ശരിക്കും മൂന്നാറിൽ ഈ പറയുന്നത്ര മഞ്ഞു പെയ്യുന്നുണ്ടോ? – ഒരു സത്യാന്വേഷണ യാത്ര…

വിവരണം – ആഷ്‌ലി എൽദോസ്. (
The Lunatic-Rovering Ladybug )

കുറച്ചു ദിവസങ്ങളായി കുറെയേറെ ഫോട്ടോസ് കാണുന്നു മഞ്ഞണിഞ്ഞ മൂന്നാറിന്റെ. മുൻപെങ്ങും കണ്ടിട്ടില്ലാത്തവണ്ണം അതിശയോക്തി നിറഞ്ഞവയാണ് പലതും. പകുതിയിലേറെ ഫേക്ക് ആണെന്ന് സ്ഥലം പരിചയമുള്ള ആർക്കും എളുപ്പം പിടികിട്ടുമെന്നുളത് വേറൊരു സത്യം. എങ്കിൽപ്പിന്നെ അതൊന്നു നേരിട്ട് പോയി ബോധ്യപ്പെടണമെന്നൊരു തോന്നൽ. ഈ ആളുകളൊക്കെ തള്ളുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോയെന്നൊന്നു അറിയണമല്ലൊ. നാട്ടിൽ ഉണ്ടായിട്ടും അതൊന്നു പോയി കണ്ടില്ലെങ്കിൽ മോശമല്ലേ. അങ്ങനെ ആ ഒരു തോന്നലിലാണ് പോയിക്കളയാമെന്നുറപ്പിച്ചത്.

മൂന്നാർ എല്ലാവര്ക്കും സുപരിചിതമാണ്. എന്നാൽ വട്ടവട അല്ലെങ്കിൽ പാമ്പാടും ഷോല നാഷണൽ പാർക്ക് വഴി കോവിലൂർ പോകുന്നവർ അധികമില്ല, അതേസമയം സ്ഥിരം ട്രിപ്പന്മാരുടെ ഫേവറിറ്റ് റൂട്ടുകളിൽ ഒന്നും. അത്രയ്ക്ക് മനസു കുളിർപ്പിക്കുന്നതാണ് വഴിയിലെ കാഴ്ചകളെല്ലാം. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനമാണ് പാമ്പാടും ചോലൈ. ഏകദേശം 5 km വരുന്ന road മാത്രം – ഈ വഴിയിൽ വണ്ടി നിർത്താനോ ഫോട്ടോ എടുക്കാനോ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാനോ വിലക്കേർപ്പെടുത്തിയിട്ടുണ്ട്, ശിക്ഷാർഹവുമാണ്. പൂർണമായി മൃഗങ്ങളുടെ പേർക്ക് തീറെഴുതികൊടുത്ത ഇവിടെ മനുഷ്യർ വെറും വഴിപോക്കരായി അവർക്കു അലോസരമുണ്ടാക്കാതെ കടന്നു പോകാനേ പാടുള്ളു. അതിന്റെ മെച്ചം അവിടെ കാണാനുമുണ്ട്. പ്ലാസ്റ്റിക് നിരോധിത മേഖല ആയതിനാൽ മാലിന്യം ലവലേശം കാണാനില്ല എങ്ങും.

Pampadum shola – പേരിൽ സൂചിപ്പിക്കും പോലെ അവിടെ പാമ്പുകളുടെ വിഹാരകേന്ദ്രമാണോ എന്നൊന്നും അറിയില്ലകെട്ടോ. ആ ഒരു അർത്ഥത്തിൽ തന്നെയാണ് ആ പേര് വന്നതെന്ന് പറയുന്നു. എങ്കിലും വഴിയിൽ ഒന്നിനെപോലും കണ്ടിട്ടില്ല. ചെക്ക് പോസ്റ്റ് കഴിഞ്ഞു കാനന പാത കയറുമ്പോൾ തന്നെ തണുപ്പ് പെട്ടെന്ന് കൂടിയ പോലെ…എങ്ങും തളം കെട്ടി നിൽക്കുന്ന നിശബ്ദതയിൽ കാടിന്റെ യതാർത്ഥ സൗന്ദര്യം കാണാം.

“ഇവിടുത്തെ കാറ്റാണ് കാറ്റു…” ഈ വരികൾ അന്വർത്ഥമാക്കുന്ന ഫ്രഷ് എയർ. അത്ര നേരത്തെ റൈഡിന്റെ എല്ലാ ക്ഷീണവും ഒറ്റയടിക്ക് എങ്ങോ പോയി മറയും…ആ ഒരു 5km. തിങ്ങിനിറങ്ങ യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലൂടെ പേരറിയാത്ത അനേകം ഔഷധ സസ്യങ്ങളെ തട്ടി തലോടി വരുന്ന തണുത്ത കാറ്റിൽ…അത് തരുന്ന വിവരണാതീതമായ ഒരു പ്രേത്യേക ഉണർവ്. അതൊക്കെ നേരിട്ട് തന്നെ അനുഭവിച്ചറിയണം. എങ്ങനേതന്നെ വിവരിച്ചു എഴുതിയാലും ആ ഫീലൊന്നും കിട്ടുകേല.

മൂന്നാർ കാണുന്നതിൽനിന്നു വ്യത്യസ്തമായി തേയിലത്തോട്ടങ്ങൾക്കു പകരം പഴം-പച്ചക്കറി തോട്ടങ്ങളാണ് വട്ടവട എങ്ങും. പ്രധാനമായി സ്ട്രൗബെറി, പേരയ്ക്ക, കരിമ്പ്, ഉരുളക്കിഴങ്, കാബേജ്, കാരറ്റ് എന്നിവയാണ് ധാരാളമായി കൃഷി ചെയ്തു വരുന്നത്. നീണ്ടു പരന്ന വിളനിലം നിറയെ ചുമന്നു തുടുത്തു നിൽക്കുന്ന strawberries. വയലറ്റ് കലർന്ന ഇലകൾക്കിടയിൽ പാകമായി നിൽക്കുന്ന cabbage തോട്ടങ്ങൾ. അതുതന്നെ ഒരു കാഴ്ചയാണ്. ജൈവവളം മാത്രമിട്ട് വിളയുന്ന തനിമയാർന്ന, രുചിയൂറും കായ്കനികൾ സ്വന്തമായി കൂടയിൽ പറിച്ചെടുത്തു കുറഞ്ഞ വിലയിൽ വാങ്ങാം എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

ഒരു ഫുൾ ഡേ വട്ടവട മാത്രമായി പോകണമെന്നൊന്നുമില്ല, മൂന്നാർ ടൌൺ വിട്ടു അങ്ങൊട് ചെന്നാൽ മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ് എനിക്കിങ്ങനെ നിർത്തി നിർത്തി പോകാവുന്ന മറ്റു പല ആകർഷണങ്ങളുമുണ്ട്. അതിരാവിലെ ഇറങ്ങിയാലേ കാര്യമുള്ളൂ, റോഡ് വെള്ളപ്പൊക്കത്തിന് ശേഷം പലയിടത്തും നന്നാക്കി വരുന്നതേയുള്ളു. റൈഡിന്റെ ഫീൽ എന്ജോയ് ചെയ്ത പതിയെ വണ്ടി ഓടിച്ചു പോകുന്നതാണ് സേഫ്. ഒന്നുകിൽ കാടിന്റെ ഭംഗി അടുത്തറിയാനായി വട്ടവട-കോവിലൂർ റൂട്ടിൽ ഒരു റിസോർട്ട് എടുത്ത് അങ്ങ് കൂടാം. അതല്ലാന്നു ഉണ്ടേൽ ഇരുട്ടും മുൻപ് നേരെ പോന്നേക്കണം, വെറുതെ കാട്ടിലെ ആനക്കും വന്യ മൃഗങ്ങൾക്കും ഒരു പണിയാക്കരുത്. 6 മണിക്കു ചെക്‌പോസ്റ് അടക്കും. അത് കഴിഞ്ഞു അങ്ങോടോ ഇങ്ങോടോ പ്രവേശനമില്ല.

അടിക്കുറിപ്പ്: തലക്കെട്ടിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം ഞാനായിട്ടു പറഞ്ഞു പോകാനിരിക്കുന്ന ആരുടെയും ഉത്സാഹം തല്ലികെടുത്തുന്നില്ല. ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങൾ ആണല്ലോ. എത്ര തവണ പോയ സ്ഥലം ആണെങ്കിൽ കൂടി എന്തെങ്കിലും ഒരു നല്ല ഓര്മ കിട്ടാതിരിക്കില്ല ഓരോ യാത്രയിലും…ചുമ്മാ ഒന്ന് പോയി നേരിട്ടു ആസ്വദിക്കണം മിഷ്ടർ…ഇന്നലെ പോയി വന്നതിൽനിന്നു ഒരുറപ്പു തരാം…ക്ലൈമറ്റ് ചുമ്മാ പൊളി ആണ്..ഒരു രക്ഷേമില്ല… അടുത്തിടെയൊന്നും ഇല്ലാത്തത്ര തണുപ്പ്… നട്ടുച്ചക്ക് കത്തി നിൽക്കുന്ന വെയിലിൽ പോലും ലവശേഷം ചൂട് തോന്നാത്ത രീതിയിൽ വീശുന്ന കുളിര്കാറ്റു…അപ്പൊ എങ്ങനാ വെളുപ്പിനെ തന്നെ പോയി മഞ്ഞു കാണുവല്ലേ?

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply