അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായത് ഈ കെഎസ്ആര്‍ടിസി ജീവനക്കാര്‍…

കെഎസ്ആര്‍ടിസി ജീവനക്കാരെക്കുറിച്ച് എല്ലാവര്‍ക്കും പരാതിയാണ്. അഹങ്കാരികളാണ്, കൈകാണിച്ചാല്‍ നിര്‍ത്തില്ല, മറ്റുള്ളവര്‍ക്ക് ഭീഷണിയായി വണ്ടിയോടിക്കുന്നു എന്നൊക്കെ പലതരത്തിലുള്ള ആക്ഷേപങ്ങള്‍ കെഎസ്ആര്‍ടിസി ജീവനക്കാരെക്കുറിച്ച് കേള്‍ക്കാറുണ്ട്. പക്ഷേ മൊത്തം ജീവനക്കാരില്‍ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ആരും ഓര്‍ക്കുന്നില്ല. കെഎസ്ആര്‍ടിസി ജീവനക്കാരിലും നന്മയുള്ളവര്‍ ഉണ്ടെന്നുള്ളതിനു തെളിവായി ഇതാ ഒരു ഉദാഹരണം കൂടി. അനില്‍കുമാര്‍ എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു സംഭവം നമുക്ക് വായിക്കാം…

“30/04/2018 രാവിലെ 4.20-ന് ഞാൻ അങ്കമാലിയിൽ നിന്നും നെടുകണ്ടം ഡിപ്പോയിലെ RPK538 എന്ന ബസ്സിൽ കയറിയ യാത്രക്കാരനാണ്. വല്ലം എന്ന സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവർ പെട്ടെന്ന് ബസ്സ് നിർത്തുകയും ഒച്ചവെച്ചു കൊണ്ട് ഇറങ്ങി ഓടുന്നതും കണ്ടു, കൂടെ കണ്ടക്ടറും.

നോക്കുമ്പോൾ ഒരു കാർ ആക്സിഡന്റിൽ പെട്ട് കിടക്കുന്നതു കണ്ടു. ഞങ്ങളുടെ ബസ്സില്‍ നിന്നും ഇറങ്ങിയ ഡ്രൈവറും കണ്ടക്ടറും കൂടി ആ കാറിന്‍റെ ഡോർ വലിച്ച് തുറക്കുന്നു. അതിൽ നാലഞ്ചോളം ചെറുപ്പക്കാർ പരിക്ക് പറ്റി രക്തം വാർന്ന് കിടക്കുന്നുണ്ടായിരുന്നു. അവരെല്ലാം വേദന കൊണ്ട് നിലവിളിക്കുന്നതും ഞങ്ങളെല്ലാം കണ്ടു. 100-ലേക്ക് വിളിക്കൂ എന്ന് ഡ്രൈവർ ഉച്ചത്തിൽ വിളിച്ച് പറയുന്നതും കേട്ടു . പാതി മയക്കത്തിലായിരുന്ന യാത്രക്കാർ ഇത് കേട്ട് ഓടി വരികയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

പല വാഹനങ്ങളും കൈ കാണിച്ചിട്ടും നിർത്താൻ തയ്യാറായില്ല. കാറുകളും മറ്റു വാഹനങ്ങളും തലങ്ങും വിലങ്ങും നിർത്താതെ പാഞ്ഞ് പോയി. ക്ഷുഭിതരായ ബസ്സിലുണ്ടായിരുന്ന യാത്രക്കാർ കല്ലുകളും മറ്റും റോഡിലിട്ട് തടസ്സം സൃഷ്ടിച്ചു. അവസാനം ഒരു പെട്ടി വണ്ടിയിലും ഒരു ഓട്ടോയിലും പരിക്ക് പറ്റിയവരെ ഹോസ്പിറ്റലിലേക്ക് കയറ്റി വിട്ടു. ആരോ പറയുന്നുണ്ടായിരുന്നു കുറച്ച് നേരമായി ഈ വണ്ടി ഇവിടെ അപകടത്തില്‍പ്പെട്ടു കിടക്കുന്നതെന്ന്.

രക്ഷാപ്രവര്‍ത്തനം എല്ലാം കഴിഞ്ഞശേഷം ഡ്രൈവറും കണ്ടക്ടറും പിന്നീട് ബസ്സെടുത്ത് യാത്ര തുടർന്നു . ബസ്സിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഈ നല്ല പ്രവർത്തിയെ പുകഴ്ത്തി പറയുന്നുണ്ടായിരുന്നു. എന്തിനും ഏതിനും KSRTC ജീവനക്കാരെ കുറ്റം പറയുന്നവർക്ക് വേണ്ടി ഇത് സമർപ്പിക്കുന്നു. KSRTC MD അറിയുന്നത് വരെ ഇത് ഷെയർ ചെയ്യുക ..(ജി.അനിൽകുമാർ)”

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply