കണ്ടാലും തീരാത്ത കാഴ്ചകളുള്ള ഇടുക്കിയിലേക്ക് ഒരു ഏകദിന യാത്ര !!

വിവരണം  : Cyriac George.

എത്ര ദിവസം കണ്ടാലും തീരാത്ത കാഴ്ചകൾ ഇടുക്കിയിലുണ്ട് . എങ്കിലും ചില ഭാഗങ്ങളിലൊക്കെ ഒറ്റ ദിവസം കൊണ്ട് ഒന്നു കറങ്ങിവരാൻ കഴിയും. അങ്ങനെ കുടുംബസമേതം അനായാസം പോയി വരാവുന്ന ചില സ്ഥലങ്ങളാണ് ഈ ഇടുക്കി യാത്രയിൽ ഞങ്ങൾ തിരഞ്ഞെടുത്തത്. തുമ്പച്ചി കുരിശുമലയും, നാടുകാണി വ്യൂ പോയിന്റും, കാൽവരി മൗണ്ടും, ഹിൽവ്യൂ പാർക്കുമൊക്കെയാണ് ഞങ്ങളുടെ പട്ടികയിൽ.

തൊടുപുഴ മൂലമറ്റം വഴിയാണ് യാത്ര. മൂലമറ്റം എത്തുന്നതിന് അൽപം മുമ്പായി ഇടത്തേക്ക് തിരിഞ്ഞാണ് ഇടുക്കിയിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്. തുമ്പച്ചി കുരിശുമല താഴെ നിന്നു തന്നെ അകലെയായി കാണാം. ഞങ്ങൾ നേരേ പോയി മൂലമറ്റം ഒന്നു ചെറുതായി കറങ്ങി. അവിടുള്ള ഭൂഗർഭ പവർഹൗസിൽ നിന്നും വൈദ്യുതി ഉൽപാദിച്ച ശേഷം വെള്ളം പുറത്തേക്കൊഴുക്കുന്ന കനാലും, അതിനു മുകളിലൂടെ ഒരു ചെറിയ പുഴ പാലത്തിൽ കൂടി കടത്തിവിടുന്നതുമൊക്കെ രസകരമായ കാഴ്ചകളാണ്. പവർഹൗസിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

മൂലമറ്റത്തു നിന്നും ഇടുക്കിയിലേക്കുള്ള വഴിയിലെ മനോഹരമായ ഹെയർപിൻ വളവുകളിലൂടെയുള്ള യാത്ര ഉൻമേഷം പകരുന്നതാണ്. എട്ടാമത്തെ വളവു കഴിഞ്ഞാൽ വലതു വശത്തായാണ് തുമ്പച്ചി കുരിശുമല. മടക്കയാത്രയിൽ അവിടെ കയറാമെന്ന് തീരുമാനിച്ച് അടുത്ത ലക്ഷ്യമായ നാടുകാണി വ്യൂ പോയിന്റിലേക്ക് യാത്ര തുടർന്നു. ഹെയർ പിൻ വളവുകളെല്ലാം കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ വലതുഭാഗത്തായുള്ള വ്യൂ പോയിന്റിലേക്ക് വാഹനം കടന്നുപോകാവുന്ന ചെറിയ വഴിയുണ്ട്.

ടിക്കറ്റെടുത്ത് അവിടെയുള്ള പവലിയനിൽ കയറിയാൽ താഴെയുള്ള സ്ഥലങ്ങളുടെ മനോഹര ദൃശ്യം കാണാം. മൂലമറ്റം ടൗണിലെ കെട്ടിടങ്ങളും ബസ്സ്റ്റാന്റിലെ ബസുകളുമെല്ലാം തീപ്പെട്ടി പോലെ ചെറുതായിത്തോന്നും. വൈദ്യുതി നിലയത്തിന്റെ ഭീമാകാരമായ സ്വിച്ച് യാർഡും മുൻപു പറഞ്ഞ കനാലും പാലവുമൊക്കെ വ്യക്തമായിത്തന്നെ കാണാം. നേരേ എതിർവശത്തു കാണുന്ന മലനിരകളിലാണ് ഇലവീഴാപൂഞ്ചിറയൊക്കെ.

നാടുകാണിയിൽ നിന്നും യാത്ര തുടർന്ന് കുളമാവെത്തിയാൽ പിന്നെ കാടാണ്; എത്ര കണ്ടാലും മതിവരാത്ത കാട്. ഇടുക്കി ജലസംഭരണിയുടെ മൂന്ന് അണക്കെട്ടുകളിൽ ഒന്നായ കുളമാവ് അണക്കെട്ടിന്റെ മുകളിൽക്കൂടി കടന്നാണ് യാത്ര തുടരുന്നത്. ഡാമിനടുത്തായിത്തന്നെ റോഡരികിൽ വാഹനം ഒതുക്കി ജലാശയത്തിന്റെ കാഴ്ചയൊക്കെ അൽപനേരം ആസ്വദിച്ച് ഞങ്ങൾ യാത്ര തുടർന്നു. കാട്ടിലൂടെയുള്ള യാത്രയിൽ പലയിടങ്ങളിലും ജലാശയത്തിന്റെ ദൃശ്യങ്ങൾ കാണാം.

എതാണ്ട് ഇരുപതു കിലോമീറ്റർ പിന്നിടുമ്പോഴുള്ള വെള്ളാപ്പാറ എന്ന സ്ഥലത്ത് വനംവകുപ്പിന്റെ ഓഫീസുകൾ കാണാം. ഇവിടെത്തന്നെ വലതുഭാഗത്തായി ചാരനള്ള് എന്ന ഒരു ഗുഹയുണ്ട്. വഴിയിൽ നിന്നും അൽപം നടന്നിറങ്ങിയാൽ കാണുന്ന ഈ ഗുഹയിൽ പണ്ട് ഏതോ ഒരു ചാരൻ ശത്രുക്കളിൽ നിന്നും രക്ഷപെടാൻ ഒളിച്ചിരുന്നതാണത്രേ. വളരെ ചെറിയ ഈ പാറയിടുക്കിൽ ദിവസങ്ങളോളം ഒളിച്ചിരുന്നു എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിത്തോന്നി.

യാത്ര തുടരുമ്പോൾ തൊട്ടടുത്തുതന്നെയായി വലത്തേക്കുള്ള വഴിയിലൂടെ ഏതാണ്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ച് ഹിൽവ്യൂ പാർക്കിനു താഴെയെത്തി വണ്ടി പാർക്ക് ചെയ്തു. ഇരുവശത്തും പൂച്ചെടികൾ നിറഞ്ഞ പാതയിലൂടെ അൽപം മുകളിലേക്കു ചെന്നാൽ ഹിൽവ്യൂ പാർക്കായി. പ്രസിദ്ധമായ കുറവൻ – കുറത്തി മലകൾക്ക് അഭിമുഖമായാണ് പാർക്ക് നിലകൊള്ളുന്നത്. ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെയും പച്ചപ്പു നിറഞ്ഞ മലനിരകളുടെയും പശ്ചാത്തലത്തിൽ നീലനിറത്തിൽ പരന്നുകിടക്കുന്ന ജലാശയത്തിന്റെ കാഴ്ച ഇവിടെനിന്നാൽ മതിവരുവോളം ആസ്വദിക്കാം. പൂച്ചെടികളും പുൽതകിടിയുമൊക്കെ വച്ചുപിടിപ്പിച്ച് പാർക്ക് ഭംഗിയാക്കി പരിപാലിച്ചിട്ടുണ്ട്. പണ്ട് അണക്കെട്ടിന്റെ നിർമാണസമയത്ത് പാറ പൊട്ടിച്ചുണ്ടായ ഒരു കുളവും പാർക്കിലുണ്ട്. ഏറ്റവും മുകളിലായി കാഴ്ചകൾ ആസ്വദിക്കാനായി ഒരു വാച്ച് ടവറുണ്ട്. പാർക്കിലെ കാഴ്ചകളോട് വിടപറഞ്ഞ് ഉച്ചയോടെ ഞങ്ങൾ താഴേക്കിറങ്ങി.

ഏതാണ്ട് പത്തു മിനിട്ടു മുന്നോട്ടു പോയി ചെറുതോണി ടൗണിൽ നിന്നും ഊണു കഴിച്ച് അടുത്ത ലക്ഷ്യമായ കാൽവരി മൗണ്ടിലേക്ക് യാത്ര തുടർന്നു. കട്ടപ്പനക്കുള്ള വഴിയിൽ ഇരുപത് – ഇരുപത്തിയഞ്ച് മിനിട്ട് സഞ്ചരിച്ചാൽ കാൽവരി മൗണ്ടിലെത്താം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ കാഴ്ച ഹിൽ വ്യൂ പാർക്കിലേതിൽ നിന്നും വ്യത്യസ്തമാണ്. നീളെ കുരിശുകൾ സ്ഥാപിച്ചിട്ടുള്ള നടപ്പാതയിലൂടെ മലയുടെ നെറുകയിലേക്ക് നടന്നു കയറിയാലുള്ള കാഴ്ച ഒന്നുകൂടി മനോഹരമാണ്. വൈകുന്നേരത്തോടെ തിരിച്ചിറങ്ങി ഞങ്ങൾ വന്ന വഴിയേതന്നെ മടക്കയാത്ര ആരംഭിച്ചു.

രാവിലെ തീരുമാനിച്ചതുപോലെ തുമ്പച്ചി കുരിശുമലയും കണ്ടായിരുന്നു തിരികെയുള്ള യാത്ര. കുത്തനെയുള്ള കയറ്റം നടന്നു കയറി മുകളിലെത്തിയപ്പോൾ എല്ലാവരും അൽപം ക്ഷീണിച്ചിരുന്നു. നാടുകാണി വ്യൂ പോയിന്റിലേതുപോലെ തന്നെയുള്ള കാഴ്ചയാണ് ഇവിടെയും കാണാനായത്. നോക്കെത്താ ദൂരത്തേക്ക് ശാന്തമായൊഴുകുന്ന പുഴ നോക്കി നിൽക്കുന്നതിനിടയിൽ നേരം വൈകിയത് അറിഞ്ഞില്ല. ഞങ്ങൾ നിൽക്കുന്നതിന് അഭിമുഖമായുള്ള മലനിരയിൽ സൂര്യൻ അസ്തമിച്ചതോടെ സുന്ദരമായ ദൃശ്യങ്ങൾക്ക് വിരാമമായി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

One comment

  1. സദാനന്ദന്‍

    പവര്‍ ഹവ്സ്സില്‍ രണ്ടു തവണ കയറാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്, 1980 ഇല്‍ അന്ന് 3 ജനറെറ്ററുകള്‍ ആണ് ഉണ്ടായിരുന്നത്, രണ്ടാം സ്റെജ് പണി നടക്കുക ആയിരുന്നു, വെള്ളം വരുന്ന ടണലിന്റെ അകത്തു കയറി നോക്കുവാനും, റിപ്പയറിംഗ് നടക്കുന്ന ഒരു ജനറെറ്റരിന്റെ അടിഭാഗം വരെ ഇറങ്ങി ചെന്ന് കാണുവാനും സാധിച്ചു,

Leave a Reply