നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ ചെയിന്‍ സര്‍വീസ് തുടങ്ങുന്നു

നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ ചിങ്ങം ഒന്നു മുതല്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കും. വര്‍ധിച്ച യാത്രാക്ലേശവും യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുത്ത് ആവിഷ്‌കരിക്കുന്ന പുതിയ സംവിധാനത്തിന്റെ പരീക്ഷണം ഈ മാസം പത്തു മുതല്‍ നടത്തും.

തിരുവനന്തപുരം ജില്ലയിലെ പഴക്കം ചെന്ന ഡിപ്പോകളിലൊന്നായ നെയ്യാറ്റിന്‍കരയില്‍ നിലവില്‍ 104 ഷെഡ്യൂളുകളാണുള്ളത്. പരമാവധി 90 ഷെഡ്യൂളുകള്‍ വരെ അധികൃതര്‍ ഓപ്പറേറ്റ് ചെയ്യാറുണ്ട്. പുതുതായി അഞ്ച് ബസുകള്‍ ലഭിച്ചത് ഡിപ്പോക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഇവയില്‍ രണ്ടെണ്ണം ഫാസ്റ്റ് പാസഞ്ചറായും മൂന്നെണ്ണം ഓര്‍ഡിനറി സര്‍വീസായും പ്രവര്‍ത്തിക്കും. ഇനിയും കുറഞ്ഞത് എട്ടു ബസുകള്‍ കൂടി ലഭിച്ചാല്‍ ഒരു പരിധി വരെ നെയ്യാറ്റിന്‍കര ഡിപ്പോയുമായി ബന്ധപ്പെട്ട യാത്രാക്ലേശ വിഷയത്തിന് പരിഹാരമാകും.
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ ചേര്‍ന്ന യോഗത്തിലാണ് ചെയിന്‍ സര്‍വീസ് അടക്കമുള്ള പരിഷ്‌കരണ നടപടികളില്‍ തീരുമാനമായത്. കെ ആന്‍സലന്‍ എംഎല്‍എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ആദ്യഘട്ടത്തില്‍ ധനുവച്ചപുരം വഴി വെള്ളറട, മാരായമുട്ടം- കോട്ടയ്ക്കല്‍- പാലിയോട്, വഌത്താങ്കര- പൂഴിക്കുന്ന്, മഞ്ചവിളാകം- കാരക്കോണം, പ്ലാമൂട്ടുക്കട -പൊഴിയൂര്‍, കമുകിന്‍കോട്- കാഞ്ഞിരംകുളം, പഴയകട- മുടിപ്പുര റൂട്ടുകളില്‍ ചെയിന്‍ സര്‍വീസുകള്‍ തുടങ്ങും. ബസ് സ്റ്റാന്‍ഡില്‍ എല്ലാ സമയത്തും ഈ റൂട്ടുകളിലേയ്ക്കുള്ള ബസുകള്‍ ക്രമീകരിക്കും.
ആലുംമൂട്, അമരവിള, മാരായമുട്ടം, കാരക്കോണം, ടി ബി ജങ്ഷന്‍ മുതലായ ഇടങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനായി ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കും. ഡിപ്പോയില്‍ ചെയിന്‍ സര്‍വീസുകള്‍ക്കായി നിശ്ചിത മാതൃകയില്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളും റൂട്ട് നമ്പരുകളും ക്രമീകരിക്കും. ബ്രേക്ക് ഡൗണുകള്‍ പരിഹരിക്കാനായി ആവശ്യാനുസരണം മെക്കാനിക്കുകളെ സജ്ജമാക്കും.

ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡിടിഒ എം സുരേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുദര്‍ശനന്‍ ആചാരി, അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ മനോഹരന്‍, വിവിധ സംഘടനാ ഭാരവാഹികളായ എന്‍കെ രഞ്ജിത്ത്, എസ് എം ഇദിരീസ്, പി വിനോദ്കുമാര്‍, എസ് ജി രാജേഷ്, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ റോക്ക്‌ലന്റ് രാജ്, സര്‍ജന്റ് എല്‍ ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
ഡിപ്പോ അധികൃതരും ജീവനക്കാരും കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവന നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുമ്പോഴും ഇനിയും പ്രശ്‌നങ്ങള്‍ ബാക്കി. സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവാണ് പ്രധാന വിഷയങ്ങളിലൊന്ന്. പാതി വഴിയിലാകുന്ന ബസുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി വീണ്ടും വേഗത്തില്‍ നിരത്തിലിറക്കാന്‍ ഇത് മാര്‍ഗതടസമാകുന്നു. എഞ്ചിന്‍ തകരാറു കാരണം ചില ബസ്സുകള്‍ ഇപ്പോഴും ഡിപ്പോയില്‍ കട്ടപ്പുറത്താണ്. മെക്കാനിക് വിഭാഗത്തിലെ ആധുനികവത്കരണവും അടിയന്തരമായി നടപ്പിലാക്കേണ്ട ആവശ്യമാണ്.

News : Janayugam

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply