ഓലപ്പുരയിൽ നിന്നും മൾട്ടിപ്ളെക്സിലേക്ക്.. മാറുന്ന തിയേറ്റർ അനുഭവങ്ങൾ…

എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി.

ഒരു സിനിമ അതിന്റെ എല്ലാ പൂർണതയിലും ആസ്വദിക്കണം എങ്കിൽ ഒരു മികച്ച തീയറ്ററിൽ തന്നെ ആസ്വദിക്കണം. പണ്ടൊക്കെ നമ്മുടെ നാട്ടിലെ സിനിമ ശാലകൾക്ക് സിനിമ കോട്ടക എന്നൊരു പേരും ഉണ്ടായിരുന്നു പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ആ വാക്ക് അത്ര പരിചയം കാണില്ല. ഓലയോ, ഷീറ്റോ മേഞ്ഞ മേൽക്കൂരയും, പരമ്പിന്റെ വാതിലുകളും, കോളാമ്പി സ്പീക്കറുകളും ഉള്ള സിനിമ കൊട്ടകയിൽ ഇരുന്ന് സിനിമ ആസ്വദിച്ചിട്ടുണ്ടോ നിങ്ങൾ?

അന്നൊക്കെ സിനിമയിലെ ആസ്വദനത്തിന് കടുത്ത കല്ലുകടി ഉണ്ടാക്കുന്ന ചില കാര്യങ്ങളും ഈ തീയറ്ററുകളിൽ ഉണ്ടായിരുന്നു. അവയിൽ ചിലതാണ് മൂട്ട, തിയറ്ററിന് നടുക്ക് ഉള്ള തൂണുകൾ, മുകളിൽ കറങ്ങുന്ന ഫാനിന്റെ സൗണ്ട്‌, പിന്നെ സൂര്യപ്രകാശം മേൽക്കൂരയുടെ വിടവിലൂടെ തിയറ്ററിലേക്ക് അരിച്ചിറങ്ങുന്ന കാഴ്ച്ച (മുകളിലാണോ പിറകിൽ ആണോ പ്രൊജക്ടർ എന്ന് നമുക്ക് സംശയം തോന്നും ചിലപ്പോ) എന്നിവ.

എല്ലാം സഹിക്കാം പക്ഷെ നടുക്ക് ഉള്ള തൂണ് ആണ് യഥാർത്ഥ രസം കൊല്ലി, സിനിമയിൽ ഉള്ള അപകടങ്ങൾ വരെ ആ തൂണിൽ ഇടിച്ചാണ് ഉണ്ടായതെന്ന് വരെ വിശ്വസിച്ചു പോകും. (ടൈറ്റാനിക് ഇറങ്ങിയ കാലം ഞങ്ങളുടെ നാട്ടിൽ ഒരിടത്തു പഴയ കാല തീയറ്ററിൽ സിനിമ വന്നപ്പോ പൊയി കണ്ടിട്ട് വന്ന ഒരു കൂട്ടുകാരൻ പറഞ്ഞത് ടൈറ്റാനിക് ഇടിച്ചത് മഞ്ഞു മലയിൽ ഒന്നും അല്ലടാ ഉവ്വേ ആ നടുക്ക് ഉള്ള തൂണിൽ ആണെന്നാണ്.

എന്റെ ആദ്യ സിനിമ അനുഭവവും അങ്ങനെ ഒരു തീയറ്ററിൽ ആയിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട വൈശാലി എന്ന സിനിമ റാന്നി മഹാലക്ഷ്മി തിയറ്ററിൽ. ഒരു പക്ഷെ ആദ്യ സിനിമ അനുഭവം ആയത് കൊണ്ടാകാം മേല്പറഞ്ഞ തടസങ്ങൾ ഒന്നും ഒരു പോരായ്മ ആയി തോന്നിയില്ല അന്ന്. അന്നത്തെ ആ സിനിമ അനുഭവം ഇപ്പോളും മനസ്സിൽ 8k യിൽ നിൽപ്പുണ്ട്. പിന്നീട് കണ്ടത് ചിത്രം എന്ന സിനിമയാണ് പത്തനംതിട്ട ഐശ്വര്യയിൽ. നടുവിൽ തൂണുകളോ, മുകളിൽ നിന്നും സൂര്യ പ്രകാശവും ഒന്നും വീഴാത്ത തീയേറ്റർ ( ഐശ്വര്യ ഇപ്പോഴും ഉണ്ട് ഡിജിറ്റൽ സൗണ്ടും, ACയും ഒക്കെ ആയി കാലത്തിന് അനുസരിച്ച് മാറുന്നുണ്ടവൾ).

ഐശ്വര്യയെക്കാൾ നല്ല ഒരു തിയറ്ററിൽ ഞാൻ സിനിമ കാണുന്നത് പത്തനംതിട്ട അനുരാഗിൽ ആണ് ഗോഡ്ഫാദർ (മലയാളം). അനുരാഗ് തീയറ്റർ അക്കാലത്ത് മധ്യ കേരളത്തിൽ ഉണ്ടായിരുന്ന ആധുനിക തീയറ്ററുകളിൽ മുൻപന്തിയിൽ തന്നെ ആയിരുന്നു. ബാൽക്കണിയും, നല്ല റിക്ലയിനർ സീറ്റും, മികച്ച സൗണ്ട് സിസ്റ്റവും ഉണ്ടായിരുന്ന അനുരാഗ് തീയറ്ററിൽ ഒരുപാട് സിനിമകൾ ആസ്വദിച്ചിരുന്നു. പിന്നീട് അനുരാഗ് ധന്യ, രമ്യ എന്നിങ്ങനെ രണ്ട് തിയറ്ററുകൾ ആയി മാറി.

മുൻപ് എന്റെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ ഉണ്ടായിരുന്നത് വെറും രണ്ട് തിയറ്ററുകൾ മാത്രം ആയിരുന്നു, ഐശ്വര്യ, അനുരാഗ്. പിന്നെ അത് മൂന്ന് ആയി ഇപ്പോൾ ട്രിനീറ്റി മൂവീ മാക്സ് എന്ന 3 സ്ക്രീൻ ഉള്ള ഒരു മിനി മൾട്ടിപ്ലെക്സ് കൂടി വന്നു. അങ്ങനെ 6 തീയറ്റർ ആണ് അര കിലോമീറ്റർ ചുറ്റളവിൽ ഉള്ളത്. എന്റെ ജില്ലയിലെ ആദ്യ മൾട്ടിപ്ലെക്‌സും ട്രിനിറ്റി തന്നെ ആണ്.

നമ്മുടെ ഇന്ത്യയിൽ മൾട്ടിപ്ലക്‌സുകൾ ചെറുതും വലുതും ആയി ധാരാളം ഇന്നുണ്ട് . 1980കളുടെ മധ്യത്തിൽ തന്നെ ഇന്ത്യയിൽ മൾട്ടിപ്ലക്സുകൾ ആരംഭിച്ചിരുന്നു, 90കളുടെ മധ്യത്തോടെ അതിനു നല്ല പ്രചാരം ലഭിക്കുകയും 2010 ആയപ്പൊളേക്കും കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് വരികയും മൾട്ടിപ്ലക്സുകൾ കൂടുതൽ ജനകീയമാവുകയും ചെയ്തു. ചെറുതും വലുതുമായ അനേകം മൾട്ടിപ്ലക്സുകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും പ്രധാനമായും മൾട്ടിപ്ലെക്സ് രംഗത്തെ അതികായർ എന്ന് വിശേഷിപ്പിക്കാവുന്ന 5 കമ്പനികൾ ആണ് ഉള്ളത്.

1, PVR ( പ്രിയ വില്ലേജ് റോഡ്ഷോ ) : സിനിമാസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ബ്രാൻഡ് നെയിം ആണ് ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ശൃംഖലയായ PVR . പരമ്പരാഗതമായി ലോറി ട്രാൻസ്‌പോർട് ബിസ്നെസ് ആയിരുന്ന കുടുംബത്തിൽ നിന്നും ആയിരുന്നു അജയ് ബിജിലിയുടെ വരവ്, പിതാവിന്റെ മരണശേഷം പിതാവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സൗത്ത് ഡൽഹിയിലെ ഒരു തിയറ്റർ നവീകരിച്ചു കൊണ്ട് ആണ് ബിജിലി ഈ രംഗത്തേക്ക് എത്തുന്നത്.

പ്രിയ എക്സിബിറ്റേഴ്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ ഓസ്‌ട്രേലിയൻ കമ്പനി ആയ വില്ലേജ് റോഡ്ഷോ 40% നിക്ഷേപം നടത്തി PVR അഥവാ പ്രിയ വില്ലേജ് റോഡ്ഷോ എന്ന സംയുക്ത സംരംഭം ആരംഭിച്ചു. 1995ൽ സൗത്ത് ഡൽഹിയിലെ അനുപം തിയറ്റർ ഏറ്റെടുത്ത് നവീകരിച്ച 4 സ്‌ക്രീനുകളോട് കൂടിയ PVR അനുപം ആണ് ഇന്ത്യയിലെ അവരുടെ ആദ്യ മൾട്ടിപ്ലക്‌സ്‌, മാത്രമല്ല ആധുനിക മൾട്ടിപ്ലക്‌സുകളുടെ പട്ടികയിൽ ഇന്ത്യയിൽ ആദ്യത്തേതും അതാണ്‌. പിന്നീട് അവിടുന്ന് PVR തന്റെ ജൈത്ര യാത്ര ആരംഭിക്കുക ആയിരുന്നു.

2003ൽ വില്ലേജ് റോഡ്ഷോ കരാറിൽ നിന്ന് പിന്മാറുകയും തുടർന്ന് ICICI കമ്പനി PVRൽ 40% നിക്ഷേപം നടത്തുകയും ചെയ്തു. 2012ൽ സിനിമാക്സിന്റെ 138 സ്‌ക്രീനുകളും, 2016ൽ DLFന്റെ ഉടമസ്ഥതയിൽ ഉള്ള DT സിനിമാസിന്റെ 32 തിയറ്ററുകളും ഏറ്റെടുത്ത് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ ശൃംഖല ആയ PVRന് രാജ്യത്താകമാനം 60 ഓളം നഗരങ്ങളിൽ 145ഓളം ഇടങ്ങളിൽ ആയി 800ന് മുകളിൽ സ്ക്രീനുകൾ ഉണ്ട്.

ഡൽഹിക്ക് അടുത്ത് നോയിഡയിൽ Logix മാളിൽ ഉള്ള PVR *സൂപ്പർപ്ലക്‌സ്‌’ ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പർപ്ലക്‌സ്‌ ആണ്. 15 screen ഉള്ള ഈ തീയറ്റർ സമുച്ചയം സ്‌ക്രീനുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത് ആണ്,16 സ്ക്രീനുകൾ ഉള്ള ചെന്നൈയിലെ മായാജാൽ സിനിമ ആണ് സ്‌ക്രീനുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്.

കംപ്യൂട്ടർ രംഗത്തെ ഭീമന്മാരായ hp യോടൊപ്പം ചേർന്ന് PVR ഒരുക്കിയ നോയിഡയിലെ DLF MALL OF INDIAയിലെ PVR ECX ( ECX – Enhanced Cinema Experience) ഏഷ്യയിലെ തന്നെ ആദ്യത്തെ VIRTUAL REALITY തിയറ്റർ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ 4DX തീയേറ്റർ കമ്പനി ആകാനുള്ള യാത്രയിൽ ആണ് ഇപ്പോൾ PVR, ഏകദേശം 15ഓളം തീയറ്ററുകൾ ആണ് PVR ഇതിനായി തയാറാക്കുന്നത്. രാജ്യത്താകമാനം 1000 സ്ക്രീനുകൾ ഉള്ള തിയറ്റർ ശൃംഖല ആകുക എന്നതും 2020ൽ PVR കൈവരിക്കും.

2, ഐനോക്സ് സിനിമാസ് ( INOX) : ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് കമ്പനി ആണ് ഐനോക്‌സ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 1999ൽ തുടക്കമിട്ട ഇനോക്സിന് ഇന്ന് രാജ്യത്താകമാനം 70 ഓളം സ്ഥലങ്ങളിലായി 133 മൾട്ടിപ്ലക്സുകളും 540 ന് മുകളിൽ സ്‌ക്രീനുകളും സ്വന്തമായി ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ സിനിമ ഫെസ്റ്റിവൽ ആയ ഗോവൻ ചലച്ചിത്ര മേളക്ക് 2004 മുതൽ ചുക്കാൻ പിടിക്കുന്നതും ഐനോക്‌സ് ഗ്രൂപ്പ് ആണ്.

2010 ൽ fame cinemasന്റെ 100% ഓഹരികൾ വാങ്ങിയ ഐനോക്‌സ് SATHYAM CINEPLEXES ലിമിറ്റഡിന്റെ ഷെയർ കൂടി ഐനോക്‌സ് ലെയ്‌സർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലാക്കി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടിപ്ലക്‌സ് ബ്രാൻഡ് ആയി മാറി. എക്സിബിഷൻ രംഗത്ത് നൂതന സാങ്കേതിക വിദ്യകൾക്കു മുൻ‌തൂക്കം നൽകുന്ന ഐനോക്‌സ് 2016ൽ രാജ്യത്തെ ആദ്യത്തെ ലേസർപ്ലക്‌സ്‌ തീയേറ്റർ മുംബൈ നരിമാൻ പോയിന്റിൽ തുറന്നു. രാജ്യത്തെ ആദ്യത്തെ 7star laserplux തീയേറ്റർ 2018ൽ ഡൽഹിയിൽ നെഹ്രുപ്ലേസിൽ ഐനോക്‌സ് തുറക്കുകയും ചെയ്തു. IMAX കമ്പനിയുമായി ചേർന്ന് രാജ്യത്തെ ഏറ്റവും വലിയ IMAX തീയേറ്റർ ശൃംഖലയും ആണ് നിലവിൽ ഐനോക്‌സ്.

3, കാർണിവൽ സിനിമാസ് (CARNIVAL) : കേരളത്തിലെ അങ്കമാലി ആസ്ഥാനമായി ഉള്ള കാർണിവൽ ഗ്രൂപ്പ് 2012ൽ തുടക്കമിട്ട കാർണിവൽ സിനിമാസ് 2016 ൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള ADLABSന്റെ Big സിനിമാസിന്റെ രാജ്യത്തിനകത്തും പുറത്തും ഉള്ള തീയറ്ററുകളെ ഏറ്റടുക്കുകയുണ്ടായി. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ്‌ ശൃംഖലയിൽ 3ആം സ്ഥാനത്താണ് കാർണിവൽ സിനിമാസ്.

രാജ്യത്തെ 20ഓളം സംസ്ഥാനത്തു ഇന്ന് കാർണിവൽ സിനിമാസ് ഉണ്ട്. 120 നഗരങ്ങളിൽ 162 മൾട്ടിപ്ലക്സുകളിൽ 470 ഓളം സ്ക്രീനുകൾ ഇന്ന് കാർണിവലിനു ഇന്ത്യയിൽ ഉണ്ട്. 2018ൽ UAE ആസ്ഥാനമായ NOVO CINEMAS ഏറ്റെടുത്ത് UAE, ബഹറെൻ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ച കാർണിവൽ സിനിമാസ് സിംഗപ്പൂരിൽ 6 തിയേറ്ററുകൾക്കും തുടക്കമിട്ടു. ഇന്ത്യയ്ക്ക് പുറത്തും എക്സിബിറ്റേഴ്സ് തീയേറ്റർ ഉള്ള ഏക ഇന്ത്യൻ മൾട്ടിപ്ലക്‌സ് കമ്പനി ആണ് കാർണിവൽ സിനിമാസ്.

4, സിനിപോളിസ് ( CINEPOLIS) : ലോകത്തെ നാലാമത്തെ വലിയ മൾട്ടീപ്ലക്‌സ്‌ ശൃംഖല ആണ് മെക്സിക്കൻ കമ്പനി ആയ സിനിപോളിസ്. ലോകത്താകമാനം 5251 സ്ക്രീനുകൾ ഉള്ള സിനിപോളിസിന് ഇന്ന് ഇന്ത്യയിൽ 35ഓളം നഗരങ്ങളിൽ ആയി 250ന് അടുത്ത് സ്ക്രീനുകൾ ഉണ്ട്. 2010ൽ ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കുമ്പോൾ ഇന്ത്യ മുഴുവൻ 500സ്ക്രീനുകൾ എന്ന ലക്ഷ്യം ആയിരുന്നു സിനിപോളിസിന്. ഇതിനായി 1500കോടി രൂപ ആണ് അവർ നിക്ഷേപിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയിലെ മൾട്ടിപ്ലക്‌സ്‌ ശൃംഖലയിൽ 4ആം സ്ഥാനം ഉള്ള സിനിപോളിസ് ഇന്ത്യയിലെ ഏക വിദേശ എക്സിബിറ്റർ കൂടി ആണ്. പൂനെയിൽ 15 സ്ക്രീനുകൾ , താനെയിൽ 14 സ്ക്രീൻ ഉള്ള തീയറ്റർ സമുച്ചയങ്ങളിൽ എന്നിവയിൽ IMAX, 4DX, DOLBY ATMOS എന്നീ അത്യാധുനിക സൗകര്യങ്ങൾ ആണുള്ളത്. സിനിപോളീസിന്റെ പ്രീമിയം ലക്ഷ്വറി തീയറ്റർ ആണ് സിനിപോളീസ് VIP. 2010ൽ തന്നെ CINEMASTER എന്ന ഒരു സബ്‌ ബ്രാൻഡ് കൂടെ സിനിപോളിസ് തുറന്നിരുന്നു.

5, എസ്.പി.ഐ സിനിമാസ് ( SPI CINEMAS ) ഒരു പക്ഷെ SPI സിനിമാസ് എന്ന പേര് എല്ലാവർക്കും അത്ര പരിചിതം ആയിരിക്കില്ല, പക്ഷെ സത്യം സിനിമാസ് എന്ന പേര് എല്ലാവർക്കും പരിചിതം ആയിരിക്കും. കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ ഉള്ള SPI സിനിമാസിന് 20 തിയറ്ററുകളിൽ ആയി 85 സ്ക്രീനുകൾ ഉണ്ട്.

ദക്ഷിണെന്ത്യൻ സിനിമയുടെ ഈറ്റില്ലo ആയ മദിരാശിയിൽ 1974ൽ സ്ഥാപിച്ച റോയൽ തീയറ്റർ കോംപ്ലക്സ് അക്കാലത്തെ ചെന്നൈയിലെ ഏറ്റവും വലിയ തിയറ്റർ സമുച്ചയം ആയിരുന്നു. ഒരു പക്ഷെ അത് തന്നെ ആയിരുന്നിരിക്കാo ഇന്ത്യയിലെ തന്നെ ആദ്യകാല മൾട്ടിപ്ലക്‌സ്‌ .1250ഓളം ആയിരുന്നു സീറ്റിങ് കപ്പാസിറ്റി. 2018ൽ PVR SPI സിനിമാസിനെ ടേക്ക് ഓവർ ചെയ്യാൻ പോകുന്നു എന്ന് വാർത്ത ഉണ്ടായിരുന്നു എങ്കിലും നടന്നില്ല. ഇന്ത്യൻ സിനിമാ എക്സിബിറ്റേഴ്സ് രംഗത്തെ വലിയ 5 കമ്പനികൾ ആണ് മുകളിൽ പറഞ്ഞവ.

മികച്ച ചെറു മൾട്ടിപ്ലക്‌സുകൾ ഇന്ത്യയിൽ വേറെയുമുണ്ട്. അത്തരത്തിൽ ഒന്നാണ് പ്രസാദ് I MAX. ഇന്ത്യയിലെ ഏറ്റവും മികച്ച I MAX തിയറ്റർ ആണ് ഹൈദ്രബാദിലെ പ്രസാദ് I MAX. ഇന്ത്യയിലെ തന്നെ ആദ്യത്തെ I MAX തീയേറ്റർ ഇതാണ്‌. 72 അടി ഉയരവും 95 അടി വീതിയും ഉള്ള സ്ക്രീനും 12,000 വാട്സിന്റെ സൗണ്ട് സിസ്റ്റവും ഉപയോഗിക്കുന്ന പ്രസാദ് I MAX ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ I MAX 3D സ്‌ക്രീൻ ആണ്. ഒന്നാം സ്ഥാനം സിഡ്‌നിയിലെ ഒരു തിയറ്ററിനു ആണ് 97അടി ഉയരവും 123 അടി വീതിയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ I MAX ഷോകൾ നടത്തിയ സ്ക്രീനും ഇതാണ്‌.

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടീപ്ലക്‌സ്‌ തീയറ്റർ ആണ് ചെന്നൈ
മായാജാൽ. 16 സ്‌ക്രീൻ ആണ് ഒരൊറ്റ തിയറ്റർ സമുച്ചയത്തിൽ ഉള്ളത്. ഇന്ത്യയിലെ ആദ്യ സൂപ്പർപ്ലക്‌സ്‌ ആണ് PVR നോയിഡ. 15 സ്‌ക്രീനുകളിൽ ലക്ഷ്വറി ഹാൾ ആയ PVR GOLD, DOLBY ATMOS, 7.1, I MAX, 4DX എന്നിവയെ കൂടാതെ കുട്ടികൾക്കായി ഉള്ള PLAY HOUSE തിയറ്റർ എന്നിവയെല്ലാം ഉണ്ട്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply