അന്തസ്സംസ്ഥാന ദീര്‍ഘദൂര ബസുകളില്‍ യാത്രക്കാരുടെ ബാഹുല്യം അനുസരിച്ച് നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഫ്ലെക്സി ചാര്‍ജ് സംവിധാനം കെ.എസ്.ആര്.ടി.സി.യില്‍ അടുത്തയാഴ്ചമുതല്‍ നടപ്പാകും. ആദ്യപടിയായി ബെംഗളൂരു നിരക്ക് കുറയ്ക്കും.
ഈ റൂട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറഞ്ഞതിനാലാണ് ടിക്കറ്റ് നിരക്കും കുറയുന്നത്. പതിനഞ്ച്് ശതമാനം കുറവ് പ്രതീക്ഷിക്കാം. 225 രൂപയോളം കുറയാനാണ് സാധ്യത. തിരക്ക് കൂടുമ്പോള്‍ 10 ശതമാനമാണ് നിരക്ക് ഉയരുന്നത്. തിരുവനന്തപുരം ബെംഗളൂരു ടിക്കറ്റിന് ഇത് 150 രൂപയോളം വരും.
പുജ, ക്രിസ്മസ് അവധിയുടെ സമയത്താണ് ടിക്കറ്റ് നിരക്ക് കൂടാന്‍ സാധ്യത. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ദീര്‍ഘദൂര അന്തസ്സംസ്ഥാന ബസുകളിലെല്ലാം ഫ്ലക്സി നിരക്ക് ബാധകമാണ്. ഓപ്പറേഷന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ചെയര്‍മാനായ സമിതിയാണ് നിരക്ക് മാറ്റം തീരുമാനിക്കുന്നത്.
News: Mathrubhumi