‘ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം’ കൊച്ചിയില്‍ വരുന്നൂ… എന്താണിത്??

ഏത്ര തിരക്കുണ്ടായാലും 52 കിലോമീറ്റർ വരുന്ന ദൂരം സഞ്ചരിക്കാൻ ഒന്നേകാൽ മണിക്കൂർ മതി. വേണമെങ്കിൽ ഇതിലും നേരത്തേയെത്താമെന്നു വന്നാലോ? അതാണു ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ബിആർടിഎസ്); സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്ന്. കൊച്ചിയിൽ ഇതു നടപ്പാക്കാനൊരുങ്ങുകയാണു സർക്കാർ. എരമല്ലൂരിൽനിന്നു കൊടുങ്ങല്ലൂരിലേക്കു ബസുകൾക്കു മാത്രമായി ഇടനാഴി. പൊതു ഗതാഗത സംവിധാനം ആകെ മാറ്റിമറിക്കാനൊരുങ്ങുന്ന കൊച്ചി മെട്രോയ്ക്കു പിന്നാലെ കൊച്ചിയിൽ തന്നെയാണു ബസ് റാപ്പിഡ് ട്രാൻസിറ്റ് നിർമിക്കുന്നത്. ഇതിന്റെ ലക്ഷ്യവും പൊതുഗതാഗതം പ്രോൽസാഹിപ്പിക്കൽ തന്നെ. ആകെ ചെലവ് 746 കോടി രൂപ.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുകൂടെയാണു നമ്മുടെ ദേശീയപാതകൾ കടന്നുപോകുന്നത്. പഴയ പഞ്ചായത്തു റോഡുകൾ വികസിച്ചുവികസിച്ചു ദേശീയപാതകളായതാണ്. അതിനാൽത്തന്നെ കേരളത്തിലെ ദേശീയപാതകളിലെ ഗതാഗതം 70 % നഗര ഗതാഗതം തന്നെ. നഗര ഗതാഗതം കൂടുന്തോറും ദേശീയപാതയെന്ന സങ്കൽപം തന്നെ ഇല്ലാതാവുന്നു. ദർഘദൂര യാത്രക്കാർ തിരക്കിൽപെട്ടുഴലുന്നു. പൊതു ഗതാഗതം ഫലപ്രദമല്ലാത്തതിനാൽ ആളുകൾ സ്വന്തം വാഹനങ്ങൾ റോഡിലേക്കിറക്കുന്നു. ഇതു സ്ഥിതി കൂടുതൽ വഷളാക്കും. ബിആർടിസി വരുന്നതോടെ ഇതിനു മാറ്റം വരും. ചെലവു കുറഞ്ഞ, വേഗത്തിലെത്തുന്ന ബസുകളുള്ളപ്പോൾ സ്വന്തം വാഹനം എടുത്ത് ഇറങ്ങേണ്ട ആവശ്യമില്ല. കാറിൽ സഞ്ചരിക്കുന്നവനേക്കാൾ വേഗത്തിൽ ബസ് യാത്രക്കാരനെത്തുമെങ്കിൽ പിന്നെന്തിനു കാർ?

ബസിനു മാത്രം : ബിആർടിഎസ് ബസുകൾക്കു മാത്രമാണ് ഇടനാഴിയിലേക്കു പ്രവേശനം. ദേശീയപാതയെയും ബിആർടിഎസ് ഇടനാഴിയെയും ബാരിക്കേഡ് വച്ച് തിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസുകൾ, ഫയർ എൻജിനുകൾ, വിവിഐപി വാഹനങ്ങൾ എന്നിവയ്ക്കും കടക്കാം. ബസ് സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഉണ്ടാവും. ബസുകൾക്ക് ഇരുവശത്തും വാതിൽ. സ്റ്റേഷനിൽനിന്ന് ഒരുവശത്തെ വാതിലിലൂടെ മാത്രമേ ബസിന് അകത്തു കയറാനാവൂ. ബസുകൾക്കു മാത്രമുള്ള പാതയായതിനാലും വേറെ തടസ്സമില്ലാത്തതിനാലും എത്ര വേഗത്തിൽ വേണമെങ്കിലും ബസ് ഓടിക്കാം. തിരക്കുള്ള സമയത്തു രണ്ടോ മൂന്നോ മിനിറ്റ് ഇടവേളയിലും ബസ് ഓടിക്കാം. ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് എന്ന രീതിയിലും വ്യത്യസ്ത നിരക്കിൽ ബസ് ഓടിക്കാം.

കേരളത്തിൽ ആദ്യത്തേത് എങ്കിലും രാജ്യത്ത് നിലവിൽ എട്ടു ബസ് റാപ്പിഡ് ട്രാൻസിറ്റ് കോറിഡോർ ഉണ്ട്. ഡൽഹിയിൽ തുടങ്ങിയത് അവസാനിപ്പിച്ചു. ഏതാനും നഗരങ്ങളിൽ പരിഗണനാ ഘട്ടത്തിലുണ്ട്. രാജ്യത്ത് ഏറ്റവും നല്ല ബിആർടിഎസ് സംവിധാനമുള്ളത് അഹമ്മദാബാദിലാണ്. പുതുതായി ബിആർടിഎസ് സംവിധാനമൊരുക്കാൻ ഒരു കിലോമീറ്ററിന് 20 കോടി രൂപയാണു ചെലവ്. കൊച്ചിയിൽ സ്ഥലമെടുപ്പു വേണ്ടാത്തതിനാലും റോഡ് ഉള്ളതിനാലും കിലോമീറ്ററിനു 14.35 കോടി രൂപ ചെലവു വരും.

ദേശീയപാതയുടെ നിലവിലുള്ള വീതി കുറയുന്നില്ലെന്നതിനാൽ നിലവിലുള്ള റോഡ് ഗതാഗതത്തെ ഇത് ഒരുതരത്തിലും ബാധിക്കുന്നില്ല. അതേസമയം ചുരുങ്ങിയ നിരക്കിൽ കൊച്ചിയുടെ സമീപ പ്രദേശങ്ങളിലൂള്ളവർക്കു വേഗത്തിൽ യാത്ര സാധ്യമാവും. ഇതോടെ ദേശീയപാതയിലൂടെയുള്ള സ്വകാര്യ വാഹനങ്ങളുടെ ചെറിയ ദൂരം സഞ്ചാരം ഇല്ലാതാവും. ഇതു ദേശീയപാതയിലെ കുരുക്കഴിക്കും. നിലവിൽ എരമല്ലൂർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ദേശീയപാതയിൽ ഒട്ടേറെ ചെറു റോഡുകൾ സന്ധിക്കുന്നുണ്ട്. ഇൗ റോഡുകളിലെ തിരക്കു കുറയ്ക്കാനും ബിആർടിഎസ് ഉപകരിക്കും.

ഇന്ത്യയിലെ ഏറ്റവും വീതികുറഞ്ഞ ദേശീയപാത പറവൂർ മുതൽ മൂത്തകുന്നം വരെയുള്ള ദേശീയപാതയാണ്; ഒരു വരി മാത്രം ഗതാഗതം. ബസ് കോറിഡോർ വരുന്ന എരമല്ലൂർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്തു പത്തുലക്ഷം ജനസംഖ്യയുണ്ട്. കൊച്ചി നഗരസഭയും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഉൾപ്പെടെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഇതിൽ ഇടപ്പള്ളി – എരമല്ലൂർ ദേശീയപാത നാലുവരിയാണ്. ഇടപ്പള്ളി മുതൽ പറവൂർ വരെ രണ്ടുവരി. മൂത്തകുന്നം മുതൽ കൊടുങ്ങല്ലൂർവരെ നാലുവരി. ഇതിൽ എല്ലായിടത്തും 30 മീറ്റർ വീതിയിൽ റോഡ് ലഭ്യം. വീതി കുറഞ്ഞ ഭാഗത്തു സ്ഥലമുണ്ട്, റോഡില്ലെന്നേയുള്ളു. 30 മീറ്ററിൽ എല്ലാ സ്ഥലത്തും നാലുവരിപ്പാത നിർമിച്ചാണു ബസ് ഇടനാഴി നിർമിക്കുന്നത്. ഇത്ര വീതിയിൽ ഇരുവശത്തേക്കും മൂന്നു ട്രാക്ക് വീതം നിർമിക്കാം.

റോഡിന്റെ നടുവിൽ ഇരുവശത്തേക്കുമുള്ള ഓരോ ട്രാക്കുകളാണു ബസ് റാപ്പിഡ് ട്രാൻസിറ്റ് കോറിഡോർ. മെട്രോ സ്റ്റേഷൻ പോലെ സ്റ്റോപ്പുകൾക്കു പ്രത്യേകം സ്റ്റേഷനുകളുണ്ടാവും. എരമല്ലൂർ– കൊടുങ്ങല്ലൂർ ഇടനാഴിയിൽ 15 മുതൽ 25 വരെ സ്റ്റേഷനുകൾ. തിരക്കുള്ള സ്റ്റോപ്പുകളിൽ ബസ് സ്റ്റേഷനിലേക്ക് എലവേറ്റഡ് ഫുട്പാത്ത്. അല്ലാത്തിടങ്ങളിൽ ദേശീയപാത കുറുകെ കടക്കണം.

ഇന്ത്യയിൽ ബിആർടിഎസ് ഉള്ള നഗരങ്ങൾ, പ്രതിദിന യാത്രക്കാർ, ഇടനാഴികളുടെ എണ്ണം, ദൂരം എന്ന ക്രമത്തിൽ  : അഹമ്മദാബാദ് – 130000– ഒന്ന്– 82 കിലോമീറ്റർ, ഭോപ്പാൽ – 70000 , ഒന്ന്– 24 കിലോമീറ്റർ, ഇൻഡോർ – 45500– ഒന്ന്– 11 കിലോമീറ്റർ, ജയ്പുർ – 6622– ഒന്ന്– ഏഴു കിലോമീറ്റർ, പുണെ– 67000– മൂന്ന് – 29 കിലോമീറ്റർ, രാജ്കോട്ട് – 7500– ഒന്ന്– 11 കിലോമീറ്റർ, സൂററ്റ് – 13500– ഒന്ന് – 10 കിലോമീറ്റർ.

കൊച്ചി ബിആർടിഎസ്  : ആകെ ദൂരം –51.6 കിലോമീറ്റർ, ചെലവ് – 746 കോടി, യാത്രാ നിരക്ക് – 65 രൂപ, സമയം – 56–77 മിനിറ്റ്, ബസുകൾ – 102.

സ്റ്റോപ്പുകൾ  : കൊടുങ്ങല്ലൂർ, ചേരമാൻപള്ളി, മൂത്തകുന്നം, പറവൂർ, കൊച്ചാൽ, തിരുമുപ്പം, വരാപ്പുഴ, മഞ്ഞുമ്മൽ,
അമൃത, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ, അരൂർ, എരമല്ലൂർ.

Source – http://localnews.manoramaonline.com/ernakulam/features/2017/10/11/ernakulam-bus-way.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply