കോഴിക്കോട് റഹ്മത്തിലെ ബിരിയാണീം 450 കാടമുട്ടേം…

വിവരണം – Shijo&Devu_The Travel Tellers .

ന്യൂയർ ആഘോഷം കഴിഞ്ഞ് കണ്ണൂര്ന്ന് തിരിച്ച് വരുമ്പോഴാണ് റഹ്മത്തിലെ ബിരിയാണീടെ കഥ പറഞ്ഞ് ചങ്ക് ഞങ്ങളെ കൊതിപ്പിച്ചത്. പലരിൽ നിന്നും ഇതിനു മുൻപേ കേട്ടറിഞ്ഞ കോഴിക്കോടിന്റെ സ്വന്തം ബിരിയാണിക്കട. കൊതി മൂത്തപ്പോൾ കാറിന്റെ സ്റ്റിയറിംഗ് റഹ്മത്തിലേക്ക് തിരിഞ്ഞു. കോഴിക്കോട് ബീച്ചിന്റെ മുൻപിൽ നിരത്തി വച്ചിരിക്കുന്ന ചില്ലുകുപ്പിയിൽ കിടന്ന് ഉപ്പിലിട്ട ചങ്ങാതിമാർ വിസിലടിക്കുന്നപ്പോലെ തോന്നിയപ്പോൾ എന്നാലൊന്നാ ചങ്ങാതീനേം കാണാന്നു പറഞ്ഞ് ഞങ്ങൾ വണ്ടി നിറുത്തി…

വീടിന്റെ തൊട്ടു പുറകിൽ വിശാലമായ അറബിക്കടൽ ആയിരുന്നെങ്കിലും ഇളം ചൂടുള്ള ഉപ്പു കാറ്റിനോടും നുരഞ്ഞു പൊങ്ങുന്ന തിരയോടും ഒരിക്കലും തീരാത്ത ഒരിഷ്ടമുണ്ട് മനസിൽ…. ഓരോ കടലും വ്യത്യസ്തമാണ് അതു പോലെ മറ്റാർക്കും അറിയാത്ത ഒരു കഥയുണ്ടാകും ഓരോ തീരത്തിനും പറയാൻ… അല്ല ഞങ്ങളീ കടപ്പുറത്ത് വന്നത് കഥപറയാൻ അല്ലല്ലോ. രുചി വൈവിധ്യങ്ങളുടെ കലവറയായ കോഴിക്കോട് ബീച്ചിലെ കല്ലുമ്മക്കായ പൊരിച്ചതിലും ഐസ് ഉരുത്തിലും ഉപ്പിലിട്ടതിലുമൊക്കെ ഗവേക്ഷണം നടത്താൻ ആയിരുന്നില്ലേ?

കൺട്രോള് തന്നേക്കാൻ പടച്ചോനോട് ഒരു request ഉം കൊടുത്ത് റഹ്മത്തിലെ ബിരിയാണീ നെ മനസില് ധ്യാനിച്ച് കല്ലുമ്മക്കായ പൊരിച്ചതീന്ന് തുടങ്ങി. ആദ്യായിട്ടാ കഴിക്കുന്നതെങ്കിലും മസാല മുക്കി പൊരിച്ച കല്ലുമ്മക്കായ ‘ഇത്തിൾ’ (തോട്) പൊട്ടിച്ച് കഴിക്കുമ്പോൾ മാമല ഷാപ്പിലെ കക്ക ഇറച്ചി തോരൻ ഓർമ വന്നു. എന്തായാലും സംഭവം പൊളിച്ചു !! പിന്നെ കല്ലുമ്മകായ്ക്ക് ഒരു കൂട്ടായിക്കോട്ടെ എന്ന് വച്ച് മസാല ഇട്ട കാടമുട്ടേം!!

ഉദ്ഘാടനം ഗംഭീരമായി കഴിഞ്ഞതോടെ പിന്നെ അമാന്തിച്ചില്ല ഉപ്പിലിട്ട items ന്റെ അടുത്തോട് പോയി. എന്തിൽ നിന്ന് തുടങ്ങൂന് ആകെ confusion ( ഒരു ബിരിയാണിക്കുള്ള സ്പെയിസ് വയറ്റിൽ ബാക്കി വക്കണ്ടെ). ഏതായാലും പൈനാപ്പിളും പപ്പായേം ഇനന്തപ്പഴോം മാങ്ങേം വെള്ളരിക്കേം ഒന്നും വിട്ടില്ല. എല്ലാം ഒരോന്ന് വാങ്ങി. ഉപ്പ് പിടിച്ച രുചീം പച്ചമുളകിന്റെ ചെറിയ എരിവും ഓർക്കുമ്പോൾ തന്നെ വായില് വെള്ളം നിറയും. അടുത്തത് ‘ഐസ് ഉരുത്തി’ എന്ന് മനസിൽ ഓർത്തെങ്കിലും ഉപ്പും മധുരോം തണുപ്പും എല്ലാം കൂടി വയറ്റിൽ കിടന്ന് തല്ല് കൂടിയാലോ എന്ന് പേടിച്ച് തല്കാലത്തേക്ക് പരീക്ഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

തലേന്ന് രാത്രി മുഴപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)ന്ന് കഴിച്ച ‘ഐസ് ഉരുത്തി’യെ ഒന്നൂടെ ഓർത്ത് ഞങ്ങൾ കോഴിക്കോട് ബീച്ചിനോട് വിട പറഞ്ഞു. മട്ടാഞ്ചേരി തെരുവിനെ അനുസ്മരിപ്പിക്കുന്ന ഇടുങ്ങിയ വഴികളിലൂടെ വണ്ടിയോടിച്ച് ഞങ്ങൾ കോഴിക്കോട് റഹ്മത്ത് ഹോട്ടലിന്റെ മുന്നിലെത്തി. വാതുക്കൽ തന്നെ ഒരു കൂട്ടം ആളുകളെ കണ്ടപ്പോൾ പാർസൽ വാങ്ങാനുള്ള തിരക്കാണെന്നോർത്തു. പക്ഷേങ്കി അത് ഹോട്ടലിന്റെ അകത്ത് കയറാനുള്ള ക്യൂ ആണെന്നറിഞ്ഞപ്പോൾ മനസിലൊരു വെള്ളിടി വെട്ടി.

എന്തായാലും വണ്ടീം പാർക്ക് ചെയ്ത് അല്ല ദൂരം നടന്ന് ബിരിയാണി ക്യൂവിന്റെ അവസാനം പോയി നിന്നു. സിനിമാ തിയറ്ററിൽ ക്യൂ നിൽക്കാറുണ്ടേലും ബിരിയാണി കൊതിയൻമാരുടെ ക്യൂവിൽ നിക്കുന്നത് ആദ്യത്തെ അനുഭവമായിരുന്നു. 20 മിനിറ്റോളം കാത്തു നിന്നപ്പോഴേക്കും ഞങ്ങൾക്ക് സീറ്റ് കിട്ടി, എനിക്കിഷ്ടം ചിക്കൻ ബിരിയാണി ആണെങ്കിലും റഹ്മത്തിലെ സ്പെഷ്യൽ രുചി അറിയാൻ ബീഫ് ബിരിയാണി തന്നെ കഴിക്കണമെന്ന് ചങ്ക് പറഞ്ഞതു കൊണ്ട് ബീഫ് ബിരിയാണിക്ക് തന്നെ ഓർഡർ കൊടുത്തു.

അടുത്തുള്ള ടേബിളീന്ന് ബിരിയാണീടെ മണം തലച്ചോറിനകത്തോട്ട് കയറാൻ തുടങ്ങിയപ്പോ തന്നെ ഇവിടെ മാത്രം എന്താ ഇത്ര തിരക്ക് എന്നുള്ളതിന് ഉത്തരം കിട്ടി. ബീഫിന്റെ മസാലയിൽ കുതിർന്നിരിക്കുന്ന ബിരിയാണി ചോറിന്റെ രുചി നാവിൽ കൊതി ഉണർത്തിക്കൊണ്ടിരുന്നു. ബീഫ് ബിരിയാണി കഴിക്കണേൽ റഹ്മത്തിന്നു കഴിക്കണം. അമ്മാതിരി ബിരിയാണി.. എന്തായാലും തണുത്തൊരു മിന്റ് ലൈമും കൂടി അകത്താക്കി റഹ്മത്തിനോട് വിട പറയുമ്പോൾ വയർ മാത്രമല്ല മനസും നിറഞ്ഞിരുന്നു!( ബിരിയാണി ഒരു രക്ഷേം ഇല്ലാട്ടോ… കിടു taste ആണ്, ഒരിക്കൽ എങ്കിലും കഴിക്കേണ്ട item ആണ്).

ബിരിയാണിയുടെ രുചിയോർമയിൽ കാറിന്റെ ബാക്ക് സീറ്റിൽ പാതിമയക്കത്തിൽ ഇരിക്കുമ്പോൾ മിഠായിതെരുവിലേക്കുള്ള വഴി പിന്നിലേക്ക് മറയുന്നുണ്ടായിരുന്നു. മിഴികൾ മയക്കത്തിന്റെ ചുംബനത്തിൽ ലയിച്ചിരിക്കുമ്പോൾ സഡൻ ബ്രേക്കിന്റെ രൂപത്തിൽ വില്ലൻ രംഗ പ്രവേശനം ചെയ്തു. കണ്ണ് മിഴിച്ച് നോക്കുമ്പോൾ ഞങ്ങളുടെ കാറിനു മുന്നിൽ ഒരു സ്കൂട്ടറും കലിതുള്ളി നിൽക്കണ ഒരു ചെറുപ്പക്കാരനും ! ഹെൽമറ്റിൽ തിരുകിയ സ്മാർട്ട് ഫോണും വലിയ്യൂരി അവൻ പടച്ചട്ട ഇട്ട പടയാളി കണക്കേ നിൽക്കുന്നു!!

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…..ആള് കൂടുന്നു, വണ്ടി ഒതുക്കുന്നു, ഞങ്ങളുടെ ആണുങ്ങൾ വണ്ടീന്ന് ഇറങ്ങുന്നു, ആളുകൾ റോഡിൽ നിന്ന് എന്തൊക്കയോ പെറുക്കുന്നു, പിന്നെ ഞങ്ങടെ ചങ്ക് ATM ൽ കയറുന്നു, യുദ്ധ സന്നിഹിതരായി പോയ ഞങ്ങടെ പുരുഷൻമാർ ഒരു കുഞ്ഞി ചാക്കും കൊണ്ട് വിജയശ്രീ ലാളിതന്മാരായി തിരിച്ചു വരുന്നു… വണ്ടീടെ പിന്നിലെ ചില്ലിൽ കൂടി കാഴ്ച കണ്ട പാവം ഞങ്ങൾ പെണ്ണുങ്ങൾക്ക് ഒന്നു മനസിലായില്ല ! ഏതായാലും അവർ ഡിക്കിയിൽ ചാക്കും വച്ച് വണ്ടി കയറി slow motion ൽ action രംഗം കാണിക്കും പോലെ കഥ തുടങ്ങി.

മൊബൈലിൽ സംസാരിച്ചോണ്ട് ഒരുത്തൻ സ്കൂട്ടർ ഓടിച്ച് ഞങ്ങൾടെ കാറിന് ചെറുതായിട്ട് ഒന്ന് വട്ടം വച്ചു. ഞങ്ങൾടെ വണ്ടി സഡൻ ബ്രേക്കിട്ടു. ലവന്റെ സ്കൂട്ടർ ചരിഞ്ഞതും മുൻപിൽ അടുക്കി വച്ചിരുന്ന കാട മുട്ട മുഴുവൻ റോഡിലോട്ട് ചാടി… പിന്നെ അവിടെ കൂടിയ കാഴ്ചക്കാർ എല്ലാം കൂടി കയ്യിൽ കിട്ടിയ മുട്ടയൊക്കെ പെറുക്കി വഴീന്നു കിട്ടിയ ചാക്കിലാക്കി. പിന്നെ വാദം, വാഗ്വാദം എല്ലാം കഴിഞ്ഞപ്പോൾ തോടിൽ പൊട് വീണ മുട്ട ഞങ്ങടെ തലേലായി. ഒന്നും രണ്ടു മല്ല 450 എണ്ണം (പൊട്ടുന്നതിന് മുൻപ് അത്രേം ഉണ്ടായിരുന്നെന്ന് ലവൻ പറഞ്ഞത് .. എത്രണ്ണം ബാക്കിയുണ്ടെന്ന് കണ്ടറിയാം) 800 രൂപേം കയ്യീന്ന് പോയി.

അപ്പോൾ പറഞ്ഞു വന്നത് ചാക്കിനകത്ത് കാട മുട്ട ആയിരുന്നു. ചിലരുടെ ഒക്കെ വരവ് കണ്ടപ്പോൾ ഞാൻ ഓർത്തു കാലകേയന്റെ തല ആണെന്ന്! വീട്ടിലേക്ക് ഒന്നും വാങ്ങിയില്ല എന്ന അമ്മയുടെ സ്ഥിരം പരാതി മാറ്റാനുള്ള സാധനം ചാക്കിലുണ്ടെന്ന് ആശ്വസിച്ച് ഞങ്ങൾ 450 കാട മുട്ടയുമായി കൊച്ചിക്ക് വിട്ടു! (അമ്മേ 450 കാട മുട്ടേം ചാക്കിലാക്കി വരുന്നുണ്ട് അമ്മേടെ മോൻ….).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply