ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തം കുട്ടിക്ക് വാങ്ങിക്കൊടുത്ത് അവനെ അല്ലെങ്കില്‍ അവളെ ദ്രോഹിക്കുന്ന രക്ഷിതാക്കളുണ്ട്. അത്തരം രക്ഷിതാക്കളെ നമുക്ക് വെറുതെ വിടാം. എന്നാല്‍ അത്തരം രക്ഷിതാക്കള്‍ സമൂഹത്തിന് ചെയ്യുന്ന ദ്രോഹം ചെറുതല്ല. പലപ്പോഴും പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ആധുനിക ഗാഡ്ജറ്റുകള്‍ നല്‍കാറില്ല. എന്നാല്‍ ഇവ ലഭിക്കുന്ന മറ്റു കുട്ടികള്‍ അവ കളിസ്ഥലത്തും സ്കൂളുകളിലും കൊണ്ടു വരുന്നു. മറ്റുള്ള കുട്ടികളോടൊത്ത് അവ ഉപയോഗിക്കുകയും വീഡിയോ കാണുകയും ഗെയിം കളിക്കുകയും ചെയ്യുന്നു. കുട്ടികളെ കരുതലോടെ ശ്രദ്ധിക്കുന്ന നേരത്തെ പറഞ്ഞ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും മറ്റും നല്‍കാത്ത രക്ഷിതാക്കള്‍ പലപ്പോഴും ഇങ്ങനെ കബളിപ്പിക്കപ്പെടുന്നു.
പലരും പറയുന്ന ന്യായമുണ്ട്. എന്തു ചെയ്യാം, കാല ഘട്ടം ഇങ്ങനെയായിപ്പോയില്ലേ? ഇനി നാം അതിനനുസരിച്ച് ജീവിക്കുക, അല്ലാതെന്തു ചെയ്യാന്‍.ഭീരുക്കളുടെ ന്യായ വാദമാണത്. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കുന്നവരുണ്ട്. ഇത് അത്യന്തം അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ രംഗത്തെ വിദഗ്ധനായ ഡോ. ഫിലിപ് ചാഡ്വിക്ക് പറയുന്നത് കൊച്ചു കുട്ടികളുടെ തലയോട്ടി വളരെ കട്ടി കുറഞ്ഞതായതിനാല്‍ വളരെയധികം വികിരണം അത് തലച്ചോറിലേക്ക് കടത്തി വിടും എന്നാണ്. ബുദ്ധിയുടെ വളര്‍ച്ചയെ ബാധിക്കുന്നതിന് പുറമെ അത് കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഭാവിയില്‍ ഉണ്ടാവാനും വഴി വെച്ചേക്കാം. കുട്ടിയുടെ മാനസിക വളര്‍ച്ചയുടെ വേഗത കുറക്കുക, മറ്റു വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്നതിന് പുറമെയാണിത്. മൊബൈല്‍ ഫോണ്‍ എപ്പോഴും ചെറിയ കുട്ടികളില്‍ നിന്നും വളരെ അകലെ സൂക്ഷിക്കേണ്ടതാണ്.

സാങ്കേതികവിദ്യ നമ്മുടെ ജീവിതം കൂടുതല്‍ ലളിതവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിന് ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മാതാപിതാക്കളെന്ന നിലയില്‍, സ്മാര്‍ട്ട് ഫോണുകള്‍ പോലുള്ള ഉപകരണങ്ങള്‍ നമ്മുടെ കുട്ടിയെ സ്വാധീനിക്കുന്നതിനെ കുറിച്ച് നാം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടിക്ക് സ്മാര്‍ട്ട് ഫോണ്‍ കൊടുക്കാതിരിക്കാന്‍ പത്ത് കാരണങ്ങള്‍ ഇതാ:
1. കുടുംബ ബന്ധത്തെ ബാധിക്കുന്നു : സ്മാര്‍ട്ട്ഫോണുകള്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നു. കുട്ടികള്‍ വളര്‍ച്ചയുടെ കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്, നാം അവരുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. സ്മാര്‍ട്ട്ഫോണുകളിലൂടെ പലതും ലഭിക്കും, എന്നിരുന്നാലും ഇത് നമ്മുടെ കുട്ടികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മോശം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഇടയാക്കും.
2. അവരുടെ സര്‍ഗ്ഗാത്മക മനസ്സിനെ പരിമിതപ്പെടുത്തുന്നു : സ്മാര്‍ട്ട്ഫോണിലൂടെ അവരുടെ കളികളില്‍ ഭൂരിഭാഗവും എളുപ്പത്തില്‍ ആക്സസ് ചെയ്യുമ്പോള്‍ അവരുടെ സര്‍ഗ്ഗാത്മകതയും ഭാവനയും പരിമിതപ്പെടുന്നു, അവരുടെ മോട്ടോര്‍, ഒപ്റ്റിക്കല്‍ സെന്‍സറി വികസനത്തിന്റെ വേഗത കുറയ്ക്കുന്നു.
3. അവര്‍ക്ക് ഉറക്കം കുറയുന്നു : നമ്മുടെ കുട്ടിക്ക് ധാരാളം ഉറക്കം ലഭിക്കേണ്ടതുണ്ട്. കൂടാതെ അടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി അവന്റെ തലച്ചോറിനു വിശ്രമം വേണം. ഒരു സ്മാര്‍ട്ട്ഫോണ്‍ തീര്‍ച്ചയായും തലച്ചോറിനെ നെഗറ്റിവായി ബാധിക്കുന്നു.
4. പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് അവഗണിക്കാന്‍ പഠിപ്പിക്കുന്നു : ഒരു ചാറ്റ് സൈറ്റില്‍ സംഭാഷണം നടത്തുന്ന ഒരു കുട്ടിയെ സങ്കല്‍പ്പിക്കുക, ‘നിങ്ങളുടെ ജീവന് നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല്‍ തികച്ചും നിസംഗനായി അവന് ‘നിങ്ങളുടെ ജീവന് നഷ്ടപ്പെടുത്താന്‍ ഞാനും ആഗ്രഹിക്കുന്നു’ എന്നുപറഞ്ഞുകൊണ്ട് പ്രതികരിക്കും. എന്ത് പറയുന്നു, അതിന്റെ ഫലമെന്ത് എന്നറിയാത്ത ഒരു തലമുറ വളര്‍ന്നു വരുന്നു.
5. പഠിക്കാനുള്ള കഴിവ് തടസ്സപ്പെടുത്തുന്നു : ഗവേഷകരുടെ അഭിപ്രായപ്രകാരം ഒരു കുട്ടിയുടെ മാനസിക സാമൂഹ്യ വികസനത്തിന് ഒരു സ്മാര്‍ട്ട്ഫോണ്‍ ഹാനികരമാണ്. കാരണം അത് കുട്ടികളുടെ ശ്രദ്ധ തിരിക്കുകയാണ്. ഗവേഷകരുടെ കണ്ടെത്തലനുസരിച്ച്, അത്തരം ഉപകരണങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പഠന രംഗത്ത് കുട്ടികളെ പിന്നോക്കം തള്ളും.
6. അത് ഒരു ആസക്തിയാണ് : സ്മാര്‍ട്ട് ഫോണുകള്‍ വളരെ പെട്ടെന്ന് ആസക്തിയുടെ (addiction) തലത്തിലേക്ക് ഉയരുന്നു, കുട്ടിയുടെ സര്വ്വതോന്മുഖമായ വളര്‍ച്ച അത് തടസ്സപ്പെടുത്തുന്നു.
7. കുട്ടിയുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു : വിദഗ്ദ്ധര്‍ പറയുന്നത്, കുട്ടികളില്‍ വിഷാദം ഉണ്ടാകാന്‍ പ്രധാനമായും കാരണമാകുന്നത് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയാണ്.
8. ഇത് പരോക്ഷമായി പൊണ്ണത്തടി ഉണ്ടാക്കുന്നു : സ്മാര്‍ട്ട് ഫോണില്‍ വളരെയധികം സമയം ചെലവഴിക്കുന്നത് നമ്മുടെ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നമ്മുടെ കുട്ടി ഒരു പ്രത്യേക സ്ഥലത്ത് മണിക്കൂറുകളോളം കഴിയുന്നു. അത്തരം പ്രവര്‍ത്തികള്‍ പൊണ്ണത്തടിക്ക് കാരണമാകുന്ന ഒരു ഘടകമാണ്.
9. ഇത് പെരുമാറ്റ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു : ഒരു സ്മാര്‍ട്ട്ഫോണില്‍ ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നത് വൈകാരികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് മതിയാകും. സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഗെയിമുകള്‍ തുറന്നുകൊടുക്കുന്നത് കുട്ടികളില്‍ ശ്രദ്ധ കുറയ്ക്കുന്നതിന് കാരണമാകും.
10. കുട്ടികളെ അക്രമത്തിലേക്ക് തള്ളിവിടുന്നു : സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് വഴി പല കുട്ടികളിലും അക്രമ വാസന വര്‍ധിക്കുന്നത് കാണപ്പെട്ടിട്ടുണ്ട്.
പതിനാലു വയസ്സ് വരെ ഒരു കാരണവശാലും കുട്ടികള്‍ക്ക് സ്മാര്ട്ടഫോണ് നല്‍കരുത്. പലരും ചോദിക്കാറുണ്ട് പതിനാലു വയസ്സിനു ശേഷം ഏതു പ്രായത്തില്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കാം. യഥാര്‍ത്ഥത്തില്‍ ഒറ്റയടിക്ക് ഉത്തരം നല്കാന് കഴിയുന്ന ഒരു ചോദ്യമല്ല അത്. കാരണം അത് പലതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ മികച്ച ഒരു തീരുമാനമെടുക്കാന്‍ സാധിക്കുക മാതാപിതാക്കള്‍ക്ക് തന്നെയാണ്. കാരണം അവര്‍ക്കാണ് കുട്ടിയുടെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് തിരിച്ചറിയാന്‍ സാധിക്കുക. വീട്ടിലെയും സ്കൂളുകളിലെയും നിയമങ്ങള്‍ പാലിക്കുന്നതിലുള്ള ശ്രദ്ധയും ഉത്തരവാദിത്ത ബോധവുമാണ് പ്രധാനം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന കാര്യത്തിലുള്ള കൃത്യമായ അവബോധം കുട്ടിക്ക് കിട്ടിയിരിക്കണം. ഒരു സ്മാര്ട്ടഫോണ് ഉപയോഗിക്കാന്‍ കുട്ടി പ്രാപ്തനാണെന്നു വിലയിരുത്തിയ ശേഷമേ അത് നല്‍കാവൂ. ഓർക്കുക സാങ്കേതിക വിദ്യ നമുക്കുള്ളതാണ്, നാമും നമ്മുടെ കുട്ടികളും സാങ്കേതിക വിദ്യക്ക് വേണ്ടി ജീവിക്കരുത്.
കടപ്പാട് – qatarsamakalikam.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog