കാടിൻ്റെ ഭംഗി ശരിക്കും ആസ്വദിച്ച ഞങ്ങളുടെ ഒരു കിടിലൻ യാത്ര..

യാത്രാവിവരണം – അർഷാദ് ജമാൽ. കവർ ചിത്രം – Pro Clicks Creations.

യാത്ര തിരിക്കും മുൻപ് എല്ലാവരുടെയും മനസ്സിൽ ഒരേ ആഗ്രഹം – കാടിന്റെ ശരിക്കുമുള്ള ഭംഗി ആസ്വദിക്കണം. അതിനു കാട്ടുമൃഗങ്ങൾ തന്നെ കാണണം. കൊല്ലത്തു നിന്നു രാത്രി 12 മണിക്ക് തന്നെ പുറപ്പെട്ടു. രാവിലെ 8 മണിയോടെ അതിരപ്പിള്ളി എത്തി. ഇനി മലക്കപ്പാറ വഴി വാൽപാറ പോകണം. ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ ഒന്നും തന്നെ ഇല്ല. രാവിലെ കാടു കയറിയാൽ കാട്ടുമൃഗങ്ങളെ കാണാൻ കഴിയും എന്ന് തന്നെ ഉറപ്പിച്ചു വണ്ടി മുന്നോട്ടു എടുത്തു. കുറച്ചു കഴിയും മുന്നേ കാട്ടാനക്കൂട്ടം പാസ്സ് ചെയ്തു പോയ എല്ലാ അടയാളങ്ങളും കാണിച്ചു തുടങ്ങി. ഞങ്ങൾക്ക് അതുവരെ ഉണ്ടായിരുന്ന എല്ലാ ധൈര്യവും ഈ ഒരു കാഴ്ചയിൽ ഇല്ലാതായി. കാരണം അത്രക്ക് ഉണ്ടായിരുന്നു കൊമ്പന്മാരുടെ വീരം. ഒരു മരം തന്നെ പൊക്കി എടുത്തു റോഡിന്റെ ഇടതു ഭാഗത്തു വച്ചിരിക്കുന്നു. കഷ്ടിച്ചു ഒരു കാറിനു പോകാൻ ഉള്ള വഴി മാത്രം മിച്ചം വച്ചിരിക്കുന്നു ..പക്ഷെ കൊമ്പന്മാരെ ആ പരിസരത്തു കാണാൻ ഇല്ല. റോഡിൽ നിറയെ ആനപിണ്ഡം. അതു ഉടഞ്ഞുപോയിട്ടില്ല. അപ്പോൾ മനസ്സിലായി ഇതു വഴി വാഹനങ്ങൾ അതികം കടന്നു പോയിട്ടില്ല. അതു കൂടി മനസ്സിലായപ്പോൾ ഭീതി കൂടി. ചെറിയ വഴി അതും വളരെ പതുക്കെ മാത്രം പോകാൻ കഴിയുള്ളൂ .

കാർ മുന്നോട്ടു പോകുകയാണ്. കുന്നു കൂടി നിക്കുന്ന ഈറയും മുളയും എല്ലാം റോഡിലേക്ക് ഇറങ്ങി നിക്കുന്നു. ചില മരങ്ങൾ ആനയും കടുവയും കരടിയുമായി മാറി വന്നു പേടിപ്പിച്ചു .. പേടി മാറി നിരാശ തുടങ്ങി. ഒരുകൂട്ടം കുരങ്ങന്മാമരല്ലാതെ മറ്റൊന്നിനേയും കാണാൻ കഴിഞ്ഞില്ല. വാഹനം വളരെ പതുക്കെ പോയിട്ടും നിരാശ മാത്രം. 10 മണിക്ക് മലക്കപ്പാറ റിപ്പോർട്ട് ചെയ്യണം എന്ന് നേരത്തെ പറഞ്ഞത് മനപ്പൂർവ്വം മറന്നു കൊണ്ടു വീണ്ടും പതുക്കെ പോകാൻ തുടങ്ങി .. അപ്പോഴാണ് ഒരു കരിംകുരങ്ങു അടുത്ത മരത്തിൽ നിലയുറപ്പിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടത്. ഇവിടെ വരെ വന്നിട്ടു വെറുംകയ്യോടെ പോകണ്ട എന്നു കാട് വിചാരിച്ചു കാണും അവനെ ഞങ്ങൾ സിനിമ നടൻ ആക്കി ഫോട്ടോ എടുക്കാൻ തുടങ്ങി …

വീണ്ടും യാത്ര മലക്കപാറ കഴിഞ്ഞു ചെക്ക്പോസ്റ്റിൽ ഞങ്ങളുടെ നാട്ടിൽ നിന്ന് വന്ന കുറച്ചു കൂട്ടുകാരെ കണ്ടു. അവരുമായി ചത്രങ്ങൾ എടുത്തു. അവർക്ക് വാൽപാറയുടെ സൗന്ദര്യം പറയാൻ വാക്കുകൾ പോരാ. വാൽപറയിലേക്ക് യാത്ര തുടർന്നു. എല്ലാർക്കും നിരാശയും ക്ഷീണവും. സമയം 12 കഴിഞ്ഞു. 12 മണിക്കൂറായി ഒന്നും കഴിച്ചിട്ടില്ല. കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു ഹോട്ടൽ കണ്ടു. അവിടെ കയറി.. കയറിയപാടെ എന്റെ സുഹൃത്ത് ഹോട്ടൽ ജീവനക്കാരനോട് തമിഴിൽ ഒരു കാച്ചു കാച്ചി. ” അണ്ണയ് ഇങ്കെ സാപിടതുക്കു എന്ന ഉണ്ട് ” തിരിച്ചു പുള്ളിക്കാരൻ പറഞ്ഞു ” ഇവിടെ ചോറും മീൻകറിയും സാമ്പറും ഉണ്ട് മോനെ ” എന്റെ സുഹൃത്ത് തിരികെ നാട്ടിൽ എത്തുന്നത്‌ വരെ ഇങ്ങനെ ആയിരുന്നു..

വാൽപാറ എത്തി. അതുവരെ ഉണ്ടായിരുന്ന എല്ലാ സങ്കൽപങ്ങളും പൊളിച്ചു മാറ്റുന്നതായിരുന്നു വൽപാറയുടെ ഭംഗി. കുറെ നേരം നോക്കെത്താ ദൂരത്തേക്ക് നോക്കി ഇരുന്നു ഭംഗി ആസ്വദിച്ചു. ചിത്രങ്ങൾ പകർത്തി. അപ്പോഴും നിരാശ കാട്ടുമൃഗങ്ങളെ കണ്ടില്ല . വിട്ടുകൊടുക്കാൻ മനസ്സില്ല. കാടു ഇറങ്ങി കാടു കയറാൻ തീരുമാനിച്ചു. എല്ലാരും നല്ല സപ്പോർട്ട് .. പൊള്ളാച്ചി വഴി മറയൂർ .

പൊള്ളാച്ചി കേട്ട പോലെ അല്ല. മനോഹരമായ സ്ഥലം. നല്ല കാലാവസ്ഥ. തെങ്ങിൻതോപ്പുകൾ കിലോമീറ്ററോളം ഉണ്ട്. എല്ലാരും വളരെയധികം ക്ഷീണിച്ചു. ഇനി മുന്നോട്ടു പോകാൻ പാടാണ്. താമസസൗകര്യം നോക്കണം. മലയാളി ആയതു കൊണ്ടു നല്ലൊരു തുക പറഞ്ഞു .മറയൂർ നോക്കാമെന്ന് സുഹൃത്തുക്കൽ. വീണ്ടും യാത്ര തുടർന്നു. കാറിനു വാ ഇല്ലാത്തത് നന്നായി ഇല്ലേൽ നിലവിളിച്ചേനെ …ചെക്ക്പോസ്റ്റിൽ പിന്നെ പിരിവായിരുന്നു. 4 ചെക്ക്പോസ്റ്റ്. അതിൽ തമിഴ്നാടിന്റെ രണ്ടു ചെക്ക്പോസ്റ്റിലും ക്യാഷ് വാങ്ങി .കേരളത്തിന്റെ ഒരു ചെക്ക്പോസ്റ്റിലും പിരിവ് ഉണ്ടാകാത്തത് ഏറെ അഭിമാനം തോന്നി.

ചിന്നാർ ടൈഗർ റിസർവ് നിരാശ വാനോളം കൂടി. കുരങ്ങന്മാരെ അല്ലാതെ മറ്റൊന്നും അവിടെ ഇല്ല. എത്ര പതുക്കെ പോയിട്ടും ഒരു വന്യജീവിയെ പോലും കാണാൻ കഴിഞ്ഞില്ല … പക്ഷെ കാടു സുന്ദരിയായിരുന്നു. വേനൽകാലം കഴിഞ്ഞുള്ള പുതിയ ഇലകൾക്ക് കാടിന് വല്ലാത്ത ഒരു സൗന്ദര്യം തന്നെ ആണ്. മറയൂർ ജംഗ്ഷനിൽ എത്തി അവിടെ ഒരു റൂം എടുത്തു (മുറികാണാൻ വന്ന കൂട്ടുകാരൻ കട്ടിലിൽ കിടന്നു ഉറക്കമായതോടെ പിന്നെ അത് അങ്ങു ഉറപ്പിച്ചു).

രാവിലെ തന്നെ എല്ലാരും പാക്ക് ചെയ്തു. കാന്തല്ലൂർ, മൂന്നാർ പോകാൻ എല്ലാരും റെഡി… നിരാശയോടെ എല്ലാവരും കാറിൽ കയറി മുന്നോട്ടു യാത്ര തുടങ്ങി. കുറച്ചു നേരം കാർ പിന്നിട്ടപ്പോൾ  ഇതുവരെ ഉണ്ടായിരുന്ന എല്ലാ നിരാശയും കാറ്റിൽ പറത്തി കാടിന്റെ സന്തതികൾ അതാ മുന്നിൽ. കാട്ടുപോത്തും മലയണ്ണാനും മാനും കുരങ്ങന്മാരും. റോഡ് അരികിൽ കാർ പാർക് ചെയ്തു ഫോട്ടോപിടുത്തം തുടങ്ങി. അതിൽ ഒരു കാട്ടുപോത്തിൻ കുഞ്ഞിന്റെ ഓട്ടവും ചാട്ടവും ആണ് ഞങ്ങളെ ഏറെ രസിപ്പിച്ചത്. അവസാനം അവൻ കുഴഞ്ഞു അമ്മയുടെ പാൽ നുകർന്നു ഉന്മേഷവാനായി വീണ്ടും ഓട്ടം തുടങ്ങി. അതിനു അപ്പുറത്ത് മലയണ്ണാൻ മരങ്ങൾ ചാടി നടക്കുന്നു. കുറെ നേരം അവരോടൊപ്പം ചിലവഴിച്ചു കാടിന് നന്ദി പറഞ്ഞു മൂന്നാറിലേക്ക്….

വൈകുന്നേരത്തോടെ മൂന്നാർ എത്തി മുറി എടുത്തു വിശ്രമം .. ഞാൻ പിറ്റേന്നു നേരത്തെ എഴുന്നേറ്റു. ഷാന്റെ കൂടെ ചായ കുടിക്കാൻ മൂന്നാർ ജംഗ്ഷനിൽ.. ജംഗ്ഷനിൽ കടകൾ ഒന്നും തുറന്നിട്ടില്ല. 8 മണി കഴിഞ്ഞു ഒരു ചായക്കട പോലും തുറന്നിട്ടില്ല. ഒരു ഓട്ടോ പോയി അതിൽ കുറെ കൊടികളും ? “ഹർത്താൽ” . അതേ ഇന്ന് ഇടുക്കിയിൽ ഹർത്താൽ ആണ്. കേട്ടപാതി ഞാനും ഷാനും ഓടി റൂമിലേക്ക്‌ എല്ലാവരെയും വിളിച്ചു എഴുന്നേൽപ്പിച്ചു. ഉള്ളതൊക്കെ വാരി വലിച്ചു കാറിൽ കയറ്റി (നാളെ എല്ലാർക്കും ജോലിക്ക് പോകാൻ ഉള്ളത് കൊണ്ട്) കാർ എടുത്തു.

2 km ഉള്ളിൽ തന്നെ കാർ തടഞ്ഞു. 5 മിനിറ്റ് കഴിഞ്ഞു പോയാൽ മതി എന്നു പ്രവർത്തകർ. വീണ്ടും മുന്നോട്ട് കുറെ ആളുകൾ മരങ്ങൾ വെട്ടി റോഡിൽ ഇടുന്നു തടസ്സങ്ങൾ എല്ലാം നീക്കി കാർ മുന്നോട്ട് നീങ്ങി… കാറിനും ശരീരത്തിനും ഉപദ്രവം ഏല്പിക്കാതെ പറഞ്ഞുവിട്ട കാടിനോടും കാട്ടുമൃഗങ്ങളോടും ഹർത്താൽ പ്രതിനിധികളോടും നന്ദി രേഖപ്പെടുത്തി ഞങ്ങൾ നാട്ടിലേക്ക് യാത്രതിരിച്ചു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply