കെഎസ്ആർടിസി പ്രേമികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ ആനബസ്സിന്റെ നേതൃത്ത്വത്തിൽ നടന്ന ആനബസ് യാത്ര എല്ലാവർക്കും കൗതുകമായി. ആനവണ്ടി കൂട്ടായ്മകൾ നടത്തുന്ന യാത്രകൾ നാം ഇതിനു മുൻപും കണ്ടിട്ടുണ്ട്. പ്രമുഖ KSRTC ഗ്രൂപ്പുകളിലെ അംഗങ്ങൾ തന്നെയാണ് ആനബസ് വാട്സ് ആപ്പ് കൂട്ടായ്മയിലും ഉള്ളത്. KSRTC യിൽ കണ്ടക്ടറായ സജി തുടങ്ങിയതാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പ്. പതിയെപ്പതിയെ ഗ്രൂപ്പിൽ ആനവണ്ടിപ്രേമികളുടെ തള്ളിക്കയറ്റമായി. KSRTC യോട് ഇഷ്ടമുള്ള സ്ത്രീകൾ വരെ ഈ ഗ്രൂപ്പിൽ അംഗങ്ങളായി മാറി. ഇതിനിടയിൽ ഗ്രൂപ്പ് അഡ്മിനുകളുടെ എണ്ണം വർദ്ധിച്ചു. പ്രശസ്തനായ KSRTC ഡ്രൈവർ സന്തോഷ് കുട്ടനും ഗ്രൂപ്പിൽ അംഗമായതോടെ ഗ്രൂപ്പിന് ഉയർച്ച വന്നുതുടങ്ങി. പ്രമുഖ KSRTC ഫാൻസ് ഗ്രൂപ്പായ ആനവണ്ടി ബ്ലോഗിലുള്ള (KSRTD BLOG) സുഹൃത്തുക്കളും ഈ ആനബസ് കൂട്ടായ്മയിൽ ഉണ്ട്.
അങ്ങനെ മുന്നോട്ടു പോകുന്നതിനിടെയാണ് ഗ്രൂപ്പിലുള്ള എല്ലാവർക്കും പരസ്പരം നേരിൽക്കണ്ട് പരിചയം പുതുക്കാൻ ഒരവസരം നൽകണമെന്ന ആവശ്യം ശക്തമായത്. ഗ്രൂപ്പ് അഡ്മിനുകൾക്കും ഇത് സ്വീകാര്യമായിരുന്നു. പിന്നെ ചർച്ചകളായി.. എവിടെ വെച്ച് മീറ്റ് നടത്തണം? എങ്ങനെ നടത്തണം? എന്നൊക്കെ പൊടിപാറുന്ന ചർച്ച. KSRTC യിലെ ഡ്യൂട്ടിയ്ക്കിടയിലും ഇത്തരം കാര്യങ്ങൾക്ക് സജി അടക്കമുള്ള അംഗങ്ങൾ നേരം കണ്ടെത്തി. അങ്ങനെ ഒടുവിൽ മീറ്റ് വാഗമണിൽ വെക്കാം എന്ന ധാരണയിലെത്തിച്ചേർന്നു.
കോട്ടയം KSRTC ഡിപ്പോയിൽ നിന്നുമായിരുന്നു ആനബസ് ചങ്ങാതിമാരുടെ യാത്ര ആരംഭിച്ചത്. ഈരാറ്റുപേട്ട ഡിപ്പോയുടെ RSC 140 എന്ന ചങ്ക് ബസ്സിലായിരുന്നു ഇവരുടെ യാത്ര. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ യാത്രയിൽ പങ്കുചേരാനായി എത്തിയിരുന്നു. കോട്ടയത്തു നിന്നും തുടങ്ങിയ യാത്രയ്ക്ക് ചങ്ക് ബസ്സിന്റെ താവളമായ ഈരാറ്റുപേട്ട ഡിപ്പോയിൽ പ്രത്യേക സ്വീകരണവും ഏർപ്പെടുത്തിയിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിൽ കുറച്ചു സമയം ഫോട്ടോയെടുക്കുവാൻ നിർത്തിയ ശേഷം ആനബസ് അംഗങ്ങളെയും കൊണ്ട് ചങ്ക് ബസ് വാഗമണിലേക്ക് യാത്ര തുടർന്നു.
വാഗമണിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിൽ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാട്ട്, വാർഡ് മെമ്പറായ സജീവ് കുമാർ എന്നിവരും ആശംസയറിയിക്കുവാനായി എത്തിയിരുന്നു. ആനബസ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുകളായ സന്തോഷ് കുട്ടൻ, ഡിംപിൾ റോസ്, സോനു പെരിന്തൽമണ്ണ, അനന്തകൃഷ്ണൻ, സജി തിരുവനന്തപുരം എന്നിവർ മീറ്റിൽ പങ്കെടുക്കുവാനായി വന്നവരെ അഭിസംബോധന ചെയ്തു. മീറ്റിനിടയിൽ ദിവസങ്ങൾക്ക് മുൻപ് ആതിരയെന്ന യാത്രക്കാരിയ്ക്ക് രാത്രിയിൽ കാവലായി നിന്ന KSRTC ജീവനക്കാരായ ഷൈജു, ഗോപകുമാർ (പൊന്നാങ്ങളമാർ) എന്നിവരെ ആദരിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ‘ആനബസ്’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ ഔദ്യോഗികമായ ഉദ്ഘാടനം സജി തിരുവനന്തപുരം, ദീപു രാഘവൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആനവണ്ടിപ്രേമികൾ തങ്ങളുടെ അനുഭവങ്ങൾ എല്ലാവര്ക്കും മുന്നിൽ പങ്കുവെക്കുകയും ഉണ്ടായി. ആനവണ്ടി ബ്ലോഗ് അഡ്മിനായ ജോസ് എഫ് സക്കറിയയും ഈ മീറ്റിൽ സജീവ സാന്നിധ്യമറിയിച്ചു.
KSRTC യെ പ്രൊമോട്ട് ചെയ്യുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. KSRTC യുടെ പ്രചാരണാർത്ഥം ഭാവിയിൽ ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുവാനും കൂടിയായിരുന്നു വാഗമണിൽ വെച്ചു നടന്ന ഈ മീറ്റ്. യോഗത്തിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്നു ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. അടുത്ത മീറ്റിനു കാണാമെന്ന ഉറപ്പോടെയാണ് എല്ലാവരും തിരികെ യാത്രയായത്. ഇത്തരത്തിൽ നല്ല ആശയങ്ങളുമായി കൂട്ടായ്മകൾ ഉയർന്നു വരുന്നത് KSRTC യ്ക്ക് നല്ല ഗുണം ചെയ്യും. പുതിയ എംഡിയായ ടോമിൻ തച്ചങ്കരി ഇത്തരം കാര്യങ്ങളിൽ തത്പരകക്ഷിയായതിനാൽ ഇത്തരം കൂട്ടായ്മകൾക്ക് മാനേജ്മെന്റിന്റെ പിന്തുണയും കൂടി പ്രതീക്ഷിക്കാം.