ഒരു ദിവസം കൊച്ചിയിൽ ചുറ്റിക്കാണുവാൻ പറ്റിയ സ്ഥലങ്ങളെക്കുറിച്ച്…

അറബിക്കടലിന്‍റെ റാണി… കൊച്ചിയുടെ വിശേഷണം അതാണ്‌. സത്യമാണ് അറബിക്കടലിന്‍റെ റാണി തന്നെയാണ് കൊച്ചി. കൊച്ചിയില്‍ പോയിട്ടില്ലാത്തവര്‍ ചിലപ്പോള്‍ ഇത് സമ്മതിച്ചു തന്നെന്ന് വരില്ല. ലോകത്തിലെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നാണ് കൊച്ചിയിലുള്ളത്. വില്ലിങ്ങ്ടൺ ദ്വീപ്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം നഗരം, കുംബളങ്ങി, ചുറ്റുമുള്ള മറ്റനേകം ദ്വീപുകളും ഉൽപ്പെട്ടതാണു ഇന്നത്തെ കൊച്ചി. ചരിത്ര പ്രാധാന്യത്തലും ദൃശ്യഭംഗി കൊണ്ടും മനോഹരമായ കൊച്ചി കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. കൊച്ചിയില്‍ അഥവാ എറണാകുളത്ത് കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെ നമുക്ക് പരിചയപ്പെടാം.

ഫോര്‍ട്ട്‌കൊച്ചി : കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗര കേന്ദ്രത്തിൽ നിന്നും , റോഡ്‌ മാർഗ്ഗം 12 കി.മീ അകലെയാണിത്. പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും നാലു രൂപ ടിക്കറ്റ് എടുത്താല്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്താം. ഒപ്പം നല്ലൊരു കായല്‍ യാത്രയും ആസ്വദിക്കാം. നാലു രൂപയ്ക്ക് ഇങ്ങനെയൊരു സൗകര്യം വേറെ എവിടെ കിട്ടും? ആലപ്പുഴയില്‍ കിട്ടും കെട്ടോ… ഫോര്‍ട്ട്‌കൊച്ചി പല സംസ്കാരങ്ങളുടെ ഒരു ആകത്തുകയാണ്. അത് അവിടെ ചെന്നിറങ്ങുമ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങും. ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും കാണും ചരിത്രത്തില്‍ ഒരിടം. പ്രശസ്തമായ കൊച്ചിന്‍ കാർണിവൽ എല്ലാ വർഷവും പുതുവർഷ ദിനത്തിൽ ഇവിടെ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകൾ എല്ലാക്കൊല്ലവും ഈ കാർണിവൽ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്.

മട്ടാഞ്ചേരി കൊട്ടാരം : ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും കുറച്ചു ദൂരം സഞ്ചരിച്ചാല്‍ മട്ടാഞ്ചേരിയില്‍ എത്തിച്ചേരാം. ട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്.പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു.

ജൂതപ്പള്ളി : പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ മട്ടാഞ്ചേരി ജൂതപ്പള്ളി. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്. ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു.

വില്ലിങ്ങ്ടൺ ദ്വീപ് : കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ടൻ പ്രഭുവിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.ദ്വീപിന്റെ രൂപവത്കരണത്തിലേയ്ക്ക് നയിച്ച തുറമുഖ വികസനത്തിന് നേതൃത്വം കൊടുത്തത് ബ്രിട്ടീഷുകാരനായ റോബർട്ട് ബ്രിസ്റ്റോ എന്ന എഞ്ചിനീയർ ആയിരുന്നു. ലക്ഷദ്വീപിലേയ്ക്ക് കൊച്ചിയിൽ നിന്ന് പോകുന്ന യാത്രാക്കപ്പലുകൾ പുറപ്പെടുന്നത് ഈ ദ്വീപിൽ നിന്നാണ്.

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വൈപ്പിൻ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്ന് ഈ ദ്വീപിലേയ്ക്ക് ധാരാളം യാത്രാബോട്ടുകൾ ദിവസവും സർവീസ് നടത്തുന്നു. കൂടാതെ ഈ ദ്വീപിലേയ്ക്ക് ദേശീയപാതകളിൽ ഏറ്റവും ചെറിയ പാത എന്നറിയപ്പെടുന്ന ദേശീയപാത 47A (കുണ്ടന്നൂർ – വെല്ലിങ്ടൺ ഐലന്റ്) വഴിയും എത്തിച്ചേരാം.

മറൈൻ ഡ്രൈവ് : എറണാകുളം നഗരത്തിന്‍റെ ഏവരും അറിയപ്പെടുന്ന ഭാഗം എന്നുവേണമെങ്കില്‍ മറൈന്‍ ഡ്രൈവിനെ വിശേഷിപ്പിക്കാം. കായല്‍ക്കാഴ്ചകള്‍ കാണുവാനും മറ്റും നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മേനക വഴിയുള്ള പ്രൈവറ്റ് ബസ്സില്‍ കയറി മേനകയിലോ ഹൈക്കോര്‍ട്ട് സ്റ്റോപ്പിലോ ഇറങ്ങിയാല്‍ മറൈന്‍ഡ്രൈവില്‍ പോകാം. മഴവില്‍പ്പാലമാണ് മറൈന്‍ഡ്രൈവിന്‍റെ പണ്ടുമുതലേയുള്ള ആകര്‍ഷണം. നിരവധി സിനിമകളിലും പാട്ടുകളിലും ഈ പാലം നമുക്ക് കാണാം. കൊച്ചിയിലെ കഥപറഞ്ഞ മോഹന്‍ലാലിന്‍റെ ചോട്ടാ മുംബൈ എന്ന സിനിമയില്‍ ലാലും കൂട്ടരും ഷക്കീലയെ കാണാന്‍ വരുന്ന സ്ഥലവും ഇത് തന്നെ. അതിലെ ഒരു കാരണവരുടെ “ഷക്കീല വന്നോ” എന്നുള്ള ചോദ്യം ഹിറ്റാണല്ലോ. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും മറൈന്‍ഡ്രൈവിലേക്ക് നടന്നുപോകുവാനായി വാക്ക് വേ ഉണ്ട്. വൈകുന്നെര സമയങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറെ അനുയോജ്യം. സമീപകാലത്ത് മറൈന്‍ ഡ്രൈവ് വാര്‍ത്തകളില്‍ നിറഞ്ഞത ചുംബന സമരത്തിന്‍റെ ലേബലിലാണ്. എറണാകുളത്ത് എക്സിബിഷന്‍, അവാര്‍ഡ് നൈറ്റ്, കണ്‍വെന്‍ഷന്‍ തുടങ്ങിയവയ്ക്കും മറൈന്‍ഡ്രൈവിലെ ഗ്രൗണ്ട് വേദിയാകാറുണ്ട്.

ലുലുമാള്‍ : എം.എ. യൂസഫലിയുടെ എം.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കേരളത്തിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളാണ് ലുലു മാൾ. ഇടപ്പള്ളിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളെന്ന ഖ്യാതിയുമായാണ് ലുലു മാള്‍ നിലകൊള്ളുന്നത്. നിരവധി ഷോപ്പുകളും, ലുലുവിന്‍റെ തന്നെ വമ്പന്‍ ഹൈപ്പര്‍ മാര്‍ക്കറ്റും ഒന്‍പത് സ്ക്രീനുകളുള്ള പി.വി.ആര്‍. മള്‍ട്ടിപ്ലക്സും ഒക്കെ ലുലു മാളിന്‍റെ ആകര്‍ഷണങ്ങളാണ്. ഇന്ന് കൊച്ചിയില്‍ ടൂര്‍ വരുന്നവര്‍ ഉറപ്പായും കയറുന്ന സ്ഥലമാണ് ലുലു.

കൊച്ചി മെട്രോ : കൊച്ചി നഗരത്തിലെ ഒരു അതിവേഗ റെയിൽ‌ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽ‌വേ. ആലുവ മുതൽ എറണാകുളം മഹാരാജാസ് ഗ്രൗണ്ട് വരെയാണ് ഇപ്പോള്‍ കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്. ശരിക്കും തൃപ്പൂണിത്തുറയിലെ പേട്ട വരെ കൊച്ചി മെട്രോയ്ക്ക് സര്‍വ്വീസ് ഉള്ളതാണ്. എന്നാല്‍ അങ്ങോട്ടേയ്ക്കുള്ള റെയിലിന്‍റെ പണികള്‍ പുരോഗമിച്ചു വരുന്നതേയുള്ളൂ. മൂന്നു കോച്ചുകളുള്ള റോളിംഗ് സ്റ്റോക്ക് എന്ന സാങ്കേതികനാമമുള്ള തീവണ്ടിയ്ക്ക് അറുനൂറു പേരെ വഹിക്കാൻ കഴിയും. കൊച്ചി മെട്രോ വന്നതോടു കൂടി കൊച്ചിയുടെ പേരില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ആയി.

അപ്പൊ എങ്ങനെയാ ഇനി കാര്യങ്ങള്‍? പോകുകയല്ലേ കൊച്ചിയിലെ കാഴ്ചകള്‍ കാണുവാനും ചരിത്രം മനസ്സിലാക്കുവാനും…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply