സ്വകാര്യബസ് പ്രിയപ്പെട്ടതാണ്; പക്ഷേ ആനവണ്ടി എന്നും ഒരു വികാരമാണ്..

എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടായാലും കെഎസ്ആർടിസി എന്നും തങ്ങൾക്ക് പ്രിയങ്കരനാണ് എന്ന് ജീവിതത്തിലെ അനുഭവങ്ങൾ നിരത്തി വ്യക്‌തമാക്കുകയാണ് പൊന്നാനി സ്വദേശിനിയും നിയമ വിദ്യാർഥിനിയുമായ റൈസ ഷാജിദ. റൈസയുടെ വാക്കുകളിലൂടെ ആ അനുഭവങ്ങൾ നമുക്ക് കേൾക്കാം…

“ബസ്സോര്‍മ്മകളില്‍ എന്നും എന്നെ ചുറ്റിപ്പിടിച്ച് കിടക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ ആനവണ്ടിയോര്‍മ്മകളാണ്. പ്ലസ്ടു കഴിഞ്ഞ് വയനാട്ടിലേക്ക് പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ ഇപ്പോള്‍ കോഴിക്കോട് പഠിക്കുമ്പോഴും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലും തിരിച്ചും യാത്ര ചെയ്യുന്നത് ആനവണ്ടിയിലാണ്.കഴിഞ്ഞ നാലഞ്ച് കൊല്ലങ്ങള്‍ കൊണ്ട് എനിക്ക് ആനവണ്ടി ഒരു വികാരമായി മാറിയിരിക്കുന്നു. ഇക്കാലയളവില്‍ വൈകിയുള്ള രാത്രികളില്‍ ഒറ്റക്ക് വന്നപ്പോള്‍ പോലും ഒരു ദുരനുഭവവും നേരിടേണ്ടി വന്നിട്ടില്ല.

പൊന്നാനിയില്‍ നിന്നും വയനാട്ടിലേക്ക് പോവാനായി കോഴിക്കോട് ബസ്സില്‍ കേറിയപ്പോള്‍ അമ്മസ്നേഹം തന്നൊരു ചേച്ചിയെ മറക്കാനാവില്ല. തിരക്കിനിടക്ക് ബസ്സില്‍ ഏന്തി വലിഞ്ഞ് കേറി ബസ്ചാര്‍ജ് കൊടുക്കാനായി ബാഗില്‍ കയ്യിട്ടപ്പോഴാണ് ഓര്‍മ്മ വന്നത് ഉമ്മാന്റെ കയ്യില്‍ നിന്ന് പൈസ വാങ്ങിയില്ലെന്ന്. തരാന്‍ ഉമ്മയും ചോദിക്കാന്‍ ഞാനും വിട്ടു പോയിരിക്കുന്നു.ആകെ തളര്‍ന്ന് ഫോണില്‍ ഉമ്മയെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അടുത്തിരിക്കുന്ന ചേച്ചി എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.അവര്‍ ഒന്നും മിണ്ടാതെ തന്റെ ബാഗില്‍ നിന്നും കാശെടുത്ത് തന്നിട്ടെന്നോട് പറഞ്ഞു ”ഞാനും ദൂരെ പഠിക്കുന്ന ഒരു മകളുടെ അമ്മയാണ്,മോളിത് കണ്ടക്ടര്‍ക്ക് കൊടുത്തോ” ഞാന്‍ പറഞ്ഞു ഉമ്മ ഇപ്പോ ബസ്സിന്റെ പുറകില്‍ വരും,വേണ്ടെന്ന്. പക്ഷേ അപ്പോഴേക്കും കണ്ടക്ടര്‍ വരുമെന്ന് പറഞ്ഞ് കോഴിക്കോട് വരെ പോവാനുള്ള പൈസ തന്ന് എന്നെക്കൊണ്ട് ടിക്കറ്റെടുപ്പിച്ചു. പക്ഷേ ഉമ്മ വൈകുമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ തൊട്ടടുത്ത സ്റ്റോപ്പില്‍ എനിക്കിറങ്ങേണ്ടി വന്നു. ആ വെപ്രാളത്തിനിടക്ക് അവരെക്കുറിച്ചൊന്നും തിരക്കാതെ, ഒരു നന്ദിവാക്ക് പോലും പറയാതെ ഞാനിറങ്ങിപ്പോന്നു.ഇന്നും ബസ്സില്‍ കേറുമ്പോള്‍ ഞാനോര്‍ക്കാറുണ്ട് ഒരു പരിചയവും ഇല്ലാതിരുന്നിട്ടും ഒരമ്മസ്നേഹം ആവോളം നിറച്ച് തന്ന അവരെ…

ഒരു പകല്‍ കോഴിക്കോട് നിന്നും വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.അപ്പോഴാണ് അധികം തിരക്കില്ലാതിരുന്ന ആ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഒരാള്‍ മദ്യപിച്ച് കേറി വന്ന് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ അവര്‍ ഇരിക്കുന്ന ഭാഗത്ത് നിലയുറപ്പിച്ചത്. കണ്ടക്ടര്‍ ആവുന്ന വിധത്തില്‍ അയാളെ അനുനയിപ്പിച്ച് പിന്നിലെ സീറ്റിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ കൂട്ടാക്കുന്നില്ല. ഒടുക്കം ബസ്സ് ഒരു ഓരത്തേക്ക് മാറ്റിയിട്ട് കണ്ടക്ടര്‍ അയാളെ പിടിച്ച് പുറകിലെ സീറ്റിലേക്ക് ഇരുത്തി.പക്ഷേ അയാള്‍ ദേഷ്യത്തോടെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അപ്പോത്തന്നെ ഇറങ്ങിപ്പോയി. മദ്യപിച്ച ഒരാള്‍, അക്രമാസക്തനായേക്കാമെന്ന് ഉറപ്പുണ്ടായിട്ടും അയാളെ നേരിട്ട കണ്ടക്ടര്‍ ബ്രോ മാസ്സാണ്. രാത്രി വൈകി യാത്ര ചെയ്യുമ്പോഴും ആ ബസ്സ് തരുന്നത് വല്ലാത്തൊരു സുരക്ഷിതത്വ ബോധമാണ്.

ഞാന്‍ പത്താം തരം കഴിയുന്നത് വരെ മാമി എന്ന് ഞങ്ങള്‍ വിളിക്കുന്ന ഉപ്പയുടെ സഹോദരിയുടെ വീട്ടിലേക്ക് ഉമ്മമ്മ പോയിരുന്നത് സ്വകാര്യ ബസ്സിലായിരുന്നു. ഒരിക്കല്‍ അവിടെ നിന്നും തിരികെ വരാനുള്ള തയ്യാറെടുപ്പിന്റെ വെപ്രാളത്തിനിടക്ക് ഉമ്മമ്മ എടുത്ത് വെച്ച പേഴ്സ് മാറിപ്പോയി. പണമുള്ള പേഴ്സ് വീട്ടില്‍ വെച്ച് കയ്യിലെടുത്തത് വേറെ പേഴ്സ്. കണ്ടക്ടര്‍ക്ക് പൈസ കൊടുക്കാനായി ഉമ്മമ്മ പേഴ്സ് തുറന്നപ്പോള്‍ കണ്ടത് കുറച്ച് ചില്ലറത്തുട്ടുകള്‍ മാത്രം.
പാവം അവിടെ വെച്ച് ആകെ വിളറിയിരിക്കണം.നിസ്സഹായതയോടെ തന്റെ കയ്യിലുള്ള ചില്ലറ നാണയങ്ങള്‍ കണ്ടക്ടറുടെ കയ്യിലേക്ക് വെച്ച് കൊടുത്ത് ഇറങ്ങാനുള്ള സ്ഥലം പറയുമ്പോള്‍ ആകെ വിയര്‍ത്തിട്ടുണ്ടാവും.
നിഷ്ക്കളങ്കതയോടെ കണ്ടക്ടറെ നോക്കിയിട്ടുണ്ടാവും. അപ്പോഴാവും കണ്ടക്ടര്‍ ഉമ്മമ്മ കൊടുത്ത പൈസ തിരികെ കൊടുത്ത് ഉമ്മാന്റെ പൈസ ഞാന്‍ കൊടുത്തോളാമെന്ന് പറഞ്ഞിട്ടുണ്ടാവുക. ചില നന്മമരങ്ങള്‍ അങ്ങനെയാണ്. പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ താങ്ങായി നില്‍ക്കും. അത് കൊണ്ടൊക്കെയും സ്വകാര്യബസ്സും പ്രിയ്യപ്പെട്ടതാണ്.
പക്ഷേ ആനവണ്ടി എന്നും ഒരു വികാരമാണ്.

ഇത്തരം ചില നല്ലോര്‍മ്മകള്‍ ഉള്ളിലുള്ളത് കൊണ്ടാണ് പ്രായമായവര്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ഇരിക്കുന്ന സീറ്റവര്‍ക്ക് ഒഴിഞ്ഞ് കൊടുക്കുന്നത്. ഒരിക്കല്‍ രണ്ട് പ്രായമായവര്‍ക്ക് ഞാനും ഇത്താത്തയും സീറ്റ് ഒഴിഞ്ഞു കൊടുത്തപ്പോള്‍ ഏറെ സന്തോഷത്തോടെ വിശേഷങ്ങള്‍ ചോദിച്ച് അടുത്തിരിക്കുന്നവരോട് ”ഇവരേ മലപ്പുറത്തൂന്ന് വയനാട്ടിലേക്ക് പഠിക്കാന്‍ പോവുന്ന പിള്ളേരാ” എന്ന് ചിരിച്ച് കൊണ്ട് പറഞ്ഞത് ഇപ്പോഴും സുഖമുള്ള ഓര്‍മ്മയാണ്. അവരും ആരുടെയൊക്കെയോ ഏറ്റം പ്രിയ്യപ്പെട്ടവരായിരിക്കുമല്ലോ.

ഇന്നാളൊരു അമ്മമ്മക്ക് ബസ് ടിക്കറ്റ് എടുത്ത് കൊടുത്തപ്പോഴും സീറ്റൊഴിഞ്ഞ് കൊടുത്തപ്പോഴുമൊക്കെ ഓര്‍മ്മകളില്‍ നിറഞ്ഞത് ഇവരൊക്കെത്തന്നെയാണ്. നമ്മള്‍ ചെയ്യുന്ന ചില നല്ലതുകള്‍ നമുക്ക് തന്നെ തിരിച്ച് കിട്ടിയില്ലെങ്കിലും പല വഴികളിലൂടെ നമുക്ക് പ്രിയ്യപ്പെട്ട ചിലര്‍ക്കത് കിട്ടുമെന്ന് ഒരുറപ്പുണ്ട്. അതൊരു വിശ്വാസമാണ്… ആനവണ്ടി മുത്താണ്…”

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply