രണ്ടു സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഒരു കൊച്ചി യാത്ര..

വിവരണം – Vyshnav Aromal Kalarikkal.

“കൊച്ചി കണ്ടവര്‍ക്ക് അച്ചി വേണ്ടാത്രേ”… ഹബീ എന്നോട് ട്രിപ്പ്‌ പോയാലോന്ന് ചോദിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം ഓടിയത് ഈ ഒരു പഴംചൊല്ല് ആയിരുന്നു. എന്നാപിന്നെ അതൊന്നറിയാന്‍ അറബികടലിന്‍റെ റാണിയെ കാണാന്‍ ഞങ്ങള്‍ ഇറങ്ങി തിരിച്ചു. ഞങ്ങള്‍ എങ്ങോട്ടൊക്കെ ഒരുമിച്ച് ടൂര്‍ പോയിട്ട്ണ്ടോ അപ്പോളൊക്കെ തുടക്കം പാളുമായിരുന്നു. ഈ പ്രാവശ്യം ഹബീക്ക് എറണാംകുളം ഇന്‍റര്‍സിറ്റി ട്രെയിന്‍ മിസ്സ്‌ ആയി. അവന്‍റെ വരവും കാത്ത് ഞാനും ഷോര്‍ണൂര്‍ പോസ്റ്റ്‌ ആയി. നല്ലൊരു യാത്രികന് ക്ഷമാശീലം വളരെ അത്യാവശ്യമാണ്.

അങ്ങനെ തൃശൂര്‍ക്കുള്ള ലോക്കലിന് ഞങ്ങള്‍ കയറി. ചെറിയ ചാറ്റല്‍ മഴ, ഇടിനാദം ജനലിലൂടെ പ്രകാശമാനമായ കാഴ്ചകള്‍, തോളത്ത് ചാരി ഉറങ്ങുന്ന ഹബീയും. കാറ്റും കോളും നിറഞ്ഞ ജീവിതത്തില്‍ ഞാന്‍ സന്തോഷിക്കുന്ന എന്‍റെതായ നിമിഷങ്ങള്‍ അതാണ്‌ യാത്രകള്‍. തൃശ്ശൂര്‍ ഇറങ്ങുന്നതിന് മുന്‍പ്തന്നെ മഴ ശക്തി പ്രാപിച്ചിരുന്നു. സ്റ്റേഷന്‍ പുറത്ത് കാലെടുത്ത് വച്ചതും നിറയെ ഓട്ടോറിക്ഷക്കാര്‍ ഞങ്ങളെ പൊതിഞ്ഞു. മഴ ഇല്ലായിരുന്നെങ്കില്‍ വടക്കുംനാഥന്‍റെ തിരുമടിയില്‍ നിറഞ്ഞ ആകാശത്തെ കണ്ട് അല്‍പ്പനേരം തലചായ്ച്ചു ഉറങ്ങണമെന്നു ആലോചിച്ചിരുന്നു. “അല്ലേലും മ്മടെ തൃശ്ശൂര്‍ വേറെ ലെവല്‍ ആട്ടാ…മഴയത്തും റൗണ്ട് സജീവമാണ്” ശക്തനില്‍ പോയി നല്ല നാടന്‍ കൊള്ളിയും ബോട്ടിയും പെടച്ചു. അവിടെന്നു വീണ്ടും സ്റ്റേഷനില്‍ ചെന്നിരുന്നു. നീണ്ടൊരു കാത്തിരിപ്പ് ഹബ്ബീടെ ഉറക്കക്ഷീണം മാറിയില്ലായിരുന്നു. 12 മണിക്ക് തന്നെ ഞങ്ങളുടെ ട്രെയിന്‍ എത്തി. കയറി കിടന്നത് മാത്രമേ ഓര്‍മ്മയുള്ളൂ എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണു. എന്‍റെ അപ്പുറത്ത് ഇരിക്കുന്ന ചേച്ചിയുടെ ഉണ്ണി കരയുന്നത് കേട്ട് ഞാന്‍ എഴുന്നേറ്റു. അവര്‍ക്ക് ഉറങ്ങാനുള്ള സൗകര്യം ചെയ്ത് കൊടുത്ത് ഞാന്‍ സീറ്റിന്റെ അരികുവശത്തെക്ക് ചേര്‍ന്നിരുന്നു.

സമയം 2.30 ട്രെയിന്‍ എറണാംകുളത്ത് എത്തി. പ്ലാറ്റ്ഫോംമില്‍ നേരം വെളുപ്പിക്കാമെന്ന് തീരുമാനിച്ചു. എനിക്ക് ഉറക്കം വന്നില്ല. രാവിലെ ആയപ്പോള്‍ പല്ല് തേക്കാന്‍ പേസ്റ്റ് തപ്പിയപ്പോള്‍ ബാഗിലും ഇല്ല വാങ്ങാനായിട്ട് കടയും ഇല്ല. ഭാഗ്യം കൂടെയുള്ളതിനാല്‍ ഒരു ബംഗാളി ചേട്ടന്‍ പേസ്റ്റ് തന്നു സഹായിച്ചു. പോയി പോയി പേസ്റ്റ്നു പോലും അവരെ ആശ്രയിക്കേണ്ടി വന്നു. വീട്ടുക്കാരെ അറിയിക്കാതെ വന്നതിനാലാവം ഒന്നും ബാഗില്‍ കരുതിയില്ല. പുറത്ത് വെളിച്ചം പരന്നപ്പോള്‍ ഞങ്ങള്‍ അവിടെന്നിറങ്ങി. കൊച്ചി മെട്രോ നല്‍കുന്ന സൈക്കിള്‍ ആയിരുന്നു ലക്‌ഷ്യം. സൗത്ത് സ്റ്റേഷനില്‍ പോയി നോക്കിയപോള്‍ അവിടെ പണി പുരോഗമിക്കുന്നതെയുള്ളു. സെക്യൂരിറ്റി ചേട്ടന്‍ ഞങ്ങളെ പണിക്ക് തേടി വന്നവരാണെന്ന് വിചാരിച്ച് പല ചോദ്യങ്ങളും ചോദിച്ചു. ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. മഹാരാജാസിലും, MG റോഡിലും സൈക്കിളിന്റെ ചിത്രം പോലും കാണ്മാനില്ല. സമയം കളയാതെ കൊച്ചിയെ നടന്നു കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

കൊച്ചി മഹാരാജാവിന്‍റെ നാമധേയമുള്ള അഭിമന്യുവിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന കോളേജിന്റെ മണ്ണിലൂടെ ഞങ്ങള്‍ നടന്നു. പോയകാലത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന കെട്ടിടങ്ങള്‍, മഹാന്മാരുടെ കാലടികള്‍ പതിഞ്ഞ വരാന്തയിലൂടെ നടന്നു. അവിടെന്നിറങ്ങി പാര്‍ക്കിലും അല്‍പനേരം ചിലവഴിച്ചു. അങ്ങ് ദൂരെ ഇന്ത്യന്‍ നാവിക സേനയുടെ ശക്തി വിളിച്ചോതുന്ന പ്രൌഡിയില്‍ ഒരു കപ്പല്‍ നിന്നിരുന്നു. അതെന്നെ ഒരുപാട് വിസ്മയിപ്പിച്ചു. ബോട്ട് ജെട്ടിയിലെക്ക് നടക്കുമ്പോള്‍ സിനിമയില്‍ കണ്ട ഫോര്‍ട്ട്‌ കൊച്ചിയുടെ പല ഭാഗങ്ങളും മനസ്സില്‍ തെളിഞ്ഞുവന്നു. കൊച്ചിയിലെ ആളുകള്‍ വളരെ സ്നേഹം ഉള്ളവരാണെന്ന് കേട്ടിട്ടുണ്ട്.

ബോട്ട് കരയിലടുക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തത് പറങ്കികളെ കുറിച്ചായിരുന്നു. ഏഴു കടലിനും അധിപനായ നാവികനും തന്ത്രശാലിയും ആയിരുന്ന വാസ്കോ ഡാ ഗാമയുടെ ഓര്‍മ്മകള്‍ നിലകൊള്ളുന്ന മണ്ണ് എന്നതിലുപരീ ഈ നാടിന്‍റെ സംസ്കാരം നമ്മളെ പഴയക്കലത്തെക്ക് കൊണ്ടുപോകും. തെരുവിലൂടെ നടന്നു നീങ്ങുമ്പോള്‍ പല കെട്ടിടങ്ങളിലും പഴയൊരു ബ്രിട്ടീഷ്‌-പോര്‍ച്ചുഗല്‍ ടച്ച്‌. ഇന്നിന്‍റെ തലമുറയ്ക്ക് പഠനപാത്രമായ പല ഉപകരണങ്ങളും, ആയുധങ്ങളും, പാത്രങ്ങളും ഈ തെരുവുകളില്‍ എവിടെയും ലഭ്യമാണ്. പോരാതെ പ്രദേശ വാസികളുടെ കരകൌശല വസ്തുക്കള്‍ കൂടി ചേരുമ്പോള്‍ വല്ലത്തൊരു അനുഭൂതി.

