷിഞ്ഞു നാറിയ ജുബ്ബയുടെ ഉള്‍ക്കോലങ്ങളില്‍ നിന്ന് അളന്നു മുറിച്ചു ജന്മം കൊടുത്ത മലയാളം സിനിമകളുടെ ലോകം. ചെമ്പന്‍ കുഞ്ഞും, കറുത്തമ്മയും, ഇരുട്ടിന്‍റെ ആത്മാവിലെ വേലായുധനും, മരുതേമ്പള്ളി ബാലനും, ദാസനും വിജയനും വഴിയിറങ്ങിവന്ന ഭൂവില്‍ നിന്ന് ഹോളിവുഡ് ലേക്കുള്ള ദൂരം അനുമാനങ്ങള്‍ക്കപ്പുറത്താണ്.

ആകാംക്ഷയും, ഉദ്വേഗവും, ആവേശവും മനസ്സിരമ്പിയ ഹോളിവുഡ് അനുഭവിച്ച് കുന്നിറങ്ങുമ്പോള്‍ മനസ്സിന്‍റെ ഇടത്താവളങ്ങളില്‍ ഇവരെല്ലാം മരണമില്ലാത്തെ നിവര്‍ന്നിരിപ്പുണ്ട്. ലോസ് ആഞ്ചലസ്ല്‍ നിന്നും വീണ്ടും ഒരു ട്രാം യാത്ര ലോങ്ങ്‌ ബീച്ചിലേക്ക്. കടല്‍ കടന്നെത്തി കാഴ്ചകള്‍ കണ്ടു വളരെ വൈകി തിരിച്ചു വരുന്ന ഞങ്ങളെ സ്വീകരിക്കാന്‍ സൈമണ്‍ ജോണ്‍ എന്ന പ്രായമേറെയുള്ള ആ നല്ല മനുഷ്യന്‍ വാഹനവുമായി കാത്തിരിക്കുന്നു.

വടകര ജയഭാരത് ടാക്കീസിലെ മൂട്ട കടിക്കുന്ന മുന്‍ബെഞ്ചിലിരുന്നു “”കുപ്പിവളയിലെ” അബ്ദുള്‍ഖാദര്‍ എന്ന അന്ധനായ പ്രേംനസീറിന്‍റെ കഥാപാത്രത്തി’ന്‍റെ സങ്കടം കണ്ട് വിതുമ്പിക്കരഞ്ഞ പഴയ ഒരാറാം ക്ലാസ് വിദ്യാര്‍ഥിക്ക് മുന്‍പില്‍ ഇതാ ഹോളിവുഡ് സിനിമയുടെ സാഗരാനുഭവം സാക്ഷ്യപ്പെടുത്തുന്നു. അതെ, ഇതാണ് സ്വപ്നങ്ങള്‍ക്ക് അതിര് നിര്‍ണ്ണയിക്കാത്തവരുടെ യാത്രകള്‍ക്ക് അനുഭവിച്ചറിയാനുള്ളത്. വഴികള്‍ ചെറുതോ വലുതോ എന്തുമാവട്ടെ, ഇടത്താവളങ്ങളിലേക്ക് ഇടയ്ക്കൊന്നിറങ്ങിപ്പോവുക. യാത്രകള്‍ നമുക്കുള്ളതാണ്. അതിരില്ലാത്ത അനുഭവസാക്ഷ്യത്തിനു ജീവനേകാന്‍, ജീവിതമറിയാന്‍ നമുക്കൊന്ന് പടിയിറങ്ങാം….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply