പാഷൻഫ്രൂട്ടും മരത്തക്കാളിയും ഓറഞ്ചും ചെറുനാരങ്ങയും ബട്ടർ ബീൻസുമെല്ലാം ചാക്കിൽ നിറച്ച് ബൈക്കിന്റെ പിന്നിൽ കെട്ടിവെക്കുന്നതിനിടെ കുഞ്ഞുമോൻ ചേട്ടൻ ഒന്നുകൂടി എന്നോട് ചോദിച്ചു. അതു കേട്ട് അയ്മോൻ ചേട്ടൻ ഒന്നു ചിരിച്ചു. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു. ഇവനോട് പറഞ്ഞിട്ട് കാര്യമില്ല, ഇവൻ നന്നാവില്ല, അങ്ങനെ പലതും.
ഇപ്പോൾ തന്നെ സമയം രാത്രി 9 മണി ആവുന്നു. വട്ടവടയിൽ നിന്ന് ആലുവ 150 കിലോമീറ്റർ ദൂരമുണ്ട്. മൂന്നാറിലേക്ക് ഒരു 45 കിലോമീറ്ററും. കാട്ടുപോത്തുകൾ കൂട്ടമായി വിഹരിക്കുന്ന പാമ്പാടും ഷോല നാഷണൽ പാർക്കും ആനയിറങ്ങുന്ന മാട്ടുപെട്ടിയിലെ പുൽമേടുകളും കടന്നു വേണം മൂന്നാറിലെത്താൻ. പല തവണ പോയ വഴിയാണെങ്കിലും രാത്രിയിൽ ഒറ്റക്ക് ആദ്യമായാണ്.
അവരോട് ഒന്നു കൂടി യാത്ര പറഞ്ഞ് മെല്ലെ ബൈക്ക് മുന്നോട്ടെടുത്തു. ചാക്ക് പുറകിൽ കെട്ടിവച്ചതിനാൽ എന്റെ ബാഗ് പെട്രോൾ ടാങ്കിന്റെ മുകളിൽ വെക്കേണ്ടിയിരുന്നു.
കോവിലൂർ ഗ്രാമകേന്ദ്രം കഴിഞ്ഞ ഉടനെ തന്നെ റോഡ് വിജനമായിത്തുടങ്ങി. കുറച്ച് പോകുമ്പോഴേക്കും വനത്തിനുള്ളിൽ പ്രവേശിച്ചിരുന്നു. ഒരു രണ്ട് കിലോമീറ്റർ കൂടി മുന്നോട്ട് പോയപ്പോൾ പെട്ടെന്ന് മുകളിലെ വനത്തിൽ നിന്ന് ഏതോ ഒരു ജീവി വണ്ടിയുടെ മുന്നിൽ ചാടി. പെട്ടെന്ന് ഒന്നു വിറച്ച് പോയെങ്കിലും സഡൻ ബ്രേക്ക് ഇട്ട് വണ്ടി പിടിച്ചു നിർത്തി. ഒരു വലിയ മ്ലാവ് ആയിരുന്നു അത്. ഒരു സെക്കന്റ് എന്നെ നോക്കി അതങ്ങ് തിരിച്ച് കയറി പോയി. ഗ്രാമത്തിന്റെ ഇത്രയടുത്ത് മൃഗങ്ങളെ പ്രതീക്ഷിച്ചിച്ചില്ലായിരുന്നതിനാൽ കുറച്ച് ശ്രദ്ധക്കുറവോടെ റൈഡ് ചെയ്തത് അതോടെ മാറി.
കുറച്ച് കൂടെ മുന്നോട്ട് പോയപ്പോൾ റോഡരികിൽ 7-8 കാട്ടുപോത്തുകളുടെ ഒരു കൂട്ടം. റോഡിന്റെ പകുതി വരെ കൈയ്യടക്കി വച്ച് പുല്ല് തിന്നുകൊണ്ടിരിക്കുന്നു. അല്ലെങ്കിലും ഇവിടെ അടുത്ത് കാട്ടിൽ എവിടെയോ ജിം തുറന്ന് വെച്ചിരിക്കുന്നുണ്ടെന്ന് തോന്നുന്നത് പോലെയായിരുന്നു അവയുടെ സൈസ്. ഒരു ചെറിയ ആനയോളം വലുപ്പം ഉണ്ടാകും അതിലോരോന്നിനും. സ്പീഡ് മെല്ലെ കുറച്ച് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന പോത്തുകളുടെ കണ്ണിലേക്ക് നോക്കി റോഡിന്റെ മറ്റേ സൈഡിലൂടെ വണ്ടി മുന്നോട്ടെടുത്തു.
മുന്നോട്ട് പോകുന്തോറും കോടമഞ്ഞ് മെല്ലെ ഇറങ്ങി ആകെ പൊതിയാൻ തുടങ്ങി. കടുത്ത തണുപ്പ് ഗ്ലൗസിനുള്ളിലൂടെ കടന്ന് വിരലുകളെ മരവിപ്പിച്ചു തുടങ്ങി. ആശ്വാസത്തിനായി എൻജിന്റെ മേലെ കൈ കൊണ്ട് വെച്ചെങ്കിലും വലിയ മെച്ചമൊന്നും ഉണ്ടായില്ല. രാത്രി കോടമഞ്ഞ് പൊതിഞ്ഞ് മറച്ചു വെച്ച വഴികളിലൂടെ ഒറ്റക്ക് വണ്ടി ഓടിച്ച് ശീലമാണെങ്കിലും പാമ്പാടുംചോലയെ ഓർത്തപ്പോൾ ചെറിയ പേടി പോലെ എന്തോ മനസ്സിൽ മെല്ലെ പൊങ്ങി വന്നു.
കോടമഞ്ഞിൽ പൊതിഞ്ഞ ഒരു വളവു തിരിഞ്ഞപ്പോൾ റോഡിൽ നിറയെ കാട്ടുപോത്തുകൾ നിരന്നു നില്ക്കുന്നു. മുന്നോട്ട് പോകണമെങ്കിൽ പോത്തുകൾക്കിടയിലൂടെ വേണം പോവാൻ. ആ കൂട്ടത്തിന് അപ്പുറം റോഡിൽ എന്താണെന്ന് മഞ്ഞിൽ മറഞ്ഞ് കാണുന്നില്ല. അഞ്ച് മിനുറ്റ് എഞ്ചിനും ലൈറ്റും ഓഫ് ചെയ്യാതെ കുറച്ച് പുറകിലോട്ട് മാറി നിന്നെങ്കിലും പോത്തുകൾക്ക് യാതൊരു ഭാവമാറ്റവുമില്ല. അതിനിടക്ക് രണ്ട് മൂന്ന് പോത്തുകൾക്കിടയിലൂടെ ഒരു ഗ്യാപ്പ് ഞാൻ കണ്ട് പിടിച്ചിരുന്നു. അതിൽ ഒരു പോത്ത് കൂടെ സൈഡിലേക്ക് മാറിയപ്പോൾ തുറന്ന വഴിയിലൂടെ അധികം സ്പീഡ് കൂട്ടാതെ പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്തു.
പുൽമേടുകൾക്കിടയിലൂടെയും യൂക്കാലി മരങ്ങളുടെ നിഴൽ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കോടമഞ്ഞിലൂടെ പതിയുന്ന കാഴ്ചകൾക്കിടയിലൂടെയും കാട്ടുപോത്തിന്റെ ചെറിയ കൂട്ടങ്ങൾക്കിടയിലൂടെയും പാമ്പാടും ഷോല ചെക്ക് പോസ്റ്റിൽ എത്തി. അവിടെ ആരും ഉണ്ടായിരുന്നില്ല. ചെക്ക് പോസ്റ്റ് കടന്ന് കുറച്ച് കൂടി മുന്നോട്ട് പോയി രണ്ട് മൂന്ന് വളവുകൾ കഴിഞ്ഞാൽ ടോപ്പ് സ്റ്റേഷനായി. ടോപ്പ് സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പ് വന്തരവ് റോഡിൽ (എസ്കേപ്പ് റൂട്ട് – പഴയ മുന്നാർ – കൊടൈക്കനാൽ റോഡ്) മറ്റൊരു ചെക്ക് പോസ്റ്റ് കൂടെ ഉണ്ട്. അവിടെ വെളിച്ചം കണ്ടെങ്കിലും നിർത്താതെ മുന്നോട്ട് നീങ്ങി.
ഇപ്പോൾ ഞാൻ തമിഴ്നാട്ടിൽ പ്രവേശിച്ചിരിക്കുകയാണ്. ടോപ്പ് സ്റ്റേഷനും പരിസരത്തെ കുറച്ച് റോഡും തമിഴ്നാടിന്റെ ഭാഗമാണ്. തമിഴ്നാട്ടിലെ കുരങ്ങിണി മലനിരകളുടെ ഭാഗമായ ടോപ്പ് സ്റ്റേഷനിൽ നിന്ന് പുൽമേടുകളുടെ ഇടയിലൂടെ 10-12 കിലോമീറ്റർ മല ഇറങ്ങിയാൽ കുരങ്ങിണി ഗ്രാമത്തിലെത്താം. വാഹനത്തിലാണെന്നങ്കിൽ 100 കിലോമീറ്ററിനടുത്ത് സഞ്ചരിക്കണം ടോപ്പ് സ്റ്റേഷനിൽ നിന്ന് കുരങ്ങിണിയിലേക്ക്. മൂടൽമഞ്ഞ് മാറി നില്ക്കുന്ന പകൽ സമയങ്ങളിൽ താഴ്വരയുടെ മനോഹരമായ ദൃശ്യം ടോപ്പ് സ്റ്റേഷനിൽ നിന്ന് കാണാം. പകൽ ടൂറിസ്റ്റുകൾ നിറഞ്ഞു നില്ക്കുന്ന ടോപ്പ് സ്റ്റേഷൻ ഈ നേരത്ത് തീർത്തും വിജനമായിരുന്നു. ആകാശം നിറയെ മിന്നാമിന്നിക്കൂട്ടം പോലെ നക്ഷത്രങ്ങൾ പുഞ്ചിരിച്ച് വിടർന്നു നില്ക്കുന്നു.
ടോപ്പ് സ്റ്റേഷൻ പിന്നിടുമ്പോൾ വീണ്ടും മൂടൽമഞ്ഞിറങ്ങിത്തുടങ്ങി. തേയില തോട്ടങ്ങൾക്കിടയിലൂടെ പകൽ പോലും കോടമഞ്ഞ് ഇറങ്ങുന്ന മൂന്നാർ റോഡ് ഈ നേരത്ത് ഏറെക്കുറേ പൂർണ്ണമായും കോടയാൽ മൂടിയിരിക്കുകയാണ്. കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, ഫോട്ടോ പോയന്റ്, എക്കോ പോയന്റ്, ഇന്തോ- സ്വിസ് ഫാം എന്നിങ്ങനെ മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ഈ വഴിയിലാണ്. തേയിലത്തോട്ടങ്ങൾക്കും ചോലവനങ്ങൾക്കും ഇടയിലൂടെയുള്ള യാത്രയിൽ ഇൻഡോ-സിസ് ഫാമിന്റെ പുൽമേടിനരികൽ പകൽ പോലും പലപ്പോഴും ആനയെ കണ്ടിട്ടുള്ളതാണ്. അതു തന്നെയായിരുന്നു കുഞ്ഞുമോൻ ചേട്ടന്റെ പേടിയും.
ഡാമിന് അടുത്തുള്ള ചെക്ക് പോസ്റ്റിൽ ആനയുണ്ടോ എന്ന് അന്വേഷിച്ച് പോയാൽ മതി എന്നായിരുന്നു അയ്മോൻ ചേട്ടൻ പറഞ്ഞിരുന്നത്. ചെക്ക് പോസ്റ്റിനകത്ത് വെളിച്ചം ഉണ്ടായിരുന്നെങ്കിലും ആരെയും കണ്ടില്ല. കുറച്ച് നേരം കാത്തിരുന്നിട്ടും വിളിച്ചു നോക്കിയിട്ടും ആരെയും കാണാത്തതിനാൽ പതുക്കെ മുന്നോട്ട് നീങ്ങി. വളവുകൾ നിറഞ്ഞ് ഡാമിന്റെ റിസർവോയർ ലേക്കിനോട് ചേർന്നുള്ള റോഡിലൂടെ ഓരോ വളവിലും ആനയെ പ്രതീക്ഷിച്ച് മെല്ലെ വണ്ടി ഓടിച്ചു നീങ്ങി. കുണ്ടള ഡാം പിന്നിട്ട് വിജനമായ മാട്ടുപെട്ടി ഡാമിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ എകാന്ത യാത്രയുടെ സഹയാത്രികരായി പാതിരാ താരകങ്ങളും മൂടൽമഞ്ഞും മിന്നാമിന്നികളും പിന്നെ ചീവീടിന്റെ ഈണവും യാത്രയുടെ റൊമാന്റിക് ലഹരിയുമായെന്റെ കൂടെ വന്നു.
പല വർണ്ണ വിളക്കുകൾ തെളിയിച്ച് മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മൂന്നാർ ടൗൺ ദൂരെ നിന്നു കാണുമ്പോൾ തന്നെ അതി മനോഹരിയായിരുന്നു. മൂന്നാറിലെത്താറായപ്പോഴേക്കും തണുപ്പും കോടയും കുറച്ച് കുറഞ്ഞു. ഈ നേരത്തും തണുപ്പിൽ വിറച്ചുകൊണ്ട് സഞ്ചാരികൾ ടൗണിലൂടെ രാത്രി നടത്തത്തിന് ഇറങ്ങിയിരുന്നു. വഴിയരികിലെ തട്ടുകടക്ക് അരികിൽ വണ്ടി നിർത്തി ചൂടൻ കട്ടൻ ചായ വലിച്ച് കുടിച്ചു കൊണ്ട് ഞാൻ തണുപ്പകറ്റാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി. മരവിച്ച വിരലുകൾ ഗ്ലാസിൽ മുറുകെ പിടിച്ച് ചൂടാക്കി, രണ്ടാമതൊരു കട്ടൻ ചായ കൂടി വാങ്ങിക്കുടിച്ച് പെട്ടെന്ന് തന്നെ അവിടുന്ന് പുറപ്പെട്ടു.
മൂന്നാർ മുതൽ നേര്യമംഗലം, അടിമാലി വഴി കോതമംഗലം വരെ വളവുകളും തിരിവുകളും വളരെ കൂടുതലും അപകട സാധ്യത കൂടിയ വഴിയുമാണ്. മരങ്ങൾ കയറ്റിയ ഒരു പാട് ലോറികൾ മലയിറങ്ങിപ്പോകുന്നുണ്ടായിരുന്നു. ലോറികളും ചീറിപ്പാഞ്ഞു വരുന്ന ടൂറിസ്റ്റ് വാഹനങ്ങളും ഹെഡ് ലൈറ്റ് ഡിം സ്വിച്ച് ഇല്ലാത്ത മോഡലുകൾ ആണെന്നു തോന്നി. ഇതിനിടയിലൂടെ പതുക്കെ മുന്നോട്ടു നീങ്ങി. നേര്യമംഗലം പാലത്തിനടുത്ത് പോലീസ് കൈ കാണിച്ച് വണ്ടി നിർത്തിച്ചു. പുറകിലെ ചാക്ക് കണ്ട് ഇതെന്താ കഞ്ചാവോ എന്ന് ചോദിച്ചു. ഫ്രൂട്ട്സ് ആണെന്ന് പറഞ്ഞ് ചാക്കിന്റെ കെട്ടഴിക്കാതെ അവർക്ക് 3-4 പാഷൻ ഫ്രൂട്ട്സും മരത്തക്കാളിയും എടുത്ത് കൊടുത്ത് പിന്നെയും മുന്നോട്ട്.
രാവിലെ 10 മണിക്ക് തുടങ്ങിയ യാത്രയിൽ നാഷണൽ പാർക്കുകളും വന്യജീവി സങ്കേതങ്ങളും റിസർവ് വനങ്ങളും കടന്ന്, അവസാനം ആലുവയിലെത്തിയത് പുലർച്ചെ 3ന്.
Roads, Voyages and tales of adventure എന്ന പേജിനു വേണ്ടി ഷിംനിത്ത് എഴുതിയത്.