വാൽപാറ കാണണമെന്നുള്ള മോഹത്തിൽ നിന്നും ഉടലെടുത്ത ഒരു യാത്ര !!

വിവരണം – സുരേഷ് രവി.

അടുത്തിടെ വിവാഹിതനായ പ്രിയ സ്നേഹിതന് വാൽപാറ കാണണമെന്നുള്ള അതിയായ മോഹത്തിൽ നിന്നും ഉടലെടുത്ത ഒരു യാത്രയാണിത്‌. കൂട്ടുകാരുമൊത്തും തനിയേയും പല തവണ ഇതുവഴി യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും മഴയറിഞ്ഞും മഴ നനഞ്ഞും ഈ മഴക്കാടുകളിലൂടെയുള്ള യാത്ര ആദ്യമായാണ്. ഞായറാഴ്ച ആയതിനാൽ പള്ളിയും പ്രാർത്ഥനയും കഴിഞ്ഞ് ഏകദേശം 11 മണിയൊടു കൂടി 5 പേരടങ്ങുന്ന ഞങ്ങളുടെ സംഘം വാൽപാറ ലക്ഷ്യമാക്കി മൂവാറ്റുപുഴയിൽ നിന്നും യാത്ര തുടങ്ങി. സമയക്കുറവു മൂലം കാലടിയിൽ നിന്നും തിരിഞ്ഞ്‌ അയ്യമ്പുഴ പ്ലാന്റേഷൻ വഴി അതിരപ്പിള്ളിയിൽ എത്തുന്ന എളുപ്പവഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്‌.

പെരുമ്പാവൂരിൽ നിന്നും ഡീസലും നിറച്ച്‌ കാലടിയിലെത്തി അവിടെ നിന്നും അയ്യമ്പുഴ പ്ലാന്റേഷനിലെക്കു കയറിയ ഞങ്ങളെ സ്വാഗതം ചെയ്‌തത്‌ ശക്തമായ കാറ്റും മഴയുമാണ്. പലതവണ ഇതുവഴി യാത്ര ചെയ്‌തപ്പോൾ കണ്ടിരുന്ന വറ്റിവരണ്ട നീർച്ചോലകളിലെ ജലാരവം കണ്ണിനും മനസിനും കുളിർമ്മയേകിയപ്പോൾ ശക്തമായ മഴയേയും കാറ്റിനേയും അതിജീവിക്കുവാനുള്ള ശേഷി പ്രകൃതി തന്നെ ഞങ്ങൾക്കൊരുക്കിത്തന്നു.

 

ഏകദേശം 1 മണിയൊടു കൂടി അതിരപ്പിള്ളി വെള്ളച്ചാട്ടവും കണ്ട്‌ വാഴച്ചാൽ ഫോറെസ്റ്റ്‌ ചെക്ക്‌ പോസ്റ്റിൽ വാഹന പരിശോധനക്കായി നിർത്തിയപ്പോൾ അവിടെ നിന്നും അറിഞ്ഞ വിവരം ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം 30 കിലോമീറ്റർ അകലെ ലോറി മറിഞ്ഞതിനാൽ വാൽപാറയിലെക്കുള്ള ഗതാഗതം ആകപ്പാടെ താറുമാറായി കിടക്കുകയാണെന്ന വനപാലകന്റെ അറിയിപ്പ് ഞങ്ങളെ നിരാശരാക്കി. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ലോറി മാറ്റിയിട്ടുണ്ടാകും എന്ന ശുഭാപ്‌തി വിശ്വാസത്തിൽ മുറുകെ പിടിച്ച് മുന്നോട്ട്‌ പോകുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

വാഹന പരിശോദനയ്ക്കു ശേഷം അവിടെ നിന്നും ലഭിക്കുന്ന പാസും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു. കുറച്ചുദൂരം കൂടി മുന്നോട്ട്‌ നീങ്ങി സുകുമാരൻ ചേട്ടന്റെ കടയിലെത്തി സ്വാദിഷ്‌ടമായ ഉച്ചഭക്ഷണം കഴിച്ചിട്ടാകാം ഇനിയുള്ള യാത്രയെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിരപ്പിള്ളി വാഴച്ചാൽ മേഖലകളിൽ നല്ല ഭക്ഷണം കിട്ടുന്ന ചുരുക്കം ചില ഹോട്ടലുകളിൽ ഒന്നാണ് സുകുമാരൻ ചേട്ടന്റെ ഹോട്ടൽ. വാഴച്ചാൽ ഗവൺമന്റ്‌ സ്‌കൂളിനു സമീപത്ത് ഇടതു വശത്തായാണ് സുകുവേട്ടന്റെ കട സ്ഥിതി ചെയ്യുന്നത്‌. ചാലക്കുടി പുഴയിൽ നിന്നും ആദിമനിവാസികൾ പിടിച്ച മീനുകൾ വറുത്തും കറിയായും ഇവിടെ ലഭിക്കും. പച്ചിലവെട്ടി എന്നു പേരുള്ള വറുത്ത മീനാണ് ഞങ്ങളെ കീഴ്പ്പെടുത്തിയത്‌. മുള്ളുകൾ കൂടുതലുണ്ടെങ്കിലും അതിന്റെ രുചി അപാരം തന്നെ.

ഞങ്ങൾക്കു മുൻപിലായി പോയ വാഹനങ്ങളൊന്നും തിരികെ വരാത്തത്‌ ഞങ്ങൾക്ക്‌ വീണ്ടും പ്രതീക്ഷ നൽകി. സുകുവേട്ടനൊടും കടയോടും വിട പറഞ്ഞ് പെരിങ്ങൾക്കുത്ത്‌ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. പഴയകാല മലയാളസിനിമകളിലെ സുന്ദരമായ ഗാനങ്ങളും മനോഹരമായ പ്രകൃതി ഭഗിയും ആസ്വദിച്ച് പുളിയിലപ്പാറയിലെത്തിയ ഞങ്ങൾക്ക് കിട്ടിയ വിവരം കുറച്ചു നേരമായി എല്ലാവരിലുമുണ്ടായിരുന്ന ആശങ്കകളകറ്റി. ലോറി മാറ്റുവാനായി ക്രയിൻ പോയിട്ടുണ്ടെന്നും ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും വഴിയിലുള്ള തടസ്സം മാറികിട്ടുമെന്നും അറിയുവാൻ കഴിഞ്ഞു.

പുളിയിലപ്പാറയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ കൂടി യാത്ര ചെയ്‌ത്‌ ഞങ്ങൾ പെരിങ്ങൽക്കുത്തിലെത്തി. ചാലക്കുടി പുഴയിൽ സ്ഥിതി ചെയ്യുന്ന ഡാമുകളിലൊന്നാണ് പെരിങ്ങൽ കുത്ത്‌ ഡാം. പ്രകൃതിയിലെക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലം സ്വന്തം ധർമ്മം നിറവേറ്റാൻ കഴിയാതെ ഒഴുക്ക് നിലച്ച ചാലക്കുടി പുഴയുടെ രോദനവും അവളുടെ കണ്ണുനീരു കലങ്ങിയ ജലവുമല്ലാതെ മറ്റൊന്നുമവിടെ കാണുവാനൊ കേൾക്കുവാനൊ എനിക്കു കഴിഞ്ഞില്ല. ബ്രിട്ടീഷുകാരുടെ കാലം മുതൽക്കുള്ള കയ്യേറ്റം മൂലം മഴക്കാടുകൾ മാത്രമായിരുന്ന ഈ ഭൂപ്രദേശത്തിൽ സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്‌. പണ്ട്‌ സുലഭമായി ഇവിടെ കാണപ്പെട്ടിരുന്ന കമ്പകം, അകിൽ, വീട്ടി, കടച്ചി എന്നീ മരങ്ങളുടെ സ്ഥാനത്തിപ്പോൾ തേക്കിൻ മരങ്ങളാണ്. റെയിൽ വേ സീപ്പറുകളുണ്ടാക്കുവാനായി ബ്രിട്ടീഷുകാരാണ് ഈ മരങ്ങളെല്ലാം മുറിച്ചു മാറ്റിയത്‌. നൂറ്റാണ്ടുകൾക്ക്‌ മുമ്പ് സൂര്യനസ്ത്മിക്കാത്ത സാമ്രാജ്യത്തിന്റെ വാണിജ്യത്തിനും ഗതാഗതത്തിനുമായി നിർമ്മിച്ച റെയിൽ വേ ട്രാക്കുകളിലെല്ലാം ഈ വനമേഖലയിൽ നിന്നും മുറിച്ചു മാറ്റിയ മരങ്ങൾക്കൊണ്ടുണ്ടാക്കിയതാണ്, അതിന്റെ ഓർമ്മയ്ക്കെന്നവണ്ണം അന്നുപയോഗിച്ചിരുന്ന റെയിൽ വേ ട്രാക്കുകളുടെയും, പാലങ്ങളുടെയും അവശിഷ്‌ടങ്ങൾ ഇന്നും ഈ വനാന്തർഭാഗങ്ങളിൽ വിശ്രമം കൊള്ളുന്നുണ്ട്‌.

നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആനകളുടെ പേരിലറിയപ്പെടുന്ന എത്ര സ്ഥലങ്ങളാണുള്ളത്‌. ഇവിടെയുമുണ്ട്‌. ” ആനക്കയം ” പേരിനെ അനുസ്‌മരിപ്പിക്കുന്ന വിധം ആനകളേയൊ, കയമൊ ഒന്നും കാണുവാൻ കഴിഞ്ഞില്ലെങ്കിലും ഷോളയാർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു.

മലമടക്കുകൾക്കിടയിലൂടെയുള്ള വീതി കുറഞ്ഞ റോഡുകളിലൂടെയാണ് ഇനിയുള്ള യാത്ര. മലമടക്കുകളിലൂടെ വാഹനം ഓടിക്കുമ്പോൾ ഏകാഗ്രതയും പരിസരബോധവുമാണ് വേണ്ടതെന്ന് ഇടയ്ക്കിടെ ബേബി ചേട്ടൻ ജെറിയെ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു. വന നിയമങ്ങളൊന്നും ഞങ്ങൾക്ക്‌ ബാധകമല്ലെന്ന മട്ടിൽ ആനത്താരകളിൽ മദ്യസേവ നടത്തുന്ന ഫ്രീക്കന്മാരേയും, ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണാവശിഷ്‌ടങ്ങളും, പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങളും കുന്നിൻ ചരിവുകൾ നോക്കി വലിച്ചെറിയുന്ന ഉന്നതകുല ജാതരേയും കണ്ടപ്പോൾ വാഴച്ചാൽ ഫോറെസ്റ്റ്‌ ചെക്ക്‌ പോസ്റ്റിൽ കണ്ടത്‌ വെറും പ്രഹസനമാണെന്ന് ഒരിക്കൽകൂടി ബോധ്യമായി.

മഴയും കോടമഞ്ഞും ഇടയ്ക്കിടെ വന്ന് യാത്രയെ ആനന്ദകരമാക്കുന്നുണ്ടായിരുന്നുവെങ്കിലും ലോവർ ഷോളയാറിൽ കണ്ട കാഴ്ച സത്യത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ജലമില്ലാത്തതിനാൽ വിദൂരതയിൽ ഡാമിന്റെ ഭിത്തിയും അടിത്തട്ടുമെല്ലാം വളരെ വ്യക്തമായി കാണുവാൻ കഴിയും, ഈ കാഴ്ച കാണുന്ന സാമാന്യ ബോധമുള്ള ഏതൊരാളും ചിന്തിച്ചു പോകും ചാലക്കുടി പുഴയിൽ ഇനിയൊരു ഡാം കൂടി വേണൊ എന്ന്.

നാലാമത്തെ തവണയും പരിസ്ഥിതി അനുമതിയ്ക്കു വേണ്ടി 2014 ഡിസംബർ 11-12 തീയതികളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള റിവർ വാലി കമ്മിറ്റിയുടെ മുമ്പാകെ കേരള സസ്ഥാന വൈദ്യുതി ബോർഡ്‌ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സമർപ്പിച്ചിരിക്കുകയാണ്. 15 വർഷമായി ജനകീയ സരങ്ങളും കോടതിയുടെ ഇടപെടലുകളും വഴി നിർത്തി വച്ചിരിക്കുന്ന ഒരു പദ്ധതി കൂടിയാണിത്‌. പരിസ്ഥിതി നിയമങ്ങളേയും, പരിസ്ഥിതി ആഘാത പഠനങ്ങളേയും വെറും പ്രഹസനങ്ങളാക്കി മാറ്റിയ ഒരു പദ്ധതികൂടിയാണിത്‌. ഇതിനുമുൻപ്‌ 1998,2005,2007 വർഷങ്ങളിൽ നൽകിയ പരിസ്ഥിതി അനുമതികളെ ചോദ്യം ചെയ്തുകൊണ്ട്‌ മൂന്ന് തവണയും ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജികൾ പരിഗണിയ്ക്കപ്പെട്ട അപൂർവ്വങ്ങളിൽ ഒന്നായ പദ്ധതി. രണ്ടു തവണയും ഹൈക്കോടതി ഇടപെട്ടുകൊണ്ട്‌ പുഴയ്ക്കനുകൂലമായ വിധി പ്രസ്ഥാവിച്ചു. ഇതിലൊന്ന് പിന്നീട്‌ സസ്‌പെൻഡു ചെയ്യുകയും മറ്റൊരു വിധി റദ്ദു ചെയ്യുകയും മൂന്നാമത്തേത്‌ തീർപ്പു കൽപിക്കാതെ നിലനിൽക്കുകയും ചെയ്യുന്നു.

144 കി.മീ നീളം വരുന്ന ചാലക്കുടി പുഴയുടെ ഉത്ഭവം മുതൽ 90 കി.മീ വരെ 6 അണക്കെട്ടുകളും ( കേരള ഷോളയാർ, തമിഴ്‌നാട്‌ ഷോളയാർ, പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ്‌ ) തുമ്പൂർ മുഴി ജലസേചന പദ്ധതിയും മൂലം പുഴയുടെ സ്വാഭാവിക നീരൊഴുക്ക്‌ പലയിടങ്ങളിലും മുറിഞ്ഞുപോയിരിക്കുന്നു. ഏകദേശം 35% വെള്ളം പറമ്പിക്കുളം – ആളിയാർ അന്തർസംസ്ഥാന നദീജല കൈമാറ്റത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്ക്‌ തിരിച്ചു വിടുകയും ചെയ്യുന്നു. പെരിങ്ങൽ പദ്ധതിയിൽ നിന്നും മഴക്കാല നീരൊഴുക്ക്‌ പെരിയാർ നദീതടത്തിൽ സ്ഥിതി ചെയ്യുന്ന ഇടമലയാർ ജലസംഭരണിയിലേക്ക്‌ തിരിച്ചു വിടുകയും ചെയ്യുന്നു. പ്രസ്‌തുത അതിരപ്പിള്ളി പദ്ധതി കൂടി പണിതാൽ അത്‌ പുഴയുടെ എഴുപതാമത്തെ കിലോമീറ്ററിലെ ഏഴാമത്തെ അണക്കെട്ടായിരിക്കും. അണകെട്ടാത്ത കാരപ്പാറ – കുരിയാർ കുറ്റി കൈവഴിയിലെ നീരൊഴുക്കും കുറഞ്ഞു വരികയാണ്. വ്രഷ്‌ടി പ്രദേശത്തെ കാടിന്റെ ശോഷണമാണ് പ്രധാന കാരണം. കൂടാതെ 1860 കളിൽ തുടങ്ങി 1970 വരെയുള്ള കാലയളവിൽ പുഴയുടെ വൃഷ്‌ടി പ്രദേശത്തെ 620 ചതുരശ്ര കിലോമീറ്റർ കാടുകൾ കാപ്പി, തേയിലത്തോട്ടങ്ങൾ, തേക്ക്‌ – അൽബീസിയ തോട്ടങ്ങൾ, അണക്കെട്ടുകൾ, റോഡുകൾ, പവർലൈനുകൾ, ഡാം കോളനികൾ, എണ്ണപ്പന തോട്ടങ്ങൾ, ഇൻഡസ്‌ട്രിയൽ പ്ലാന്റേഷൻ എന്നിവയ്ക്ക്‌ വേണ്ടി മുറിച്ചു മാറ്റപ്പെട്ടു. ഇതുമൂലം 1200 ച. കി. മീ വിസ്‌തീർണ്ണം വരുന്ന ചാലക്കുടി പുഴത്തടത്തിന്റെ വനമേഖലയിലെ ബാക്കിയുള്ള കാടിന്റെ തുടർച്ച പലയിടങ്ങളിലും നഷ്‌ടപ്പെട്ടു കഴിഞ്ഞിരിക്കുഞ്ഞു.

ഇന്ത്യയിലെ പുഴകളിൽ വളരെ ഉയർന്ന മത്സ്യസമ്പത്തുള്ള പുഴകളിൽ ഒന്നാണ് ചാലക്കുടി പുഴ. 108 ഇനം മത്സ്യങ്ങളെ കണ്ടെത്തിയതിൽ 5 എണ്ണം ശാസ്‌ത്രത്തിനു തന്നെ പുതിയതായിരുന്നു. അവയിൽ പലതും പദ്ധതി പ്രദേശത്ത്‌ കാണപ്പെടുന്നു എന്നുള്ളത്‌ വാഴച്ചാൽ – അതിരപ്പിള്ളി പ്രദേശത്തിന്റെ ജൈവസമ്പുഷ്‌ടത ചൂണ്ടികാണിക്കുന്നു. 2000 – ൽ തന്നെ ദേശീയ മത്സ്യജനിതക ബ്യൂറോ പുഴയുടെ മേൽത്തട പ്രദേശം അതിന്റെ മത്സ്യവൈവിദ്യവും സമ്പുഷ്‌ടതയും കാരണം ഒരു മത്സ്യസങ്കേതമായി പ്രഖ്യാപിക്കണം എന്ന് ശുപാർശ ചെയ്‌തിട്ടുണ്ട്‌. എന്നാൽ പരിസ്ഥിതി ആഘാതപഠനം നടത്തി എന്ന് അവകാശപ്പെടുന്ന വാപ്‌കോസ്‌ വെറും 30 ഇനം മത്സ്യങ്ങൾ മാത്രമേ കണ്ടെത്തിയുള്ളൂ എന്നത്‌ പ്രസ്‌തുത പഠനത്തിന്റെ പൊള്ളത്തരം ചൂശ്ണ്ടിക്കാട്ടുന്നു. ഒഴുകുന്ന പുഴയിലേ മത്സ്യങ്ങൾക്ക് നിലനിൽക്കാനാവൂ. അവയുടെ പ്രജനനത്തിനും ആഹാരത്തിനും മറ്റും ഒഴുകുന്ന പുഴയും പുഴയോരക്കാടുകളും അത്യന്താപേക്ഷിതമാണ്.

വെറും 25.8 ഹെക്‌ടർ പുഴയോരക്കാടുകൾ മാത്രമേ പ്രസ്‌തുത പദ്ധതിക്കു വേണ്ടി നഷ്‌ടപ്പെടുകയുള്ളൂ എന്നാണ് വാപ്‌കോസ്‌ പറയുന്നത്‌. എന്നാൽ മേൽത്തട പ്രദേശത്ത്‌ പണിതിട്ടുള്ള ആറു ഡാമുകൾ കാരണം നഷ്‌ടപ്പെട്ട പുഴയോരക്കാടുകളുടെ നാശം വിലയിരുത്തിയിട്ടില്ല. ചാലക്കുടി പുഴയിൽ 60 കിലോമീറ്ററോളം പുഴയോരക്കാടുകൾ 6 ഡാമുകൾക്കുവേണ്ടി മുങ്ങിക്കഴിഞ്ഞു. പണിത അണക്കെട്ടുകൾക്കു താഴെ 28.815 കിലോമീറ്ററോളം പുഴ വറ്റിക്കഴിഞ്ഞു. മലമുഴക്കി വേഴാമ്പൽ അടക്കം ഒരുപാട്‌ ജീവികളുടെ ആവാസവ്യവസ്ഥയാണ് പദ്ധതി പ്രദേശത്തെ പുഴയോരക്കാടുകൾ. പറമ്പിക്കുളം മുതൽ പൂയംകുട്ടി കാടുകൾ വരെ സ്ഥിരമായി ആനകൾ സഞ്ചരിക്കുന്ന വഴിത്താര പദ്ധതി വന്നാൽ മുങ്ങിപ്പോകുന്ന പ്രദേശത്തിന്റെ ഭാഗമാണ്. പശ്ചിമഘട്ടത്തിൽ കാണുന്ന നാലിനം വേഴാമ്പലുകളെയും ഒരുമിച്ചു കാണുന്ന അപൂർവ്വമായ പുഴയോര പ്രദേശം കൂടിയാണ് വാഴച്ചാൽ – അതിരപ്പിള്ളി മേഖല. നെല്ലിയാമ്പതി, പറമ്പിക്കുളം, വാഴച്ചാൽ മേഖലകളെ പ്രധാന പക്ഷി മേഖലകളായി അന്താരാഷ്‌ട്ര സംഘടനയായ conservation International ഉൾപ്പെടുത്തിയിട്ടുള്ളത്‌ അവയുടെ ദീർ ഘകാല പരിരക്ഷണ മൂല്യം അറിഞ്ഞുകൊണ്ട്‌ തന്നെയാണ്.

പഠനങ്ങൾ സൂചിപ്പിക്കുന്നത്‌ ഇത്രയും ഉയരം കുറഞ്ഞ ( 200 മീറ്റർ MSL) പുഴത്തീരങ്ങളിൽ, നിലവിൽ ഇത്രയും ജൈവവൈധ്യമുള്ള പുഴയോരക്കാടുകൾ ഇനി ബാക്കിയില്ല എന്നാണ്. അതുകൊണ്ട്‌ തന്നെ അവശേഷിക്കുന്ന 28.5 ഹെക്‌ടർ പുഴയോരക്കാടിന്റെ ജൈവമൂല്യം വിലമതിക്കാവുന്നതിലും അപ്പുറമാണ്. ഒഴുകുന്ന പുഴ നാടിന്റെ നട്ടെല്ലു കൂടിയാണെന്ന് വൈദ്യുതി ബോർഡും സർക്കാരും തിരിച്ചറിഞ്ഞാൽ നന്ന്. കടപ്പാട്‌ : ഗ്രീൻലീഫ്‌ മാഗസിൻ.

മദ്യപിച്ചു ലക്കുകെട്ടവരുടെ ഒച്ചപ്പാടും ബഹളവും മനസിൽ അതൃപ്‌തി ഉളവാക്കിയതിനാൽ ഞങ്ങൾ മലക്കപ്പാറ ലക്ഷ്യമാക്കി യാത്ര തുടർന്നു. മദ്യപിച്ചു കഴിഞ്ഞാൽ അതു മറ്റുള്ളവരെ ഏതെങ്കിലും വിധേന അറിയിച്ചില്ലെങ്കിൽ അത്‌ അഭിമാനത്തിനേറ്റ ക്ഷതമായി കരുതുന്ന ഒരുപറ്റം ആളുകൾ നമ്മുടെ ഇടയിൽ വ്യാപകമായി ഉണ്ടെന്നു തോനുന്നു. മഴക്കാട്ടിലെ മഴക്കാഴ്ചകൾ മതിവരുവോളം ആസ്വദിച്ച് ഞങ്ങൾ മലക്കപ്പാറ ഫോറൊസ്റ്റ്‌ ചെക്ക്‌പോസ്റ്റിലെത്തി. വാഴച്ചാലിൽ നിന്നും ലഭിച്ച പാസ്‌ ഇവിടെ കാണിച്ചതിനു ശേഷം വാഹന പരിശോദനകൂടി കഴിഞ്ഞാലെ നമുക്ക്‌ മുൻപോട്ട്‌ പോകുവാൻ കഴിയുകയുള്ളൂ.

തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള റോഡ്‌ ആരംഭിക്കുന്നത്‌ മലക്കപ്പാറയിൽ നിന്നാണ്. നിത്യഹരിത തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ വഴികളിലൂടെയാണ് ഇനിയുള്ള യാത്ര. തേയിലത്തോട്ടങ്ങൾക്കിടയിൽ കാണുന്ന സിൽ വർ ഓക്കുമരങ്ങളുടെ ഇലകൾ അവയുടെ പേരിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ തളിർത്തു നിൽക്കുന്ന കാഴ്ച ആരിലും കൗതുകമുണർത്തുന്നതാണ്. ശക്തമായ മഴമൂലം അപ്പർ ഷോളയാർ ഡാമിന്റെ കാഴ്ചകൾ കാറിനകത്തു തന്നെയിരുന്ന് കാണുവാനെ ഞങ്ങൾക്ക്‌ കഴിഞ്ഞുള്ളൂ. വഴിയരുകിൽ കണ്ട പെട്ടിക്കടയിൽ നിന്നും ഓരോ ചായയും കുടിച്ച്‌ ഉന്മേഷം വീണ്ടെടുത്ത്‌ ഞങ്ങൾ വാൽപാറയിലെത്തി. സമയക്കുറവു മൂലം വാൽപാറയിൽ അധികം തങ്ങാതെ മാർക്കറ്റിൽ മാത്രം കയറി കുറച്ച് പച്ചക്കറികൾ വാങ്ങിയതിനുശേഷം ആളിയാർ ഡാമിന്റെ മനോഹരമായ കാഴ്ചകൾക്കു വേണ്ടി തിരക്കിട്ട് ഞങ്ങൾ മുൻപോട്ട്‌ നീങ്ങി.

വാൽപാറയിൽ നിന്നും പൊള്ളാച്ചിവരെയുള്ള വഴിയിലെ കാഴ്ചകൾ മനോഹരങ്ങളായ ദ്രശ്യാനുഭവങ്ങളായി നമ്മുടെ മനസിൽ കാലങ്ങളോളം നിലനിൽക്കും. ( ഏകദേശം ) 70 കിലോമീറ്ററിനുള്ളിലെ 40 ഹെയർപിൻ വളവുകളും, ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങളും, മഴക്കാലങ്ങളിൽ മാത്രം രൂപപ്പെടുന്ന നീർച്ചോലകളും, ആളിയാർ ഡാമും, റിസർവ്വോയറുമെല്ലാം മനസിനെ കോൾമയിർ കൊള്ളിക്കുന്ന കാഴ്ച കളാണ്. വാട്ടർ ഫാൾസ്‌ എന്നപേരിലറിയപ്പെടുന്ന ഒരു കവലകൂടി ഈ വഴിയിൽ ഉണ്ടെന്നറിയുമ്പോൾ ആരും ആശ്ചര്യപ്പെടേണ്ടതില്ല.

ചുരം കയറി തുടങ്ങിയപ്പോൾ തന്നെ കോടമഞ്ഞിന്റെ സാന്നിദ്ധ്യം ഞങ്ങൾ തിരിച്ചറിഞ്ഞു. തൊട്ടു മുൻപിലുള്ള വഴിയും എതിരേ വരുന്ന വാഹനങ്ങളേയും മറയ്ക്കുന്ന രീതിയിലുള്ള കോടമഞ്ഞാണ് മിസ്റ്റ്‌ സ്‌പ്രെഡിംഗ്‌ സോണിൽ ഞങ്ങളെ വരവേൽറ്റത്‌. കുറച്ചുനേരം കോടമഞ്ഞിൽ മുങ്ങി നിൽക്കാമെന്നു കരുതി പുറത്തിറങ്ങിയ ഞങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ കിടുകിടാ വിറച്ചുകൊണ്ട്‌ കാറിനുള്ളിൽ അഭയം പ്രാപിച്ചു. മുന്നോട്ട്‌ പോകുന്തോറും മഴയും കാറ്റും ശക്തമായി വരികയാണ്, കാറ്റിൽപെട്ട്‌ റോഡിലേക്ക്‌ ഒടിഞ്ഞു വീഴുന്ന വൃക്ഷശിഖരങ്ങൾ ഇടയ്ക്കിടെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ആളിയാർ ഡാം വരെ കൂടുതലും ഇറക്കമായതിനാൽ പെട്ടെന്നെത്തുവാൻ കഴിയുമെന്ന് കരുതിയ ഞങ്ങൾക്ക്‌ മുൻപോട്ടുള്ള യാത്ര ബുദ്ധിമുട്ടായനുഭവപ്പെട്ടു.
മഴ ആയതിനാലാവാം ചുരത്തിലെ ഭംഗിയുള്ള റോഡിന്റെ അരഭിത്തികളിലിരുന്ന് യാത്രക്കാരെ നോക്കി പല്ലിളിച്ച്‌ കാണിക്കുന്ന കുരങ്ങന്മാരെ ഇന്നു കാണുവാനേയില്ല. കനത്ത മഴ മൂലം കാഴ്ച മങ്ങിയതിനാൽ മലമടക്കുകൾ വളരെ സൂക്ഷ്‌മതയോടു കൂടിയാണ് ഇറങ്ങിയത്‌. ഒറ്റനോട്ടത്തിൽ തന്നെ മനം കവരുന്ന ആളിയാർ ഡാമിന്റെ ദൃശ്യങ്ങൾ വ്യക്തമായി കാണുവാൻ വളരെയധികം താഴേക്ക്‌ ഇറങ്ങി വരേണ്ടി വന്നതിനാൽ മുകളിൽ നിന്നുമുള്ള ആ ഏരിയൽ വ്യൂ ഞങ്ങൾക്ക്‌ നഷ്‌ടമായി. കാറിനുപുറത്തിറങ്ങി ജലസംഭരണിയുടെയും, വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാതയുടെയും കാഴ്ചകൾ മനസിലേക്കാവാഹിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു.

സമയം വൈകിയതു മൂലം മങ്കിഫാൾസ്‌ കാണുവാൻ കഴിയാതെ ഞങ്ങൾ ആളിയാർ ഡാമിനടുത്തെത്തി. ആളിയാർ ഡാമിന്റെ വഴിയരികുകളിൽ മൊത്തം കച്ചവട സ്ഥാപനങ്ങളാണ്. ഹോട്ടലുകളും, വഴിയോരകച്ചവടക്കാരും, സഞ്ചാരികളുമെല്ലാം ചേർന്ന് ശബ്ദമുഖരിതമായ ഒരന്തരീക്ഷമാണ് എവിടെയും. ഡാമിൽ നിന്നും പിടിച്ചെടുത്ത മത്സ്യങ്ങളാവാം ഇവിടെയുള്ള വഴിയോരക്കച്ചവടക്കാർ സഞ്ചാരികൾക്കായി ചൂടോടെ വറുത്ത്‌ തരുന്നത്‌. സഞ്ചാരികളിൽ ഭൂരിഭാഗവും തമിഴരാണ്. 6 മണി കഴിഞ്ഞതിനാൽ പ്രവേശനം സാധ്യമലെന്നു കരുതി ഓരോ ചായയും കുടിച്ച്‌ പൊള്ളാച്ചി വഴി മൂവാറ്റുപുഴയിലേക്കുള്ള മടക്കയാത്രയ്ക്ക്‌ ഞങ്ങൾ ഒരുങ്ങി.

NB: ചിത്രങ്ങളിൽ പലതും ഈ യാത്രയിൽ പകർത്തിയവ അല്ല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply