പൈലറ്റ് ഇല്ലാതെ പറന്ന പ്രേതവിമാനം?? ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522..

ഈ ലേഖനം പൂർത്തീകരിക്കുവാൻ  കടപ്പാട് – സുജിത് കുമാർ , പ്രവീൺ പ്രകാശ് ,  ചരിത്ര-ശാസ്ത്ര സത്യങ്ങൾ ഫേസ്‌ബുക്ക് പേജ്,  വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു. മൂന്ന് വിമാനങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു ചെറിയ വിമാനക്കമ്പനിയായിരുന്നു ഹീലിയോസ്‌. ചുരുങ്ങിയ ടിക്കറ്റ്‌ നിരക്കും മെച്ചപ്പെട്ട സേവങ്ങളും വാഗ്ദാനം ചെയ്തിരുന്നതിനാൽ ധാരാളം യാത്രക്കാരെ ആകർഷിക്കാൻ ഹീലിയോസിന്‌ കഴിഞ്ഞിരുന്നു. യാത്രക്കാരിൽ അധികവും ഗ്രീസിലേക്ക്‌ വേനലവധി ആഘോഷിക്കാൻ പോകുന്ന വിനോദ സഞ്ചാരികൾ ആയിരുന്നു. പരിചയ സമ്പന്നനായ ക്യാപ്റ്റൻ ഹാൻസ്‌ മെർട്ടെനും സഹ വൈമാനികൻ പാംപോസ്‌ കരലാമ്പോസുമായിരുന്നു അന്നേ ദിവസത്തെ പൈലറ്റുമാർ.

വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന്‍ ക്രൂ ‘ആന്തൃയാസ് പെട്രോമോ ‘ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചുകാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌ ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഹീലിയോസിൽ ഒരു പൈലറ്റായി ജോലി ചെയ്യുക എന്നതായിരുന്നു ആന്ദ്രേയോസിന്റെ ഏറ്റവും വലിയ സ്വപ്നം. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്‍റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. വിമാനം പുറപ്പെടുന്നതിനുമുൻപുള്ള ക്യാപ്റ്റന്റെ മുന്നറിയിപ്പ്‌ സന്ദേശം ക്യാബിനിൽ മുഴങ്ങി. യാത്രികരെല്ലാം സീറ്റ്‌ ബെൽറ്റ്‌ ധരിച്ച്‌ തയ്യാറായി ഇരുന്നു. കൃത്യം ഒൻപതു മണിക്കുതന്നെ ഹീലിയോസ്‌ ഫൈറ്റ്‌ 522 തെളിഞ്ഞ ആകാശത്തിലേക്ക്‌ കുതിച്ചുയർന്നു.

വിമാനത്തെ അതിന്റെ ക്രൂയിസിംഗ്‌ ഉയരമായ മുപ്പത്തിനാലായിരം അടി ഉയരത്തിലേക്ക്‌ ഉയർത്തുന്നതിനായി ക്യാപ്റ്റൻ എയർ ട്രാഫിക്‌ കണ്ട്രോളിന്റെ അനുവാദം ചോദിച്ചു. എ റ്റി സി അവർക്ക്‌ അതിന്‌ അനുവാദം നൽകി. അതിൻപ്രകാരം ക്യാപ്റ്റൻ മെർട്ടെൻ തന്റെ വിമാനത്തിന്റെ സഞ്ചാര പഥം 34000 അടിയായി സെറ്റ്‌ ചെയ്തു. എയര്‍ ട്രാഫിക്‌ കണ്ട്രോളര്‍ നിര്‍ദേശിച്ച 34000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ ‘ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം’ ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക്‌ കണ്ട്രോളറെ വിവരം അറിയിച്ചു. ‘ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം’ എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്‍റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത്‌ കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി.

അത് പരിഹരിക്കാനുള്ള ശ്രമം തുടരുമ്ബോള്‍ തന്നെ സംഗതി ഗുരുതരമാക്കി വിമാനത്തിലെ മാസ്റ്റര്‍ മുന്നറിയിപ്പും മുഴങ്ങി. വിമാനത്തിലെ ചൂട് ക്രമാതീതമായി ഉയരുമ്ബോഴാണ് സാധാരണ ഈ മുന്നറിയിപ്പ് മുഴങ്ങുന്നത്. ഇതിനിടയില്‍ പൈലറ്റുമാര്‍ വിമാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഏറെ താമസിയാതെ തന്നെ കണ്‍ട്രോള്‍ റൂമുമായി വിമാനത്തിലെ ബന്ധം വിശ്ചേദിക്കപ്പെട്ടു. സൈപ്രസ്സിലെ കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ്‌ 522 നും 115 യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയാതെയായി. ഇതേസമയം ഹീലിയോസ്‌ ഓപ്പറേറ്റിംഗ്‌ സെന്ററിൽ എഞ്ചിനീയർമാരും ആശയക്കുഴപ്പത്തിലായിരുന്നു. ഫ്ലൈറ്റ്‌ 522 ന്‌ സംഭവിക്കുന്നത്‌ എന്താണെന്ന് കണ്ടുപിടിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു.

ഈ സമയത്ത് യാത്രകാർ ഇതൊന്നും അറിയാതെ അവരവരുടെ ലോകത്ത്‌ മുഴുകിയിരിക്കുകയായിരുന്നു. പെട്ടന്നാണ്‌ തികച്ചും അപ്രതീക്ഷിതമായി ഓക്സിജൻ മാസ്കുകൾ പൊട്ടിവീണത്‌. അടിയന്തിര സാഹചര്യങ്ങളിൽ മാത്രം പ്രവർത്തന സജ്ജമാകേണ്ട ഓക്സിജൻ മാസ്കുകൾ വിടർന്നു വീണത്‌ ഫ്ലൈറ്റ്‌ ക്രൂവിനേയും അമ്പരപ്പിച്ചു. യാത്രക്കാർക്ക്‌ വേണ്ടുന്ന നിർദ്ധേശങ്ങൾ നൽകിയ ശേഷം അവർ ക്യാപ്റ്റന്റെ സന്ദേശത്തിനായി കാത്തിരുന്നു. ക്രൂവിന്‍റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. പാസഞ്ചേഴ്സ്‌ ക്യാബിനിൽ ഓക്സിജൻ മാസ്കുകൾ പ്രവർത്തനസജ്ജമായ വിവരം പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. അവർ അപ്പോഴും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.

സമയം രാവിലെ പത്ത്‌ നാൽപ്പത്‌. വിമാനം ഏഥൻസ്‌ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനുള്ള സമയമായി. പക്ഷേ നഗരത്തിനുമുകളിൽ വട്ടമിട്ടുപറക്കുന്നതല്ലാതെ എയർ ട്രാഫിക്ക്‌ കണ്ട്രോളുമായി ബന്ധപ്പെടുകയോ അവരുടെ സന്ദേശങ്ങൾക്ക്‌ മറുപടി നൽകുകയോ ചെയ്യുന്നില്ല. ഫ്ലൈറ്റ്‌ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക്‌ എയര്‍ ഫോഴ്സ്‌ രണ്ട് ഫൈറ്റര്‍ ജെറ്റ്‌ വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു.

“ഹീലിയോസ്‌ ഫ്ലൈറ്റ്‌ 522. നിങ്ങൾ കേൾക്കുന്നുണ്ടോ”…? ഫൈറ്റർ പൈലറ്റുമാർ ഹീലിയോസുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ നിശ്ശബ്ദത മാത്രമായിരുന്നു മറുപടി. മുൻകരുതൽ എന്ന നിലയ്ക്‌ ഫൈറ്ററുകളിൽ ഒന്ന് ഷൂട്ടിംഗ്‌ പൊസിഷനിൽ ഹീലിയോസിന്‌ തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചപ്പോൾ മറ്റൊന്ന് ഹീലിയോസിനോട്‌ കഴിയുന്നത്ര അടുത്തുകൂടി പറന്ന് കാര്യങ്ങൾ നിരീക്ഷിച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്‍റെ അടുത്തുകൂടി പറന്ന ഫൈറ്ററിന്‍റെ പൈലറ്റ്‌ കണ്ട്രോള്‍ ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ്‌ ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! കൂടുതൽ നിരീക്ഷണം നടത്തിയ എഫ്‌ 16 വിമാനത്തിലെ പൈലറ്റിന്‌ ഒരു കാര്യം മനസ്സിലായി. ഹീലിയോസിലുള്ള യാത്രക്കാരോ വിമാന ജീവനക്കാരോ ആരും ഒരു വിധത്തിലും പ്രതികരിക്കുന്നില്ല. ചില യാത്രക്കാർ സീറ്റുകളിൽ ചാഞ്ഞ്‌ കിടക്കുന്നു. ഒരാൾ പോലും അസാധാരണമാം വിധം അടുത്തുകൂടി പറക്കുന്ന ആ
ഫൈറ്റർ ജെറ്റുകൾ ശ്രദ്ധിക്കുകയോ അതിനോട്‌ പ്രതികരിക്കുകയോ ചെയ്യുന്നില്ല. മറ്റോരു കാര്യം കൂടെ F-16 പൈലറ്റ്‌ ശ്രദ്ധിച്ചു. പാസഞ്ചേഴ്സ്‌ ക്യാബിനിൽ ഓക്സിജൻ മാസ്കുകൾ തൂങ്ങിക്കിടക്കുന്നു. അവർ ഈ വിവരങ്ങളത്രയും സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെടുത്തി.

പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ്‌ അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്‍റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്‍റെ പൈലറ്റും കണ്ട്രോള്‍ ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സമയം കോക്പിറ്റിൽ ഉണ്ടായിരുന്ന മനുഷ്യരൂപം ഫൈറ്റർ പൈലറ്റിനെ നോക്കി ആദ്യമായി കൈവീശി. അവസാനമായും. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിഏഥൻസിൽ നിന്നും 40 കിലോമീറ്റർ അകലെ ഗ്രമാറ്റിക്കോ കുന്നുകളിൽ തകർന്നുവീണു.വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു… !! നൂറ്റിപ്പതിനഞ്ച്‌ യാത്രക്കാരും ആറു വിമാന ജീവനക്കാരുമടക്കം 121 മനുഷ്യ ജീവനുകൾ ഈ ദാരുണമായ അപകടത്തിൽ ബലികഴിക്കപ്പെട്ടു. ഗ്രീക്ക്‌ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായിരുന്നു അത്‌.

വിമാനക്കമ്പനിയെ മാത്രമല്ല സൈപ്രസ്സ്‌ എന്ന ചെറു ദ്വീപ രാഷ്ട്രത്തെ ആകമാനം ഈ ദുരന്തം കണ്ണീരിലാഴ്ത്തി. ഗവൺമന്റ്‌ മൂന്നുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. അന്വേഷണം ആരംഭിച്ചു. അതി ശക്തമായ വീഴ്ചയുടെ ആഘാതത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ച ബ്ലാക്ക്‌ ബോക്സിൽ നിന്നും റെക്കോർഡറുകൾ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഏതാനും ദിവസത്തെ തെരച്ചിലിനൊടുവിൽ അന്വേഷണ സംഘത്തിന്‌ ആശ്വാസം പകർന്നുകൊണ്ട്‌ അപകട സ്ഥലത്തുനിന്നും റെക്കോർഡറുകൾ വീണ്ടെടുക്കപ്പെട്ടു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാവരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്. 1. യാത്രക്കാരെല്ലാം മരിച്ചത് വിമാനം തകര്‍ന്ന് വീഴുമ്ബോഴാണെങ്കില്‍ യുദ്ധ വിമാനത്തിന്റെ സാമിപ്യത്തില്‍ പോലും അവര്‍ പ്രതികരിക്കാതിരുന്നത് എന്ത് കൊണ്ട്? 2. ഹീലിയോസ് 522ന്റെ അടുത്തെത്തിയ യുദ്ധ വിമാനത്തിലെ പൈലറ്റ് കണ്ടുവെന്ന് പറയപ്പെടുന്ന, വിമാനത്തെ നിയന്ത്രിച്ചിരുന്നയാള്‍ ആരാണ്?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഇൻവെസ്‌റ്റിഗേഷനിടയിൽ ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; പൈലറ്റ്‌ ട്രൈനിംഗ് കഴിഞ്ഞിരുന്ന ഫ്ലൈറ്റ്‌ അറ്റന്‍റന്‍റ് പെട്രോമോ ആയിരുന്നു അത്! വിമാനത്തിലുള്ള എല്ലാവരും പ്രജ്ഞയറ്റ നിലയിൽ കാണപ്പെട്ടപ്പോൾ ഇയാൾ മാത്രം എങ്ങനെ ബോധത്തോടെ കാണപ്പെട്ടു. എന്തുകൊണ്ട്‌ റേഡിയോ സന്ദേശങ്ങളോട്‌ പ്രതികരിച്ചില്ല. അയാൾ ഒരു അട്ടിമറി നടത്തുകയായിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചു. പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഇയാള്‍ യാത്രക്കാരെ കൊലപ്പെടുത്തിയ ശേഷം വിമാനം ഇടിച്ചിറക്കി എന്നായിരുന്നു സംഘത്തിന്റെ ആദ്യ നിഗമനം. ടെററിസ്റ്റ് അറ്റാക്ക്‌ എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്‍റെ വോയിസ്‌ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്‍റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്‍റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിമാനം തകര്‍ന്നത് ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്ന് തെളിഞ്ഞു. യുദ്ധവിമാനത്തിലെ പൈലറ്റിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് പ്രകാരം ഹീലിയോസ് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തി. കൂടാതെ പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷം വിമാനം ഓട്ടോ പൈലറ്റ് സിസ്റ്റത്തിലായിരുന്നുവെന്നും കണ്ടെത്തി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ്‌ റെക്കോര്‍ഡറിന്‍റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം.

ഹീലിയോസ്‌ എയർ വേയ്സിന്റെ മെയിന്റനൻസ്‌ ഹിസ്റ്ററി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ മറ്റോരു കാര്യം ശ്രദ്ധിച്ചു. ഫ്ലൈറ്റ്‌ 522 ന്‌ അപകടം സംഭവിക്കുന്നതിന്‌ ഏകദേശം ഒരു വർഷം മുൻപ്‌ ഒരു എമർജ്ജൻസി ലാന്റിംഗ്‌ നടത്തേണ്ടി വന്നിട്ടുണ്ട്‌. യാത്രാ മധ്യേ വിമാനത്തിന്റെ പിൻ വാതിൽ ഇളകിയാടുകയും ക്യാബിൻ പ്രഷർ നഷ്ടപ്പെട്ട്‌ ( Rapid decompression) യാത്രക്കാർക്ക്‌ ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്തിരുന്നു. പൈലറ്റ്‌ അടിയന്തിരമായി വിമാനം താഴ്ത്തിയതിനാൽ കൂടുതൽ അപകടത്തിലേക്ക്‌ പോകാതെ സുരക്ഷിതമായി നിലത്തിറങ്ങാൻ സാധിക്കുകയായിരുന്നു. ഇതിന്‌ സമാനമായ ഒരു സംഭവം അപകട ദിവസവും സംഭവിച്ചിരുന്നു.

വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. പ്രഷറൈസേഷന്‍ പാനല്‍. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്! ഒടുവില്‍, വിമാനത്തിന്‍റെ മെയിന്‍റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പിന്‍ വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്‍റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്‍റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം.

വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന്‍ ഓട്ടോമാറ്റിക്‌ ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന്‍ കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ്‌ കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ്‌ നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധരഹിതരായി!

പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തിന്‌ സംഭവിച്ചത്‌ എന്താണെന്ന് മനസ്സിലായെങ്കിലും അന്ദ്രേയോസ്‌ എങ്ങനെ അത്രയും സമയം അപകടമില്ലാതെ പിടിച്ചുനിന്നു എന്ന് അപ്പോഴും വ്യക്തമല്ലായിരുന്നു. അതിനുള്ള ഉത്തരം കിട്ടിയത്‌ നാല്‌ ഓക്സിജൻ സിലിണ്ടറുകളുടെ കണ്ടെത്തലോടുകൂടിയായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയത്. അബോധാവസ്ഥയിലുള്ള തന്റെ പ്രണയിനിയെ രക്ഷിക്കാനാവും അയാൾ കൂടുതൽ ശ്രമിച്ചിട്ടുണ്ടാവുക.
അത്‌ നിഷ്ഫലമാണെന്ന് മനസ്സിലായപ്പോൾ കോ-പൈലറ്റ്‌ കാരലംപോസിനെ രക്ഷിക്കാൻ ശ്രമിച്ചിരിക്കണം. ഓക്സിജൻ സിലിണ്ടറുകളിൽ ഒന്നിൽ നിന്നും കാരലംപോസിന്റെ ഡി എൻ ഏ സാമ്പിൾ കണ്ടെത്തിയിരുന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നപ്പോഴാണ്‌ അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്‍റെ കണ്ട്രോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്…

പ്രത്യക്ഷത്തിൽ നിസ്സാരമെന്ന് തോന്നാവുന്ന ഒരു പിഴവ്‌, കൃത്യസമയത്ത്‌ കണ്ടെത്തി പരിഹരിക്കുന്നതിൽ സംഭവിച്ച വീഴ്ച 121 മനുഷ്യ ജീവനുകൾ ബലികഴിച്ചു. വിമാന ദുരന്തങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അപകടമായിരുന്നു ഹീലിയോസ്‌ എയർ വേയ്സ്‌ ഫ്ലൈറ്റ്‌ 522 ന്‌ സംഭവിച്ചത്. 121 പേരുടെ മരണത്തിനിടയാക്കിയ ഈ അപകടത്തെ തുടര്‍ന്ന് ഹീലിയോസ് എയര്‍വേയ്സ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഏഥന്‍സിന്റെ മലനിരകളില്‍ തകര്‍ന്ന് വീണ ഹീലിയോസ് 522 ന്റെ ഓര്‍മ്മയ്ക്കായി ഇപ്പോഴും ഇവിടെ ദുരന്ത സ്മാരകം നിലനില്‍ക്കുന്നു. അപകടത്തില്‍ മരിച്ചവരുടെ നിറം മങ്ങിയ ചിത്രങ്ങളും കുറച്ച്‌ പൂക്കളും,ഈ സ്മാരകത്തില്‍ ലോകം കണ്ട ഏറ്റവും ദുരൂഹമായ വിമാന അപകടത്തിന്റെ മൂകസാക്ഷികളായി ഇപ്പോഴുമുണ്ട്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply