ബസ്സില്‍ മോഷണം അത്ര പുതുമയുള്ള കാര്യമല്ല. മോഷ്ടാക്കളെ കൈയോടെ പിടികൂടിയാലോ? കാര്യം ഒന്നു കൂടി ഗൗരവമാകും. ഇത്തരമൊരു സംഭവമാണ് ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് ചന്തക്കുന്ന് എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
ബസിലുണ്ടായിരുന്ന ഒരു യുവതിയുടെ ബാഗിന്റെ സിബ് തുറന്ന് പഴസ് എടുക്കുന്നത് കണ്ട് മറ്റൊരു യാത്രക്കാരി ബഹളം വച്ചു. തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ മോഷ്ടാക്കള്‍ ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ബസ്സിലെ മറ്റൊരു യാത്രക്കാരിയായ അന്‍സിയ ഇവരെ വിടാതെ പിന്തുടര്ന്ന്പിടികൂടി. പിന്നാലെ എത്തിയ നാട്ടുകാരും ചന്തക്കുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫിസര്‍ മുരളിയുടെ സഹായത്തോടെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു
തമിഴ്നാട് സ്വദേശികളായ അഭിരാമി, ദിവ്യ എന്നിവിരെയാണ് പിടികൂടിയത്. 30 ലേറെ മോഷണ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. മാന്യമായ വേഷം ധരിച്ച് തിരക്കുള്ള ബസ്സുകളില്‍ കയറി മോഷണം നടത്തി അടുത്തയാള്‍ക്ക് കൈമാറുകയും തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി വേഷം മാറി സ്ഥലം വിടുകയുമാണ് ഇവരുടെ പതിവ്. ഇത്തരത്തിലുള്ള 23 സംഘങ്ങള്‍ ഓണം പ്രമാണിച്ച് കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ ഇരിങ്ങാലക്കുട കോടതി റിമാന്‍ഡ് ചെയ്തു.
Source – http://www.asianetnews.tv/news/woman-theft-in-bus-two-are-arrested