മരണത്തെ നീട്ടിവിളിയിലൂടെ പറഞ്ഞയച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍..!!

അര്‍ധരാത്രിയില്‍ പാളത്തിലേക്ക് ഒരു സ്ത്രീരൂപം ഓടിക്കയറുന്നു. ചൂളംവിളിച്ച് പാഞ്ഞുവരുന്ന തീവണ്ടി കണ്‍മുന്നില്‍. ചേച്ചീ… എന്ന് നീട്ടിയൊരു വിളി. സ്ത്രീരൂപം വെട്ടിത്തിരിഞ്ഞു നോക്കി. തീവണ്ടി പെട്ടെന്ന് കടന്നുപോയി. ദീര്‍ഘനിശ്വാസം വിട്ട് അയാള്‍ അവര്‍ക്കരികിലേക്ക് ഓടി. മരണത്തിന്റെ വായില്‍നിന്നുള്ള തിരിച്ചുവരവില്‍ തരിച്ചുനില്‍ക്കുകയായിരുന്ന വീട്ടമ്മ പൊട്ടിത്തെറിച്ചു- ‘എന്തിന് എന്നെ വിളിച്ചു. ഞാന്‍ മരിക്കാന്‍ വന്നതാണ്. ഞാന്‍ മരിക്കും.’

വെള്ളിയാഴ്ച അര്‍ധരാത്രി 12ന് കലവൂര്‍ റെയില്‍വേ ഗേറ്റിലായിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി. ചേര്‍ത്തല ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ സെബാസ്റ്റ്യന്‍ ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് പോകുകയായിരുന്നു.

വരുന്നവഴിയില്‍ കലവൂര്‍ റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നു. ഗേറ്റില്‍ മറ്റാരുമില്ല. ട്രെയിന്‍ കടന്നുപോകുന്നതിനായി സെബാസ്റ്റ്യന്‍ കാത്തുനിന്നു. മറുഭാഗത്ത് മരണത്തെ കാത്ത് ഒരമ്മ നില്‍ക്കുന്നത് അപ്പോള്‍ അയാള്‍ അറിഞ്ഞിരുന്നില്ല. ട്രെയിനിന്റെ ഇരമ്പലും വെളിച്ചവും അടുത്തെത്തി. നൈറ്റി ധരിച്ച ഒരു സ്ത്രീ ട്രാക്കിലേക്ക് ഓടിക്കയറുന്നത് പെട്ടെന്നാണ് സെബാസ്റ്റ്യന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒന്നുപകച്ച സെബാസ്റ്റ്യന്‍ ചേച്ചീയെന്ന് നീട്ടിവിളിക്കുകയായിരുന്നു. ഒരു നിമിഷം. വിളികേട്ട് അവര്‍ തിരികെനോക്കിയതും ട്രെയിന്‍ കടന്നുപോയതും ഒരുമിച്ച്.

മറുഭാഗത്ത് ട്രെയിനിന്റെ അടിയിലൂടെ നൈറ്റി കണ്ട് സെബാസ്റ്റ്യന് ആശ്വാസമായി. ട്രെയിന്‍ പോയതിനുശേഷം സൈക്കിള്‍ വലിച്ചെറിഞ്ഞ് സെബാസ്റ്റ്യന്‍ ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു.

മരിക്കണമെന്ന് പുലമ്പിനിന്ന വീട്ടമ്മയെ സമാധാനിപ്പിച്ച് ട്രാക്കില്‍നിന്ന് മാറ്റിനിര്‍ത്തി. അപ്പോഴേക്കും ഗേറ്റ് കീപ്പറും എത്തി. സെബാസ്റ്റ്യന്‍ ഉടന്‍ മണ്ണഞ്ചേരി പോലീസിനെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കകം പോലീസെത്തി.

നാല്പത്തഞ്ചുകാരിയായ ആ അമ്മയുടെ മകളുടെ കല്യാണം ഈ മാസം 30ന് നടക്കേണ്ടിയിരുന്നതാണ്. കല്യാണത്തിന് ദിവസങ്ങള്‍ ശേഷിക്കേ കാമുകനോടൊപ്പം മകള്‍ പോയി. ഇതില്‍ മനംനൊന്താണ് രാത്രി സ്‌കൂട്ടറില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഈ അമ്മ ആത്മഹത്യക്ക് എത്തിയത്.

മരണത്തെ നീട്ടിവിളിയിലൂടെ പറഞ്ഞയച്ച സെബാസ്റ്റ്യന്റെ പരിഭ്രമം ഇപ്പോഴും മാറിയിട്ടില്ല. ആത്മഹത്യക്ക് തുനിഞ്ഞിറങ്ങിയ ഒരമ്മയെ അതില്‍നിന്ന് രക്ഷിച്ചതിന്റെ ഭാവമൊന്നും സെബാസ്റ്റ്യനില്ല.

പേടിയോടെയും അദ്ഭുതത്തോടെയുമാണ് കഴിഞ്ഞ രാത്രിയിലെ കാര്യങ്ങള്‍ സെബാസ്റ്റ്യന്‍ പറയുന്നത്. ചേര്‍ത്തല ഡിപ്പോയില്‍ ചേര്‍ത്തല-മൂവാറ്റുപുഴ ജന്റം ബസിലെ എംപാനല്‍ കണ്ടക്ടറാണ് എ.ജി.സെബാസ്റ്റ്യന്‍ എന്ന കാട്ടൂര്‍ സ്വദേശി. സാധാരണരീതിയില്‍ 8.55ന് സര്‍വീസ് അവസാനിക്കേണ്ടതാണ്. എന്നാല്‍, വെറ്റിലയില്‍ ബസ് കേടായതിനാല്‍ വളരെ വൈകിയാണ് സര്‍വീസ് അവസാനിച്ചത്. അത് ഈ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ ഒരു നിമിത്തമായി എന്നുപറയുന്നു സെബാസ്റ്റ്യന്‍.

Source – http://www.mathrubhumi.com/print-edition/kerala/alappuzha-1.2191820

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply