ഇന്ത്യൻ തപാൽ സേവനം – ചരിത്രവും വസ്തുതകളും…

ഒക്‌ടോബർ 10, ഇന്ത്യൻ തപാൽ ദിനമാണ്‌. ഇന്റർനാഷണൽ പോസ്റ്റൽ ദിനമായി ആചരിക്കുന്നത്‌ ഒക്‌ടോബർ 9ന്നും. ഇന്ത്യയുടെ അഭിമാനമായ തപാൽ സേവന ചരിത്രവും അനുഭവങ്ങളും അപൂർവ്വ വസ്തുതകളും വിവരങ്ങളുമായി ഇന്നത്തെ ദിവസത്തെ വായനയെ സമ്പുഷ്ടമാക്കാം.

1984 ലുകളിലെപ്പോഴോ വാപ്പയുടെ കൈയ്യിൽ തൂങ്ങി മുംബൈയിലെ മാൻധ്‌വി (Mandvi – 400008) പോസ്റ്റോഫിസിൽ പോയി ഒരു രൂപയുടെ മുപ്പതോളം നാണയത്തുട്ടുകളിട്ട്‌ നാട്ടിലേക്ക്‌ ഫോൺ വിളിച്ച ഓർമ്മകളാണ്‌ ജീവിതത്തിലെ ആദ്യ പോസ്റ്റ്‌ ഓഫീസ്‌ ഓർമ്മ. എസ്‌. റ്റി. ഡി ബൂത്തുകളില്ലാത്ത അക്കാലങ്ങളിൽ വിദൂര ടെലഫോൺ കോളുകൾ വിളിക്കണമെങ്കിൽ ട്രങ്ക്‌ ബുക്കിംഗ്‌ സേവനം ഉപയോഗിച്ച്‌ മറു തലയ്‌ക്കൽ കണക്‌റ്റാവുന്നത്‌ വരെ കാത്തിരിക്കണമായിരുന്നു. ഇത്തരം കാത്തിരിപ്പിന്ന് വിരാമമിട്ട് നമ്മുടെ (ബോംബെയിൽ) പോസ്റ്റ്‌ ഓഫീസുകളിൽ ആരംഭിച്ച അതി വേഗ / ഡയറക്റ്റ്‌ കോൾ സർവീസായിരുന്നു നാളയത്തുട്ടുകൾ കോയിൻ ബോക്സിലിട്ട്‌ എസ്‌. റ്റി. ഡി വിളിക്കുകയെന്നത്‌.

ആദ്യ പോസ്റ്റോഫീസ്‌ അനുഭവത്തിന്ന് ശേഷം തപാൽ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു. മുംബൈയിലെ ചിൻച്ച്‌ ബന്ദർ (Chinch Bunder 400009) പോസ്റ്റോഫിസിലെ പോസ്റ്റ്‌ ബോക്സുകളിൽ കത്തുകൾ തിരഞ്ഞും സ്റ്റാമ്പുകൾ കളക്റ്റ്‌ ചെയ്യാൻ മുംബൈ ജി പി ഒ (G. P. O. 400001) യിലെ ഫിലാറ്റലി ഡിപാർട്ട്‌മെന്റിൽ കയറിയിറങ്ങുകയും ചെയിതിരുന്ന അനുഭവങ്ങൾ എന്നെ പോലെ വായനക്കാർക്കുമുണ്ടാവും. എൺപതുകളുടെ തുടക്കത്തിൽ വീട്ടിലെ റേഡിയോക്ക്‌ പോലും ലൈസൻസും ലൈസൻസ്‌ തുക അടക്കാൻ പോസ്റ്റ്‌ ഓഫീസ്‌ പോകേണ്ടിയിരുന്നതും ഇന്ന് പഴയ ഓർമ്മകൾ മാത്രം. എന്തിനും ഏതിനും പോസ്റ്റോഫിസിനെ ആശ്രയിക്കേണ്ടിയിരുന്ന ഒരു നല്ല കാലം നമുക്കുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ്‌ ഈ അനുഭവങ്ങൾ പങ്ക്‌ വെച്ചത്‌.

ഇന്ത്യയിലെ ഏറ്റവും പുരതന പൊതു മേഖല സ്ഥാപനമാണ്‌ ഇന്ത്യൻ പോസ്റ്റ്‌. ബ്രിട്ടീഷ്‌ ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോർഡ്‌ റോബർട്ട്‌ ക്ലൈവിന്റെ കാലത്താണ് (1764 ൽ) ഇന്ന് കാണുന്ന പോസ്റ്റൽ സമ്പ്രദായം നിലവിൽ വന്നത്. എങ്കിലും വളരേ പുരാതന കാലത്ത്‌ തന്നെ സന്ദേശവാഹകർ മുഖേന കത്തുകൾ കൈമാറിയിരുന്ന ഒരു പൊതു സംവിധാനം നിലവിലുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. അക്‌ബർ ചക്രവർത്തിയുടെ മുഗൾ ഭരണകാലത്ത്‌ തപാൽ സർവീസുകൾ നിലനിന്നിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. നമ്മുടെ കേരളത്തിലും ഒരു സമാന്തര തപാൽ സേവനം നിലവിലുണ്ടായിരുന്നു, അഞ്ചൽ. പഴയ കാലത്ത്‌ നിലനിന്നിരുന്ന സന്ദേശവാഹക ഏർപ്പാടിനെ, ബ്രിട്ടീഷ്‌ ഇന്ത്യയിൽ കേണൽ മൺട്രോ പരിഷ്കരിച്ച സമ്പ്രദായമാണ്‌ അഞ്ചൽ. സന്ദേശവാഹകൻ, ദൈവദൂതൻ എന്നെല്ലാം അർത്ഥമുള്ള ആഞെലസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. സന്ദേശം എത്തിക്കുന്നവരെ അഞ്ചലോട്ടക്കാർ എന്നായിരുന്നു പറഞ്ഞിരുന്നത്‌. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി അഞ്ചലോട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്.

ബ്രിട്ടിഷ്‌ ഇന്ത്യയിൽ 1764 ഇന്ത്യൻ പോസ്റ്റൽ സംവിധാനം നിലവിൽ വന്ന ശേഷം 1774-ൽ ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യ ബംഗാൾ ഗവർണ്ണറായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് (Warren Hastings) ഇന്ത്യയിലെ ആദ്യ പോസ്റ്റ്‌ ഓഫീസ്‌ ആയ കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു. 1854-ൽ ബ്രിട്ടീഷ്‌ ഗവർണർ ജനറലായിരുന്ന ഡൽഹൌസി പ്രഭുവിൻറെ കാലത്താണ് പോസ്റ്റ്‌ ഓഫീസ് ആക്ട്‌ നിലവിൽ വന്നത്. 1852-ൽ സിന്ധിൽ ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി. സിന്ധിലെ കമ്മിഷണർ ആയിരുന്ന ബാർട്ടർ ഫെരേര ‘സിന്ധ് ഡാക്’ (Scinde Dawk) എന്ന പേരിൽ ഇറക്കിയ ഈ സ്റ്റാമ്പ്‌ ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പായിരുന്നു. Sindh എന്ന പ്രവിശ്യയുടെ (ഇന്ന് പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന സ്ഥലം) പഴയ ഇംഗ്ലീഷ്‌ സ്പെല്ലിംഗ്‌ ആയ Scinde എന്ന വാക്കും തപാൽ എന്നർത്ഥം വരുന്ന Dawk എന്ന ഉറുദു വാക്കും ചേർന്ന സിന്ധ്‌ ഡാക്‌ ആയിരുന്നു ബ്രിട്ടീഷ്‌ ഇന്ത്യ മുഴുവനും ബർമ്മയിലും പ്രചാരണത്തിലുണ്ടായ ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പ്‌. ഈസ്റ്റിന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു ഇതിൽ പതിപ്പിച്ചിരുന്നത്.

സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്‌ 1947 നവംബർ 21-നാണ് പുറത്തിറക്കുന്നത്. ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത് ത്രിവർണ പതാകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്ന് മുമ്പ്‌ വെറും 23,000 പോസ്റ്റ്‌ ഓഫീസുകളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്‌. അതിൽ ബഹുഭൂരിപക്ഷവും പട്ടണങ്ങളിൽ മാത്രം. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ പോസ്റ്റൽ സംവിധാനമാണ്‌ ഇന്ത്യയിലേത്‌. 1,55,400 പോസ്റ്റ്‌ ഓഫീസുകൾ എന്ന റിക്കാർഡ്‌ ഇന്ത്യയ്‌ക്ക്‌ മാത്രം സ്വന്തം. അഞ്ചര ലക്ഷത്തിലധികം ജീവനക്കാരാണ്‌ ഇന്ത്യൻ പോസ്റ്റൽ ഡിപാർട്ട്‌മെന്റിൽ സേവനമനുഷ്ടിക്കുന്നത്‌. ഇന്ത്യയുടെ 88% ശതമാനം ഭൂപ്രദേശത്തും ഇന്ന് തപാൽ സംവിധാനം നിലവിലുണ്ട്‌. നഗരങ്ങളിലുള്ളതിനേക്കാളേറെ പോസ്റ്റോഫിസുകളുള്ളത്‌ ഗ്രാമപ്രദേശങ്ങളിലാണ്‌. ഓരോ 23 ചതുരശ്ര കിലോ മിറ്ററിലും ഒരു പോസ്റ്റ്‌ ഓഫീസ്‌ ഉണ്ട്‌. ഓരോ 8000 പേർക്ക്‌ ഒരു പോസ്റ്റ്‌ ഓഫീസ്‌ എന്നതും റിക്കാർഡാണ്‌.

ഓരോ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തലവന്മാരായിട്ടുള്ള 22 പോസ്റ്റൽ സർക്കിളുകളാണ് രാജ്യത്തുടനീളമുള്ളത്. ഓരോ സർക്കിളും തുടർന്ന് ഓരോ പോസ്റ്റ് മാസ്റ്റർ ജനറലിന്റെ കീഴിൽ വിവിധ മേഖലകളായും തിരിച്ചിട്ടുണ്ട്. തഴോട്ട് ഡിവിഷനുകളായും സബ് ഡിവിഷനുകളായും ഒക്കെ അത് വ്യാപിച്ചു കിടക്കുന്നു. ഇന്ത്യൻ സായുധസേനകൾക്ക് പ്രത്യേകമായി ഒരു ആർമി തപാൽ സർവീസുമുണ്ട്. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ ഉയരത്തിലുള്ള പോസ്റ്റ്‌ ഓഫീസ്‌ എന്ന റിക്കാർഡും ഇന്ത്യക്ക്‌ സ്വന്തം. ഹിമാചൽ പ്രദേശിലെ ഹിക്കിമിലുള്ള പോസ്റ്റ്‌ ഓഫീസാണത്‌. 4700 മീറ്റർ ഉയരത്തിൽ (പിൻ 172114).

ജമ്മു കാശ്‌മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിലൂടെ ‘ഒഴുകുന്ന പോസ്റ്റ്‌ ഓഫീസ്‌’ പ്രവർത്തിക്കുന്നുണ്ട്‌ (പിൻ 191202). ഇന്ത്യാ രാജ്യത്തിന്ന് പുറത്തും ഒരു ഇന്ത്യൻ പോസ്റ്റ്‌ ഓഫീസ്‌ സ്ഥാപ്പിച്ചിട്ടുണ്ട്‌ എന്നത്‌ ഒരു കൗതുകരമായ വാർത്തയാണ്‌. അന്റാർട്ടിക്കയിലെ ദക്ഷിൺ ഗംഗോത്രി എന്ന സ്ഥലത്താണ്‌ 1983 ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ പോസ്റ്റ്‌ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌.

നിരവധി സേവനങ്ങളാണ്‌ ഇന്ന് ഇന്ത്യൻ തപാൽ വകുപ്പ്‌ ഉപഭോക്തക്കൾക്കായി നൽകി വരുന്നത്‌. കത്തുകളും പോസ്റ്റ്‌ കാർഡുകളും ദേശത്തിനകത്തും പുറത്തും സ്വീകർത്താവിന്ന് എത്തിച്ച്‌ കൊടുക്കുന്ന സേവനത്തിന്ന് പുറമേ, പാർസൽ സർവീസ്‌, എക്സ്‌പ്രെസ്‌ കുര്യർ സർവീസ്‌, വി. പി. പി., മണി ഓർഡർ, ലൈഫ്‌ ഇൻഷൂറൻസ്‌, സേവിംഗ്‌സ്‌, ഇന്ദിരാ വികാസ്‌ പത്ര, ടെലഫോൺ ബില്ല് അടക്കാനുള്ള സൗകര്യം, പെൻഷൻ വിതരണം തുടങ്ങി ഒട്ടനവധി ജനക്ഷേമ സേവനങ്ങൾ പോസ്റ്റ്‌ ഓഫീസ്‌ വഴി ലഭ്യമാവുന്നുണ്ട്‌.

കത്തുകൾ പൊതിഞ്ഞ്‌ സൈക്കിളിലോ നടന്നോ വരുന്ന പോസ്റ്റ്‌ മാൻ ‘ബാലൻ’ മാഷ്‌ ടെ കയ്യിൽ എനിക്കൊരു മണി ഓർഡറുണ്ടോ എന്ന് ചോദിച്ച്‌ വരുന്ന അമ്മമാരും ജോലിക്കുള്ള ഇന്റർവ്യൂ കാർഡ്‌ പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥിയും പഴയ സിനിമകളിൽ മാത്രം ഒതുങ്ങി പോയി. എങ്കിലും ഇലക്‌ട്രോണിക്‌ മാദ്ധ്യമങ്ങൾ അടക്കിവാഴുന്ന ഈ ആധുനിക ലോകത്ത്‌ ഇന്നും തപാൽ സേവനം ഉപയോഗപ്പെടുത്തുന്നവരിൽ വലിയ കുറവില്ല, പ്രത്യേകിച്ച്‌ ഗ്രാമ പ്രദേശങ്ങളിലുള്ളവർ. നാളെ ഒരു പക്ഷേ പോസ്റ്റൽ സംവിധാനങ്ങൾ ഇന്നലെയുടെ ഒരു ഓർമ്മ മാത്രമായി മാറിയേക്കാമെങ്കിലും.

കടപ്പാട് – ѕι∂∂ι ρєяfє¢т.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply