ഇരിട്ടി: ബസ് ജീവനക്കാരെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും പോലീസ് ദ്രോഹിക്കുന്നു എന്നാരോപിച്ചും കഴിഞ്ഞ ദിവസം സ്വാകാര്യ ബസ് കണ്ടക്ടറെ മര്‍ദ്ദിക്കുകയും കയ്യില്‍നിന്നും പണമടങ്ങിയ ബാഗ് പിടിച്ചുവാങ്ങി പണം കൈക്കലാക്കി എന്നാരോപിച്ചും സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും സംയുക്തമായി നടത്തിയ ഒരു ദിവസത്തെ പണിമുടക്കില്‍ നാട്ടുകാര്‍ക്ക് തുണയായി പോലീസ്. പോലീസ് വാനുകള്‍ നിരത്തിലിറക്കി ജനങ്ങള്‍ക്കുവേണ്ടി സൗജന്യ സര്‍വീസ് നടത്തിയതാണ് ജനങ്ങള്‍ക്ക് തുണയായത്.
സ്വകാര്യ ബസ് ഉടമകളും ജീവനക്കാരുടെ വിവിധ ട്രേഡ്യൂണിയനുകളും ചേര്‍ന്ന് ഇരിട്ടി-തലശ്ശേരി, ഇരിട്ടി-കണ്ണൂര്‍ റൂട്ടുകളില്‍ ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഇന്നലെ നടന്നത്. മലയോര മേഖലയിലെ വിവിധ പട്ടണങ്ങളിലേക്കും, ഇരിട്ടി-പേരാവൂര്‍, ഇരിട്ടി-തളിപ്പറമ്പ്, ഇരിട്ടി-ഉളിക്കല്‍ തുടങ്ങിയ പട്ടണങ്ങളിലേക്കും ബസ്സുകള്‍ സര്‍വീസ് നടത്തി. എന്നാല്‍ ഇരിട്ടിയില്‍ രാവിലെ എത്തിച്ചേരുന്നവര്‍ക്കു മട്ടന്നൂര്‍-കണ്ണൂര്‍ റൂട്ടിലും, തലശ്ശേരി റൂട്ടിലും സ്വകാര്യ ബസ്സുകള്‍ ഓടാതിരുന്നതിനെത്തുടര്ന്ന് വിവിധ ഓഫീസുകളിലേക്കും, വിദ്യാലയങ്ങളിലേക്കും പോകേണ്ടവര്‍ വലഞ്ഞു.

രാവിലെ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ എത്താതിരുന്നതും നാട്ടുകാര്‍ക്ക് വിഷമം സൃഷ്ടിച്ചു. ഇതിനു പരിഹാരമായി പോലീസ് തങ്ങളുടെ വാനുകള്‍ നിരത്തിലിറക്കി മട്ടന്നൂരിലേക്കും, കൂത്തുറമ്പിലേക്കും മറ്റും സര്‍വീസ് നടത്തുകയായിരുന്നു. യാത്രയാണെങ്കില്‍ സൗജന്യവുമായിരുന്നു. ഇത് കാലത്തു ഓഫീസില്‍ എത്തേണ്ടവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ തുണയായി.
പത്തുമണിക്ക് ശേഷമാണ് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താന്‍ എത്തിയത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്തു. സ്വതവേ സ്വകാര്യ ബസ്സുകാരുടെ പെരുമാറ്റത്തോട് പല യാത്രക്കാരും വെച്ച് പുലര്‍ത്തുന്ന വെറുപ്പും പോലീസിനെതിരെയാണ് ബസ്സുകാരുടെ സമരം എന്നതുകൊണ്ടുതന്നെ ഇന്നലെ പോലീസ് നടത്തിയ സേവനവും ഏറെ പേരുടെ പ്രശംസ പിടിച്ചുപറ്റി.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog