ഏവരും കൊതിക്കുന്ന ലക്ഷദ്വീപിലേക്ക് ഒരു യാത്ര പോയപ്പോള്‍…

ലക്ഷദ്വീപാഴങ്ങളിലെക്ക് ….(SOLO TRIP TO LADY ISLAND ).എഴുതി വന്നപ്പോൾ ഇത്തിരി നീണ്ടു പോയി .ചുരുക്കി എഴുതാൻ കഴിയാത്ത അത്ര സുന്ദരമാണ് ലക്ഷദ്വീപ് ഓർമ്മകൾ.

Island” -ഐസ്‌ലാൻഡ് അല്ല ഐലന്റ്. “Island” ഉച്ചരിക്കുമ്പോൾ “S” സൈലന്റ് ആണ് . ഇനി മറക്കോ?
ഇല്ല …! പണ്ടെങ്ങോ സ്കൂളിലൊരു ക്ലാസിൽ വെച്ച് ഈ സംഭാഷണം നടന്ന കാലം തൊട്ട് മനസ്സിൽ കുടുങ്ങിയ ഒരു മോഹമാണ് ഒരു ദ്വീപ് കാണുക എന്നത്.

“ഡാ ദ്വീപ് ആവുമ്പോ ചുറ്റും വെള്ളം ആവില്ലെടാ ,അപ്പൊ അവിടെ ഉള്ളൊരു എങ്ങനട ജീവിക്കുന്നത്.? “നിനക്ക് എന്താടാ ടീച്ചർ ഒരു രസത്തിന് പറഞ്ഞതാ ചുറ്റും വെള്ളമാണ് എന്നൊക്കെ ,ഒരു സൈഡിൽ ന്ന് വലിയ നീണ്ടൊരു റോഡുണ്ട്.” ഇത് പറഞ്ഞു തന്ന കൂട്ടുകാരൻ ഇപ്പൊ എവിടെയാണാവോ?

ലക്ഷദ്വീപിന്റെ സ്വർഗ്ഗലോകത്തു പോയ്യി വന്നിട്ട് രണ്ടു മാസത്തിൽ കൂടുതൽ ആയെങ്കിലും ഓർമ്മകളുടെ പങ്കുവെക്കൽ വൈകിയത് എങ്ങനെ എഴുതി ആ സ്വപ്നഭൂമിയുടെ സൗന്ദര്യം നിങ്ങളിലെക്ക് എങ്ങനെ എത്തിക്കും എന്നുള്ള സംശയം കൊണ്ടൊന്നു തന്നെയാണ്.ഓൺലൈൻ എഴുത്തു ലോകം സമ്മാനിച്ച രണ്ടു ആത്മമിത്രങ്ങളുടെ സ്നേഹം കൊണ്ടൊന്നു മാത്രമാണ് ISLAND ന്റെ സ്പെല്ലിങ് പഠിക്കുന്ന കാലത്തു കണ്ടു തുടങ്ങിയ ഈ സ്വപ്ന യാത്രയിലേക്ക് എത്തിയത്.

ലക്ഷദ്വീപിനെ ഫോട്ടോയിലോ വീഡിയോലോ ഒരിക്കൽ കണ്ടവരിൽ അവിടെ പോകാൻ മോഹിക്കാത്തവർ വിരളമാകും നമ്മളെത്ര കൊതിച്ചാലും ദ്വീപ് കൂടെ നമ്മളെ ആഗ്രഹിച്ചാൽ മാത്രേ ആ മണ്ണ് തൊടാൻ കഴിയു എന്നെനിക്ക് തോന്നിയിട്ടുണ്ട് . ഏകദേശം ഇരുപതിനായിരം രൂപേടെ കാമറയും വാങ്ങി ,എന്നോ നാട്ടിലേക്ക് വരണ്ട ലീവും നീട്ടി ഈ യാത്രയിൽ എന്നേക്കാൾ കൂടുതൽ ആവേശം ഉണ്ടായിരുന്ന കൂട്ടുകാരൻ ഉണ്ടായിരുന്നു . എണ്ണിച്ചുട്ട അവധിയുടെ ദിവസങ്ങൾ അതിർവരമ്പ് സൃഷ്ടിച്ചപ്പോ അവന് കൂടെ വരാൻ കഴിഞ്ഞില്ല .  വാങ്ങിയ കാമറയും കണ്ട സ്വപ്നങ്ങളും എന്നെ ഏൽപ്പിച്ചു അവൻ തിരിച്ചു പോയി ,. രണ്ടു പേർക്കും ഒരുമിച്ചായിരുന്നു പെർമിറ്റിന് അപേക്ഷിച്ചിരുന്നത് പല കാരണങ്ങളാൽ ഒന്നര മാസത്തോളം വേണ്ടി വന്നു ലഭിക്കാൻ .

അഫ്സലിന് കൂടെ വരാൻ കഴിയാത്തത് കൊണ്ട് തന്നെ വേറൊരാളെ കൂടെ കൂട്ടണം എന്ന് തോന്നിയില്ല . പോകുന്ന വിവരം അറിഞ്ഞവരെല്ലാം പറഞ്ഞതും പരിഹസിച്ചതും ഒറ്റക്ക് പോവണ്ട ബോറിങ് ആവും എന്നൊക്കെ തന്നെയാണ് .വീട്ടിൽ ഉമ്മാക്കായിരുന്നു കൂടുതൽ ഭയം .ആദ്യമായാണ് ഇത്രയും ദൈർഘ്യമുള്ള യാത്ര പിന്നെ കപ്പലിലും. യാത്ര ഗ്രൂപ്പുകളിൽ വായിച്ചറിഞ്ഞ കപ്പൽ യാത്രയിലെ അസ്വസ്ഥതകൾ (വോമിറ്റിംഗ്,തലവേദന ) എന്നിവ മാത്രമേ എന്നെ ഇത്തിരിയെങ്കിലും ഭയപ്പെടുത്തിയുള്ളു .

ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത , വെറും ചുരുങ്ങിയ മെസേജുകൾ കൊണ്ടും , ഫോൺ കോളുകൾ കൊണ്ടും ,എന്റെ എഴുത്തുകൾ വഴിയും പരിചിതനായ ആ ദ്വീപ് സുഹൃത്തു റിസ്ക് എടുത്തു അവന്റെ നാട്ടിലേക്ക് എന്നെ കൊണ്ട് പോവാൻ കാണിച്ച ആ ധൈര്യത്തിന് മുൻപിൽ വിശ്വാസത്തിനു മുൻപിൽ എന്റെ മറ്റെല്ലാ ആകുലതകളും ഇല്ലാതായി .

അങ്ങനെ ഒറ്റക്ക് തന്നെ ദ്വീപിലേക്ക് യാത്ര ഉറപ്പിച്ചു . പെർമിഷൻ കിട്ടിയപ്പോ അടുത്ത തലവേദന ടിക്കറ്റ് ആയിരുന്നു . കിട്ടാൻ കുറച്ചൂസം കാത്തിരുന്നു . ലോക്കൽ അല്ലേൽ സെക്കൻഡ് ക്ലാസ് ടിക്കറ്റ് ആയിരുന്നു പ്ലാൻ. കിട്ടാതായപ്പോ Fist class ടിക്കറ്റ് തന്നെ എടുക്കേണ്ടി വന്നു . റിട്ടൺ ടിക്കറ്റ് എടുക്കാതെയാണ് പോയത്. കൂടെ ഒരു ക്യാമറയും , കുറച്ചു ഡ്രെസ്സും , പുളിയച്ചാറും മാങ്ങാത്തോല് ഉപ്പിലിട്ടതും, നേന്ത്രപ്പഴവും എടുത്തു നവംബർ 4 ന് ഉച്ചക്ക് കൊച്ചിയിൽ നിന്നുള്ള കവരത്തി എന്നുള്ള കപ്പലിൽ ദ്വീപിലേക്ക് .

കയ്യിൽ ടിക്കറ്റോ പെർമിഷനോ ഒന്നും കിട്ടിയിട്ടില്ലായിരുന്നു . എന്നെ അങ്ങോട്ട് കൊണ്ട് പോകുന്ന സുഹൃത്തിന്റെ ബ്രദർ എറണാംകുളത്തു വെച്ച് ടിക്കറ്റും പെര്മിഷനും ഏൽപ്പിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത് . എല്ലാം ഒരു വിശ്വാസത്തിന്റെ കളിയാണ് . ഇവരെ ആരെയും ഞാൻകണ്ടിട്ടില്ല .ഇവർ ആരും എന്നെയും കണ്ടിട്ടില്ല , തലേ ദിവസം തന്നെ വിളിച് എവിടെയാണ് വരേണ്ടത് എന്നെല്ലാം ചോദിച്ചു വെച്ചിരുന്നു .

രാവിലെ നേരത്തെ തന്നെ എറണാംകുളത്തേക്ക് ബസ് കയറി . മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അടുത്ത് ഒരു മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ടിക്കറ്റും പെർമിഷനും കൊണ്ട് അവന്റെ ബ്രദർ വന്നു . ഞാൻ പോകുന്ന കപ്പലിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു കൂടെ . അവൻ തന്നെ ബൈക്കിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്ക് കൊണ്ട് വിടാമെന്നും എമിഗ്രെഷൻ കഴിയുന്ന വരെ കൂടെ നിൽക്കാമെന്നും പറഞ്ഞത് വലിയൊരു ആശ്വാസമായി .

കേട്ടറിഞ്ഞ ദ്വീപുകാരുടെ സ്നേഹത്തിന്റെ കഥകൾ ഞാൻ അനുഭവിച്ചു തുടങ്ങുകയായിരുന്നു എയർപോർട്ട് സിസ്റ്റം പോലെ തന്നെ ലഗ്ഗേജ് ചെക്കിങ്ങും എമിഗ്രെഷൻ പ്രോസസും . ഡൽഹി ബോംബെ എന്നിവിടങ്ങളിൽ നിന്നായി 120 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ടൂറിസ്റ്റ് പാക്കേജിൽ അതെ കപ്പലിൽ ദ്വീപിലേക്ക് ഉണ്ടായിരുന്നു .അവരുടെ പ്രോസസിംഗ് കഴിയുന്ന വരെ ഞാൻ അവിടെ ഇരുന്നു.ഏതായാലും ഇരിക്കല്ലേ അപ്പൊ കാഴ്ചകൾക്ക് പിന്നേൽ ചില കാര്യങ്ങൾ പങ്കുവെക്കാം .

ഞാൻ പോകുന്നത് ലേഡി ഐലന്റ് എന്നറിയപ്പെടുന്ന “മിനിക്കോയ്” ദ്വീപിലേക്കാണ്. മിനിക്കോയ് അല്ലാതെ മറ്റൊരു ദ്വീപിലേക് പോകണമെങ്കിൽ വേറെ വേറെ പെർമിഷൻ എടുക്കണമായിരുന്നു . കേരളത്തിലെ സാഹചര്യങ്ങളിൽ നിന്നെല്ലാം ഏറ്റവും കൂടുതൽ വ്യത്യസ്തപ്പെട്ടു കിടക്കുന്ന ദ്വീപാണ് മിനിക്കോയ്. ലക്ഷദ്വീപ് ടൂറിസത്തിന്റ ആണിക്കല്ല് എന്ന് തന്നെ വിശേഷിപ്പിക്കാം മിനിക്കോയിയെ .ഏറ്റവും ഭംഗിയുള്ള ദ്വീപ് , മലയാളമല്ല ഭാഷ . മലയാളം. മഹൽ എന്ന ഭാഷയാണ് . മലയാളം പറയുന്നവർ കുറെ ഉണ്ടെങ്കിലും അതിൽ ഭൂരിഭാഗവും ജോലിക്കായി മറ്റു ദ്വീപുകളിൽ നിന്നും മിനിക്കോയിലേക്ക് വന്നവരാണ് . സ്ത്രീകൾക്ക് പ്രാധാന്യമുള്ള ദ്വീപാണ് മിനിക്കോയ് അതുകൊണ്ടു തന്നെയാണ് ലേഡി ഐലന്റ്റ് എന്ന പേരിൽ അറിയപ്പെടുന്നത് .പുരുഷന്മാർ കൂടുതലും കപ്പലിലെ ജോലിക്കാരാണ് . .

ചുറ്റും ഒരുപാട് മിനിക്കോയ് നിവാസികൾ ഉണ്ട് . സ്ത്രീകളുടെ വേഷം രസകരമാണ് .മറ്റു ദ്വീപുകളിൽ നിന്നും വേഷത്തിൽ നല്ല മാറ്റമുണ്ട് . ചെറിയ കുഞ്ഞുങ്ങളുമായും പ്രായമാവരുമായും കുറെ പേരുണ്ട് . ലക്ഷദ്വീപിലേക്കുള്ള ഏറ്റവും വലിയ കപ്പലാണ് “കവരത്തി ” എമിഗ്രഷൻ പ്രോസസ് കഴിഞ്ഞു അതുവരെ സഹായിച്ച ആ ദ്വീപുകാരനോട് യാത്ര പറഞ്ഞു ഞാൻ അകത്തേക്ക് കയറി . ഫോൺ മാത്രം കയ്യിൽ വെച്ച് ബാക്കിയെല്ലാം അവിടെ ഏൽപ്പിച്ചു ബസിൽ കയറാൻ പറഞ്ഞു . കാമറ ബാഗിലായത് കൊണ്ട് ഇത്തിരി പേടിച്ചെങ്കിലും അതാരും കൊണ്ട് പോകില്ല എന്ന് പോലീസുകാരൻ ഉറപ്പ് തന്നു . ബസിൽ നേരത്തെ പറഞ്ഞ ടൂർ പാക്കേജ് വഴി വന്ന ഹിന്ദിക്കാർ ആയിരുന്നു .എല്ലാവരും നല്ല ജോളി മൂഡിലായിരുന്നു . ഞാൻ മാത്രമാണ് ഒറ്റക്ക് . അവരുടെ സന്തോഷങ്ങളുടെ കൂടെ മനസ്സ് ചേർത്ത് അവരിൽ ഒരാളെ പോലെ ഞാനിരുന്നു . കുറച്ചു ദൂരത്തെ യാത്രക്ക് ശേഷം കപ്പലിനടുത്തു ബസ് നിർത്തി .ലഗേജുകൾ അവിടെ ആദ്യമേ എത്തിയിരുന്നു . ഒറ്റ ഫ്രേമിൽ കപ്പൽ ഒതുക്കാൻ കുറെ നടന്നു ഫോട്ടോ എടുക്കേണ്ടി വരും .അത്രയും വലിയൊരു കപ്പൽ അടുത്തതു ആദ്യമായി കാണുന്ന ആകാംക്ഷയിൽ കപ്പലിന്റെ കൂടെ വെള്ളത്തിന്റെ ഓളങ്ങളിൽ ആടുന്ന കോണി കയറി ഞാൻ കപ്പിലേക്ക് നടന്നു .

ഒരു ടൂർ ഓപ്പറേറ്റർ ഹിന്ദിക്കാർക്ക് എന്തൊക്കെയോ ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട് , ഞാൻ എന്റെ റൂം അന്വേഷിച്ചു ആദ്യം കണ്ട വാതിൽ വഴി അകത്തേക്ക് . ഒന്നും മനസ്സിലാവുന്നില്ല . ഇടുങ്ങിയ ഇടനാഴികൾ എല്ലാം ഒരേ പോലെ .. എല്ലാ വാതിലുകളും ഒരേ പോലെ . ആദ്യം കണ്ടൊരാളോട് ഫസ്റ്റ് ക്ലാസ് കാബിനിലേക്ക് വഴി അന്വേഷിച്ചു ആ വഴി നടന്നു ,വീണ്ടും പലരോടും ചോദിച്ചാണ് റൂമിനു മുൻപിൽ എത്തിയത് .

നല്ല വൃത്തിയുള്ള ഒരു റൂം . ഫസ്റ്റ് ക്ലാസ് റൂമുകളിൽ രണ്ടു ബെഡും സെക്കൻഡ് ക്ലാസ്സിൽ നാല് ബെഡും പിന്നെയുള്ളത് ബങ്ക് ക്ലാസ്സാണ് (ഒരുപാട് പേർക്ക് ഒരുമിച്ചു യാത്ര ചെയ്യാനുള്ള സ്ഥലം .ടിക്കറ്റ് ചാർജ് വളരെ കുറവാണ് .ഒരു ബങ്കിൽ ഏകദേശം അറുപതോളം ബെഡുകൾ ഉണ്ടാകും )

അറ്റാച്ച്ഡ് ബാത്രൂം , ഫാനും എ സി യും എല്ലാമുള്ള നല്ലൊരു റൂം . മൂവായിരം രൂപയാണ് ടിക്കറ്റ് ചാർജ് . സെക്കൻഡ് ക്ലാസ് ഏകദേശം 1300 ഉം ബങ്കിനു നാനൂറു രൂപയുമൊക്കെയാണ് ചാർജുകൾ . ബാഗും കാമറയും റൂമിൽ വെച്ച് ഫോൺ മാത്രം കയ്യിലെടുത്തു പുറത്തേക്ക് ഇറങ്ങി . റൂം നമുക്ക് പുറത്തു നിന്നും പൂട്ടാൻ കഴിയില്ല ചാവി അന്വേഷിച്ചപ്പോ പേടിക്കാനൊന്നുമില്ല ഒന്നും നഷ്ടപ്പെടില്ല എന്ന് ക്യാബിൻ ക്രൂവിൽ പെട്ടൊരു ദ്വീപുകാരൻ പറഞ്ഞു . ചുമ്മാ പുറത്തേക്ക് ഇറങ്ങി ഫോണിൽ കുറച്ചു ഫോട്ടോസ് എടുത്തു . ഫേസ്‌ബുക്കിൽ ഒരു ലൈവ് വിഡിയോ പോയി. യാത്രയുടെ വിശേഷങ്ങൾ എല്ലാവരോടും പങ്കുവെച്ചു .

സമയം ഏകദേശം ഒരുമണി ആയിരിക്കുന്നു . കയ്യിലുള്ള പഴം കഴിച്ചു യാത്ര തുടങ്ങുന്നതും നോക്കി ഞാൻ ഇരുന്നു . ഏകദേശം മൂന്നു മണിയോട് കൂടി വിസിൽ അടിച്ചു അനോൻസ്മെന്റ് വന്നു യാത്ര [പുറപ്പെട്ടു . എന്റെ ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും ഇതാ ദ്വീപെന്ന സുന്ദര ലോകത്തിന്റെ പൂർത്തീകരണവും അടുത്തിരിക്കുന്നു .

ഫസ്റ്റ് ക്ലാസ് കാബിൻ മുഴുവൻ ആ ടൂർ പാക്കേജിൽ വന്നവരാണ് .,മലയാളികളെ ആരെയും കണ്ടില്ല യാത്രക്കാരായി . എന്റെ റൂമിലെ മറ്റേ ബെഡിനു വേറെ അവകാശി ആരും ഉണ്ടായിരുന്നില്ല .. സായാഹ്നത്തോട് കൂടി കടലിന്റെ ഭംഗി കൂടിയിരിക്കുന്നു , ചുറ്റും നീല നിറങ്ങൾ കണ്ണിനെ കുളിരണിയിക്കുന്നു . എവിടയെങ്കിലും കുറച്ചു നേരം ഒറ്റക്ക് ഇരിക്കാമെന്നു കരുതി ഞാൻ ബാൽക്കണിയിലേക്ക് നടന്നു .

കസേരകളിൽ എല്ലാം ആളുകൾ ഇരുന്നിരുന്നു . കുറച്ചപ്പുറത്തു സ്റ്റെപ്പിൽ ഒറ്റക്കിരിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ അടുത്ത് അവരുടെ സമ്മതത്തോടെ ഞാൻ ഇരുന്നു . കടലാഴങ്ങളിലേക്ക് നോക്കിയിരുന്ന എന്നോട് അവർ പേര് ചോദിച്ചു . ഒറ്റക്ക് ആണെന്നും ആദ്യമായാണ് ദ്വീപിൽ പോണതെന്നും പറഞ്ഞപ്പോ അവർക്കും എന്തോ കൗതുകം . ഞാനൊരിക്കലും ഒരു അടിച്ചു പൊളി ട്രിപ്പിനല്ല ദ്വീപിൽ പോകുന്നത് . പ്രവാസവും മറ്റു ചില പ്രശ്നങ്ങളും സമ്മാനിച്ച മടുപ്പിക്കുന്ന ചുറ്റുപാടുകളിൽ നിന്നൊന്നും മാറി നിൽക്കണം . ബഹളങ്ങളിലാത്ത സമാധാനമായ ഒരു അന്തരീക്ഷത്തിൽ കുറച്ചു സമയം ചെലവഴിക്കണം .അതോകെക് ആയിരുന്നു മനസ്സിൽ .

ആ അമ്മയൊരു ടീച്ചറാണ് ഡൽഹി സ്വദേശി . വാർദ്ധക്യം ആസ്വദിക്കാൻ ഭർത്താവ്ന്റെ കൂടെ ദ്വീപിലേക്കുള്ള യാത്രയിലാണ് .ടൂർ പാക്കേജിന്റെ വിവരങ്ങൾ അവരാണ് എനിക്ക് പറഞ്ഞു തന്നത്. ദ്വീപിലേക്കുള്ള പോവാനുള്ള വഴികളിൽ ഒന്നാണ് പ്രൈവറ്റ് ടൂർ പാക്കേജുകൾ. 25000 രൂപയാണ് ഒരാൾക്ക് ചാർജ് . മിനിക്കോയ് , കവരത്തി , ആന്ദ്രോത്തു, കൽപേനി തുടങ്ങിയ ദ്വീപുകൾ സന്ദർശിക്കും . പകൽ മുഴുവൻ ഓരോ ദ്വീപിൽ ചിലവഴിച്ചു രാത്രി ഉറങ്ങുന്ന സമയത്തു കപ്പൽ മറ്റൊരു ദ്വീപിലേക്ക് യാത്ര ചെയ്യും രാവിലേക്ക് അവിടെയെത്തും അന്നത്തെ പകൽ അവിടെ ചിലവഴിച്ചു വൈകുന്നേരം വീണ്ടും അടുത്ത ദ്വീപിലേക്ക് .ഇതാണ് പാക്കേജ് . ഭക്ഷണവും താമസവും എല്ലാം കപ്പലിൽ .

രണ്ടാമത്തെ മാർഗ്ഗം – ഞാനിപ്പോ പോകുന്ന പോലെ നമ്മളെ ഒരാൾ ദ്വീപിലേക്ക് ക്ഷണിച്ചു യാത്ര പെർമിഷൻ എടുത്തു തരിക എന്നുള്ളതാണ് . ചിലവ് കുറവാണു അങ്ങനെ പോകുവാൻ. എങ്കിലും ക്ഷണിക്കുന്ന വ്യക്തിക്ക് റിസ്കാണ് .നമ്മുടെ പൂർണ്ണ ഉത്തരവാദിത്വം അയാൾക്ക് ആയിരിക്കും . പിന്നെയുള്ളത് ഗവണ്മെന്റ് പാക്കേജുകളാണ് .കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ചേർക്കുന്നു (http://www.lakshadweeptourism.com/tourpackages.html ).

പുറത്തു ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു . കടലിന്റെ നിറം ഇപ്പൊ ചുവന്നിരിക്കുന്നു . ക്ഷീണം കൊണ്ട് സൂര്യൻ കടലിനടിയിലേക്ക് ഉറങ്ങാൻ പോയിരിക്കുന്നു . നല്ല തണുത്ത കാറ്റ് . ചൂട് ചായ ഒരെണ്ണം വാങ്ങി ഞാൻ ഓരോ ഇടവഴികളും നടന്നു നോക്കി . ഒരു ലക്ഷറി ഹോട്ടൽ പോലുള്ള കപ്പലിന്റെ അനുവദനീയമായ എല്ലാ ഭാഗങ്ങളിലും ഈ മൂക്കുതലക്കാരന്റെ കാൽപ്പാദങ്ങൾ എത്തി. തിയറ്റർ അനുഭവം തരുന്ന ടിവി റൂമിൽ പോയി അന്നുണ്ടായിരുന്ന ഇന്ത്യയുടെ കളി കുറച്ചു നേരം കണ്ടു . ചിലർ ലുഡോ കളിക്കുന്നു ചില കാരംസ് കളിക്കുന്നു ചിലർ ഏറ്റവും മുകൾ ഭാഗത്തു നക്ഷത്രങ്ങളെ നോക്കി കിടക്കുന്നുണ്ട് അത് കണ്ടപ്പോ ഞാനും അവിടെ പോയി ഇത്തിരി നേരം കിടന്നു . നമ്മുടെ കൂടെ അവരും വരുന്നുണ്ട് ദ്വീപിലേക്ക് എന്ന് തോന്നി .

ഭക്ഷണത്തിനുള്ള അനോൻസ്മെന്റ് കേട്ടപ്പോ കാന്റീനിൽ പോയി കഴിച്ചു .നല്ല വൃത്തിയുള്ള അന്തരീക്ഷം . ക്ലാസ്സിന് അനുസരിച്ചു വെവ്വേറെ കാന്റീനുകൾ ഉണ്ട് . ചപ്പാത്തിയും ചോറും കോഴിക്കറിയും ലഭിക്കും.70 രൂപയാണ് ചാർജ് .നല്ല ഭക്ഷണമായിരുന്നു ..

അടുത്ത പുലർകാലം ദ്വീപിന്റെ മണ്ണിലാണ് . കണ്ണ് തുറന്നാൽ കാണുന്ന കാഴ്ച്ചകൾ മനസ്സിൽ വല്ലാതെ കൗതുകം നിറക്കുന്നുണ്ട് .മറ്റൊരു രസകരമായ കാര്യം വീട്ടിൽ നിന്നും അവസാനം വന്ന കോള്‍ ആയിരുന്നു . നാളെ അവർ എനിക്ക് വേണ്ടി ഒരു പെണ്ണുകാണാൻ പോകുന്നുണ്ട് .
നാളെ ഞാൻ കാണുന്ന മൊഞ്ചത്തിയും എനിക്ക് വേണ്ടി വീട്ടുകാർ കാണുന്ന മൊഞ്ചത്തിയേം മനസ്സിൽ ഓർത്തു ഞാൻ കിടന്നു…

കടലിന്റെ പുലർകാല കാഴ്ച കാണാൻ നേരത്തെ തന്നെ എണീറ്റു . പുറത്തെ കാഴ്ച്ചകൾ കാണാൻ ബാൽക്കണിയിലേക്ക് ഇറങ്ങി , വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ചകൾക്ക് അന്ന് വരെ കണ്ടതിനേക്കാൾ സൗന്ദര്യം ഉണ്ടായിരുന്നു . മഞ്ഞു പെയ്തിറങ്ങുന്ന തണുത്ത കാറ്റിൽ പ്രണയാർദ്രമായ ശാന്തതയോടെ നീലക്കടൽ . കുറച്ചു നേരം അനങ്ങാതെ അത് ആസ്വദിച്ചു നിന്നു .ഡൽഹിയിൽ നിന്നുള്ള ഒരാളെ കൊണ്ട് ഒരു ഫോട്ടോയും എടുപ്പിച്ചു അകത്തേക്ക് കയറിയപ്പോ തന്നെ റെഡി ആവാൻ അനോൻസ്മെന്റ് വന്നിരുന്നു . ക്യാബിൻ ക്രൂവിനോട് ചോദിചപ്പൊ ഏകദേശം 7 .30 ഓട് കൂടി മിനിക്കോയ് എത്തുമെന്ന് പറഞ്ഞു .

എംബാർകേഷൻ റൂമിലേക്ക് എത്താനുള്ള അനോൻസ്മെന്റ് വന്നപ്പോ അങ്ങോട്ട് പോയി . അടുത്ത കടമ്പ അനാർക്കലി സിനിമയിലൊക്കെ കണ്ട പോലെ കപ്പലിൽ നിന്നും മറ്റൊരു ചെറു ബോട്ടിലേക്ക് ചാടി ഇറങ്ങുന്നതായിരുന്നു . ഉയരം ഒന്നും ഇല്ലായിരുന്നെകിലും ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് .കടലിന്റ ഓളങ്ങൾ അനുസരിച്ചു ചെറിയ സമയം കൊണ്ട് ബോട്ടിലേക്ക് കയറണം . ഒരുവിധം കയറിപ്പറ്റി ഒരു മൂലക്ക് ഇരുന്നു , ചെറിയ ബോട്ടിൽ കൊള്ളാവുന്നതിൽ അധികം പേരുണ്ടായിരുന്നു .

ഞാൻ എന്റെ സ്വാപ്ന ഭൂവിലേക്കുള്ള യാത്രയിലാണ് ,കൊച്ചിയിൽ നിന്നുള്ള കുറച്ചു വിദ്യാർത്ഥികളും ആലപ്പുഴയിൽ നിന്നും ജോലികൾക്ക് ആയി വന്ന കുറച്ചു പേരെയും പരിചയപ്പെട്ടു. അരമണിക്കൂറോളം ബോട്ടിലായിരുന്നു യാത്ര. കടലിന്റെ നിറം മാറിയിരിക്കുന്നു . വശ്യമായ നീലക്കളറിൽ നിന്നും അതിപ്പോൾ പച്ചയായിരിക്കുന്നു .ആദ്യമായാണ് ആ നിറത്തിൽ കടൽ കാണുന്നത് . ബോട്ട് ഓടിക്കുന്ന ആളുടെ പെർമിഷനോട് കൂടെ വെള്ളത്തിൽ കാമറ വെച്ച് വിഡിയോ എടുക്കാൻ ശ്രമിച്ചു . ഒട്ടും ആഴമില്ലെങ്കിലും ബോട്ടിന്റെ സ്പീഡിന്റെ ലെവൽ അപ്പോഴാണ് മനസ്സിലായത് . കൈ ഒടിഞ്ഞു പോവാഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം .

യാത്രക്ക് ഒടുവിൽ കടലിലേക്ക് നീണ്ടുനിൽക്കുന്ന പാലത്തിനടത്തു ബോട്ടടുപ്പിച്ചു , ഇറങ്ങി നടക്കുന്നതിനിടക്ക് നാട്ടിൽ നിന്നും കൊണ്ട് പോയ BSNL സിം എടുത്തിട്ടു, അതിനു മാത്രമേ അവിടെ റേഞ്ച് ഉള്ളു പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം . വേണ്ടത്ര ബാലൻസും കീപ് ചെയ്യുക. നെറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുകയെ വേണ്ട .ഒരുകണക്കിന് അതാണ് നല്ലതും എല്ലാറ്റിൽ നിന്നും ഒന്ന് വിട്ടു നിന്ന് പ്രകൃതിയോട് ചേരുക.

റേഞ്ച് വന്നപ്പോഴേക്കും എന്നെ കാത്തു നിന്ന റാഷിദിന്റെ കാൾ വന്നിരുന്നു.എനിക്ക് അങ്ങോട്ട് പോവാൻ സഹായിച്ച സുഹൃത്തിന്റെ (said ) കസിൻ ആണ് റാഷി . പരിചയപ്പെട്ട ശേഷം റാഷിയുടെ ബൈക്കിൽ താമസം ഒരുക്കിയിരുന്ന കോർട്ടേഴ്സിലേക്ക് പോയി . അതിസുന്ദരമായ ദ്വീപിന്റെ മണ്ണിൽ ഞാനും കുത്തിയിരിക്കുന്നു . വർഷങ്ങളായി മനസ്സിലുള്ള ഒരാഗ്രഹം കൂടെ സാധിച്ചിരിക്കുന്നു ദൈവത്തിനു സ്‌തുതി .

വളരെ ചെറിയ കോണ്കട്രീറ്റ്‌ റോഡുകൾ . തണൽ നിറഞ്ഞ വഴിയോരങ്ങൾ .തണുത്ത കാറ്റ് . റോഡിന്റെ ഇരുവശവും ചെറിയ കെട്ടിടങ്ങൾ . റാഷി ജോലി ചെയുന്ന PWD ഓഫീസും മിനിക്കോയ് ആശുപത്രീയും ,എല്ലാ പിന്നിലാക്കി ഞങൾ റൂമിനു മുന്നിലെത്തി . ചെറിയൊരു ഓട് വീട് ,അടുത്തടുത്തായി ഒരേപോലെ വേറെയും വീടുകൾ . ബാഗ് വെച്ച് പെർമിഷൻ എടുത്തു ആദ്യം പോയത് പോലീസ് സ്റേഷനിലേക്കാണ് .

സൈദിന്റെ മറ്റൊരു കസിൻ അവിടിത്തെ പോലീസ് ഓഫീസർ ആണ് ഫയാസ് . ഇവർ രണ്ടുപേരുമാണ് എന്നെ ദ്വീപിൽ നോക്കുന്നവർ . യാത്രകൾ നൽകുന്ന ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങളാണ് . ദ്വീപിലെ മാണിക്യങ്ങൾ തന്നെയാണ് രണ്ടുപേരും . സ്റ്റേഷനിലെ ഫോര്മാലിറ്റിസ് തീർത്തു വീട്ടിലേക്ക് വിളിച്ചു എത്തിയ വിവരം അറിയിച്ചു . ആദ്യ പാർട്ടിൽ പറഞ്ഞ പെണ്ണുകാണൽ ചടങ്ങ് എല്ലാവർക്കും ഇഷ്ടമായെന്നും ഞാൻ നാട്ടിലെത്തി ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നും പറഞ്ഞു . ദ്വീപിൽ എത്തി കേട്ട ആദ്യത്തെ നല്ല വാർത്ത അതായിരുന്നു .

റാഷിദ് എനിക്ക് വേണ്ടി അന്ന് ലീവ് എടുത്തതാണ് . അടുത്ത ദിവസം മുഴുവൻ ഫയാസ് (പോലിസ് സുഹൃത്ത് ) ആണ് കൂടെയുണ്ടാകുക . ദ്വീപുകാരുടെ സ്നേഹത്തെ പറ്റി എഴുതാൻ ശ്രമിച്ചാൽ നിങ്ങൾ തിരകൾ എണ്ണിയിരിക്കുന്നതിനു തുല്യമാകും .

എത്രയും പെട്ടെന്ന് തന്നെ ദ്വീപിന്റെ കാഴ്ചകളിലേക്ക് ഇറങ്ങാൻ മനസ്സ് കൊതിച്ചു , ഇടതൂർന്നു നിൽക്കുന്ന തെങ്ങിൻ തോപ്പുകളാണ് ദ്വീപ് മുഴുവൻ .ഒരു എട്ട് കിലോമീറ്ററിലധികം ഉണ്ടാകില്ല ദ്വീപ് മുഴുവൻ ചുറ്റി വരാൻ എന്നെനിക്ക് തോന്നി . ഏറ്റവും വലിയൊരു ഭാഗ്യമായി എനിക്ക് തോന്നിയത് ഞാൻ ഒരിക്കലും ഒരു ടൂറിസ്റ്റ് ആയിരുന്നില്ല ദ്വീപിൽ , അവരിൽ ഒരാളെ പോലെ ബൈക്കോടിച്ചു ദ്വീപിലെ റോഡുകളിലൂടെ ചുമ്മാ കറങ്ങി കുറച്ചു നേരം . ഏകദേശം വഴികളുടെ ഐഡിയ എനിക്ക് തരിക എന്നായിരുന്നു റാഷിദിന്റെ ഉദ്ദേശം .രണ്ടു ഹോട്ടലുകൾ , ഒരു മൂന്ന് ചായക്കട . അഞ്ചോ ആരോ ഓട്ടോറിക്ഷ , കൂടുതലും ബൈക്കുകളും സൈക്കിളും .

ആദ്യം റാഷിയുമായി പോയത് 1885 ഇൽ നിർമ്മിതമായ കൂറ്റൻ LIGHT HOUSE കാണാനാണ് . ലണ്ടനിൽ നിന്നും ഇറക്കുമതി ചെയ്ത ബ്രിക്സ് ആണ് അതിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചതെന്ന് അറിയാൻ കഴിഞ്ഞു .കപ്പലിൽ ഉണ്ടായിരുന്ന ടൂറിസ്റ്റുകൾ ഞങ്ങളെക്കാൾ മുൻപ് അവിടെ എത്തിയിരുന്നു . പത്തുരൂപ ടിക്കറ്റ് ചാര്ജും കൊടുത്തു ഞാനും റാഷിയും കൂടെ 200 നു മുകളിൽ സ്റ്റെപ്പ് കയറി മേലെയെത്തി . ദ്വീപിന്റെയും കടലിന്റെയും മനോഹരമായ കാഴ്ചകൾ വിരുന്നൊരുക്കി . അത്രയും സ്റ്റെപ്പ് കയറിയത് കൊണ്ട് നന്നായി കിതക്കുന്നുണ്ടായിരുന്നു . ആന്ദ്രോത് ദ്വീപുകാരനായ റാഷി മൂന്നു വർഷമായി മിനിക്കോയിൽ ജോലി ചെയുന്നു എന്നിട്ടും ആദ്യമായാണ് അവൻ light house ന്റെ മുകളിൽ കയറുന്നത് . കുറച്ചു ഫോട്ടോസ് എടുക്കുമ്പോഴേക്കും താഴെ ഇറങ്ങാനുള്ള വിളി വന്നിരുന്നു . കപ്പൽ വന്നത് കൊണ്ട് ഒരുപാട് ടൂറിസ്റ്റുകൾ എത്തിയിട്ടുണ്ട് മിനിക്കോയിയെ കണാൻ ,

തിരിച്ചു വരുന്ന വഴികളിൽ ഞാനാനവനോട് ആവശ്യപ്പെട്ടത് എനിക്ക് ദ്വീപിന്റെ മയക്കാഴ്ചകളേക്കാൾ കൂടുതൽ കാണേണ്ടത് ഉൾവഴികളും ഗ്രാമങ്ങളും ജീവിത രീതികളും വീടുകളും എല്ലാമാണെന്നാണ് . മനോരമ ചാനലിലെ “MADE FOR EACH OTHER “പ്രോഗ്രാം ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നും അങ്ങോട്ട് പോകും വഴി ഞാൻ ആവശ്യപ്പെട്ടത് എല്ലാം കാണാമെന്നും റാഷി വാക്ക് തന്നു .

മിനിക്കോയ് ദ്വീപുകാരുടെ ഭാഷ നമുക്കൊരിക്കലും മനസിലാകില്ല .മലയാളം പറയുന്ന ഭൂരിഭാഗം പേരും മറ്റുദ്വീപുകാരാണ് . റാഷി യുടെ അളിയൻ ,പെങ്ങൾ ,ഇക്ക തുടങ്ങി ഒരുപാട് പേര് മിനിക്കോയ് വന്നു ജോലി ചെയ്തു ജീവിക്കുന്നുണ്ട് . ഇത്രയും പറഞ്ഞത് ഒരാളെ പരിചയപ്പെടുത്താനാണ് . ഷഫീക് – റാഷിയുടെ അളിയനാണ് . ജോലി സ്‌കൂബാ ഡൈവർ . രാവിലെ പുള്ളിയെ കണ്ടപ്പോൾ ഇന്ന് നല്ല തിരക്കാകും നാളേക്ക് സ്‌കൂബാ ചെയ്യാം അതുവരെ മറ്റുസ്ഥലങ്ങൾ കണ്ടു വരൂ എന്നാണ് പറഞ്ഞിരുന്നത് . light house കാഴ്ചകൾ കണ്ടിറങ്ങുമ്പോഴേക്കും അളിയന്റെ ഫോൺ വന്നിരുന്നു എത്രയും വേഗം ചെല്ലാൻ .

20 bed എന്ന പേരിൽ അറിയപ്പെടുന്ന മിനിക്കോയ് ടൂറിസത്തിന്റെ പ്രധാന ഭാഗം . സ്‌കൂബാ ഡൈവിങ് , സ്‌നോർക്കലിംഗ് ,കയാക്കിങ് , തുടങ്ങി എല്ലാറ്റിന്റെയും തുടക്കം ഇവിടെ നിന്നാണ് . മനോഹരമായ റിസോർട്ടുകൾ. റിസോർട്ടിൽ എത്തി പൈസ അടച്ചു ട്രെയിനിങ് ക്ലാസ് അറ്റൻഡ് ചെയ്യാൻ ഇരുന്നു . 2000 രൂപയാണ് ചാർജ് , well trained ആളുകളാണ് ക്ലാസ് തരുന്നതും നമ്മളെ കടലാഴങ്ങളുടെ മാന്ത്രിക കാഴ്ചകളിലേക്ക് കൊണ്ട് പോകുന്നതും . ഷഫീക് അളിയനോട് ആദ്യമേ ഞാൻ പറഞ്ഞിരുന്നു എന്റെ കൂടെ വരുന്നത് അളിയൻ തന്നെ ആവണമെന്ന് .എനിക്ക് നീന്താൻ അറിയില്ല അതിന്റെ ആവശ്യം സ്‌കൂബാക്ക് ഇല്ലെങ്കിലും ഉളിൽ പേടിയുണ്ടായിരുന്നു .

ശ്വാസം എടുക്കേണ്ട രീതികളും കടലിനടിയിൽ വെച്ച് ആശയവിനിമയം നടത്തേണ്ട ഹാൻഡ് സിഗ്‌നലുകളെ പറ്റിയും ക്ലാസ്സിൽ പറഞ്ഞു തന്നു. നല്ല ഭാരമുള്ള ഒരു ബെൽറ്റും ഓക്‌സിജനും മാസ്കും എല്ലാം ദേഹത്തു ഫിറ്റ് ചെയ്തു ഒന്ന് രണ്ടു തവണ ഷഫീക്ക് അളിയൻ എന്നെ വെള്ളത്തിൽ മുക്കി എടുത്തു . കടലിലേക്ക് പോകും മുൻപ് എല്ലാര്ക്കും ആദ്യം ടെസ്റ്റ് നടത്തുന്നതാണ് അത് . സമയം കിട്ടുമ്പോളെല്ലാം റിസോർട്ടും ചുറ്റും എന്റെ ക്യാമറ ഫ്ലാഷുകൾ ഒപ്പിയെടുത്തു .

ത്രിശൂർ നിന്നുള്ള രണ്ടു ഫാമിലി ഉണ്ടായിരുന്നു കൂടെ . ഞാനടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത് . ഓരോരുത്തർക്കും ഓരോ പ്രൊഫഷണൽ ഡൈവർ കൂടെ ഉണ്ടാകും . പാക്കേജിൽ ഉൾപ്പെട്ട അവരുടെ കാമറയ്ക്ക് എന്തോ കുഴപ്പം കാരണം അവർക്ക് ആർക്കും കടൽ കാഴ്ചകൾ ഒപ്പിയെടുക്കാൻ കഴിഞ്ഞില്ല . എന്റെ കയ്യിലുള്ള കാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാൻ അവർ മറ്റൊരാളെ കൂടെ ഏർപ്പെടുത്തി തന്നു . ഒരു പ്ലാസ്റ്റിക് ടിന്നുകൾ കൂട്ടി വെച്ച (ശരിക്കുമുള്ള പേര് അറിയില്ല ഫോട്ടോ നോക്കിയാൽ അറിയാം ) ഉണ്ടാക്കിയ ഒരു ഓറഞ്ചു കളർ സാധനത്തിൽ എല്ലാവരെയും ഇരുത്തി ഒരു ചെറു ബോട്ട് ഞങളെ വലിച്ചു മുന്നിൽ പോയി . തീരെ ആഴം കുറഞ്ഞ പച്ചകടലിലൂടെ ഏകദേശം ഇരുപത് മിനിറ്റോളം യാത്ര ചെയ്ത എത്തിയ സ്ഥലത്താണ് നമ്മളെ അവർ കടലാഴങ്ങളിലെക്ക് കൊണ്ടു പോകുന്നത് .

അതുവരെ ആഴം കുറഞ്ഞു പച്ച നിറത്തിൽ കണ്ട കടലിന്റെ നിറവും ഭാവവും മാറുന്നതാണ് കണ്ടത് . കരിനീല കളറിലേക്ക് വെള്ളവും കൂടെ ആഴവും കൂടിയിരിക്കുന്നു . കാമറയുടെ പ്രവർത്തനങ്ങൾ അവർ അറേഞ്ച് ചെയ്‌ത്‌ തന്ന ആൾക്ക് പറഞ്ഞു കൊടുത്തു്. എന്നെ കൊണ്ട് പോകുന്ന ഷഫീഖ് അളിയന്റെ കയ്യും കയ്യും പിടിച്ചു ഞാൻ പതുക്കെ ദൈവത്തിന്റെ കാൻവാസിലെ മാന്ത്രിക ലോകം കാണാൻ നടന്നിറങ്ങി . നീന്തൽ ഒട്ടും വശമില്ലാത്ത എന്നെയും വലിച്ചു ഷഫീക് ആഴങ്ങളിലെക്ക് നീന്തിയിറങ്ങി .

ആദ്യത്തെ അഞ്ചു മിനിറ്റിൽ തന്നെ ശക്തമായ ചെവി വേദന അനുഭവപ്പെട്ടു . തലയെല്ലാം കൂടെ പൊട്ടിത്തെറിക്കും എന്ന് തോന്നിയപ്പോ സിഗ്നൽ കൊടുത്തു മുകളിലേക്ക് വന്നു . കുറച്ചു നേരം ശ്വാസമെടുത്തു ഒന്നുകൂടെ ശ്വസോച്ഛാസ രീതികൾ മനസ്സിലാക്കി വീണ്ടും ഇറങ്ങി .പിന്നീടങ്ങോട്ട് കിട്ടിയ നിമിഷങ്ങൾ എഴുതി നിങ്ങളെ അറിയിക്കാൻ എനിക്ക് അറിയില്ല. ഒരാൾക്ക് ഇരുപത് മിനിറ്റാണ് സ്കൂബ അനുവദിക്കുന്ന സമയം . കൂടെ ഉണ്ടായിരുന്ന ഫാമിലിയിലെ സ്ത്രീകൾ പലതവണ മുകളിലേക്ക് പോവേണ്ടി വന്ന കാരണം അവർക്ക് ഡിലെ വന്ന സമയം കൂടെ കൂട്ടി ഏകദേശം 30 മിനിറ്റോളം ആ സുന്ദര ലോകത്തു എനിക്ക് കിട്ടി .ലക്ഷദ്വീപ് സൗഹൃദത്തിന്റെ മറ്റൊരു സ്നേഹ ഭാവം ആയിരുന്നു അപ്പൊ കിട്ടിയത് . അവർ ഒരിക്കലും ഒരു അന്യനെ പോലെ നമ്മളെ ട്രീറ്റ് ചെയ്യില്ല .വളരെയധികം ആത്മാർത്ഥയുള്ളവരാണ് .

എല്ലാം കഴിഞ്ഞു മുകളിലേക്ക് പൊങ്ങി വന്നിട്ടും കടലാഴങ്ങൾ കണ്ണിൽ നിന്നും പോയില്ലായിരുന്നു . ഏതെങ്കിലും രീതിയിൽ ഒരു അവസരം കിട്ടുകയായെങ്കിൽ ലൈഫിൽ ഒരിക്കൽ എങ്കിലും പോയിരിക്കണം ഈ മണ്ണിലേക്ക് . സ്‌കൂബാ ഡൈവിങ്ങിനു ഏറ്റവും ഉചിതമായ സ്ഥലവും ലക്ഷദ്വീപ് ആണ് . അത്രേം ക്രിസ്റ്റൽ ക്ലിയർ വെള്ളവും മാലിന്യത്തിന്റെ ഒരു അംശം പോലുമില്ല എന്നത് .കാഴ്ചകൾ നമ്മുക്ക് കൂടുതൽ സുതാര്യമാകുന്നു . നാഷ്ണൽ ജോഗ്രഫിയിൽ മാത്രം കണ്ടു പരിചതമായ ഒരു ലോകം കണ്ട നിർവൃതിയോടെ വീണ്ടും കരയിലേക്ക് .

റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി വൈകുന്നേരത്തോട് കൂടെ ശേഷം ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോയി . എല്ലാ തവണയും ബൈക്ക് ഓടിച്ചത് ഞാനാണ് (എടുത്തു പറയാൻ കാരണം നല്ല രസമാണ് അവിടെ ബൈക്ക് ഓടിക്കാൻ ) . നമ്മൾ ഈ ബാലരമയിൽ മുയലിനും എലിക്കും അമ്മയുടെ അടുത്തേക്ക് എത്താനുള്ള വഴി കാണിച്ചു കൊടുക്കുന്നത് കളിച്ചിട്ടില്ലേ അതെ അവസ്ഥ . കഷിടിച്ചു ഒരു ഒമിനി വാൻ കടന്നു പോകുന്ന വഴികൾ . വീടുകളിൽ സ്ത്രീകളെയാണ് കൂടുതൽ കണ്ടത് .പുരുഷന്മാർ അധികവും കടലിലും കപ്പലിലും ജോലിക്ക് പോകുന്നവർ .ചെറുതും വലുതുമായ വീടുകൾ അടക്കി വെച്ച പോലെ . ഒരു മതിലിന്റെ തടസ്സം പോലും വീടുകൾ തമ്മിൽ കണ്ടില്ല . പോലീസ് കേസുകൾ ഇല്ലാത്ത മോഷണമോ പീഡനമോ കൊലപാതകമോ ഭൂമി തർക്കങ്ങളോ ഒന്നുമില്ലാത്ത ഒരു ജനത .കൊതിച്ചു പോകും അങ്ങനെ ഒരു നാട് .ആകെയുള്ള ഒന്ന് രണ്ടു കടകളിൽ എല്ലാം സ്ത്രീകളാണ് .

കുറച്ചു നേരം ഷൂട്ടിങ് കണ്ടു നിന്നു ഓരോ ചായയും കുടിച്ചു റൂമിലേക്ക് . സ്കൂബ ചെയ്യുമ്പോ എടുത്ത വീഡിയോകളും ഫോട്ടോസും കാണാൻ ഡ്യൂട്ടി കഴിഞ്ഞു ഷഫീക് അളിയനും എല്ലാമെടുത്തു തന്ന അവരുടെ സ്റ്റാഫും കോട്ടേഴ്സിൽ വന്നിരുന്നു . കുറച്ചുനേരം മൂക്കുതലക്കാരന്റെയും ദ്വീപുകാരന്റെയും കത്തിവെക്കലുകളും കടൽ കാഴ്ചകളുടെ വിവരണവുമായി എല്ലാരും കൂടെയിരുന്നു . .

തരക്കേടില്ലാത്ത ക്ഷീണമുണ്ട് .. റാഷിദ് നാളെ ഡ്യൂട്ടിക്ക് പോവും വൈകുന്നേരം കാണാം എന്ന് പറഞ്ഞു പിരിഞ്ഞു . പോലീസ് കാരൻ ഫയാസ് നാളെ ലീവ് എടുത്തിട്ടുണ്ട് എന്നും കയാക്കിങ് ചെയ്യാനും കുറച്ചു ബീച്ച് കാഴ്ചകളും നാളെ കാണാം എന്നുറപ്പ് തന്നു ഒരു സൈക്കിളും തന്നിട്ട് പോയി. പെട്ടെന്ന് തന്നെ ഉറങ്ങാൻ എനിക്ക് കഴിയില്ലായിരുന്നു. ബാക്കിയുള്ള പുളിയച്ചാറും മാങ്ങാത്തോലും എടുത്തു പോക്കറ്റിലിട്ട് സൈക്കിളുമെടുത്തു ഞാൻ വീണ്ടും ദ്വീപിന്റെ ഇടവഴികളിലൂടെ. (തുടരും)

വിവരണം –  അൻവർ മൂക്കുതല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply