കണ്ണൂരിലേക്ക് പോയ ഞാന്‍ എത്തിച്ചേര്‍ന്നത് കോയമ്പത്തൂരില്‍… ആ കഥ ഇങ്ങനെ…

പണ്ട്….. പണ്ടെന്നു പറഞ്ഞാല്‍ ആ പണ്ടല്ല. അതായത് ഒത്തിരി പണ്ടല്ല എന്ന്. പി സി തോമസ്‌ സാറിന്‍റെ കീഴില്‍ പഠിക്കാന്‍ പോയ കാലം. ആ കാലത്തെ ഒരു സംഗതി ഞാന്‍ മുന്‍പ് തന്നെ എഴുതിയിട്ടുണ്ടല്ലോ. ആ കാലത്ത് തൃശ്ശൂര്‍ക്ക് നിന്നും നാട്ടിലേക്ക് അതായത് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്ന സമയത്തെ അനുഭവമാണ് ഈ പോസ്റ്റിനു ആധാരം.

കൂട്ടത്തില്‍ ഒന്ന് പറയട്ടെ. “ആ” “ഈ” ഇതുമാതിരിയുള്ള പദങ്ങള്‍ പ്രയോഗങ്ങള്‍ — അതായത് ‘ആ വാച്ച്’ ‘ഈ കുട’ എന്നത് പോലത്തെ സംഗതികളല്ല, പിന്നെയോ…,

“നമ്മുടെ ആ പരമേശ്വരന്‍റെ കുട്ടി” യിലെ “ആ” പോലുള്ള “ആ” ആണ് ഉദേശിച്ചത്. ഇതുപോലുള്ള പ്രയോഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നെന്ന് ആരോ പറഞ്ഞതായി ശ്രീ ഉമേഷ്‌ജി പറഞ്ഞ് കേട്ടു. അതുകൊണ്ട് ഈ “ആ” യും “ഈ” യും ഞാനങ്ങു ധാരാളമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. വായിക്കാന്‍ സാഹസം കാട്ടുന്നവര്‍ സദയം ക്ഷമിക്കുക.

ഇനി കഥയിലേക്ക് : വല്ല ക്രിസ്മസ് ടൈമിനോ മറ്റോ ആണെന്ന് തോന്നുന്നു. പഠിച്ചു പഠിപ്പിച്ച് പ്രാന്തായി കിടക്കുന്നതിനിടയിലാണ് ഒരാഴ്ചത്തെ അവധി കിട്ടിയത്. അവധി എന്ന് കേട്ടപാടെ പെട്ടിയും തൂക്കി വേറെ വെച്ചടിച്ചു റെയില്‍വേ സ്റ്റേനിലെക്ക്. [ഈ “പെട്ടിയും തൂക്കി” എന്ന് പറഞ്ഞത്, പറയാനുള്ള ആ ഒരു സുഖമില്ലേ അതിനു വേണ്ടിയാണ് കേട്ടോ. “ബാഗ്‌ ചുമലിലിട്ട്” എന്ന് പറയുന്നതിനേക്കാള്‍ സുഖം പെട്ടിയും തൂക്കി എന്ന് പറയുന്നത് തന്നെയാ.]

സാധാരണ ടിക്കറ്റെടുപ്പ് എന്ന ആ ദുശ്ശീലമൊന്നും ഇലാത്തയാളാണ്.എങ്കിലും ഒരു നല്ല കാര്യത്തിനിറങ്ങിയതല്ലേ എന്ന് വിചാരിച്ച് ഐശ്വര്യമായി പോയി ഒരു ടിക്കറ്റങ്ങെടുത്തു. ലോട്ടറി ടിക്കറ്റൊന്നും അല്ല. കണ്ണൂര്‍ക്കുള്ള ട്രെയിന്‍ ടിക്കെറ്റ് തന്നെ.

ടിക്കറ്റൊക്കെയെടുത്ത് നല്ല സ്റ്റൈലായി പ്ലാറ്റ്ഫോം നമ്പര്‍ 2 ലെ മാര്‍ബിള്‍ ബെഞ്ചില്‍ ചെന്ന് ഗംഭീരന്‍ ഇരിപ്പങ്ങു വെച്ചുകൊടുത്തു. [പ്ലാറ്റ്ഫോം നം2 വടക്കോട്ട്‌ ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോം അല്ല, അവിടെ മാര്‍ബിള്‍ ബെഞ്ച്‌ ഇല്ല എന്നെങ്ങാന്‍ പറഞ്ഞോണ്ട് ഇങ്ങോട്ട വന്നാല്‍ അടി മേടിക്കും ആ….]

കൂ കൂ പായും തീവണ്ടി, കൂകിപ്പായും തീവണ്ടി മെല്ലെ മെല്ലെ എന്‍റെ പുന്നിലുള്ള പ്ലാറ്റ്ഫോമില്‍ വന്നു നിന്നു.ഞാന്‍ ഒരു കൈയില്‍ പെട്ടിയും തൂക്കി[ബാഗിനെ പെട്ടിയെന്നു വിളിക്കേണ്ടി വന്നതില്‍ ബാഗിനോടു ക്ഷമ] മറ്റേ കൈയില്‍ ഒരു ബോട്ടില്‍ വെള്ളവും പിടിച്ച് മെല്ലെ ഒരു ബോഗിയിലെക്ക് കയറി. ഈ കൈയില്‍ ഒരു ബോട്ടില്‍ എന്ന് പറഞ്ഞില്ലേ. അത് എന്തിനാണ് കൊണ്ടുപോവുന്നത് എന്ന് എനിക്കറിയില്ല ട്ടോ. കാരണം അതില്‍ നിന്ന് മിക്കവാറും ഒന്നോ രണ്ടോ കവിള്‍ വെള്ളമേ ഞാന്‍ കുടിക്കൂ. ആ രണ്ടു കവിള്‍ വെള്ളം കുടിച്ചില്ലെങ്കില്‍ യാത്രയ്ക്കിടെ എന്‍റെ കാറ്റ് പോകുവോന്നും ഇല്ല താനും. പിന്നെന്തിനാണ് ഈ കുപ്പിയും വെള്ളവും എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല തന്നെ. ഒന്നറിയാം. ട്രെയിനില്‍ കയറുമ്പോള്‍ ഒരു കുപ്പി വെള്ളം വാങ്ങിയിരിക്കണം. ടിക്കറ്റ് നിര്‍ബന്ധമില്ല. അതിപ്പോ കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ക്കയാലും ശരി കണ്ണൂരില്‍ നിന്ന് ഡല്‍ഹിക്കായാലും ശരി. മൂന്നു തരം.

അങ്ങനെ സുഖ സുന്ദര ദിവാ സ്വപ്നങ്ങളൊക്കെ കണ്ട് [അങ്ങനെ പറയാമോ എന്നെനിക്കറിയില്ല. പകല്‍ കാണുന്നത് ദിവാസ്വപ്നം/പകല്‍ക്കിനാവ്, ഉറങ്ങുമ്പോള്‍ കാണുന്നത് വെറും സ്വപ്നം. അപ്പൊ ഉറങ്ങാതെ രാത്രി കാണുന്നത്തിനു എന്ത് പേര്?? ആ……. കഥയില്‍ ചോദ്യമില്ല.]

ട്രെയിന്‍ മുന്നോട്ടെടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ആകെയൊന്നു ശ്രദ്ധിച്ചത്. ബോഗിയില്‍ ആള്‍ക്കാരൊക്കെ തീരെ കുറവ്. ഉള്ളവരാണെങ്കിലോ മൊത്തം പാണ്ടി സ്റ്റൈല്‍ ഐറ്റംസ്. അതൊന്നും ഞാനത്ര കാര്യമായി എടുത്തില്ല. സമയം ഏതാണ്ട് ഒരു 11 മണിയായി. രാത്രി 11 മണി. അയ്യോ ഞാനെന്തൊരു മണ്ടനാണ്. എഴുതാന്‍ തുടങ്ങിയിട്ട് ഇപ്പോഴാണ് ഈ സമയത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ ന്നു ഓര്‍ക്കുന്നത് തന്നെ. ഈ നശിച്ച മറവി!!

നമ്മുടെ അണ്ണന്മാരൊക്കെ എണീറ്റ്‌ സീറ്റിനടിയിലെ തറയില്‍ ചുരുണ്ടുകൂടി ഉറങ്ങാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോള്‍ എനിക്കൊരു സംഗതി പിടികിട്ടി. ഇങ്ങനെ മൊത്തം സീറ്റും കാലിയായിക്കിടക്കുമ്പോഴും ഈ സീറ്റിനടിയിലേ ചുരുളൂ എന്ന് പെരുമാറുന്ന ടീംസ് എന്തായാലും വടക്കോട്ടെക്കുള്ളവരാവാന്‍ തരമില്ല. നടുക്കടലില്‍ പോയാലും നക്കിക്കുടിക്കുന്ന…. ഛെ! അല്ലെങ്കില്‍ അത്രത്തോളം വേണ്ട, മെത്തയില്‍ കിടക്കാത്ത അട്ടകള്‍ കൂടുതലും പാണ്ടികളാണല്ലോ. [അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് അറിയാം. എന്നാലും കണ്ടത് പറയാതെ വയ്യല്ലോ] അബദ്ധം പറ്റിയെങ്കിലും അതൊന്നും പുറത്തു കാട്ടാതെ ഞാന്‍ ആ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു ഒരസ്സല്‍ ഉറക്കമാങ്ങു പാസ്സാക്കിക്കൊടുത്തു. ഇനിയിപ്പോ എന്‍റെ മുഖത്ത് അബദ്ധം പറ്റിയെന്ന ഭാവം വന്നാലും എന്ത് കുഴപ്പം….? മലയാളത്തിലുള്ള ഭാവം ഈ തമിഴന്മാര്‍ക്ക് മനസ്സിലാകുമോ….!!

ഉറക്കത്തില്‍ നിന്ന് ഒന്ന് മൂരി നിവര്‍ന്ന്‍ ഒന്ന് നടു ഇളക്കിയപ്പോഴേക്കും ദാ കിടക്കുന്നു വണ്ടി കോയമ്പത്തൂരില്‍….!

പല്ലോന്നും തേക്കാതെ ഒരു പാണ്ടിച്ചായയും കുടിച്ച് ടിക്കറ്റു പോലും എടുക്കാന്‍ നില്‍ക്കാതെ അടുത്ത ട്രെയിനില്‍ കയറി നേരെ നാട്ടിലേക്കു പോന്നു. അതായത്, തൃശ്ശൂര്‍ക്ക് നിന്നും കണ്ണൂര്‍ക്ക്‌ വരേണ്ട ഞാന്‍ ട്രെയിന്‍ മാറിക്കയറി കോയമ്പത്തൂര്‍ എത്തുകയും അവിടെ നിന്ന് കണ്ണൂര്‍ക്കുള്ള വണ്ടി പിടിച്ച് നാട്ടില്‍ വരികയും ചെയ്തു” എന്ന് ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ സംഗതി കഴിഞ്ഞു.

വാല്‍ക്കഷണം: പണ്ട് മലയാളം പരീക്ഷയ്ക്ക് “ഒന്നരപ്പുരത്തില്‍ കുറയാതെ ഉത്തരമെഴുതുക” എന്ന ടൈപ്പ് ചോദ്യത്തിന് ഉത്തരമെഴുതി മാര്‍ക്ക് അടിച്ചെടുതിരുന്നത് ദേ ഇതുപോലെയാ…!

Source – https://bhranthans.wordpress.com/2013/07/25/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%B5%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D/

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply