പാൽക്കടലിൽ മുങ്ങി മലപ്പുറത്തിന്റെ മൊഞ്ചത്തി…!!

അങ്ങനെ സുബഹി ബാങ്ക് കൊടുക്കാൻ അഞ്ച് മിനുട്ട് ബാക്കി നിൽക്കെ ഉമ്മാന്റെ വിളി കേട്ട് ഞാനുണർന്ന്, അത് അങ്ങനെ ആണ് ഒരു മണിക്കൂർ മുമ്പേ ഉമ്മ വിളി തുടങ്ങും, പക്ഷേ എന്റെ ടൈം ലാസ്റ്റ് അഞ്ച് മിനുട്ട് ആണ്, ഈ അഞ്ച് മിനുട്ടിലെ അക്രമ അത്താഴം കഴിക്കൽ നോമ്പ് കാലത്തെ എന്റെ സ്ഥിരം പരിപാടി ആണ്. അങ്ങനെ അത്താഴം കഴിഞ്ഞു ഇരിക്കുമ്പോ ഒരു പൂതി ഒന്ന് കൊടികുത്തി കയറിയാലോ?

സൺഡേ ആയോണ്ട് വേറെ പരിപാടി ഒന്നും ഇല്ല, തന്നെയും അല്ല തലേന്ന് മഴ പെയ്തത് കൊണ്ട് കൊടികിലുത്തി കൂടുതൽ സുന്ദരിയായിരിക്കുo എന്ന് ഉറപ്പായിരുന്നു. പിന്നെ വേഗം അമ്മായിടെ മോൻ റിഷാലിനെ വിളിച്ചു കാര്യം പറഞ്ഞു, സമയം 4.45 am റിഷാലിനെ എടുക്കാൻ ഞാൻ വഴേകടയിലേക്ക് വണ്ടി തിരിച്ചു. അവിടന്ന് അവനേം എടുത്തു നേരെ കൊടികുത്തി ലക്ഷ്യമാക്കി നീങ്ങി, ഉദ്ദേശം 5.30 ക്ക് ഞങ്ങൾ കൊടികുത്തി മലയുടെ താഴെ എത്തി, ഇനി അങ്ങോട്ട് വണ്ടി പോകില്ല നടക്കണം…

 

അങ്ങനെ വണ്ടി ഒതുക്കി ഞങ്ങൾ നടത്തം തുടങ്ങി, വെട്ടം നന്നേ കുറവാണ് മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ആണ് ശരണം, അങ്ങനെ ആദ്യ വ്യൂ പോയിന്റിൽ മേഘങ്ങൾക്കടിയിൽ അമ്മിനിക്കാട് ന്റെ മനോഹര പുലർച്ച കാഴ്ച്ച, അത്താഴത്തിന് എഴുന്നേറ്റ വീടുകളിലെ വെട്ടവും ,തെരുവ് വിളക്കുകളും ,പാലക്കാട് കോഴിക്കോട് ഹൈവേ യിലെ വാഹനങ്ങളും ആയി ആദ്യ കാഴ്ച്ച നിരാശപ്പെുത്തിയില്ല.

ഞങ്ങൾ വീണ്ടും നടത്തം തുടർന്നു ഏകദേശം 6 മണിക്ക് ഞങ്ങൾ കൊടികുത്തി മലയുടെ വാച്ച് ടവറിന്റെ അടുത്ത് എത്തി, ആദ്യം പോയത് പുറക് വശത്തെ വ്യൂ പോയിന്റിൽ ആണ്… കിഴക്കൻ ചക്രവാളത്തിൽ ഉദയസൂര്യന്റെ ആദ്യ കിരണങ്ങൾ അങ്ങ് ദൂരെ പക്ച്ചിമഘട്ട മല നിരകളുടെ മുകളിൽ തെളിഞ്ഞ് വരുന്നു… താഴെ പാൽകടൽ പോലെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന താഴ്വാരം ഇടയിൽ തല മാത്രം പുറത്തേക്ക് ഇട്ടു നോക്കുന്ന കുന്നുകളും, മനസ്സിൽ ഇത്ര അധികം കുളിർമയേകുന്ന കാഴ്ച്ച ഇൗ അടുത്തൊന്നും കണ്ടിട്ടില്ല…

ഇങ്ങനെ ഒരു കാഴ്ച്ച ഞാൻ ആദ്യം കാണുന്നത് ഫോട്ടോയിൽ ആണ്…ദുൽഖർ സൽമാൻ ചാർളി എന്ന സിനിമയിലൂടെ പരിചയപ്പെടുത്തിയ മീശപ്പുലി മല യുടെ ഫോട്ടോ, മലകൾക്ക് താഴെ പഞ്ഞി കെട്ടുകൾ പോലെ മേഘങ്ങൾ കാണുന്ന മനോഹര കാഴ്ച്ച, ഇത് കണ്ട് ദൂരങ്ങൾ താണ്ടി അവിടെ എത്തി നിരാശരായി മടങ്ങിയവർ അനവധിയാണ്. എന്ന നമ്മുടെ അടുത്തു അത് പോലെ ഒരു കാഴ്ച്ച ഉള്ളത് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം.

കിഴക്ക് ഭാഗത്തെ കാഴ്ചകൾ കണ്ട ശേഷം ഞങ്ങൾ വാച്ച് ടവറിൽ കയറി, കിഴക്ക് മാത്രമല്ല കൊടികുത്തി 360° പാൽകടലിൽ മുങ്ങി കിടക്കുന്ന അവിസ്മരണീയ കാഴ്ച്ച… കൊടികുത്തി മലയെ ഇത്രെയും സുന്ദരിയായി ഇതിന് മുമ്പേ ഞാൻ കണ്ടിട്ടില്ല…

വാച്ച് ടവറിൽ നിന്ന് സൂര്യോദയം കണ്ട് ഞങ്ങൾ താഴെ ഇറങ്ങി., പച്ച വിരിച്ച പുൽത്തകിടികൾ വകഞ്ഞു മാറ്റി മുമ്പോട്ട് നീങ്ങി…കൊടികുത്തി മലയുടെ സൂയിസൈഡ് പോയിന്റ് കാണും വിധം ഉള്ള വ്യൂ പോയിന്റിൽ ഒരു പാറമേൽ ഞങ്ങൾ കുറച്ച് നേരം ഇരുന്നു…താഴെ പാൽകടലിൽ നിന്നും മലയിടുക്കിലേക്ക് തിരമലയടിക്കുന്ന കാഴ്ച്ച ഒന്നു കാണേണ്ട കാഴ്ചയാണ്. ഞങ്ങൾ വന്നു വഴിയേ അല്ല തിരിച്ചു പോകുന്നത്,ഇനി താഴെ ഇറങ്ങാൻ കുത്തനെ ഉള്ള ഒരു പാറ ഇറങ്ങണം… കുറച്ച് നേരം അവിടെ ഇരുന്ന് ഒരു 8.30 ക്ക്‌ ഞങ്ങൾ മലയിറങ്ങി നേരെ വീട്ടിലേക്ക് തിരിച്ചു.

Writteb By – Muhammed Rafeeq Anamangad.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply