” ആനവണ്ടി ” ചെമ്പരത്തിക്കുന്ന് – ചെമ്പരത്തിക്കുന്ന്.. ചെമ്പരത്തിക്കുന്നീന്ന് തുടങ്ങി ചെമ്പരത്തിക്കുന്നില് തന്നെ അവസാനിക്കുന്ന ആനവണ്ടി സവാരി. ഞങ്ങടെ നാട്ടില്‍ ആദ്യാട്ടുവന്ന ആനവണ്ടി.
അതുകൊണ്ട് തന്നെ വളരെ കൌതുകത്തോടെയാണ് കണ്ടത്. വണ്ടിയോടിക്കണ ചേട്ടനും, ടിക്കറ്റ് കീറി തരണ ചേട്ടനും ഭയങ്കര ഗൗരവ ഭാവമാണ്. മുന്‍വശത്തെ വാതിലിലൂടെ കേറി. ചെറുനാരങ്ങാ മണപ്പിച്ചിരിക്കണ അമ്മൂമ്മേം, ജനാല കമ്പിയിലെ മഴത്തുള്ളിയുമായി കളിക്കുന്ന അനിയത്തിക്കുട്ടീം, ജനാലയ്ക്ക് മുകളിലായി എഴുതിയിരിക്കുന്നത് വായിക്കുന്ന ചേച്ചിയും, ഇരുന്ന സീറ്റില്‍ തന്നെ ഇരിപ്പുറയ്ക്കാതെ വേറെ സീറ്റ് നോക്കുന്ന ചേട്ടനും, കീശയില്‍ നിന്ന് കാശു തപ്പുന്ന അപ്പൂപ്പനേം നോക്കി നടന്നപ്പോള്‍ അതാ പുറകില്‍ ജനാലയ്ക്കരികില്‍ ഒരു സീറ്റ്. ജനാലയിലൂടെ നോക്കുമ്പോള്‍ പേടിയാവും ., നല്ല ആഴമുണ്ട്.
കാതു പൊട്ടുന്ന ശബ്ദവും നിറയെ പുകയുംയി ആനവണ്ടി നീങ്ങിത്തുടങ്ങി.. നല്ല കുലുക്കമാണ് വണ്ടിക്ക്. വളവൊക്കെ തിരിയുമ്പോള്‍ പിടിച്ചിരുന്നില്ലേല്‍ ഊര്ന്നുപോകുമോന്നൊരു പേടിയും, വണ്ടി നിര്‍ത്തുമ്പോള്‍ തെറിച്ചുപോകുമോന്നൊരു പേടിയും ഉണ്ട്. ചെറുവോത്തെത്തി.5-8 പേരു കേറി. ഒരപ്പൂപ്പന്‍ വന്നിരുന്നു അടുത്ത്. അപ്പോഴാണ് ടിക്കറ്റ് കീറുന്ന ചേട്ടന് വന്നു എനിക്ക് ചുവന്ന ടിക്കറ്റും അപ്പൂപ്പന് മഞ്ഞ ടിക്കറ്റും തന്നത്.
പള്ളിപ്പറമ്പായപ്പോഴെക്കും അപ്പൂപ്പന് ഉറക്കം തൂങ്ങി എന്റെ തോളിലായി. ജനാലയിലൂടി മരങ്ങള്‍ പുറകോട്ടു പോണതും വണ്ടി മുമ്പോട്ടു പോണതും ഒരത്ഭുതമായി കണ്ടുകൊണ്ടിരുന്നു. കുഞ്ഞിമല കേറി തുടങ്ങി..നല്ല കേറ്റാ .. വണ്ടി പതിയെ ആണ് പോണത്. അങ്ങനെ കുഞ്ഞിമലയും കേറി ഇരട്ടിപ്പാറ എത്തി. നടന്നു പോകുമ്പോള്‍ ഇരട്ടിപ്പാറെലെ വെള്ളച്ചാട്ടത്തിന്റെ ഒച്ച കേള്‍ക്കാം. എന്നാല്‍ ഇന്ന് അതു കണ്ടു .., എന്തൊരു ഭംഗിയാ.. വണ്ടി മെല്ലെ നീങ്ങി. വെള്ളച്ചാട്ടം കണ്ണീന്ന് മായുന്ന വരെ അതും നോക്കിയിരുന്നു.
തളിക്കുന്നെത്തി.., പൊടിക്കാപ്പീടെ മണം തുടങ്ങി., അമ്മ പണ്ട് വാങ്ങിത്തന്ന കാപ്പീടെ സ്വാദ് ഇപ്പോഴും നാവിലുണ്ട്. ചേട്ടന്മാര് കാപ്പിക്കടയില്‍ നിന്ന് ചൂട് കാപ്പി ഊതി ഊതി കുടിക്കണ കണ്ടപ്പോള്‍ കൊതിയായി. കീശ തപ്പി കാശില്ല. വണ്ടി വീണ്ടും നീങ്ങി, ചാഞ്ഞു നിക്കണ കാപ്പി ഇലകളിലൂടെ കയ്യോടിച്ചു. ചാലക്കുന്നെത്താറായപ്പോഴേക്കും മഴ പൊടിഞ്ഞു തുടങ്ങി. ആരൊക്കെയോ ജനാല അടച്ചു. ആകാശത്തൂന്ന് താഴേക്ക് മഴ പെയ്യണതും നോക്കി ഇരുന്നു. ജനാല കമ്പിയിലേക്കും എന്റെ ഷര്‍ട്ടിലേക്കും മഴ എറിച്ചു വീണു.
ചാലക്കുന്നിലെ വലിയ വളവ് കഴിഞ്ഞതും മഴ തോര്‍ന്നു. അപ്പോഴതാ ആകാശത്ത് അപ്പൂപ്പന് പറഞ്ഞു തന്ന.. ചാക്കോ മാഷ് പഠിപ്പിച്ച സാധനം..,മഴയ്ക്ക് മുമ്പോ മഴയ്ക് ശേഷമോ വരുന്ന ഏഴു നിറമുള്ള മഴവില്ല്. ഏഴു നിറം എണ്ണി തീരുന്നതിനു മുമ്പേ വണ്ടി നീങ്ങി. അപ്പോഴേക്കും ടിക്കെറ്റ് ചേട്ടന്റെ അറിയിപ്പ്.. ചെമ്പരത്തിക്കുന്നെത്താറായീ..ന്ന്! ശ്ശെ !! വേഗം എത്തി. എന്ത് രസായിരുന്നു യാത്ര. എല്ലാം ഒന്ന് കണ്ടു തീര്‍ന്നതും ഇല്ല. ഇനിയുമുണ്ട് കാണാന്‍.
തീവണ്ടീലെ മദിരാശി യാത്രയേക്കാള്‍ എന്തു രസാണീ ആനവണ്ടിയാത്ര. വണ്ടി നിര്‍ത്തി ഓരോരുത്തരായി ഇറങ്ങി. കാഴ്ചകള്‍ കാണാന്‍ ഇനീം ബാക്കിയുണ്ട്. അനിയത്തിക്കുട്ട്യുമായി വരുമ്പോള്‍ ബാക്കി കാണാം എന്ന തീരുമാനത്തില്‍ ഞാനും ഇറങ്ങി…
വരികള്‍ – ദേവികാ റാം