ആദ്യം പോയത് ജൂതന്മാരുടെ സിനഗോഗ് കാണാനായിരുന്നു. കൊടുങ്ങല്ലൂര്‍ രാജാവ് നമ്മുടെ നാടിലെക്ക് സ്വാഗതം ചെയ്ത ആ സംസ്ക്കാരത്തിന്‍റെ തിരുശേഷിപ്പുകള്‍ ഇപ്പോളും പൊലിമ ചോരാതെ നിലനില്‍ക്കുന്നു. പള്ളിക്ക് ഉള്ളില്‍ വര്‍ണാഭമായ ലൈറ്റ്കള്‍, പുരോഹിതന്‍ പ്രസംഗിക്കുന്ന പ്രത്യേക കൂട്, മരബെഞ്ച്‌, നിലത്ത് വിരിച്ച മാര്‍ബിള്‍ പോലും കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. വല്ലാത്തൊരു അവസ്ഥയില്‍ നിന്നും അവിടെന്ന് ഞങ്ങള്‍ ഇറങ്ങി. ഒട്ടും സമയം കളയാതെ ബസ്‌ സ്റ്റാന്‍ഡിലെ കടയില്‍ നിന്നും നാരങ്ങവെള്ളവും കുടിച്ച് ഡച്ച് പാലസിലേക്ക് നടന്നു. കൊച്ചി തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ ചിത്രങ്ങളും, ആയുധങ്ങളും, അവര്‍ സഞ്ചരിച്ചിരുന്ന പല്ലക്കുകളും, നാണയങ്ങളും അവിടെ സൂക്ഷിച്ചിരിക്കുന്നു. ചരിത്രത്തില്‍ പണ്ടേ വീക്ക് ആയതിനാല്‍ അധികം നേരം അവിടെ നില്‍ക്കാതെ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.

ഇനി കാണാന്‍ പോകുന്നത് ഒരു ജൈന ക്ഷേത്രം ആണ്. ചരിത്രം ഉറങ്ങുന്ന കൊച്ചിയുടെ മണ്ണില്‍ ജൈന മതക്കാര്‍ സ്ഥാപിച്ച അമ്പലം. അവരുടെ ഭാഷ നമ്മുക്ക് പെട്ടെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഇവിടത്തെ പ്രത്യേകത മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പൂജ ചെയ്യാന്‍ ധരാളം ജൈനമതക്കാര്‍ എത്തുന്നു. അതുപോലെതന്നെ അമ്പല പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിശേഷണം ആണ്. പല സ്ത്രീകളും കഴുത്തില്‍ ടവല്‍ കെട്ടി ചുവപ്പും പച്ചയും കലര്‍ന്ന വേഷം ധരിച്ച് ഓരോ പ്രതിഷ്ടകളില്‍ തൊഴുതു നീങ്ങുന്നു. സമയം 12.15 അമ്പലത്തില്‍ മണി മുഴങ്ങി. അവിടത്തെ ജീവനക്കാര്‍ ഭക്ഷണവുമായി എത്തി. രണ്ടുവട്ടം ഉറക്കെ വിളിച്ചു, മന്ത്രങ്ങള്‍ ഉരുവിട്ട് അരിയും പൊട്ടുകടലയും നിലത്തേക്ക് വിതറി. ആ സമയം ശരിക്കും അമ്പരന്നു പോയി. ആയിരകണക്കിന് പ്രാവുകള്‍ കൂട്ടത്തോടെ വന്നു അത് കഴിക്കുന്നു. ഞങ്ങളും വിതറി. കൈ നീട്ടിയപ്പോള്‍ പല പ്രാവുകളും കയ്യില്‍ വന്നിരുന്ന് ഭക്ഷിച്ചു. മനസ്സിനെ സന്തോഷിപ്പിക്കാന്‍ ഇത്രയും നല്ലൊരു കാഴ്ച വേറെയില്ല.

മനസ്സ് നിറഞ്ഞതുകൊണ്ട് വയറും നിറയ്ക്കാമെന്ന് കരുതി. പുറത്തിറങ്ങി നല്ലൊരു ഹോട്ടലില്‍ നിന്ന് ബീഫ്‌ ബിരിയാണി കഴിച്ചു. വയറും വീര്‍പ്പിച്ച് തെരുവിലൂടെ ഞങ്ങള്‍ നടന്നു. ST. ഫ്രാന്‍സിസ് ചര്‍ച്ച് ആണ് ലക്‌ഷ്യം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടലിന്‍റെ ദൂതന്‍ ഗാമയുടെ മൃത ശരീരം അദ്ദേഹത്തിന്റെ മകന്‍റെ താല്‍പര്യപ്രകാരം അടക്കം ചെയ്തത് ഇവിടെയാണ്‌. കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള ഈ പൈതൃക പള്ളിയില്‍ ആ മനുഷ്യന്‍ ഉറങ്ങുന്നു. ഭീമാകാരമായ പള്ളിയുടെ ചുവരുകളില്‍ പഴമയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. പോര്‍ച്ചുഗല്‍ ഭാഷയില്‍ പലതും കൊത്തി വെച്ചിരിക്കുന്നു. അവിടത്തെ മര ബെഞ്ചുകള്‍, അള്‍ത്താര, ജനല്‍ ചില്ലുകള്‍ അങ്ങനെയെല്ലാം വിസ്മയിപ്പിക്കുന്നതായിരുന്നു. തിരിച്ചു തെരുവിലേക്ക് ഇറങ്ങി നേരെ ചൈന ക്കാരുടെ മീന്‍ പിടുത്ത വല കാണാന്‍ പോയി. ഈ സമയം കേരളത്തിന്‍റെ സൈന്യം തങ്ങളുടെ ഭാഗ്യം തേടുകയായിരുന്നു. നല്ല പിടക്കുന്ന കൊഞ്ചും, കരിമീനും, മുള്ളനും അങ്ങനെ പലവക കുട്ടയില്‍ നിറഞ്ഞിരുന്നു. വായില്‍ വെള്ളമൂറി അതൊരു ഐസ് ക്രീമില്‍ ഒതുക്കുന്നതുവരെ നില നിന്നു.

വൈകീട്ടുള്ള കണ്ണൂര്‍ എക്സ്പ്രസ്സിനു തിരിച്ച് നാടുപിടിക്കെണ്ടതിനാല്‍ എരിവെറിയ ചോളവും വേണ്ടെന്ന് വെച്ച് ഞങ്ങള്‍ മുന്നോട്ടു നടന്നു. കുറച്ച് മുന്നോട്ട് നടന്നപ്പോള്‍ നമ്മടെ ജോര്‍ജിന്‍റെ കേക്ക് കട കണ്ടു. മനസിലായില്ലാലെ പ്രേമം ഷൂട്ട്‌ ചെയ്ത കട. ഉള്ളില്‍ കയറി കണ്ടതിനുശേഷം ജെട്ടി ലക്ഷ്യമാക്കി നടന്നു. ഞങ്ങളാകെ ഏകദേശം 25 കിലോമീറ്ററിന് മുകളില്‍ മൊത്തത്തില്‍ നടന്നിരിക്കും. ക്ഷീണം കാരണം ആകും ഹബീയും ഞാനും ബോട്ടില്‍ കയറിയ ഉടനെ സീറ്റ്‌നു വേണ്ടി തിരക്ക് കൂട്ടി. കായലിലൂടെ ബോട്ട് നീങ്ങുമ്പോള്‍ അങ്ങ് ദൂരെ നമ്മുടെ കൊച്ചി വീണ്ടും മാടി വിളിക്കുന്നു. വൈകാതെ മടങ്ങിയെത്തണം കൊച്ചിയുടെ രാവുകളെ പരിചയപ്പെടാന്‍, പകലുകളോട് കിന്നാരം പറയാന്‍, ചരിത്രത്തിലൂടെ സഞ്ചരിക്കാന്‍…വരും…തീര്‍ച്ച..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply