കൊയ്‌ബാ – തടവുകാർ സംരക്ഷിച്ച ദ്വീപ്… കൂടുതല്‍ വിശേഷങ്ങള്‍ അറിയാം…

120,000 ഏക്കറുകൾ വിസ്താരമുള്ള കൊയ്‌ബാ (Coiba) , മധ്യഅമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ് . വൻകരയിൽ നിന്നും ഏകദേശം 15,000 വർഷങ്ങൾക്ക് മുൻപ് അടർന്ന് മാറിയ ഈ ദ്വീപിൽ ആയിരത്തി അഞ്ഞൂറുകളുടെ അവസാനം വരെ Coiba Cacique എന്ന റെഡ് ഇന്ത്യൻസ് വസിച്ചിരുന്നു . അവരെ സ്പാനിഷുകൾ അടിമകളായി പിടിച്ചുകൊണ്ട് പോയതോടെ നൂറ്റാണ്ടുകളോളം ഈ ദ്വീപ് മനുഷ്യസ്പർശമേക്കാതെ തീർത്തും ഒറ്റപ്പെട്ട് നിലകൊണ്ടു . വീണ്ടും 1919 ലാണ് ഇങ്ങോട്ടേക്ക് മനുഷ്യൻ എത്തുന്നത് . പക്ഷെ ഇപ്രാവിശ്യമെത്തിയത് തടവുകാരും അവരുടെ കാവൽക്കാരുമാണ് .

പനാമൻ രാഷ്ട്രീയ തടവുകാരെ മുഖ്യധാരയിൽനിന്നും മാറ്റി നിർത്തുവാൻ, നമ്മുടെ ആൻഡമാനിലെ സെല്ലുലാർ ജയിൽ പോലെ ഏകാധിപതികൾ കണ്ടുപിടിച്ച ഒന്നാതരം തടവറ . പക്ഷെ ഇവിടെ സ്ഥിതി ആൻഡമാനിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് വിജനമായി കിടന്നിരുന്ന ദ്വീപിൽ മറ്റൊരിടത്തും ഇല്ലാത്ത ആവാസവ്യവസ്ഥ രൂപപ്പെട്ടിരുന്നു .

വൻകരയിൽ നിന്നും കുറ്റിയറ്റുപോയ പല ജീവിവർഗ്ഗങ്ങളും ഇവിടെ മാന്യമായ നിലയിൽ കഴിഞ്ഞുപോന്നിരുന്നു . പ്രകൃതിയുമായി ഘോരസമരത്തിലേർപ്പെടാതെ മനുഷ്യന് പൂർണ്ണമായും നിലനിന്ന് പോകുവാൻ സാധിക്കാത്ത അവസ്ഥ . അതുകൊണ്ട് തന്നെ ഇവിടുത്തെ ജയിലിനും ഒരു പ്രത്യകത ഉണ്ടായിരുന്നു . ഇവിടെ സംരക്ഷണം ആവശ്യമായിരുന്നത് കാവൽക്കാർക്കായിരുന്നു . അവർ മതിലുകൾ കെട്ടി അതിനുള്ളിൽ താമസിച്ചു . കുറ്റവാളികളാകട്ടെ പുറത്ത് കൂടാരങ്ങളിലും !

അങ്ങെനെയെങ്കിൽ ഇവിടെ നിന്നും ആളുകൾക്ക് എളുപ്പം രക്ഷപെട്ടുകൂടെ എന്ന് നാം സംശയിച്ചേക്കാം . നടക്കില്ല . ഇടതൂർന്ന വനങ്ങൾ താണ്ടി, മുതലകളുടെ വായിൽനിന്നും രക്ഷപെട്ട് തീരത്തെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റൻ സ്രാവുകളാണ് . അന്നും ഇന്നും സ്രാവുകളുടെ വിഹാരകേന്ദ്രമാണ് കൊയ്‌ബാ ദ്വീപ് .

പ്രതികൂലമായ ഭൂപ്രകൃതി , പോരാത്തതിന് അലഞ്ഞു തിരിഞ്ഞു നടക്കുന്ന തടവുകാരും . ഒരു സാധാരണ മനുഷ്യൻ ഒരു കാലത്തും തിരിഞ്ഞുനോക്കാൻ ഇഷ്ടപ്പെടാത്ത ശപിക്കപ്പെട്ട ദ്വീപായി മാറി കൊയ്‌ബാ . ഭീതി കാരണം ടെന്ററുകളുടെ പരിധി വിട്ട് തടവുകാരാരും പോയില്ല , അല്ലെങ്കിൽ പോയവരാരും തിരികെ വന്നുമില്ല .

തടവുകാരെ സംബന്ധിച്ചടുത്തോളം മരണ ശിക്ഷയായിരുന്നു കൊയ്‌ബയിലെ ജീവിതം . പ്രകൃതി കൊന്നില്ലെങ്കിൽ സഹതടവുകാർ കൊല്ലും എന്നതായിരുന്നു അവസ്ഥ . കൊയ്‌ബ തടവുപുള്ളികളെ “Los Desaparecidos” എന്നാണ് വിളിച്ചിരുന്നത് . അർഥം “The disappeared ”!! ഈ തടവറയുടെ സാനിധ്യം കാരണം , ദ്വീപിലെ കന്യാവനങ്ങൾ വീണ്ടും വർഷങ്ങളോളം നാശമില്ലാതെ നിലകൊണ്ടു.

2004 ൽ അവസാന തടവുകാരനെയും പറഞ്ഞയച്ച് കൊയ്‌ബാ തടവറ എന്നന്നേക്കുമായി പൂട്ടുമ്പോഴും ദ്വീപിലെ എൺപതു ശതമാനം വനങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപുള്ള അതേ അവസ്ഥയിൽ തന്നെയായിരുന്നു . ഒരുതരത്തിലുമുള്ള പര്യവേഷണങ്ങളോ , ഗവേഷണങ്ങളോ നടക്കാതിരുന്നതിനാൽ കൊയ്‌ബയിൽ എന്തൊക്കതരം ജീവികളാണ് ഉള്ളതെന്നുപോലും ആർക്കും അറിവില്ലായിരുന്നു .

ഈ കന്യാവനങ്ങളെ സംരക്ഷിക്കുവാൻ 1992 ൽ ഇതൊരു നാഷണൽ പാർക്കായും , 2005ൽ യുനെസ്കോ ദ്വീപിനെ ഒരു വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തു . അതോടെ ഗവേഷകർക്ക് ഇതൊരു പറുദീസയായി മാറി . പക്ഷെ ദ്വീപിൽ മരണപ്പെട്ട തടവുകാരെ അവിടെയും ഇവിടെയുമായി അടക്കിയിട്ടുണ്ട് എന്ന അറിവ് കാര്യങ്ങൾ കുഴപ്പത്തിലാക്കി.

കാട്ടിൽ നിന്നും അലർച്ചകളും മറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടു . ഒരു തടവുപുള്ളിയെ കണ്ടതായി തോന്നി പിറകെ പോയ ആൾ പേടിച്ച് സ്വയം വെടിവെച്ച് മരിക്കുന്നതുവരെയെത്തി കാര്യങ്ങൾ ! പക്ഷെ ഇക്കഥകളിലൊന്നും കുലുങ്ങാതിരുന്ന ഗവേഷകർ ദ്വീപിന്റെ ഉള്ളറകളിലേയ്ക്ക് ഇറങ്ങി ചെന്നു . നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി ഒരു BioBlitz പ്രോഗ്രാം കൊയ്‌ബാ ദ്വീപിനായി പ്രഖ്യാപിച്ചു .

ഒരു പ്രത്യേക സ്ഥലത്തെ ജീവവർഗ്ഗങ്ങളുടെ പഠനം ഒരു നിശ്ചിത സമയത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ആളുകളുടെ സഹകരണത്തോടു കൂടി കൃത്യമായും വേഗതയോടു കൂടിയും ചെയ്തു തീർക്കുന്ന പരിപാടിയാണ് BioBlitz പ്രോജക്റ്റ് .

അങ്ങിനെ മുപ്പതോളം ഗവേഷകരുടെ സഹായത്തോടു കൂടി Christian Ziegler എന്ന നാഷണൽ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫർ ദ്വീപിനുള്ളിൽ നാൽപ്പതോളം ക്യാമെറാ ട്രാപ്പുകൾ വെച്ച് ഏകദേശം 100,000 ത്തോളം ചിത്രങ്ങൾ എടുത്തു.

തൽഫലമായി കിട്ടിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു . കൊയ്‌ബയിൽ കടവാതിലുകൾ മാത്രം മുപ്പതു തരം! , 172 ഓളം പക്ഷി വർഗ്ഗങ്ങൾ ! അതിൽത്തന്നെ 21 വിഭാഗങ്ങൾ ഭൂമിയിൽ കൊയ്‌ബയിൽ മാത്രമേ ഉള്ളൂ . എഴുപത് വർഗ്ഗം ഉറുമ്പുകളിൽ ഏഴെണ്ണം നാം ആദ്യമായി കാണുന്നവയാണ് . ചുറ്റുമുള്ള കടലിലെ പവിഴപ്പുറ്റുകൾ പസഫിക് തീരങ്ങളിലെ ഏറ്റവും വലുതാണ് . അതിനാൽ തന്നെ ഇവിടെ കണ്ടെത്തിയ മീൻ വർഗ്ഗങ്ങൾ ഏകദേശം 760 . കൂടാതെ , തടവുകാരുടെ ശരീരങ്ങൾ ശാപ്പിട്ടു കഴിഞ്ഞുകൂടിയ സ്രാവ് വർഗ്ഗങ്ങൾ ഏകദേശം 33.

ഇത്രയുമാണ് ഇതുവരെ അനലൈസ് ചെയ്ത ഡേറ്റകളിൽ നിന്നും മനസിലായത് . ഇനിയും റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളു . Ziegler പറയുന്നത് ഇതാണ് കൊയ്‌ബാ ഒരു തടവറയല്ല , മറിച്ച് പ്രകൃതിസ്നേഹികളുടെ പറുദീസയാണ് !

ക്രൂയിസ് ഷിപ്പുകളോ , ഹെലിക്കോപ്റ്ററുകളോ കൊയ്‌ബയിൽ ചെല്ലില്ല . കൊയ്‌ബ കാണേണ്ടവർ പനാമയിലെ Santa Catalina യിൽ നിന്നും ബോട്ട് പിടിക്കണം . തൊണ്ണൂറ് മിനുട്ട് യാത്ര . ഒരു രാത്രി പരമാവധി അറുപതുപേരെയേ ദ്വീപിൽ താമസിക്കുവാൻ അനുവദിക്കൂ . coibadventure എന്നൊരു കമ്പനി ചെറിയൊരു ചാർട്ടേർഡ് ഫ്ലൈറ്റ് ഇതിനടുത്തുള്ള ദ്വീപിലേക്ക്‌ പറത്തുന്നുണ്ട്.

Written By Julius Manue

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply