ശിവനിൽ നിന്നും ബുദ്ധനിലേക്ക് അഥവാ മോക്ഷത്തിൽ നിന്നും ജ്ഞാനത്തിലേക്ക്

വിവരണം – Ponny Cyriac.

നോക്കെത്താ ദൂരത്തോളം വിസ്തൃതിയിൽ വിശാലമായി താളത്തിൽ ഒഴുകുന്ന ഗംഗയും അമ്പല മണികളാലും മന്ത്രോച്ഛാരണങ്ങളാലും മുഖരിതമായ അന്തരീക്ഷവും ജഡയാർന്ന മുടിയും രുദ്രാക്ഷവുമായി അഘോരികളും.മനസ്സിൽ സൂക്ഷിച്ച കാശിയുടെ ചിത്രമാണത്.കൊച്ചിയിൽ നിന്നും യാത്ര തുടങ്ങിയ ഞങ്ങൾ ഹൈദരാബാദിലെ 3-4 മണിക്കൂർ ഹാൾട് പ്രയോജനപ്പെടുത്താനായി ചാർമിനാർ കാണാനായി പുറപ്പെട്ടു.അവിടെ ചില പുതുക്കി പണികൾ നടന്നുകൊണ്ടിരുന്നതിനാൽ പുറമെ നിന്ന് കണ്ടു തൃപ്തിപ്പെടാനേ സാധിച്ചുള്ളൂ. ഇന്ത്യയിലെ അതി പ്രാചീന നഗരങ്ങളിൽ ഒന്നായ കാശിയിൽ കാലുകുത്തുമ്പോൾ ,പ്രതീക്ഷകളേക്കാൾ കേട്ടറിവുകളും വായിച്ചുള്ള അറിവും പകർന്ന ആകാംക്ഷയായിരുന്നു മുന്നിൽ. ജനുവരിയിലെ കോച്ചുന്ന തണുപ്പത്തു വാരണാസി എയർപോർട്ടിൽ വന്നിറങ്ങിയ ശേഷം ഞങ്ങൾ സ്റ്റോപ്സ് ഹോസ്റ്റൽ ലക്ഷ്യമാക്കി തിരിച്ചു. ദില്ലി നഗരം പോലെ പഴയതിനെ പഴയതായും പുതിയ നഗരത്തെ പുതിയതായും സൂക്ഷിച്ചിരിക്കുന്നു. ആദ്യ ബാക്ക്പാക്കർസ് ഹോസ്റ്റൽ അനുഭവവും നിരാശപ്പെടുത്തിയില്ല.ആളെണ്ണം കൂടുതൽ ആയതിനാൽ വിശാലമായ ഒരു മുറി ഞങ്ങൾക്ക് മാത്രമായി കിട്ടി. ദിവസം 350 രൂപ ഒരാൾക്ക് വാടകയും ഫ്രീ ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റും.കോമൺ ആയി ഉപയോഗിക്കാനുള്ള ടോയ്‌ലെറ്റുകളിലെ ഗ്രാഫിറ്റികളും അതേ ഹോസ്റ്റലിലെ അന്തേവാസികളായ വിദേശീയരും ചുവരുകളിലെ ജീവസ്സുറ്റ ഫോട്ടോകളും ചേർന്ന് മൊത്തം പുതിയൊരു അനുഭവം തന്നെ തീർത്തു.

സൂര്യന് മുന്നേ ഉണർന്ന ഞങ്ങൾ നടന്നു കാശിയിലെ വിശ്വ പ്രസിദ്ധമായ ഘാട്ടുകളിൽ ഒന്നിൽ എത്തി.അവിടെ ഗംഗാ ആരതി തുടങ്ങാറായിരിക്കുന്നു.അതിരാവിലെ ഗംഗാ സ്നാനം നടത്തുന്നവരും ചായ വില്പനക്കാരും. തണുപ്പകറ്റാൻ മൺകോപ്പയിൽ ചായ വാങ്ങി കുടിച്ച ശേഷം കുറച്ചു നേരം ഗംഗാ ആരതി കണ്ടു നിന്നു.തിരക്ക് കുറവാണ്.മനസ്സിൽ കണ്ട കാശിയുടെ ഏറെക്കുറെ അവിടെ അനുഭവപ്പെട്ടു.അഗ്നിയും ധൂപവും മന്ത്രോച്ഛാരണങ്ങളും ആരതി കർമം നടത്തുന്നവരുടെ ചടുല താളങ്ങളും ചേർന്ന് ഒരു വ്യത്യസ്ത അനുഭൂതി നൽകി.സൂര്യൻ ഉദിച്ചുയരുന്നതിന് മുന്നേ ഞങ്ങൾ ബോട്ടിൽ ഗംഗയിലേക്കു ഇറങ്ങി.അധികം വൈകാതെ തന്നെ ഗംഗയുടെ അക്കരെ നിന്നും ചന്ദന വർണ്ണത്തിൽ വെള്ളത്തിൽ കുളിച്ചുയർന്ന മട്ടിൽ സൂര്യനും എത്തി.സൂര്യ കിരണങ്ങളേറ്റു ഗംഗയിലെ ചെറു ഓളങ്ങളും തിളങ്ങി.പ്രകൃതിയുടെ കിടപ്പുകൊണ്ടാകാം ഒരു മുൻ യാത്രയിൽ ഋഷികേശിലോ ഹരിദ്വാറിലോ കണ്ട വേഗമോ രൗദ്ര ഭാവമോ ഇല്ല ഗംഗയ്ക്ക്.ചുറ്റുമോന്നു കണ്ണോടിച്ചാൽ ചുവപ്പും ഓറഞ്ചും മണ്ണിന്റെ നിറവും ചേർന്ന് ഒരു പാറ്റേൺ ഉള്ളതായി തോന്നും . സൂര്യ കിരണങ്ങൾ ഏറ്റു കിടക്കുന്ന ഗംഗയുടെ നിറം പോലും കാശിയുമായി ഇഴചേർന്നു നിൽക്കുന്നു. ഈ നിറങ്ങളും ഘാട്ടിലെ മറ്റു നിർമിതികളുടെ നിർമാണ ശൈലിയും പൗരാണിക ഭാവം നിലനിർത്താൻ കാശിയെ സഹായിക്കുന്നുണ്ട്. ഗംഗയിലേക്കിറങ്ങുന്ന ഇത്തരം 80ൽ പരം കൽപ്പടവുകൾ അഥവാ ഘാട്ടുകൾ ഉണ്ടിവിടെ.പലതും സിമന്റ് കൊണ്ട് പുനർനിർമ്മാണം ചെയ്തിരിക്കുന്നു .അങ്ങനെ സാവധാനം നീങ്ങുന്ന ബോട്ടിലിരുന്നു ഘാട്ടുകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ പൊടുന്നനെ ഒരു കൂട്ടം പക്ഷികൾ വന്നു ഞങ്ങളെ പൊതിഞ്ഞു പറക്കാൻ തുടങ്ങി.അവ പതിയെ താഴ്ന്നിറങ്ങി വെള്ളത്തിൽ നീന്തി.അപ്രതീക്ഷിതമായെത്തിയ ഈ അഥിതികൾ ദേശാടനക്കിളികളായ കടൽ കാക്കകളാണ്.വെളുത്ത തൂവലും അവിടിവിടെയായി കറുപ്പ് വരകളുമുള്ള ഈ പക്ഷിക്കൂട്ടം ബോട്ട് യാത്രക്കാരുടെ വക സംഭാവനയായ തീറ്റ തേടി ഇറങ്ങിയതാണ്.ഇവർക്കായി ചെറു വള്ളങ്ങളിൽ നുറുക്കുകളുമായി വില്പനക്കാരും ഉണ്ട് ചുറ്റും .പ്രത്യേക ശബ്ദത്തിൽ അവയെ വിളിച്ചു കൂട്ടിയ ശേഷം തീറ്റ നൽകുന്നു.

ഘാട്ടുകളിൽ പരമ പ്രധാനികൾ അസി,മണികർണിക,ദശാശ്വമേധ് എന്നിവയാണ്.നിർത്താതെ എരിയുന്ന ചിതകളുള്ള മണികർണികയാണ് ഇതിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്.ദക്ഷയാഗത്തിൽ ജീവത്യാഗം ചെയ്ത സതി ദേവിയുടെ ശരീരവുമായി വിലപിച്ചിരുന്ന ശിവന്റെ ദുഃഖം കണ്ടു സഹിക്കാനാവാതെ വിഷ്ണു ഭഗവാനയച്ച സുദർശന ചക്രം , സതി ദേവിയുടെ ശരീരം 51 കഷണങ്ങൾ ആക്കുകയും അതിൽ മണികർണികയെന്ന കർണ്ണാഭരണം ഇവിടെ വീണു എന്നുമാണ് ഐതിഹ്യങ്ങളിൽ ഒന്ന്. ഇവിടെ ദഹിപ്പിക്കപെടുന്ന മൃതശരീരങ്ങൾ മോക്ഷം പ്രാപിക്കുമെന്ന വിശ്വാസമാണ് മണികർണികയിലെ നിർത്താതെ എരിയുന്ന ചിതകൾക്കു പിന്നിൽ.ഓരോ അഞ്ചു മിനിറ്റിലും മൃത ദേഹങ്ങളുമായി മണികർണികയിലേക്കു ആളുകൾ വരുന്നതു കാണാം. ഒരേ സമയം അഞ്ചോ ആറോ ചിതകൾ എരിയുന്നു.ചിതയൊരുക്കാനുള്ള വിറകും മറ്റും ബോട്ടുകളിലും അല്ലാതെയും സൂക്ഷിച്ചിട്ടുണ്ട്.ജീവിതത്തിന്റെ നശ്വരതയും മരണാനന്തര അവസ്ഥയെപ്പറ്റിയും ആരെയും ചിന്തിപ്പിക്കുന്ന ഒരു കാഴ്ചയാണത്.ഗംഗയിൽ ഒഴുകി നടന്നിരുന്ന ഇത്തരം മൃതശരീര അവശിഷ്ടങ്ങൾ ഭക്ഷിക്കുകയും മനുഷ്യാസ്ഥി പൊടിച്ചു ഭസ്മമായി പൂശുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്ന അഘോരികളെ പറ്റി ഭീതിയുണർത്തുന്ന കഥകളാണ്‌ കേട്ടിരിക്കുന്നത് .കുംഭ മേളയുടെ സമയത്തു മാത്രം പുറത്തിറങ്ങുന്ന ഇവർ പൊതുവെ വനന്തരങ്ങളിലോ ഹിമാലയത്തിലോ ആണ് കഴിച്ചു കൂട്ടാറ്.അവിടിവിടെയായി ധ്യാനിച്ചിരിക്കുന്ന കാഷായ വസ്ത്ര ധാരികളെ കണ്ടെങ്കിലും മനസിലുള്ള അഘോരി സങ്കൽപത്തിലുള്ള ആരെയും കാണാൻ കഴിഞ്ഞില്ല.കുട്ടികൾ ,ഗർഭിണികൾ,പാമ്പു വിഷമേറ്റു മരിച്ചവർ അങ്ങനെ ചില കൂട്ടരെ മണികർണികയിൽ ദഹിപ്പിക്കാറില്ല.

ഘാട്ടുകൾ ഒരു ആവർത്തി ബോട്ടിലിരുന്നു കണ്ട ശേഷം ഞങ്ങൾ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കു തിരിച്ചു. പഴയ വാരണാസിയെ പൗരാണികതയിൽ മാത്രമേ സുന്ദരി എന്നു വിളിക്കാനാവു.മനുഷ്യനും മറ്റു ജന്തു മൃഗാദികളും ഒരു പോലെ വിഹരിക്കുന്ന റോഡുകൾ.മനുഷ്യൻ മാലിന്യങ്ങൾ കൊണ്ടും ജീവികൾ വിസർജ്യങ്ങളാലും വഴിയേ അലങ്കരിച്ചിട്ടുണ്ട് .കൂട്ടിനു പൊടിയും .ഇവിടെ റോഡ് ക്രോസ് ചെയുന്ന രീതിയും വിചിത്രമാണ്.നിങ്ങൾക്ക് റോഡ് മുറിച്ചു കടക്കണമെങ്കിൽ, കണ്ണടക്കുക, നടക്കുക.വണ്ടി വല്ലതും വന്നാൽ അവർ നിർത്തി തരും. മനോഹരമായ ഈ ആചാരം ‘ക്ഷ’ പിടിച്ചുവെങ്കിലും പലപ്പോഴും ഇനി എങ്ങാനും നിർത്തിയില്ലെങ്കിൽ എന്ന ഉൾഭയം ഉണ്ടായിരുന്നു. ശിവ ക്ഷേത്രങ്ങളിൽ പരമ പ്രധാനിയായ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി വലിയ ക്യു ആണ് വരവേറ്റത്.മറ്റു പല ക്ഷേത്രങ്ങളിലെയും പോലെ ഈ ക്യുവിനാൽ ഉപജീവനം നടത്തുന്നവരാന് ചുറ്റിനും.ക്യുവിൽ മുന്നിലെത്തിക്കാനും പൂജാ സാമഗ്രികളും ഒക്കെയായി കുറെ ആളുകൾ.സമയ പരിമിതി നിമിത്തം കാശു കൊടുത്തു അകത്തു കയറേണ്ടി വന്നു. തിരക്ക് മൂലം ക്ഷേത്ര പരിസരം അത്ര ആസ്വദിക്കുക സാധ്യമല്ല .

ക്ഷേത്ര ദർശനങ്ങൾക്കു ശേഷം കാശിയുടെ രുചി തേടിയുള്ള യാത്രയിലായിരുന്നു.ചാട്ടുകളുടെ കലവറയായ കാശി ചാട്ട് ഭണ്ടാറായിരുന്നു ആദ്യ ലക്‌ഷ്യം.ദഹി പൂരിയും പാനിപൂരിയും പാപ്ടി ചാട്ടുമുൾപ്പടെ പലയിനം ചാട്ടുകൾ രുചിച്ച ശേഷം ലസ്സിക്കു പേരുകേട്ട ബ്ലൂ ലസ്സി ഷോപ്പിലേക്ക് പോയി.വളരെ കുറച്ചു ഇരിപ്പിടങ്ങൾ മാത്രമുള്ള ആ കുടുസുമുറി കണ്ടപ്പോ അധികം പ്രതീക്ഷ വെച്ചില്ലെങ്കിലും രുചിയുടെ കാര്യത്തിൽ ഓരോ ഫ്ലേവർ ലസ്സിയും ഒന്നിനൊന്നു മികച്ചു നിന്നു.അവരുടെ വക ഒരു സ്പെഷ്യൽ ലസ്സി അകത്താക്കാനും മറന്നില്ല. ഈ കടയിൽ വന്നു പോകുന്ന ചിലർ അഭിപ്രായം രേഖപ്പെടുത്തി ഓർമക്കെന്നവണ്ണം സ്വന്തം ഫോട്ടോ കടയുടെ ഭിത്തിയിൽ പതിപ്പിച്ചു വെക്കാറുണ്ട്.ഞങ്ങളിൽ ചിലരും ആ ആചാരം മുടക്കിയില്ല.അടുത്തതായി ഒരു പാൻ കടയിലേക്കാണ് പോയത്‌. വെറ്റിലയിൽ മധുരവും കർപ്പൂരവും വെച്ചു കത്തിച്ചു വായിലേക്ക് തിരുകിതരുന്ന ഫയർ പാൻ ഞങ്ങൾക്കു പുതുമയായിരുന്നു .

ആദ്യ ദിനം ഹോസ്റ്റലിലേക്കുള്ള മടക്കയാത്ര അതീവ ദുഷ്കരമായിരുന്നു.അധികം വീതിയില്ലാത്ത റോഡുകളാണ് അധികവും. പഴയ വാരണാസിയിൽ പൊതു ഗതാഗത സംവിധാനം ഇല്ലെന്നു വേണം കരുതാൻ. ഓട്ടോറിക്ഷയുടെ കുടുംബാംഗമായ ടുക് ടുക് കളും ഇരു ചക്ര വാഹങ്ങളുമാണ് വഴിനീളെ.നല്ല ട്രാഫിക് ബ്ലോക്കും ഉണ്ട്. ഏറ്റവും അരോചകമായതു ഹോൺ അടി ശബ്ദമാണ്.പരസ്പരം അഭിമുഖീകരിക്കുന്ന 6 ഇരിപ്പിടങ്ങൾ പുറകിൽ.വേണമെങ്കിൽ ഒരാൾക്ക് ഡ്രൈവറുടെ കൂടെ മുന്നിൽ അഡ്ജസ്റ്റ് ചെയ്യാം .അങ്ങനെ ഹോൺ അടി ശബ്ദം കേട്ട് തലപെരുത്തും ട്രാഫിക് കുരുക്കിൽ പെട്ട് ബോറടിച്ചും ഫ്രണ്ട് സീറ്റിൽ ഇരിക്കുമ്പോളാണ് ഡ്രൈവർ ചേട്ടന് ദാഹിക്കുന്നത് .എന്നോട് ബ്രേക്കിൽ ചവിട്ടി പിടിച്ചോ എന്നും പറഞ്ഞു പുള്ളി ഇറങ്ങിയങ്ങു പോയി .വണ്ടിയിൽ ബാക്കി ശേഷിക്കുന്ന 7 ജീവനുകളും ട്രാഫിക് മൂവ് ചെയ്താലുള്ള ചീത്ത വിളികളും പേടിച്ചു ഞാൻ പറ്റില്ലാന്ന് പറഞ്ഞെങ്കിലും ആശാൻ അതൊന്നും കാര്യമാക്കിയതേ ഇല്ല.വഴിയോരത്തെ കടകളിൽ ക്യാനുകളിൽ കുടിവെള്ളം വെച്ചിരിക്കുന്നത് പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി തോന്നി.അന്യ ഭാഷയിലെ കൊലവിളി അധികം കേൾക്കാതെ തന്നെ ഹോസ്റ്റലിൽ തിരിച്ചെത്തിയ ഞങ്ങളുടെ ചർച്ചകൾ മുഴുവൻ അതീന്ദ്രിയ അനുഭവങ്ങളെ കുറിച്ചായിരുന്നു.മണികർണിക ആരെയും വിട്ടു പോയിട്ടില്ല എന്നു സാരം.താമസ സ്ഥലത്തിനടുത്തു തന്നെ കേരള കഫേ എന്നൊരു ഹോട്ടൽ ഉള്ളതിനാൽ ഭക്ഷണത്തെ ഓർത്തു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.തദ്ദേശീയരും വിദേശീയരും എല്ലാം ചേർന്ന് തരക്കേടില്ലാത്ത ആൾ തിരക്കുള്ള ഹോട്ടൽ.

പിറ്റേന്നു രാവിലെ ഉറക്കമുണർന്നു ബുദ്ധനിലേക്കുള്ള പ്രയാണത്തിന് ചെറിയൊരു തുടക്കമിട്ടു. കാശിയിൽ നിന്നും 10 കി മി അകലെയുള്ള സർനാഥ് ,ബുദ്ധ മത വിശ്വാസികൾക്കും ജൈന മത വിശ്വാസികൾക്കും ഒരേ പോലെ പ്രാധാന്യമർഹിക്കുന്നതാണ്.ജൈന മതത്തിലെ തീർത്ഥങ്കരന്മാരിൽ പതിനൊന്നാമന്റെ ജന്മ സ്ഥലം , ബുദ്ധൻ ജ്ഞാനം ഉപദേശിച്ചു തുടങ്ങിയ സ്ഥലം അങ്ങനെ ചില പ്രത്യേകതകൾ ഉണ്ട് ഇവിടെ. ഒരു പാർക്ക് പോലെ സൂക്ഷിച്ചിരിക്കുന്ന ഇവിടുത്ത ആകർഷണം പകുതി നശിച്ച അശോക സ്തംഭം ഉൾപ്പടെ പല സ്തൂപങ്ങളാണ്.വൃത്താകൃതിയിൽ കല്ലുകൊണ്ട് കെട്ടിയിരിക്കുന്ന ഈ സ്തൂപങ്ങൾ പലതും അശോക ചക്രവർത്തിയുടെ കാലത്തു ബുദ്ധ സ്മരണക്കായി ഒരുക്കിയവയാണ്.കാശിയെ അപേക്ഷിച്ചു തിരക്ക് കുറവും ഏറെ വൃത്തിയുമുള്ള സ്ഥലങ്ങളാണിത്. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച മ്യുസിയവും ഇവിടുത്തെ പ്രധാന കാഴ്ചകളിൽ ഒന്നാണ്.ബുദ്ധന്റെ ജീവ ചരിത്രം കൊത്തി വച്ച അതി പുരാതനമായ ഫലകങ്ങളും കല്ലുകളും ഒക്കെ ഇവിടെ കാണുവാൻ സാധിക്കും.ബുദ്ധന്റെ അത്ഭുത പ്രവൃത്തികളുടെ കല്ലിൽ കൊത്തിയ സൃഷ്ടികളും ഉണ്ട് കൂട്ടത്തിൽ. ഇവിടെ സ്ഥിതി ചെയുന്ന തായ് ബുദ്ധ വിഹാർ എന്ന ക്ഷേത്രത്തിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ബുദ്ധ പ്രതിമ ഉള്ളത്. ബുദ്ധന്റെ നിൽക്കുന്ന പോസിലുള്ള ഈ പ്രതിമയുടെ ഉയരം 80 അടിയാണ്. മടങ്ങും മുൻപേ വരാണസിയുടെ സ്വന്തം ബനാറസി സിൽക്ക് സാരികടയിലും കയറാൻ മറന്നില്ല.കടകളിൽ നെയ്ത്തുകാരേയും കാണാം.

തിരിച്ചു വാരാണസിയിലെത്തിയ ശേഷം കാല ഭൈരവ ക്ഷേത്ര ദർശനത്തിനായി പോയി.കാശി വിശ്വനാഥ ക്ഷേത്രം പോലെ തന്നെ നല്ല തിരക്കും ദർശനത്തിനായി നെടുനീളൻ ക്യുവും ഉണ്ട്. ഇവിടെയും സ്വല്പം കാശു കൊടുത്തു അകത്തു കടക്കേണ്ടി വന്നു. വിശ്വ പ്രസിദ്ധമായ ഈ ക്ഷേത്രങ്ങൾക്ക് രക്ത രൂക്ഷിതമായ ഒരു ചരിത്രം പറയാനുണ്ട്.മുഗൾ ചക്രവർത്തിമാരുടെ കാലത്തു തകർക്കപ്പെടുകയും പിന്നീട് പുനർനിർമ്മിക്കപ്പെടുകയും ചെയ്തവയാണ് ഈ രണ്ടു ക്ഷേത്രങ്ങളും .ആക്രമണ സമയത്തു ശിവ ലിംഗവുമായി പൂജാരി ക്ഷേത്ര ചുറ്റുവട്ടത്തു തന്നെയുള്ള കിണറ്റിലേക്കു ചാടിയെന്നു ഒരു കഥയും കേട്ടു.കിണർ ഇപ്പോഴുമുണ്ട്. ശിവ ലിംഗത്തിനു കാവലെന്ന പോലെയുള്ള നന്ദികേശ പ്രതിമയും.ക്ഷേത്രത്തിനുള്ളിലെ കാഷായ വസ്ത്ര ധാരിയിൽ കിട്ടിയ ഈ വിവരങ്ങൾക്കും നമ്മൾ ദക്ഷിണ കൊടുക്കണം. ക്ഷേത്ര ദർശനത്തിനെത്തിയവരെ വലിച്ചു നീക്കി നിർത്തി ആശിർവദിച്ചു ദക്ഷിണ ചോദിക്കുന്ന ഒരു വിഭാഗവും ഉണ്ട് ഉള്ളിൽ. ഈ കൊടും തിരക്കിൽ പേഴ്സ് മുതലായവ നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്. കാല ഭൈരവിൽ നിന്നും പുറത്തു കടക്കുന്ന വഴി ക്ഷേത്ര ഭിത്തിയോട് ചേർന്ന് തന്നെ പൊളിഞ്ഞു തുടങ്ങിയ മുഗൾ നിർമ്മിതി കാണാം. മോസ്ക് ആവണം. മണ്ണ് ഊർന്നു വീണു കൊണ്ടിരിക്കുന്നു.ചരിത്രം വിശദീകരിച്ച കാഷായ വസ്ത്രധാരി ചുണ്ടത്തു വിരൽ വെച്ചു പുറത്തേക്കു പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചപ്പോൾ ആ ഭാഗം തർക്ക പ്രദശേമാണെന്നു മനസിലാക്കി വേഗം സ്ഥലം വിട്ടു.

കാശിയോട് വിട പറയും മുമ്പേ ഒരിക്കൽ കൂടി ഘാട്ടുകളിലെക്ക് പോയി.ഇത്തവണ ബോട്ടിലല്ല ,നടന്നാണ്.മണികർണികയിലെ ചടങ്ങുകൾ അടുത്ത് നിന്ന് കണ്ട ശേഷം ഓരോ ഘാട്ടുകളും കയറിയിറങ്ങി വീണ്ടും ബോട്ടിൽ കയറി.ദശാശ്വമേധയിലെ ഗംഗാ ആരതി ബോട്ടിൽ ഇരുന്നു കാണുവാനുള്ള പോക്കാണിത്. ഗംഗയെ ദർശനമാക്കി നടത്തുന്ന ഈ ആരതി കരയിൽ നിന്നല്ലാതെ കണ്ടിട്ടില്ലാത്തതിനാൽ ആവേശപൂർവം തയ്യാറായി വന്ന ഞങ്ങളെ എതിരേറ്റത് ആരതി ദർശനത്തിനായി ഗംഗയിൽ ഞങ്ങൾക്ക് മുന്നിലായി നിർത്തിയിട്ടിരിക്കുന്ന നൂറു കണക്കിന് ബോട്ടുകളാണ്. വൈകിയെത്തിയതിനാൽ ആരതിയുടെ വിദൂര ദൃശ്യം കണ്ടു തൃപ്തിപ്പെട്ടു ഞങ്ങൾ മടങ്ങി.ഇനിയുമെന്തൊക്കെയോ കാണാൻ ബാക്കിവെച്ച തോന്നൽ ഏവർക്കുമുണ്ടായിരുന്നു .ഈ യാത്രയുടെ ഏറെ കാത്തിരുന്ന രണ്ടാം ഭാഗം തുടങ്ങുന്നത് ഈ രാത്രിയാണ്.

അറിവായും അനുഭവമായും അനുഭൂതിയായും നമ്മുടെ ഒപ്പം കൂടേണ്ടവ കേവലം രണ്ടു ദിവസം കൊണ്ട്‌ സമാഹരിക്കുക എന്നത് കാശി എന്ന പ്രതിഭാസത്തെ സംബന്ധിച്ച് അപ്രായോഗികമാണ്. എങ്കിലും കിട്ടാവുന്നിടത്തോളം ഉൾക്കൊണ്ടും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാണാൻ സാധിക്കാഞ്ഞ വിഷമം ഉള്ളിലൊതുക്കിയും ഞങ്ങൾ രണ്ടു കൂട്ടമായി പിരിഞ്ഞു. ഒരു കൂട്ടർ നാട്ടിലേക്ക് തിരിച്ചപ്പോൾ ഞങ്ങൾ രാത്രി തന്നെ ഒരു ട്രാവലറിൽ ബോധ ഗയ ലക്ഷ്യമാക്കി തിരിച്ചു.ശിവന്റെ സ്വന്തം കാശിയിൽ നിന്നും ബുദ്ധന്റെ ഗയയിലേക്ക്. രാത്രി ഏകദേശം 9 മണിയോടെ യാത്ര തിരിച്ച ഞങ്ങൾ വെളുപ്പിന് 4 മണിയോടെ ബോധ ഗയയിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി.ഈ രാത്രി യാത്രയിൽ സംസ്ഥാനമൊന്നു കടന്നിരിക്കുന്നു.ഉത്തർ പ്രദേശിൽ നിന്നും ബിഹാറിൽ.ഈ സമയത്തു ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ ബോധ ഗയയിൽ ഉള്ളതിനാൽ ഹോട്ടൽ റേറ്റിൽ വൻ കുതിപ്പാണ്.

ഹോട്ടലിലെത്തി കുളിച്ചു ഫ്രഷ് ആയ ശേഷം 6 മണിയോടെ മഹാ ബോധി ക്ഷേത്രം ലക്ഷ്യമാക്കി തിരിച്ചു.ബുദ്ധന് ജ്ഞാനോദയമുണ്ടായ ബോധി വൃക്ഷം ഈ ക്ഷേത്ര പരിസരത്താണ് .അതി പുരാതനമായ ഈ ക്ഷേത്രം പലതവണ പുനർ നിർമ്മിക്കപ്പെട്ടിട്ടുണ്ട് .എങ്കിലും രണ്ടാം നൂറ്റാണ്ടു മുതലുള്ള പല അവശേഷിപ്പുകളും ഇവിടെ ഉണ്ട്.2013 ൽ ഈ പരിസരത്തുണ്ടായ ബോംബാക്രമണത്തേതുടർന്നു അതി കർശനമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ചെരുപ്പ് , ബാഗ് , ഫോൺ മുതലായവ പുറത്തു സൂക്ഷിക്കാനേൽപ്പിച്ചു അകത്തേക്ക് നടന്ന ഞങ്ങളുടെ കാല്പാദങ്ങൾ തണുത്തു വിറങ്ങലിച്ചു തുടങ്ങിയിരുന്നു.ബുദ്ധ മത വിശ്വാസികളുടെ ഒരു പക്ഷെ ഏറ്റവും പ്രധാനമായ ഈ തീർത്ഥാടന കേന്ദ്രത്തിൽ വിദേശികളുൾപ്പടെയുള്ള സന്ദർശകർ ഉണ്ടയായിരുന്നു.വളരെയധികം വൃത്തിയോടെയും ചിട്ടയോടെയും സൂക്ഷിച്ചിരിക്കുന്ന ക്ഷേത്ര പരിസരം. ക്ഷേത്ര നിർമ്മിതി ഹിന്ദു ജൈന ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഗോപുരങ്ങളോട് കൂടിയതാണ്.ക്ഷേത്രത്തിനു പിന്നിലാണ് ബോധി വൃക്ഷം.നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വൃക്ഷച്ചുവട്ടിൽ ആണ് സിദ്ധാർത്ഥൻ ബുദ്ധനായി മാറുന്നത്. ഇവിടെ 49 ദിവസം അനങ്ങുക പോലും ചെയ്യാതെ ബുദ്ധൻ ധ്യാനിച്ചിരുന്നു എന്നു പറയപ്പെടുന്നു.വൃക്ഷത്തിന്റെ നല്ലൊരു ശതമാനവും ദ്രവിച്ചിട്ടുണ്ട്.പുതു നാമ്പുകൾ കിളിർത്തു പന്തലിച്ചു നിൽപ്പുണ്ട്. അതാണു നാമിന്നു കാണുന്ന പച്ചപ്പ്.ബോധി വൃക്ഷത്തിനു താഴെയായി സന്യാസികളുൾപ്പടെ നിരവധി പേർ ധ്യാനിച്ചിരിപ്പുണ്ട്.

ശരിക്കു പറഞ്ഞാൽ ഇതു കേവലം ഒരു ക്ഷേത്രമല്ല. ക്ഷേത്ര സമുച്ചയമാണ്.ടിബറ്റ് , ഭൂട്ടാൻ ,ചൈന ,ജപ്പാൻ ,തായ്‌ലൻഡ് ,തായ്‌വാൻ ,മ്യാന്മാർ , വിയറ്റ്നാം , ശ്രീലങ്ക അങ്ങനെ ബുദ്ധമത വിശ്വാസികൾ ധാരാളമായുള്ള മിക്കവാറും രാജ്യങ്ങളുടെ വക ബുദ്ധ ക്ഷേത്രവും മൊണാസ്ട്രികളും മഹാ ബോധി ക്ഷേത്ര പരിസരത്തുണ്ട്.സർനാഥിലെ 80 അടി ഉയരമുള്ള ബുദ്ധ പ്രതിമയെ അനുസ്മരിപ്പിക്കും വിധം വലിപ്പമുള്ള ഒരു പ്രതിമയും ഇവിടെ ഉണ്ട്.ബുദ്ധന്റെ ഇരിക്കുന്ന പോസിലുള്ളതാണെന്ന വ്യത്യാസം മാത്രം.ഈ യാത്രയിലാണ് പല രാജ്യങ്ങളിലെ ബുദ്ധ സന്യാസിമാരുടെ വസ്ത്രങ്ങളുടെ നിറങ്ങളിലുള്ള വ്യത്യാസം ശ്രദ്ധിക്കുന്നത്.കൂടുതലും ടിബറ്റൻ രീതിയിൽ മറൂൺ നിറമുള്ള വസ്ത്രധാരികളാണ്. ഇന്ത്യയിലും ചൈനയിലും മഞ്ഞ നിറവും ഉപയോഗിക്കുന്നുണ്ട്.ഇവിടെ വച്ച് സ്ഥലങ്ങളും പ്രാധാന്യവും വിവരിക്കാനെന്ന മട്ടിൽ ഒപ്പം കൂടിയ സന്യാസിക്ക് ഞങ്ങളുടെ ഒപ്പം നളന്ദയിലെത്തണം.വണ്ടിയിൽ സ്ഥല പരിമിതി നിമിത്തവും അപരിചിതനെ കൂടെ കൂട്ടിയാലുള്ള സുരക്ഷിതത്വ കുറവുമോർത്തു ഞങ്ങൾ ആ സന്യാസിയെ കൂടെ കൂട്ടിയില്ല.ഈ പരിസരത്തു തന്നെ റോഡു വക്കത്തെ ഒരു തട്ടുകടയിൽ നിന്ന് കഴിച്ച ചൂടു പറാത്തയും പച്ചക്കറിയും ഈ യാത്രയിലെ തന്നെ മികച്ച പ്രഭാത ഭക്ഷണമെന്നു പറയാൻ കഴിയും.

ഒരു പക്ഷെ ഞങ്ങളിൽ പലരെയും ഈ യാത്ര തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് അടുത്ത ലക്ഷ്യസ്ഥാനം ആയിരുന്നു .ഇതുവരെ പാഠപുസ്തക താളുകളിൽ മാത്രമായി ഒളിച്ചിരുന്ന നളന്ദ സർവ്വകലാശാല കണ്മുന്നിൽ പ്രത്യക്ഷമാകാൻ പോകുന്നു.നളന്ദയിൽ കയറുന്നതിന് സമയ പരിമിതികൾ ഉള്ളതിനാൽ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ മുന്നോട്ടു പോവുക സാധ്യമല്ല. എന്നാൽ വഴിയിലെ പ്രധാന കാഴ്ചകൾ ഒഴിവാക്കാനും വയ്യ .ഗയയിൽ നിന്നും നളന്ദയിലേക്കു പോകും വഴി ബിഹാറിലെ ഗ്രാമങ്ങൾ പലതും കടന്നു പോയി. വൈദ്യുതി എത്തിയിട്ടില്ലാത്ത , വീട്ടിൽ ശുചിമുറിയില്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഹൈ വേയിൽ റോഡ്‌ വരമ്പത്തു കൂടുതലും കണ്ടത് പച്ചപ്പാർന്ന കൃഷിയിടങ്ങളാണ്. മഗധ എന്നു ഹിന്ദു പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന ബീഹാറിലെ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനാമായിരുന്ന രാജ്‌ഗിർ വഴിയാണ് യാത്ര.രാജ്‌ഗിറിനു ബുദ്ധ മതത്തിലും ജൈന മതത്തിലും പ്രാധാന്യമുണ്ട്.മലകളാൽ ചുറ്റപ്പെട്ട ഈ സ്ഥലം ബുദ്ധന്റെ ധ്യാന സങ്കേതങ്ങളിൽ ഒന്നായിരുന്നു. രാജ്ഗിർ മലമുകളിലെക്കെത്താൻ റോപ്പ് വേയും ക്രമീകരിച്ചിട്ടുണ്ട്.റോപ് വേ വഴി മലമുകളിലെത്തിയ ഞങ്ങൾ അവിടെയുള്ള ബുദ്ധ സ്മാരകവും മറ്റു കാഴ്ചകളും കണ്ടു പെട്ടെന്ന് തന്നെ മടങ്ങി .ഞങ്ങളിൽ പലരുടെയും ആദ്യ റോപ് വേ അനുഭവമായിരുന്നു.ഇരിപ്പിടവും റോപ്പുമായി ബന്ധിപ്പിക്കുന്ന ഭാഗം കൃത്യമായ ഇടവേളകളിൽ ഗ്രിപ്പിനായി നൽകിയിരിക്കുന്ന ചെറിയ മുഴ പോലുള്ളിടത്തു കയറി ഇറങ്ങുമ്പോൾ കാരിയേജ് നന്നായി ഇളകുകയും ഇടക്ക് കുറച്ചു സെക്കൻഡുകൾ അനങ്ങാതെ നിൽക്കുകയും ചെയ്യും.ആദ്യമൊക്കെ ഭയം തോന്നുകയും താഴെയുള്ള കരിങ്കല്ലുകൾക്കു മുകളിൽ പതിച്ചാലുള്ള അവസ്ഥ ആലോചിക്കുകയും ചെയ്തു.ഇതു കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്ന മെക്കാനിസം ആണെന്ന് മനസിലായപ്പോൾ വിഡിയോയും ഫോട്ടോയുമെടുത്തു ആസ്വദിച്ചു തുടങ്ങി.

രാജ്ഗിർ നിന്നും യാത്ര തുടർന്ന ഞങ്ങൾ ഏകദേശം 4 മണിയോടെ നളന്ദ സർവ്വകലാശാലയിൽ എത്തി.അയൽ രാജ്യങ്ങളിൽ നിന്ന് വരെയുള്ള വിജ്ഞാന കുതുകികൾ ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിച്ചേർന്നിരുന്നു . സർവ്വ പ്രതാപിയായിരുന്ന ,5 മുതൽ 12 വരെയുള്ള നൂറ്റാണ്ടുകളിൽ ലോകം ആദരവോടെ നോക്കിക്കണ്ട ഈ സർവകലാശാലയുടെ ഇന്നത്തെ സൂക്ഷിപ്പുകാർ ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് .അതി വിശാലമാണ് ക്യാമ്പസ്.നിർമ്മിതികൾക്കിടയിൽ പുൽമേടുകൾ ഒക്കെ പിടിപ്പിച്ചു ഭംഗിയായി കാത്തു സൂക്ഷിച്ചിരിക്കുന്നു. ബുദ്ധ ക്ഷേത്രങ്ങളും മൊണാസ്ട്രികളുമാണ് നളന്ദയിലെ പ്രധാന നിർമ്മിതികൾ.ഇന്ന് നമുക്കു കാണുവാൻ സാധിക്കുന്നത് ഇവയുടെ ചുവർ ഭിത്തികൾ മാത്രമാണ്. ചുടു കട്ടയിലാണ് ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിർമാണം.ഈ കലാലയം വേദ പഠനം ,വൈദ്യ ശാസ്ത്രം തുടങ്ങി പല മേഖലകളിലും ഊന്നൽ നൽകിയിരുന്നു.

ചരിത്ര പ്രകാരം ഇന്ത്യയിൽ ബുദ്ധമതം അപ്രത്യക്ഷ്യമായി തുടങ്ങിയതോടെ നളന്ദ ക്ഷയിച്ചു തുടങ്ങിയിരുന്നു എന്നു പറയപ്പെടുന്നു. അതിൽ അവസാന ആണി അടിച്ചത് ഭക്ത്യാർ ഖിൽജി ആണെന്നു മാത്രം.ഒരു വേദിയിലേക്കെന്നവണ്ണമുള്ള പടവുകൾ തുടങ്ങി പുരാവസ്തു ശാസ്ത്രജ്ഞർക്ക് തിരിച്ചറിയാൻ സാധിച്ചതും അല്ലാത്തതുമായ നിരവധി അവശേഷിപ്പുകളുണ്ട്.പലതിനെപ്പറ്റിയുമുള്ള അറിവുകൾ ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ രേഖപ്പെടുത്തിയവയിൽ നിന്നുമാണ് ക്രോഢീകരിച്ചിരിക്കുന്നത് . നളന്ദ സർവകലാശാലയുടെ ഓരോ മുക്കും മൂലയും നോക്കി കണ്ടു പുൽമേടുകളിൽ നൃത്ത ചുവടുകൾ വെച്ചു സൂര്യാസ്തമായത്തോടെ നളന്ദയോട് വിടപറയുമ്പോൾ കുറച്ചു നിമിഷത്തേക്ക് അത് ഞങ്ങളുടെ സ്വന്തം കലാലയമായി. നളന്ദ മ്യുസിയവും കണ്ട ശേഷം അവിടെ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ കുതിരവണ്ടിയിലാണ് നളന്ദ ശേഷിപ്പുകളുടെ ചുറ്റുപാടുമുള്ള കാഴ്ചകൾ തേടി ഇറങ്ങിയത്.ഇടുങ്ങിയ നാട്ടു വഴികളിലൂടെ നീങ്ങിയ ഞങ്ങൾ അടുത്തുള്ള ചെറിയ ബുദ്ധ ജൈന ക്ഷേത്രങ്ങളിലേക്കാണ് പോയത്.ബുദ്ധന്റെ കറുത്ത കല്ലിലുള്ള പ്രതിഷ്ഠയും കാണാം ഇവയൊന്നിൽ.നളന്ദ ശേഷിപ്പുകളുടെ പരിസരത്തെ കാഴ്ചകൾക്കു ശേഷം ഞങ്ങൾ സംസ്ഥാന തലസ്ഥാനമായ പട്നയിലെക്കു പോയി. പട്നയിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെത്തി ഫ്രഷ് ആയ ശേഷം രാത്രി ഏകദേശം 8 മണിയോടെ നഗര കാഴ്ചകൾക്കും ഭക്ഷണത്തിനുമായി പുറത്തിറങ്ങി.അവിടെ അടുത്തുള്ള ക്ഷേത്ര പരിസരത്തു നിരവധി തട്ടുകടകളുണ്ട്.ഓരോന്നിലും വ്യത്യസ്ത വിഭവങ്ങൾ.കടുകെണ്ണയുടെ രൂക്ഷ ഗന്ധം മടുപ്പിച്ചു തുടങ്ങിയപ്പോൾ അത്താഴം ബ്രെഡിലൊതുക്കി.

പിറ്റേന്ന് അതിരാവിലെ തന്നെയുണർന്നു ഗാന്ധി മൈതാനം ലക്ഷ്യമാക്കി നടന്നു തുടങ്ങിയപ്പോൾ മൂടൽ മഞ്ഞു മാറിയിരുന്നില്ല.ക്വിറ്റിന്ത്യ സമരമുൾപ്പടെ സ്വാതന്ത്ര്യ സമര കാലത്തെ പല പ്രധാന മൂവ്മെന്റുകളും തുടങ്ങിയത് ഈ മൈതാനിയിലാണ്.മഹാത്മാ ഗാന്ധി , ജവാഹർലാൽ നെഹ്‌റു , സർദാർ വല്ലഭായ് പട്ടേൽ തുടങ്ങി അനവധി നേതാക്കൾ ജനങ്ങളെ സ്വാതന്ത്ര്യ ബോധത്തെപ്പറ്റി പ്രബുദ്ധരാക്കിയ ഈ മൈതാനത്താണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഗാന്ധി പ്രതിമയും ഉള്ളത്.2013 ലെ ബോംബാക്രമത്തിനു ശേഷം അത്യാവശ്യം സുരക്ഷയോടെയാണ് ഈ മൈതാനം സൂക്ഷിച്ചിരിക്കുന്നത്. കനത്ത രീതിയിൽ മൂടൽ മഞ്ഞുള്ളതിനാൽ നാലഞ്ചു ചുവടുകൾക്കു മുന്നിലുള്ളത് ദൃശ്യമാവില്ല.ഈ അവസ്ഥയിൽ ഗാന്ധി പ്രതിമ തേടിയുള്ള നടത്തം രസകരമായിരുന്നു.മൂടൽ മഞ്ഞിനിടയിൽ ഉദയ സൂര്യനെയും ചന്ദ്രനെയും ഒന്നിച്ചു കണ്ട ആവേശത്തിൽ ഫോട്ടോയും എടുത്തു.മഞ്ഞു മാറി തുടങ്ങിയപ്പോളാണ് തിരിച്ചറിഞ്ഞത്
ചന്ദ്രനെന്നു തെറ്റിദ്ധരിച്ചത് അടുത്തുള്ള ഉയരം കൂടിയ കെട്ടിടത്തിലെ ലൈറ്റിന്റെ പ്രകാശമാണെന്ന്. ഇതേ സമയം ഒരു സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ മൈതാനത്തു നടക്കുന്നതായി കാണാം.

പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞ ഞങ്ങൾ വഴിയിൽ കണ്ട പോലീസുകാരനോട് ദോശയെന്നു പറഞ്ഞപ്പോൾ ഒരു സ്റ്റാർ ഹോട്ടലിലേക്കുള്ള വഴി തന്നെ പറഞ്ഞു തന്നു.ഹോട്ടൽ കണ്ടെത്തി അബദ്ധം മനസിലായപ്പോൾ വഴിയിൽ കണ്ട തരക്കേടില്ലാത്ത ഒരു ബുഫേ റെസ്റ്റാറ്റാന്റിൽ കയറി.ഞങ്ങൾ പിന്നീട് ലക്‌ഷ്യം വെച്ചത് നഗര പരിമിതിയിൽ തന്നെയുള്ള ഗോൽഘർ എന്ന വൃത്താകൃതിയിലുള്ള പടുകൂറ്റൻ ധാന്യപ്പുരയാണ്.ഭക്ഷ്യ ക്ഷാമത്തെ നേരിടാനുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ നിർമ്മിതി. അധികം ദൂരെയല്ലാതെയുള്ള മറ്റൊരു കാഴ്ചയാണ് അഗം കുവാമെന്ന മരണക്കിണർ.അശോക ചക്രവർത്തി ബുദ്ധ മതം സ്വീകരിക്കുന്നതിന് മുൻപ് ക്രൂര ശിക്ഷകൾക്കായി ഉപയോഗിച്ചിരുന്ന കിണർ ആണിത്.പിന്നീട് ഞങ്ങൾ പട്ന മ്യുസിയത്തിലേക്കാണ് പോയത് .അവിടെ ടിക്കറ്റ് എടുക്കുമ്പോൾ സ്പെഷ്യൽ ടിക്കറ്റിൽ ബുദ്ധന്റെ മൃത ശരീരത്തോടൊപ്പം അടക്കം ചെയ്തിരുന്ന ചില വസ്തുക്കൾ ഭിത്തിയോട് ചേർന്നൊരു അറയിൽ പ്രത്യേക താപനിലയിലും ഹ്യൂമിഡിറ്റിയിലും സൂക്ഷിച്ചിരിക്കുന്നതായി കാണാം. വൈശാലിയിൽ നിന്നും കണ്ടെടുത്ത ഈ ശേഷിപ്പുകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.ഇതേ മ്യൂസിയത്തിലെ തന്നെ മറ്റൊരു ആകർഷണമാണ് സ്റ്റഫ്ഡ് ആനിമൽസ്.ജൈന – ബുദ്ധ മത ശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ഹോട്ടൽ ചെക്ക് ഔട്ട് സമയം അടുത്തതിനാൽ അടുത്ത ലക്ഷ്യ സ്ഥാനമായ ബുദ്ധ സ്‌മൃതി പാർക്കിലൂടെ ഒരു ഓട്ട പ്രദക്ഷിണത്തിനു ശേഷം അതി വേഗം ഹോട്ടലിലേക്ക് തിരിച്ചു.സിനിമകളിലെ ചെയ്‌സ് സീനുകളെ അനുസ്മരിപ്പിക്കും വിധമാണ് ഓടിയതും റോഡ് ക്രോസ് ചെയ്തതുമെല്ലാം.കൃത്യ സമയത്തു തന്നെ ചെക്ക് ഔട്ട് ചെയ്തു ഞങ്ങൾ പട്ന എയർപോർട്ടിലെക്കു തിരിച്ചു.അങ്ങനെ നാലു ദിവസം നീണ്ടു നിന്ന ഊരു തെണ്ടലിനു ശേഷം കേരളത്തിലേക്ക്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply