കേരളത്തിലെ ആദ്യ ബ്ലൂ വെയ്ൽ ആത്മഹത്യ തിരുവനന്തപുരത്ത്?; വെളിപ്പെടുത്തലുമായി അമ്മ

ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിം ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് മലയാളിപ്പയ്യൻ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തൽ. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരനെ മരണത്തിലേക്കു തള്ളിവിട്ടത് ബ്ലൂ വെയ്ൽ ഗെയിം ആണെന്ന് കുട്ടിയുടെ അമ്മയാണ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്.

ഇക്കഴിഞ്ഞ ജൂലൈ ഇരുപത്താറിനാണു പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ൽ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

മകനെ ഇതിൽനിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ഇരുവരും പരാതിയിൽ വ്യക്തമാക്കി. ആത്മഹത്യയ്ക്കു മുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്. സൈബർ പൊലീസ് ഫോൺ പരിശോധിക്കുകയാണ്.

ഒൻപതു മാസങ്ങൾക്കു മുൻപ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗണ്‍‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോടു പറഞ്ഞിരുന്നുവെന്നും അതിൽനിന്നു പിന്മാറ്റാൻ ശ്രമിച്ചിരുന്നതായും അനു വെളിപ്പെടുത്തി. ഒൻപതു മാസത്തിനിടയിൽ മനോജിന്റെ ചെയ്തികളെല്ലാം ബ്ലൂ വെയ്ൽ ടാസ്കുകൾക്കു സമാനമായിരുന്നെന്നും അവർ പറഞ്ഞു.

ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത മകൻ വീട്ടിൽ നുണ പറഞ്ഞു കടൽ കാണാൻ പോയതും കയ്യിൽ കോമ്പസ് കൊണ്ട് അക്ഷരങ്ങൾ കോറിയതും നീന്തൽപോലും അറിയില്ലെന്നിരിക്കെ പുഴയിൽ ചാടിയതുമെല്ലാം കൊലയാളി ഗെയിമിന്റെ സ്വാധീനത്താലാണെന്നാണു മാതാപിതാക്കൾ സംശയിക്കുന്നത്. രാത്രി സമയത്ത് മനോജ് സെമിത്തേരിയിൽ ഒറ്റയ്ക്ക് പോയി ഇരിക്കുന്നതും പതിവായിരുന്നുവെന്നു മനോജിന്റെ അമ്മ പറഞ്ഞു.

Source – http://www.manoramaonline.com/news/latest-news/2017/08/15/teenage-boy-commit-suicide-due-to-blue-whale-game-trivandrum.html

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply