മൂന്ന് യുവാക്കൾ ലഡാക്ക് കണ്ടു വന്നപ്പോൾ തോന്നിയ കാര്യങ്ങൾ, നിർദേശങ്ങൾ, ഉപദേശങ്ങൾ…

വിവരണം – Thoufeeq Aslam.

“മൂന്ന് യുവാക്കൾ ലഡാക്ക് കണ്ട് ” വന്നപ്പോൾ തോന്നിയ കാര്യങ്ങൾ, നിർദേശങ്ങൾ, ഉപദേശങ്ങൾ, ഒരുക്കം, മാർഗം എല്ലാം…. ഇനി പോവുന്ന സഞ്ചാരികൾക്കായി പോസ്റ്റുന്നു…

തുടക്കം, ഒരുക്കം :- ലഡാക്കിലേക്ക് കേരളത്തിൽ നിന്ന് വാഹനം ഓടിച്ച് പോവുക എന്നതിനർത്ഥം ഇന്ത്യാ മഹാരാജ്യത്തിന്റെ നെടുകെ, തെക്കെ അറ്റം മുതൽ വടക്കെ അറ്റം വരെ, തീർത്തും ഭിന്നമായ കാലാവസ്ഥ, ഭാഷകൾ, ഭക്ഷണം, കാഴ്ച്ചകൾ, ജനങ്ങൾ, സംസ്കാരം എന്നിവയിലൂടെ കടന്ന് പോവുക എന്നതാണ്. ആ അനിശ്ചിതത്വങ്ങളെ ആസ്വദിക്കാൻ മനമൊരുങ്ങിയാൽ നിങ്ങൾ ലഡാക്കിലെത്തിയെന്ന് ഉറപ്പിച്ചോളൂ.

സമയം :- മെയ് ആദ്യവാരം മുതൽ നവംബർ ആദ്യവാരം വരെയാണ് ലഡാക്ക് സീസൺ. അല്ലാത്തപ്പോഴും പോവാം… പക്ഷെ മഞ്ഞ് വീഴ്ച്ച കാര്യങ്ങൾ തകിടം മറിക്കാൻ സാധ്യത ഉണ്ട്.പാങ്ങോങ്ങ് താടകത്തിലേക്കും, കർദുങ്ങ് ലാ ടോപ്പിലേക്കും മഞ്ഞുകാലത്ത് റോഡ് മാർഗം ചെന്നെത്താൻ സാധ്യമാവില്ല. അതിനാൽ മെയ് മുതൽ ഒക്ട്ടോബർ വരെ ഉള്ള കാലങ്ങളിൽ യാത്ര പ്ലാൻ ചെയ്യുകയാവും ഉത്തമം.ഏറ്റവും മികച്ചത് ആഗസ്റ്റ് – സപ്റ്റംമ്പർ ആവും. ആ സമയത്ത് ഹിമാലയത്തിൽ മഴ ഒഴിവാക്കാം.

മാർഗം അഥവാ റോഡ് :- കേരളത്തിൽ നിന്ന് ലഡാക്ക് വരെ ഏകദേശം 4000 കിലോമീറ്റർ ഉണ്ട്. ലേ- ലഡാക്കിൽ എത്താൻ രണ്ട് മാർഗങ്ങൾ ഉണ്ട്. 1. ജമ്മു കാശ്മീരിലെ ശ്രീനഗർ ,കാർഗിൽ വഴി. 2. ഹിമാചൽ പ്രദേശിലെ റോത്താങ്ങ് പാസ് വഴി. ഒന്നാമത്തെ പാത വർഷം മുഴുവൻ തുറന്നിട്ടതാണ്. കിലോമീറ്റർ കൂടും. ഹിമാചൽ പ്രദേശ് സ്പർശിക്കാതെ നമുക്ക് ലേ യിൽ എത്താം. മഞ്ഞ് വീഴ്ച്ചക്ക് അനുസരിച്ച് ഈ പാതയിൽ ഗതാഗതം തടസപ്പെടാറുണ്ടെങ്കിലും അടച്ചിടാറില്ല. എന്നാൽ രണ്ടാമത്തെ പാത അഥവാ റോത്താങ്ങ് പാസ് മെയ് മുതൽ ഒക്ടോബർ വരെ മാത്രമേ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കൂ. അതായത് ഹിമാലയത്തിൽ ശൈത്യം തുടങ്ങുന്ന നാൾ മുതൽ മെയ് വരെ ഇത് അടച്ചിടും.മണാലി താഴ്വരയിൽ നിന്നാണ് റോത്താങ്ങിന്റെ തുടക്കം. പിന്നീട് ലേ എത്തുന്നത് വരെ നിരവധി പാസ് [ പർവ്വത റോഡ് ] കൾ ഉണ്ട്. കാഴ്ച്ചയുടെ ഉത്സവങ്ങളാണ് ഈ റോഡ്.

സമീപ ഭാവിയിൽ റോത്താങ്ങ് എന്നന്നേക്കുമായി അടച്ചിടാൻ പോവാണു.മണാലിയിൽ നിന്ന് പർവ്വതം തുരന്ന് റോത്താങ്ങിന് അപ്പുറം കോക്ക്സർ വരെ ഇന്ത്യാ ഗവർമെന്റെ ഭീമൻ തുരങ്കം പണിയുന്നുണ്ട്. തുരങ്കം തുറന്നാൽ മണാലി വഴി ലേയിലേക്ക് പോവുന്ന സഞ്ചാരികൾക്ക് കിലോമീറ്ററുകൾ ലാഭിക്കാം.പക്ഷെ, റോത്താങ്ങ് പാസ് പിന്നെ സ്വപ്നം മാത്രമാവും… ചണ്ഡിഗഡിനു സമീപത്ത് വച്ചാണ് ജമ്മു വഴി പോവുന്നവരും, മാണാലി വഴി പോവുന്നവരും വഴി പിരിയുന്നത്. അവിടെ വരെ എത്താൻ നിരവധി സാധ്യതകൾ ഇന്ത്യൻ റോഡുകൾ നമുക്ക് തരുന്നുണ്ട്.

ഞങ്ങൾ മലപ്പുറത്ത് നിന്ന് പോയ റൂട്ട് വഴിക്കടവ്- ഗൂഡല്ലൂർ – ബാഗ്ലൂർ – ഹൈദരാബാദ് – നാഗ്പൂർ – ആഗ്ര – ഡൽഹി ചണ്ഡിഗഡ് ആയിരുന്നു. ഈ പാതകൾ അധികവും നാലുവരിപാതകളും തിരക്ക് താരതമ്യേന കുറഞ്ഞതും ആയിരുന്നു. ഏകദേശം 3000 രൂപയുടെ ടോൾ കൊടുവരും.ഗംഭീരമായ യമുന എക്സ്പ്രസ് വേയും ഈ റൂട്ടിൽ ആണ്. തിരിച്ച് വന്നത് ചണ്ഡിഗഡ് ഡൽഹി – ജയ്പൂർ – അജ്മീർ – വഡോദര – സൂറത്ത് – മുബൈ- പൂണെ – ഹുബ്ലി-മൈസൂർ വഴിയും. ഈ റൂട്ടും ഗംഭീരമാണ്. പക്ഷെ.. ഡൽഹി മുതൽ പൂനെ വരെ മുടിഞ്ഞ തിരക്കായിരിക്കും. ചരക്ക് ലോറികൾ അടക്കി വാഴുന്ന കോറിഡോർ ആണ് ഈ പാത. അതിനാൽ സൂക്ഷിച്ച് വേണം യാത്ര.

ജമ്മു – കാശ്മീർ -ശ്രീനഗർ വഴി ലേ യിൽ എത്തി പാങ്ങ് – സർച്ചു – കിലോങ്ങ് – റോത്താങ്ങ് – മണാലി വഴി തിരിച്ചിറങ്ങിയാൽ സംഗതി പൊളിക്കും.കാരണം ഇങ്ങനെ പോയാൽ കാലാവസ്ഥയോട് ഇണങ്ങാൻ നമുക്ക് കൂടുതൽ സമയം ലഭിക്കും…

വാഹനം :- വാഹനമാണ് പരമപ്രധാനം.ഭൂമി മലയാളത്തിലെ ഏത് വണ്ടിയും കൊണ്ട് നിങ്ങൾക്ക് ലേ- ലഡാക്ക് വരെ പോകാം.പക്ഷെ ഒരു നിബന്ധന മാത്രം ….. ആ വാഹനത്തെ പൂർണമായും നിങ്ങൾ അറിഞ്ഞിരിക്കണം.അതായത്, അവൻ എപ്പോൾ, എങ്ങനെ പെരുമാറും എന്ന ഏകദേശ ധാരണ നമുക്ക് ഉണ്ടായിരിക്കണം എന്നർത്ഥം. ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളാണ് ഹിമാലയത്തിലേത്. പൂർണമായും നമ്മുടെ നിയന്ത്രണത്തിൽ ഉള്ള വണ്ടിയും കൊണ്ടേ ഈ പാതകൾ നമുക്ക് കീഴടക്കാനാവൂ.

1. യാത്ര പോകുന്നതിനു മുമ്പ് ജെനുവിൻ ഷോറൂമിൽ കയറ്റി അടിമുടി ഒന്ന് പരിശോധിക്കുക. നിങ്ങളുടെ യാത്രയെക്കുറിച്ച് ഏകദേശ ധാരണ അവർക്ക് ആദ്യം നൽകണം. ഫുൾ കണ്ടീഷൻ ആണ് എന്ന് വിശ്വസ്തനായ മെക്കാനിക്ക് ഉറപ്പ് തരാത്ത വാഹനം കൊണ്ട് ഒരിക്കലും പോകരുത്.

2 .വാഹനത്തിന്റെ മുഴുവൻ ടൂൾ ബോക്സും എമർജൻസി കിറ്റും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

3. ഫ്യൂസ്, അത്യാവശ്യം വേണ്ട വയറുകൾ, ഒരു പഞ്ചർ കിറ്റ് എന്നിവ നല്ലതാണ് [ പഞ്ചർ അടക്കാനും പഠിച്ചിരിക്കണം].

4. ടയറുകളും സ്റ്റെപ്പിനിയും മികച്ച താവണം. ഓർക്കുക ,8000 ത്തോളം കിലോമീറ്റർ നിങ്ങൾക്ക് സഞ്ചരിക്കാനുണ്ട്!!

5. നമ്മൾ കടന്ന് പോവുന്ന പ്രധാന പട്ടണങ്ങളിൽ എല്ലാം നമ്മുടെ വാഹനത്തിന്റെ സർവീസ് സെന്ററോ, വർക്ക്ഷോപ്പോ ഉണ്ടാവും. ഒരു കുഴപ്പവും ഇല്ലങ്കിലും ചുമ്മാ ഒന്ന് കാണിക്കുന്നത് നന്നാവും.

6. വാഹനം നിങ്ങളുടെ സ്വന്തമോ, വാടകക്ക് എടുത്തതോ ആവട്ടെ, ഒറിജിനൽ രേഖകൾ [ RC, ഇൻഷുറൻസ്, പൊലൂഷ്യൻ] നിർബന്ധമായും വാഹനത്തിൽ സൂക്ഷിക്കണം.കൂടാതെ, അറ്റസ്റ്റ് ചെയ്ത ഇവയുടെ രണ്ടോ മൂന്നോ കോപ്പികളും.

7. വാഹനത്തിൽ അത്യാവശ്യം സ്റ്റിക്കർ വർക്കുകൾ ചെയ്യുന്നത് യാത്രയിൽ മറ്റുള്ളവരിൽ നിന്ന് അൽപം പരിഗണന ലഭിക്കാൻ സഹായകരമാവും. പിന്നെ, നമ്മൾ ലഡാക്കിലേക്കാണന്ന് നാലാൾ അറിയട്ടെ…..

8.ഡ്യൂപ്ലിക്കേറ്റ് ചാവി സൂക്ഷിക്കുക.

വാഹനം ഏത്? :- “ടയോട്ട ഫോർച്യൂണർ മുതൽ ടാറ്റ നാനോ വരെ…. എൻഫീൽഡ് ഹിമാലയൻ മുതൽ ബജാജ് 100 cc” ….. കേരളത്തിൽ നിന്ന് ഈ പറഞ്ഞ വാഹനങ്ങൾ ഒക്കെ ലഡാക്ക് കീഴടക്കി വന്നിട്ടുണ്ട്….. അതായത്,ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ പാത കീഴടക്കാൻ നിങ്ങൾക്ക് ഒരു SUV ആവശ്യമില്ല…. പകരം വേണ്ടത് ഏത് ഫോർ വീൽ ഡ്രൈവിനേയും തോൽപ്പിക്കുന്ന “മനസ്സാണ് “…… അതുണ്ടെങ്കിൽ പുറപ്പെടൂ…. നിങ്ങളുടെ വണ്ടിയും കൊണ്ട് …

“5 രൂപയുടെ ലക്സി5 പേന കൊണ്ടും പതിനായിരത്തിന്റെ പാർക്കർ പ്രീമിയം പേന കൊണ്ടും നിങ്ങൾക്ക് IAS എക്സാം എഴുതാം… പക്ഷെ വിജയം തീരുമാനിക്കുന്നത് ആ പേനകൾ അല്ലല്ലോ…” വാഹനം നിങ്ങൾ വാടകക്ക് എടുത്താണ് പോവുന്നതെങ്കിൽ മുഴുവൻ കാര്യങ്ങളും ഉടമയെ ധരിപ്പിക്കുക … കാരണം നിങ്ങൾ കൊണ്ടുപോയ വാഹനമാവില്ല തിരികെ എത്തുന്നത്

ഡൽഹിയിലോ മണാലിയിലോ എത്തി അവിടുന്ന് വാഹനം [കാർ, ബൈക്ക് ] റെന്റിന് എടുത്ത് ലഡാക്കിലേക്ക് പോകാവുന്നതാണ്. പക്ഷെ… ഇത്തരം വാഹനവുമായി വരുന്ന സഞ്ചാരികളെ ലേയിലെ റെന്റൽ മാഫിയ ഉപദ്രവിക്കാൻ സാധ്യത ഉണ്ട്… Zoom car മായി പോയ പലർക്കും അനുഭവം ഉണ്ടായിട്ടുണ്ട്. അപ്പോൾ വാഹനം അവിടെ നിർത്തി അവരുടെ കയ്യിലെ വണ്ടി നമ്മൾ റെന്റിന് എടുക്കേണ്ടി വരും… ഭാഗ്യം ഉണ്ടെങ്കിൽ അവരുടെ കണ്ണിൽ പെടാതെ ഓടിക്കുകയും ആവാം…നമ്മുടെ സ്വന്തം വാഹനം ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല ട്ടോ..

എത്ര ദിവസം :- സാധാരണ ഒരു സഞ്ചാരിക്ക് ഒരു ദിവസം യാത്ര ചെയ്യാൻ പറ്റുന്ന ദൂരം ശരാശരി 600 കിലോമീറ്റർ ആണ്. ബൈക്ക് ആണെങ്കിൽ അത് 500 ആവും. നിരന്തര ഡ്രൈവിംഗിന്റെ കാര്യം ആണ് ഇത്. ഇങ്ങനെ നോക്കിയാൽ കേരളത്തിൽ നിന്ന് ലഡാക്ക് എത്തിച്ചേരാൻ വേണ്ടത് മിനിമം 5 ദിവസം .പക്ഷെ ഈ പോക്ക് കൊണ്ട് എന്ത് കാര്യം സുഹൃത്തുക്കളെ …. കൂറ കപ്പലിൽ കേറി ഹജ്ജ് ചെയ്ത പോലെ ആവും… ലഡാക്ക് മാത്രം അല്ലല്ലോ .. ഇന്ത്യയിൽ വെറെയും കുറെ സ്ഥലങ്ങൾ ഒക്കെ ഉണ്ട് കാണാൻ… പോകുന്ന വഴിക്ക് നമുക്ക് അതൊക്കെ ഒന്ന് കാണണ്ടേ…

ഒരു ദിവസം ഇത്ര കിലോമീറ്റർ ഓടിക്കും എന്ന് കണക്കാക്കുക. സ്ഥലങ്ങൾ കാണാൻ സമയം മാറ്റിവെക്കുക… എന്നിട്ട് കിട്ടുന്ന ദിവസങ്ങളോടപ്പം എക്സ്ട്രാ രണ്ട് ദിവസം കൂടി കൂട്ടുക… കാരണം നമ്മുടെ പ്ലാനിനേക്കാൾ ഗംഭീരമായി കാര്യങ്ങൾ തീരുമാനിക്കുന്ന “ഒരാൾ” മുകളിൽ ഉണ്ട് …15 മുതൽ 20 ദിവസം വരെ എന്നത് മാന്യമായ ഒരു കണക്കാണെന്ന് എനിക്ക് തോന്നുന്നു.

ഭക്ഷണം, താമസം :- ‘ എറ്റവും നല്ല ഭക്ഷണം അമ്മയുടെതാണ് … എറ്റവും മികച്ച ഉറക്കം സ്വന്തം മെത്തയിലും”. കർണാടകയും വിട്ട് കഴിഞ്ഞാൽ നമ്മുടെ കണ്ണിൽ പെടുക “ധാബ” എന്ന ബോർഡുകൾ ആവും. അങ്ങ് ഹിമാലയം വരെ അത് തുടരും. ധാബകളിലെ ഭക്ഷണം നമ്മുടെ ഭാഗ്യം പോലെ ഇരിക്കും. ഗൂഗിളിൽ തപ്പി ഗംഭീരമെന്ന അഭിപ്രായം കണ്ട റെസ്റ്റോറെന്റുകൾ കണ്ട് ചെന്നാ ചിലപ്പോൾ ആമാശയവും കീശയും കീറിപ്പോവും.
ഏറ്റവും മികച്ച ഫുഡ് എവിടെക്കിട്ടുമെന്ന് ലോക്കൽസിനാവും അറിയുക. അവരോട് ചോദിക്കുക.

ചെറിയൊരു ഗ്യാസ് സ്റ്റൗ കൂടെ കരുതുന്നത് നന്നാവും. അത്യാവശ്യം ചായയും മാഗിയും ഒക്കെ നമുക്കതിൽ ഉണ്ടാക്കാം. രാത്രികാലങ്ങളിലെ കിടത്തം മിക്കവാറും ഹോട്ടൽ റൂമുകളിലാവും. “ഓയോ ,മേക്ക് മൈ ട്രിപ്പ് തുടങ്ങിയ മെബൈൽ ആപ്പുകൾ മികച്ച ബഡ്ജറ്റ് റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ നല്ലതാണ്. മിക്ക ദിവസങ്ങളിലും ഞങ്ങൾ മൂന്ന് പേർക്ക് ശരാശരി 1000 രൂപയായിരുന്നു ഓയോ വഴി ബുക്ക് ചെയ്തപ്പോൾ കിട്ടിയത്. A/C റൂം, പിന്നെ ഭക്ഷണവും ഓയോ വഴി റൂം ബുക്ക് ചെയ്താൽ കിട്ടും… ലേയിൽ നമ്മൾ ഹോംസ് റ്റേയിൽ തങ്ങിയാൽ നല്ല ഭക്ഷണം കിട്ടും.പിന്നെ മികച്ച ആഥിഥേയത്വവും.

കാറിൽ ആണ് പോവുന്നതെങ്കിൽ ചെറിയൊരു മയക്കത്തിനുള്ള സജികരണം അതിൽ തയാറാക്കാം. [ഇന്നോവ പോലുള്ള വാഹനങ്ങളാണെങ്കിലേ നടക്കൂ. ബൈക്ക് റൈഡേഴ്സിന് പറ്റില്ലല്ലോ). യാത്രയിൽ മൂന്ന് രാത്രികൾ ഞങ്ങൾ ഉറങ്ങിയത് കാറിനുള്ളിയാരുന്നു. Airbnb, കൗച്ച് സർഫിംഗ് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിംഗ് ഷെൽട്ടർ ഷെയറിംഗ് സംരഭങ്ങൾ ആഗോളതലത്തിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ വ്യാപകമല്ല … അല്ലെങ്കിലും തുറസ്സായ സ്ഥലത്ത് ” കാര്യം” സാധിക്കരുത് എന്ന് TV യിലൂടെ ജനങ്ങളോട് അഭ്യർത്ഥിക്കുന്ന ഒരു രാജ്യത്ത് എന്ത് കൗച്ച് സർഫിംഗ് … പക്ഷെ ഭാവിയിൽ നമ്മൾ അതിന് പ്രാപ്തരാവും എന്ന് പ്രതീക്ഷിക്കാം…

ടെറൻറ്:- അടുത്ത ഒപ്ഷൻ ടെന്റെ ആണ്.ഹിമാലയ മലനിരകളുടെ മടിത്തട്ടിൽ , വെളുപ്പാൻ കാലത്ത്, മഞ്ഞുമൂടിയ പർവ്വതങ്ങൾ മുന്നിൽ കണ്ട്, കയ്യിൽ ആവി പറക്കുന്ന ചായയുമായി ഇരിക്കുന്നത് ആലോചിച്ച് നോക്കൂ… വല്ലാത്തൊരു അനുഭൂതിയാണത്. സ്ഥലം, സാഹചര്യം ഇവ അനുകൂലമാണെങ്കിലേ ടെന്റ് സാധ്യമാവൂ… വിജന പ്രദേശങ്ങൾ പരമാവധി ഒഴിവാക്കുക. നല്ല തണുപ്പുണ്ടെങ്കിൽ സിപ്പിംഗ് ബാഗ് വേണ്ടി വരും. അല്ലെങ്കിൽ തണുത്ത് മരവിക്കും. താമസിക്കാൻ പറ്റുമോ എന്ന് പ്രദേശവാസികളോട് ചോദിക്കുക. എന്തെങ്കിലും കൈമടക്ക് കൊടുത്താൽ സ്വകാര്യ വെക്തികളുടെ സ്ഥലത്ത് പേടി കൂടാതെ ടെന്റടിക്കാം.

ഫോൺ, ലാപ് ,ക്യാമറ… ചാർജിംഗ് :- സഞ്ചാരികളുടെ പ്രധാന തല വേദനയാണ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ ചാർജിംഗ്. കാറുമായി പോകുന്നവർക്ക് ഞങ്ങൾ പരീക്ഷിച്ച് വിജയിച്ച ഒരു ഉപകരണം ഉണ്ട്. ” കാർ ഇൻവെട്ടർ . കാറിലെ മൊബൈൽ ചാർജിംഗ് സ്ലോട്ടിൽ ഇത് കണക്ട്ട് ചെയ്ത്, ഒരു എക്സ്റ്റൻഷൻ പാനൽ ഘടിപ്പിച്ചാൽ ഒരേ സമയം മൊബൈലും, ലാപ്പും, ക്യാമറും യഥേഷ്ടം നമുക്ക് ചാർജ് ചെയ്യാം. ഫ്ലിപ്പ് കാർട്ടിൽ സാധനം കിട്ടും… കാർ ഇൻവെർട്ടർ എന്ന് സെർച്ച് ചെയ്താൽ മതി…

വെളിച്ചം :‌- ടെന്റിൽ താമസിക്കാൻ തീരുമാനിച്ച സഞ്ചാരികളെ അലട്ടുന്ന പ്രധാന പ്രശ്നം രാത്രി കാലത്തെ വെളിച്ചത്തിന്റെ അഭാവം ആയിരിക്കും. മൈബൈലിനും ടോർച്ചിനും പരിധി ഉണ്ടല്ലോ… അതിന് ഞങ്ങൾ കണ്ടെത്തിയ മാർഗം ആയിരുന്നു ” സോളാർ ലൈറ്റ്” ചെറിയൊരു പാനലും തൂക്കിപ്പിടിക്കാവുന്ന ലാമ്പും… ഒരു CFL ന്റെ പ്രകാശം കിട്ടും. പകൽ സമയം പാനൽ കാറിന്റെ സൈഡിൽ വെച്ച് എനർജി സ്റ്റോർ ചെയാം. രാത്രി മതിയായ വെട്ടവും. റേഷൻ കടകൾ വഴി ഈ സാധനം കേരള സർക്കാർ വിതരണം ചെയ്യുന്നുണ്ട്. ഉമ്മ വാങ്ങിയത് ഞാൻ അടിച്ച് മാറ്റി… സർക്കാർ നമ്മോടൊപ്പം ഉണ്ട് സഞ്ചാരികളെ ….

പെർമിഷൻ: റോത്താങ്ങ് പാസ് കയറി ലേ – ലഡാക്ക് സന്ദർശിക്കാൻ ഉള്ള അനുമതി പത്രം മണാലി DC ഓഫീസിൽ നിന്ന് ലഭിക്കും. വാഹനത്തിന്റെ മുഴുവൻ രേഖകളും നമ്മുടെ ID കാർഡിന്റെ കോപ്പികളും സബ്മിറ്റ് ചെയ്ത് പ്രത്യേക ഫോമിൽ അപേക്ഷ പൂരിപ്പിക്കണം. അപേക്ഷ ഒഫീസിനുള്ള സമീപത്തുള്ള കടകളിൽ കിട്ടും..
പാങ്ങോങ്ങ് തടാകവും ഈ പെർമിഷൻ ഉപയോഗിച്ച് നമുക്ക് പോവാം… ചെറിയ ഒരു ഫീസ് ഉണ്ട്… 500 രൂപയിൽ താഴെ… പ്രാധാന കാര്യം :- നമ്മുടെ വാഹനം 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനം ആകരുത്.

AMS !!….. :- അക്യൂട്ട് മൗണ്ടൻ സിക്ക്നസ്സ് അഥവാ ഉയരം കൂടിയ പ്രദേശങ്ങളിൽ ചെന്നാൽ മനുഷ്യ ശരീരം കാണിക്കുന്ന അസ്വസ്ഥതകൾ …. സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരം കൂടിയ പ്രദേശങ്ങളിൽ ഓക്സിജന്റെ തോത് കുറവായിരിക്കും… സമതല പ്രദേശങ്ങളിൽ നിന്ന് പോവുന്ന നമുക്ക് ഈ അവസ്ഥയോട് പെട്ടന്ന് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാവും… കടുത്ത തലവേദന, ചെവിക്കുത്തൽ, മൂക്കിൽ നിന്ന് രക്തം എന്നിവയാണ് ലക്ഷണം…ഒരു പക്ഷെ ലഡാക്ക് യാത്രയിൽ സഞ്ചാരികൾ ഏറ്റവും പേടിക്കുന്നത് ഇവനെ ആണ്. സത്യത്തിൽ ആളൊരു പാവം ആണ്… ശരിയായ പ്രതിരോധം നമ്മൾ സ്വീകരിച്ചാൽ ഇവൻ പത്തി മടക്കും… മണാലിയിലോ ഡൽഹിയിലോ ജമ്മുവിലേയോ മെഡിക്കൽ സ്റ്റോറുകളിൽ ഇതിനുള്ള മരുന്ന് ലഭിക്കും… ആദ്യമേ അതങ്ങ് കഴിച്ച് തുടങ്ങാ… പിന്നെ ഹിമാലയം കേറുമ്പോ ചുമ്മാ വെള്ളം കുടിക്കുക… സംഗതി നമ്മെ വിട്ട് പൊയ്ക്കോളും.

വാഹനങ്ങളെയും ചിലപ്പോൾ ഇവൻ പിടികൂടാറുണ്ട്…. എത്ര ആക്സിലറേറ്റർ കൊടുത്താലും വണ്ടി പുൾ ചെയ്യാത്ത പോലെ തോന്നും. ചങ്ങലങ്ങ് ലാ പാസ് കേറിയപ്പോൾ ഞങ്ങളുടെ ബുള്ളറ്റിന് ഈ അസ്ക്യത ഉണ്ടായിരുന്നു … കാര്യമാക്കണ്ട…. പതിയെ ശരിയാവും….

“ബഡ്ജറ്റ് ” (The one million dollar question…!!!):- മൂന്ന് പേരുള്ള ഒരു സംഘം വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ 10 ന് അടുത്ത് മൈലേജുള്ള ഒരു ഡീസൽ വാഹനത്തിലാണ് പോകുന്നതെങ്കിൽ, ഒരാൾക്ക് ഏകദേശം 35000-40000 ത്തിന്റെ അടുത്ത് ചിലവ് വരും. ബൈക്കിനാണെങ്കിൽ 15000-20000 ന്റെ ഉള്ളിൽ വരുമെന്ന് തോന്നുന്നു. യാത്രയിൽ ഞങ്ങൾക്ക് വന്ന ചിലവുകൾ :-(3 person) ഡീസൽ: 39,700, ടോൾ : 6200, ഭക്ഷണം ,താമസം: 18500, മറ്റ് ചിലവുകൾ : 20000 ത്തോളം.

ഇനി ലഡാക്കിലേക്ക് …!!

1. കേരളം ഒഴിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഹിന്ദി അറിയാവുന്നത് കൊണ്ട് ” തോടാ തോടാ” ഹിന്ദി പഠിക്കുന്നത് നന്നാവും. ഗ്രാമർ നോക്കാതെ അങ്ങ് കാച്ചിയേക്ക് …

2. കഴിയുന്നതും പുലർച്ചെ 6 മണിക്ക് യാത്ര തുടങ്ങി വൈകിട്ട് 7 മണിയോടെ നിർത്തുക.

3. യാത്രയിൽ നമ്മൾ ഇടപെടുന്നവരുമായി തികച്ചും മാന്യമായി പെരുമാറുക… നമ്മുടെതിൽ നിന്ന് തീർത്തും ഭിന്നമാണ് ഉത്തരേന്ത്യൻ സംസ്കാരം … ചുമ്മാ കേറി ചൊറിയാൻ നിന്നാൽ അവന്മാർ കേറി മേഴും … നമ്മൾ സഞ്ചാരികളാണെന്നോ, ലഡാക്ക് കാണാൻ പോവാണെന്നോ അവർക്ക് അറിയേണ്ടതില്ല… സ്നേഹിച്ചാൽ നക്കിക്കൊല്ലും.. ദ്രോഹിച്ചാൽ നെക്കിക്കൊല്ലും.

4. രാത്രി യാത്ര കഴിവതും ഒഴിവാക്കുക. ഡക്കാൻ സമതല [ മധ്യ പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, യു.പി….] ഹൈവേകൾ രാത്രികാലങ്ങളിൽ നിറം മാറും…പ്രത്യേകിച്ചും സംസ്ഥാന അതിർത്തികൾ …പിടിച്ച് പറിക്കാർ, മാവോ, നക്സൽ തുടങ്ങി പലരും അടക്കിവാഴുന്ന പ്രദേശങ്ങളാണ്… അനുഭവം ഉണ്ടേ… പോലീസിനൊന്നും വലിയ റോളില്ല …
അതിനാൽ 8 മണിക്ക് മുന്നേ ഉറങ്ങിക്കോളൂ …

5.റോഡിലെ നിയമങ്ങൾ പരാമാവധി പാലിച്ചോളൂ…. നമ്മുടെ ഭാഗത്ത് നിന്ന് ചെറിയ ഒരു തെറ്റിന് വേണ്ടി കാത്തിരിക്കുകയായിരിക്കും ഉത്തരേന്ത്യൻ പോലീസ്.. കാശ് പോകുന്ന വഴി കാണില്ല… പഞ്ചാപി ലും ഹരിയാനയിലും ഫോഗ് ലാമ്പുകൾ കത്തിക്കാൻ പാടില്ലത്രേ… കണ്ടാ ഫൈനാ… കർണാടക പോലീസ് ആണ് ഏറ്റവും നാറികൾ … കേരള വണ്ടികളോട് പ്രത്യേക പ്രിയം ആണവന്മാർക്ക് … അതു കൊണ്ട് ബീ… കെയർ ഫുൾ!!

6. ഉയരം കൂടുന്തോറും ചായക്ക് രുചി കൂടുമെന്ന് ലാലേട്ടൻ പറഞ്ഞ പോലെ … പർവ്വതങ്ങൾ കേറി കേറി പോവുമ്പോൾ ജനങ്ങളുടെ സ്വഭാവത്തിനും രുചി കൂടും… ഹിമാചലിലേയും കാശ്മീരിലെയും ജനങ്ങൾ സ്നേഹം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ കീഴടക്കും…

7. റോത്താങ്ങ് പാസ് കഴിഞ്ഞ് താണ്ടി എന്ന സ്ഥത്ത് എത്തിയാൽ ആവശ്യമായ ഇന്ധനം നിറക്കുക…. പിന്നേ കാട്ടാൻ 398 കിലോമീറ്റർ സഞ്ചരിച്ച് ലേ അടുത്ത് കരു എന്ന സ്ഥലത്ത് എത്തണം.

8. കാറിൽ പോകുന്നവർ റൈൻ കോട്ട്, ഗം ബൂട്ട് എന്നിവ കയ്യിൽ കരുതുന്നത് നന്നായിരിക്കാം. മഞ്ഞത്ത് കളിക്കുമ്പോൾ ഉപകാരപ്പെടും.

9. കാശ്മീരിൽ പോസ്റ്റ് പെയ്ഡ് BSNL മാത്രമേ വർക്ക് ആവൂ… പോവുന്നതിന് മുമ്പ് കണക്ഷൻ എടുക്കുന്നത് നന്നാവും… ഫോണിൽ GPS നിർബന്ധം.

10.മണാലി വഴി ലേ യിലേക്ക് പോകുന്നവർ,ഒരു ദിവസം മണാലിയിൽ തങ്ങി പിറ്റേന്ന് കാലത്ത് വണ്ടിയെടുത്ത് വൈകിട്ട് കിലോങ്ങിലോ ജിസ്പയിലോ തങ്ങുക… പിറ്റേന്ന് പുലർച്ചെ പുറപ്പെട്ട് രാത്രിയോടെ ലേയിൽ എത്താം…

11. പാങ്ങോങ്ങ് തടാകം കാണാൻ ഒരു ദിവസം നമ്മൾ മാറ്റി വെക്കണം … പുലർച്ചെ പുറപ്പെട്ട് രാത്രി അവിടെ തങ്ങുക… പിറ്റേന്ന് കാലത്ത് യാത്ര പുറപ്പെട് നുബ്ര വാലി വഴി കർദുങ്ങ് ലാ കേറി ലേയിൽ വൈകിട്ട് തിരിച്ചെത്താം.. വഴി വളരെ മോശം ആണ് ട്ടാ….

ലഡാക്ക് യാത്ര ഒരിക്കലും ഒരു ഉല്ലാസ യാത്ര ആവില്ല .. നിങ്ങളിലെ സഞ്ചാരിയെ അത് കടഞ്ഞെടുക്കും. യാത്രയിൽ കൂടെ കൂട്ടാൻ പറ്റാത്തത് :- 1. അഹങ്കാരം, 2. അഹന്ത, 3. തന്റേതായ സുരക്ഷിത ഇടം … ഇനി പോകൂ… ധൈര്യമായി …. ലഡാക്ക് നിങ്ങളെ കാത്തിരിക്കുന്നു… “നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റുന്നതെല്ലാം യാഥാർത്യങ്ങളാവും.’

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply