മുൻസിയാരി; ഉത്തരാഖണ്ഡിൽ ഒളിഞ്ഞ് കിടക്കുന്ന കുട്ടി കാശ്മീർ..

വളരെ മനോഹരമായി ഈ യാത്രാവിവരണം എഴുതി തയ്യാറാക്കിയത് – അനു ജി.എസ്. ഒട്ടേറെ യാത്രകൾ ഒറ്റയ്ക്ക് നടത്തിയ മുന്പരിചയമുണ്ട് ലേഖികയ്ക്ക്.

ബാഗും എടുത്തു ഇറങ്ങുമ്പോൾ മനസ്സിൽ അവൾ മാത്രം ആയിരുന്നു-മുൻസിയാരി _ നക്ഷത്ര കണ്ണുള്ള മുൻസിയാരി. ശൈത്യകാലത്ത് മഞ്ഞിൻ വെള്ള പുതപ്പണിയുന്ന ഉത്തരാഖണ്ഡിൽ ഒളിഞ്ഞ് കിടക്കുന്ന കുട്ടി കാശ്മീർ.പഞ്ച ചുളിയുടേയും, നന്ദാദേവിയുടേയും, ത്രിശൂലിന്റെയും ഒക്കെ മിഴിവേറും കാഴ്ചകൾ ഒരുക്കുന്ന മുൻസിയാരി.
എല്ലാ യാത്ര പ്ലാനിങ്ങിന്റെയും തുടക്കം 2 ദിവസത്തെ അവധി കഴിഞ്ഞ് എത്തുമ്പോൾ ഉള്ള തിങ്കളാഴ്ച്ചകളാണെന്ന് തോന്നാറുണ്ട് എനിക്ക്.അങ്ങനെ ഒരു തിങ്കളാഴ്ച ദിവസത്തെ വെറുപ്പിക്കുന്ന ഓഫീസ് മണിക്കൂറുകളിൽ എന്റെ മുമ്പിൽ വന്ന് വീണ ഒരു ട്രിപ്പോറ്റോ ആർട്ടിക്കിളിൽ നിന്നാണ് മുൻസിയാരിയുടെ തുടക്കം.
Tripoto യിലെ സച്ചിന്റെ വിവരണവും ഫോട്ടോസും കുറച്ച് ഒന്നുമല്ല മനസ്സിനെ ആകർഷിച്ചത്. പിന്നെ പോകാനുള്ള തിടുക്കം ആയി. ചുട്ടു പൊള്ളുന്ന പൊടി പടലമായ ഡൽഹിയിൽ നിന്ന് ഞങ്ങളുടെ ഒരു ഒളിച്ചോട്ടം ആയിരുന്നു മുൻസിയാരിക്ക്. ഹൽദ്വാനി വരെ ട്രെയിൻ. അവിടുന്ന് ബസ് പിടിക്കണം അതാണ് പ്ലാൻ.

 

ദിവസം 1 – പാതകൾ പിന്നിട്ട് ബാഗേശ്വറിൽ!! : ഹൽദ്വാനിയിലെ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് അറിയുന്നത് മുൻസിയാരിക്കുള്ള direct ബസ് രാത്രി 12:30 യ്ക്കേ ഉള്ളു എന്ന്. അപ്പോഴ്ത്തേക്കും അൽമോറ ടാക്സിക്കാർ ചാക്കിട്ട് പിടിക്കാൻ എത്തി. ടാക്സി യാത്രയ്ക്ക് നമ്മൾ ഇല്ല മക്കളേ എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് അൽമോറയ്ക്കുള്ള ലോക്കൽ ബസിൽ സീറ്റ് ഉറപ്പിച്ചു. “അൽമോറയിലെ ആപ്പിൾ തോട്ടങ്ങൾ “- അതെ ” മഞ്ഞ് ” എന്ന നോവലിലൂടെ M.T വാസുദേവൻ സാർ നമ്മളെ ഏവരേയും കൊതിപ്പിച്ച അൽമോറയിലൂടെയാണ് മുൻസിയാരിയ്ക്കുള്ള യാത്ര.
ബസ് പതിയെ ഉരുണ്ട് നീങ്ങാൻ തുടങ്ങി. ആദ്യമായി ഹിമാലയം കാണുന്ന പോലെ ഒരു കൊച്ച് കുട്ടിയുടെ ആവേശത്തോടെ സൈഡ് സീറ്റ് കൈവശമാക്കി ഞാൻ ആ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി. അങ്ങ് ദൂരെ കൂറ്റൻ മലകൾ കണ്ട് തുടങ്ങി. പച്ച പട്ട് വിരിച്ച പോലെ എങ്ങും ചെടികളും മരങ്ങളും കണ്ണിന് കുളിരേറും കാഴ്ച ഏകി.3 മണിക്കൂർ ബസ് യാത്ര കഴിഞ്ഞപ്പോൾ അൽമോറയിൽ എത്തി. അവിടുന്ന് അടുത്ത ബസിൽ ബാഗേശ്വറിലേയ്ക്ക്.

ബാഗേശ്വറിൽ നിന്ന് മുൻസിയാരിക്ക് ബസ് കിട്ടും എന്നറിഞ്ഞിട്ടാണ് ബാഗേശ്വർ പോകാൻ തീരുമാനിച്ചത്. യാത്രയുടെ ഓരോ നിമിഷം കഴിയുന്തോറും ഹിമാലയൻ ഭംഗി കൂടി കൂടി വന്നതേയുള്ളു. റോഡിന് ഇരുവശങ്ങളിലും ഭാരം താങ്ങാൻ ആകാതെ കായ്ച്ച് നില്ക്കുന്ന മാവുകൾ എന്നിൽ ഉണർത്തിയ ഗ്രഹാതുരത്വം കുറച്ചൊന്നുമല്ല. ബാഗേശ്വർ എത്തിയപ്പോൾ സമയം 4 മണി. അപ്പോഴാണ് പണി പാളിയത് അറിഞ്ഞത് – മുൻസിയാരിക്ക് അടുത്ത ദിവസം രാവിലെ 9 മണിക്കേ ബസ്സുള്ളു. അപ്പോഴാണ് ഗൂഗിൾ ചേട്ടന് പോലും അറിയാത്ത ആ കാര്യം കേട്ട് ഞങ്ങൾ ഞെട്ടിയത് – ആ ബസ് ഡൽഹിയിൽ നിന്നാ വരുന്നത്.അതേ…. അതു തന്നെ – ഡൽഹിയിൽ നിന്ന് 560 km ദൂരെയുള്ള മുൻസിയാരിക്ക് നേരിട്ട് ബസ്സുണ്ട്. വൈകുന്നേരം 4 മണിയ്ക്ക് ഡൽഹിയിൽ നിന്ന് യാത്ര തിരിയ്ക്കുന്ന ബസ് ഹൽദ്വാനി വഴി അടുത്ത ദിവസം രാവിലെ 9 മണിയ്ക്ക് ബാഗേശ്വർ എത്തും… അവിടുന്ന് മുൻസിയാരിക്കും. ഒരു പക്ഷേ, ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേയ്ക്കുള്ള ഏറ്റവും ദീർഘദൂര ബസ് ഇത് തന്നെയാകും.

ആ രാത്രി ബാഗേശ്വറിൽ തങ്ങാൻ തീരുമാനിച്ച ഞങ്ങൾ മുറി എടുത്ത് കുളി കഴിഞ്ഞ് ചരിത്ര പ്രധാനവും പ്രശസ്തവും ആയ ബാഗേശ്വർ അമ്പലം കാണാൻ ഇറങ്ങി.സരയൂ ഗോമതി നദികളുടെ കൂടിച്ചേരലിന് സാക്ഷ്യം വഹിക്കുന്ന ഈ ശിവക്ഷേത്രം പല വലിപ്പത്തിലുള്ള മണികളാലും കൊത്തുപണികളിലും അലങ്കരിതമാണ്.ഏഴാം നൂറ്റാണ്ടിൽ പണി കഴിക്കപ്പെട്ട ക്ഷേത്രത്തിൽ സാക്ഷാൽ ശിവൻ പുലിയുടെ രൂപത്തിൽ എത്തി തന്റെ ഭക്തനായ സ്വാമി മർക്കണ്ടയെ അനുഗ്രഹിച്ചു എന്നാണ് വിശ്വാസം.

ദിവസം 2 – ആ ബസ്സ് യാത്ര : അടുത്ത ദിവസം രാവിലെ 9 മണിയ്ക്ക് മുനസിയാരി ബസ്സിൽ യാത്ര ആരംഭിച്ചു.ബസ് ഇടുങ്ങിയ വഴികളിലേയ്ക്ക് നീങ്ങി. കഷ്ടിച്ച് ഒരു ബസിന് പോകാം… ഒരു സൈക്കിൾ സൈഡിൽ കൂടെ വന്നാൽ പോലും ട്രാഫിക് ബ്ലോക് ആകും… അതാണ് റോഡിന്റെ അവസ്ഥ. ബസ്സിൽ മുഴുവൻ ഗ്രാമീണരാണ്. എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും നല്ല പരിചയം. കൊച്ചു വർത്തമാനങ്ങളും വിശേഷങ്ങളും ഒക്കെ പറഞ്ഞ് യാത്ര ചെയ്യുന്ന ഇവരുടെ ലോകം വളരെ ചെറുതാണ്. ആ ചെറിയ ലോകത്ത് ചെറിയ ചെറിയ ജോലികൾ ചെയ്ത അന്നത്തേയ്ക്കുള്ള അന്നത്തിന് വക കണ്ടെത്തുന്ന ഇവർ സന്തുഷ്ടരാണ്.വെട്ടിപ്പിടിത്തത്തിന്റേയും ചതിയുടേയും കൊലയുടേയും ലോകം ഇവർക്ക് അപരിചിതം.

ബസിലെ യാത്രക്കാർ പലരും പല ലോകത്താണ്. ചിലർ കുശലം പറഞ്ഞിരിക്കുന്നു, ചിലർ മുറുക്കാൻ ചവയ്ക്കുന്നു, ചിലർ ഭക്ഷണം കൊറിക്കുന്നു, മറ്റു ചിലർ ഉറങ്ങുന്നു.ഞാൻ ദേ ഇങ്ങനെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ബസ് യാത്രയുടെ സുഖം അനുഭവിക്കുന്നു. പ്രകൃതി അതിന്റെ ചിറക് വിരിച്ച് നില്ക്കുകയാണ് 2 വശങ്ങളിലും, കാറ്റത്ത് ആടി ഉലയുന്ന പൈൻ മരങ്ങളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്.റോഡിന് കുറുകെ ഒഴുകുന്ന അരുവികൾ, വശങ്ങളിലെ തട്ടുകൃഷി, അങ്ങ് ഇങ്ങായി പല നിറത്തിലുള്ള ചെറിയ ചെറിയ കുടിലുകൾ, മലമുകളിലേയ്ക്കും കുടിലുകളിലേയ്ക്കും എത്താനുള്ള വളഞ്ഞും പുളഞ്ഞും ഉള്ള ചെറിയ നടപ്പാതകൾ, കീഴ്ക്കാൻ തൂക്കാൻ ആയി മലകൾ, അങ്ങ് ദൂരെ നീലാകാശം…. ഒരു സ്വപ്ന ലോകത്ത് കൂടെയുള്ള യാത്ര. ബസിലെ കോലാഹലങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുൻപോട്ട് നയിച്ച് കൊണ്ടേയിരുന്നു. ഈ ഹിമാലയൻ റോഡിലൂടെ ബസ് ഓടിക്കുന്ന ഡ്രൈവർമാരെ സമ്മതിക്കണം. വീതി കുറഞ്ഞ റോഡ്, കൊടും വളവുകൾ, വശങ്ങളിൽ കൊക്ക .. ഈ വഴികളിലൂടെ യാത്രക്കാരെ സുരക്ഷിതമായി നിർദ്ദിഷ്ട സ്ഥലത്ത് എത്തിക്കുന്ന ഡ്രൈവറിന് ഒരു ബിഗ് സല്യൂട്ട്.
ബാഗേശ്വറിൽ നിന്ന് മുൻ സിയാരിലേയ്ക്ക് പോകുന്ന വഴിയിലാണ് ബിർത്തി ഫാൾസ്.ബസ് നിർത്തിച്ച്, വെള്ളച്ചാട്ടം കണ്ട് ഒരു ഫോട്ടവും എടുത്ത് യാത്ര തുടർന്നു.

വൈകുന്നേരം 5 മണി ആയപ്പോൾ ഞങ്ങൾ മുൻസിയാരിയിൽ എത്തി.വിനോദ സഞ്ചാരികളാൽ മലിനമാക്കപ്പെടാത്ത ഈ ഹിമാലയൻ ഗ്രാമത്തിൽ നിന്ന് പഞ്ച പാണ്ഡവൻമാർ സ്വർഗ്ഗാരോഹണം ചെയ്ത പഞ്ചച്ചുളി മലനിരകൾ മുഖാമുഖം കാണാൻ കഴിയുന്നു. യുഥിഷ്ടിതൻ,ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിങ്ങനെയാണ് 5 ഹിമാലയൻ മലകൾക്കും ഇടത്ത് നിന്ന് വലത്തോട്ട് നാമകരണം. ബസിൽ നിന്ന് ഇറങ്ങി ഡ്രൈവർ ചേട്ടന് ഒരു നന്ദിയും പറഞ്ഞ് ഹോട്ടൽ തപ്പാൻ തുടങ്ങി. മുന്നിൽ കണ്ട mount view ഹോട്ടലിൽ ഒന്ന് മുട്ടി നോക്കാം എന്നായി. ഹോട്ടൽ ഉടമ ജാഡയിൽ റൂമിന് 3500 രൂപ എന്ന് പറഞ്ഞതും ബാഗും എടുത്ത് പുറത്തിറങ്ങി. അപ്പോഴാണ് പുറകിൽ നിന്ന് പുള്ളിക്കാരന്റെ മാസ്സ് ഡയലോഗ് – ഞാൻ ആർമിക്കാരൻ ആണ് കള്ളം പറയില്ല.. ഏറ്റവും വില കുറവ് എന്റെ ഹോട്ടലിൽ ആണ് .. “…..ഏഹ് … ആർമ്മിക്കാരൻ കള്ളം പറയില്ലേ ? കള്ളം പറയാൻ പാടില്ലേ ?

ചിന്താ വിശിഷ്ടയായി ഒരു നിമിഷം നിന്നപ്പോൾ പുറകിൽ നിന്ന് പിന്നേയും അശരീരി – നിങ്ങളാണ് ഇന്നത്തെ ആദ്യത്തെ കസ്റ്റമേഴ്സ് 1000 രൂപയ്ക്ക് റൂം തരാം..!! 3500 രൂപയുടെ മുറി 1000 രൂപയ്ക്കു തരാൻ ഞങ്ങൾ ആരാ താങ്കളുടെ……..ഉള്ളിൽ വന്ന 100 ചോദ്യങ്ങൾ മനസ്സിൽ അടക്കി പിടിച്ച് അടുത്ത ഹോട്ടലിലേക്ക് അഭിമാനപൂർവം ഞങ്ങൾ നടന്ന് നീങ്ങി.ആർമിക്കാരൻ പറഞ്ഞത് ശരിയാണ്.. റൂമിന് ഒക്കെ നല്ല വിലയാണ്. മെയ്, ജൂൺ ആണിവിടെ സീസൺ.ആയതിനാൽ തന്നെ ഹോട്ടലുകാർ ആരും വില കുറച്ചില്ല.3 പേരുടെ റൂം 1000 രൂപയ്ക്ക് OK ആണെന്ന് പറഞ്ഞ് ഒരു നാണവും ഇല്ലാതെ തിരിച്ച് പോയി ആർമ്മിക്കാരൻ അപ്പൂപ്പന്റെ ഹോട്ടലിൽ മുറി എടുത്തു. സൂര്യ രശ്മികളാൽ പഞ്ചച്ചുളി അങ്ങ് തിളങ്ങി നില്ക്കുന്ന ആ ബാൽക്കണി ദൃശ്യം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

ദിവസം 3:നടന്ന് നടന്ന് – നന്ദാ ദേവി ക്ഷേത്രവും ഖാലിയ ടോപ്പും : രാവിലെ തന്നെ നന്ദാ ദേവി ക്ഷേത്രം കാണാൻ ആണ് പ്ലാൻ.നടന്നു പോകാൻ ഉള്ള ദുരമേ ഉള്ളു. മുൻസിയാരി ഗ്രാമത്തിലെ ഊട് വഴികളിലൂടെ 20 മിനിറ്റ് നടന്ന് ക്ഷേത്ര പടിക്കൽ എത്തി. ഒരു ചെറിയ ക്ഷേത്രം….. എന്നാൽ ക്ഷേത്രത്തിന് സർവ്വ ഐശ്വര്യവും അനുഗ്രവവും ഏകി പഞ്ചച്ചുളി പ്രൗഢിയോടെ അഴകോടെ നിവർന്ന് നില്ക്കുകയാണ് മുമ്പിൽ. 180 ഡിഗ്രി ചുറ്റള്ളവിൽ ഹിമാലയ നിരകൾ കൈവിരലുകളാൽ തൊടാൻ പറ്റും എന്ന് തോന്നും വിധത്തിൽ നമ്മുടെ മുമ്പിൽ ഇങ്ങനെ പുഞ്ചിരിച്ച് നില്ക്കും – അത് തന്നെയാണ് ഇവിടേയ്ക്ക് സന്ദർശകരെ ആകർഷിക്കുന്നതും.

തിരിച്ച് റൂമിൽ എത്തി ബാഗും എടുത്ത് ഷെയർ ടാക്സിയിൽ 30 രൂപ കൊടുത്ത് ഖാലിയാ ടോപ്പിന്റെ ട്രേക്ക് Start‌ing പോയിന്റിൽ എത്തി. ഖാലിയാ ടോപ്പ് ആണ് ഈ യാത്രയുടെ പ്രധാന ഉദ്ദേശം. പതിയെ നടന്ന് കയറാൻ തുടങ്ങി. ആദ്യമൊക്കെ നടക്കാൻ കുറച്ച് എളുപ്പം ആണെങ്കിലും പിന്നീട് ട്രെക്കിന്റെ കാഠിന്യം ഏറി. കുത്തനെ ആണ് പലയിടങ്ങളും . അത്യാവശ്യം നന്നായി ക്ഷീണിച്ചു. എങ്കിലും നന്ദാദേവിയും (7816 മീറ്റർ) ,ത്രിശൂലും (7120 മീറ്റർ), സ്വപ്നം കണ്ട നക്ഷത്രക്കാഴ്ചയും കാണാൻ ഉള്ള അതിയായ മോഹം കാരണം കാലുകൾ മുന്നോട്ട് വച്ചു. തുടക്കം മുതൽ അവസാനം വരെ ബുറാസ് (Rhododendron) മരങ്ങളാണ് കാട്ടിൽ. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം. അധികം ഉയരം വയ്ക്കാത്ത ഈ മരങ്ങളുടെ പൂക്കൾ അരളിപ്പൂവ് പോലെ ഉണ്ടാകും കാണാൻ. ഹൃദയ സംബന്ധിയായ അസുഖങ്ങൾക്ക് നല്ലൊരു ഔഷധമാണ് ബുറാസ് പൂക്കൾ കൊണ്ടുള്ള ജ്യൂസ്.

ഖാലിയാ ടോപ്പിലെ കുമയൂൺ ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങാനാണ് പ്ലാൻ. ദൂരത്ത് ഗസ്റ്റ് ഹൗസ് ദൃശ്യമായി തുടങ്ങി. മറുവശത്ത് മിലാൻ ഗ്ലേഷിയർ… റലാം ഗ്ലേഷിയർ… പഞ്ചചൂളി… തുടങ്ങിയ ഹിമപ്പരപ്പുകളും കൊടുമുടികളും ഇങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ആ കാഴ്ച മനസ്സിന് നൽകിയ സന്തോഷം….. കണ്ണിന് ലഭിച്ച കുളിർമ….. ശരീരത്തിന് ഏകിയ ഊർജം.. എല്ലാ ക്ഷീണവും മറന്നു ഞങ്ങൾ; ആ ദൃശ്യാവിഷ്കാരവും കണ്ട്.! ആ കാഴ്ച ആസ്വദിച്ച് ഞങ്ങൾ ഗസ്റ്റ് ഹൗസ് എത്തി. അവിടുത്തെ ഗസ്റ്റ് ഹൗസ് സൂക്ഷിപ്പ്കാരനോട് റൂം അന്വേഷിച്ചു. ഞങ്ങൾ തിരിച്ചു പോയി കേരളത്തിലെ എല്ലാ സഞ്ചാരികളേയും അയാളുടെ ഗസ്റ്റ് ഹൗസിൽ എത്തിക്കും എന്ന ഉറപ്പിൻമേൽ ആദ്യം പറഞ്ഞതിന്റെ പകുതി വിലയിൽ അയാൾ റൂം തന്നു. ഹിമാലയത്തിൽ എത്തിയാൽ കിട്ടുന്ന ദേശീയ ഭക്ഷണമായ മാഗി ഉണ്ടാക്കാൻ ഭൈയ്യയോട് ആവശ്യപ്പെട്ടു. ഒരു കാപ്പിയും മാഗിയും… പിന്നെ ആ ഹിമാലയൻ മലനിരകളുടെ വ്യൂ… യാത്രാസഫലീകരണ നിമിഷം.!!

മുകളിലോട്ട് നടന്നാൽ ആണ് ശരിക്കുമുള്ള ഖാലിയാ ടോപ്പ് സീറോ പോയിന്റ്.!! അവിടെയെത്തി സൂര്യാസ്തമയം കാണാൻ ആ പുൽമേടുകളിൽ ഇരുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500 മീറ്റർ ഉയരത്തിലാണ്. അവിടിരുന്ന് താഴോട്ട് നോക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ.! ”അതിന് വേണ്ടി ആണല്ലോ ഇടക്കിടക്ക് ഇങ്ങനെ ബാഗും എടുത്ത് ഇറങ്ങുന്നത്.!” – മനസ്സ് മന്ത്രിച്ചു. ദേ സൂര്യൻ അസ്തമിക്കാറായി. പാറപ്പുറത്ത് കയറിയും പുൽമേടുകളിലൂടെ ഓടി നടന്നും കിടന്നും ഒക്കെ ഫോട്ടോ പിടുത്തം ആയി. ആ മനോഹരമായ സൂര്യാസ്തമയവും അസ്തമയ പ്രഭയിൽ തിളങ്ങുന്ന ത്രിശൂലും നന്ദാദേവിയും ഒക്കെ കണ്ട് മനസ് നിറഞ്ഞ് പതുക്കെ താഴേക്ക് ഇറങ്ങി.

അത്താഴവും കഴിഞ്ഞ് തെളിഞ്ഞ ആകാശവും നോക്കി ഇരുന്ന ഞങ്ങളുടെ മുന്നിലേക്ക് നക്ഷത്രങ്ങൾ ഓരോന്നായി വരാൻ തുടങ്ങി. ലൈറ്റുകൾ എല്ലാം അണച്ച് ഞങ്ങൾ ആകാശം നോക്കി ഇരുന്നു. നക്ഷത്രങ്ങളുടെ എണ്ണം കൂടി കൂടി വന്നു. ഇരുണ്ട ആകാശം വെട്ടിത്തിളങ്ങാൻ തുടങ്ങി. പതിനായിരക്കണക്കിന് നക്ഷത്രങ്ങൾ ഞങ്ങളുടെ മുന്നിൽ അണിഞ്ഞൊരുങ്ങി വന്ന് നിന്നു. ഇത്രയും നക്ഷത്രങ്ങളെ ഒരുമിച്ച് കാണുന്നത് ആദ്യമായിട്ടാണ്. എല്ലാം കൂടെ വന്നപ്പോൾ എന്നെ ഇവിടെ എത്തിച്ച സച്ചിന്റെ പോസ്റ്റിലെ ഫോട്ടോ ഒന്നും അല്ലാ എന്ന് തോന്നി. നഗ്നമായ മിഴികൾക്ക് അത്രയും നല്ലൊരു വിരുന്നൊരുക്കി ഈ ആകാശത്തിലെ ‘മിന്നാമിനുങ്ങുകൾ’.

ദിവസം 4 – താമ്രി കുണ്ട് : രാവിലെ താമ്രി കുണ്ട് പോകാൻ തയ്യാറാകുമ്പോഴാണ് ദേ…ഗസ്റ്റ് ഹൗസ് ദൈയ്യ ട്വിസ്റ്റുമായി വരുന്നത്. നിങ്ങൾക്ക് കാട്ടിൽക്കൂടെ ട്രെക്ക് ചെയ്യാൻ ഇഷ്ടം ആണെങ്കിൽ ഒരു കാട്ട് വഴി ഉണ്ട് – ഖാലിയ ടോപ്പിൽ നിന്ന് താമ്രി കുണ്ട് എത്താൻ . ഇതിലും കൂടുതൽ exciting വേറെ എന്താ!!! എല്ലാവരും റെഡി.ഭൈയ്യ പറഞ്ഞ് തന്ന ദിശയിൽ വഴികളുടെ ഏകദേശ രൂപം വച്ച് അങ്ങ് നടന്ന് തുടങ്ങി. അധികമാരും പോയിട്ടില്ലാത്ത മനോഹരമായ പഹാഡികളുടെ മാത്രം വഴികളിലൂടെ ഒരു അടിപൊളി യാത്ര. കാട്ടിലൂടെ നടന്ന് ഞങ്ങൾ എത്തിയത് താമ്രി കുണ്ട് ട്രെക്ക് തുടങ്ങുന്ന പോയിന്റിൽ. അവിടുന്ന് വീണ്ടും 40 മിനിറ്റ് നടന്ന് ഞങ്ങൾ ദേ താമ്രി കുണ്ടിലെത്തി. പച്ചപ്പാണ് എല്ലായിടത്തും . അതിന് നടുവിൽ ഒരു ചെറിയ മനോഹര തടാകം…. ശാന്തമായ തടാകം. പച്ച വിരിച്ച പുല്ല് തകിടിക്ക് നടുവിലാണ് വിടർന്ന കണ്ണ് പോലെ ഈ തടാകം. തിരികെ മുൻസിയാരി എത്തി ചിക്കൻ കറിയും കൂട്ടി 2 ചപ്പാത്തി അകത്താക്കി. എന്നിട്ട് ട്രൈബൽ ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് നടന്ന് തുടങ്ങി..ഒരു 3 km മുൻസിയാരിയിൽ നിന്ന് നടന്നാൽ മ്യൂസിയം എത്താം.പഹാഡി കൈത്തറി ഉലപ്പന്നങ്ങളാണ് മ്യൂസിയത്തിൽ അധികവും.തിരിച്ചു മുൻസിയാരിയിൽ റൂമിൽ എത്തി ട്രെക്കിന്റെ എല്ലാ ക്ഷീണവും തീർത്ത് ഒരു ഉറക്കം…

ദിവസം 5- മടക്കയാത്ര : 5 മണിക്ക് അലാറം അതിന്റെ എല്ലാ ആവേശത്തോടും അലറി ഞങ്ങളെ വിളിച്ചുണർത്തി.തിരിച്ച് പോകാൻ ഷെയർ ടാക്സി തലേ ദിവസം തന്നെ ബുക്ക് ചെയ്തിരുന്നു.500 രൂപയാണ് ഒരാളിന് മുൻസിയാരിയിൽ നിന്ന് ഹൽദ്വാനി വരെ. രാവിലെ 6 മണിയ്ക്ക് കയറിയാൽ വൈകിട്ട് 6 മണിയ്ക്ക് ഹൽദ്വാനിയിൽ അവസാനിക്കുന്ന സർവ്വീസ് എന്നും ഉണ്ട് മുൻസിയാരിയിൽ നിന്ന്. മലയിറങ്ങി താഴോട്ട് വരുമ്പോഴാണ് മലഞ്ചെരുവിലെ ആ സ്കൂളും പ്രതിജ്ഞ പറയുന്ന കുട്ടികളും ദൃശ്യമായത്. ഞാനറിയാതെ മനസ്സ് പെട്ടെന്ന് സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോയി. സ്കൂൾ വിനോദയാത്ര എന്നും ഒരു വിദൂര സ്വപ്നമായിരുന്നു എനിയ്ക്ക്.പണ്ട് ഒരു സ്കൂൾ വിനോദയാത്രാദിന വൈകുന്നേരം ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന എന്നോട് സാർ വന്ന് പറയുവാ – അനൂ, നിന്റെ പപ്പ പറഞ്ഞു നിന്നെയും ട്രിപ്പിന് അയക്കാൻ നോക്കാമെന്ന്.

ആ നിമിഷം മനസ്സ് അങ്ങ് ട്രിപ്പ് ഡസ്റ്റിനേഷൻ ആയ വീഗാലാൻഡിൽ എത്തി കഴിഞ്ഞിരുന്നു. സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നു. സ്കൂളിലെ കൂട്ടുകാരുമായി ആദ്യത്തെ യാത്ര. സ്കൂൾ കഴിഞ്ഞ് ഓടി ചാടി വീട്ടിൽ എത്തി. അമ്മാ… 7 മണിയ്ക്ക് സ്കൂളിൽ എത്തണം.8 മണിയ്ക്ക് സ്കൂളിൽ നിന്ന് പുറപ്പെടും. എനിയ്ക്ക് എന്താ പറ്റിയത് എന്ന് മനസ്സിലാകാതെ അമ്മയുടെ ഒരു നോട്ടം. കാര്യം പറഞ്ഞപ്പോൾ പപ്പ വളരെ സ്നേഹത്തോടെ അറിയിച്ചു – അത് സർ വിളിച്ചപ്പോൾ ഞാൻ എങ്ങനെയാ സാറിനോട് മറുത്ത് പറയുക എന്ന് വിചാരിച്ച് നോക്കാം എന്ന് പറഞ്ഞതാണെന്ന്…….അവരിലെ രക്ഷകർത്താബോധം തങ്ങൾ ഇല്ലാതെ ആ കുഞ്ഞിനെ യാത്രയ്ക്ക് അയക്കാൻ അനുവദിച്ചില്ല. ആ കുഞ്ഞ് മനസ്സ് പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു.അന്ന് രാത്രി തലയണ നനച്ച് കരച്ചിലിന്റെ ശബ്ദം അടക്കി പിടിച്ച് ഉറങ്ങാതെ കട്ടിലിന്റെ കോണിൽ ചുരുണ്ട് കൂടി അവൾ. ആ നാലാം ക്ലാസ്സുകാരിയിൽ നിന്ന് അവൾ ഇന്ന് ഒരുപാട് വളർന്ന് പോയോ.. ആവോ.. അറിയില്ല.. പക്ഷേ ഒന്ന് അറിയാം… അവർക്ക് അവളെ ഇന്ന് വിശ്വാസമാണ്. അത് കാരണമാണ് അവളുടെ ഓരോ യാത്ര സ്വപ്നങ്ങളും ഇന്ന് പൂവണിയുന്നത് !!

ഓരോ യാത്രയും നല്കുന്നത് ഓരോ മധുര വാഗ്ദാനങ്ങളാണ്…. സ്വപ്നങ്ങളാണ്… സ്വപ്ന സാഫല്യങ്ങളാണ്. യാത്രാ ജീവതത്തിലെ മറ്റൊരു പൊൻ തൂവൽ കൂടെ – മുൻസിയാരി !!

എത്തിച്ചേരാൻ – 1. ഡൽഹിയിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം 4 മണിയ്ക്ക് മുൻസിയാരിക്ക് നേരിട്ട് ബസുണ്ട്. 2.ഹൽദ്വാനി വരെ ട്രെയിനിലോ ബസിലോ എത്തിയാൽ അവിടെന്ന് ഷെയർ ടാക്സി കിട്ടും. കുറച്ച് ഷെയർ ടാക്സി നമ്പറുകൾ ചുവടെ: 9410769999, 9759993329, 9639671882. 3.ഹൽദ്വാനിയിൽ നിന്ന് ലോക്കൽ ബസ് പിടിച്ച് അൽമോറ, ബാഗേശ്വർ ഒക്കെ കണ്ടും പോകാം.

താമസ സൗകര്യം: മുൻസിയാരിയിലെ കുറച്ച് ഹോട്ടൽ നമ്പറുകൾ ചുവടെ: Hotel Leela -9012919648,9410156391
Hotel Pandey-9411130316,9411130373. ഖാലിയ ടോപ്പിൽ രാത്രി താമസിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ഗസ്റ്റ് ഹൗസിൽ റൂം ഒഴിവുണ്ടോ എന്ന് മുൻകൂട്ടി വിളിച്ച് ചോദിക്കുന്നത് നല്ലതായിരിക്കും. ഗസ്റ്റ് ഹൗസ് -7500727271.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply