താ പ്രോം അഥവാ രാജാവിഹാര – കംബോഡിയൻ യാത്രയിലെ കാഴ്ചകൾ…

വിവരണം – കീർത്തി മേനോൻ.

അങ്കോർ വാത് കഴിഞ്ഞതിനു ശേഷം ഞങൾ പോയത് താ പ്രോം സന്ദർശിക്കാനായിരുന്നു. സിയാം റീപ് എന്ന ക്ഷേത്ര നഗരം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടുതീർക്കുക എന്നത് ശ്രമകരമായ ഒരു കാര്യം ആണ്. നാശോന്മുഖമായ പ്രദേശം ആകയാൽ മറ്റു ഉല്ലാസയാത്രകൾ പോലെ ഇതിനെ കണക്കാക്കാൻ സാധിക്കില്ല.ഉല്ലാസത്തിൽഉപരി ഇതൊരു പ്രണയയാത്രയിരുനെന്നു പറയേണ്ടിവരും കംബോഡിയയോടുള്ള, സിയാം റീപ്പനോടുള്ള, അംഗോർ വാത്നോടുള്ള പ്രണയം.ശരീരാധ്വാനം നല്ലതുപോലെ വേണം ഇതൊക്കെ കണ്ടു മുഴുമിപ്പിക്കാൻ.സമയ ബന്ധിതമല്ലാതെ നടക്കാൻ താത്പര്യം ഉള്ളവർക്കേ ഇതെല്ലാം ആസ്വദിക്കാൻ കഴിയു എന്നുകൂടെ ഓർമിപ്പിക്കുന്നു.പ്രഭാത ഭക്ഷണത്തിനു അംഗോർ ഇൽ ഉള്ള റസ്റ്റോറന്റുകളിൽ കയറിയ ഞങൾ നിരാശരായി,ഒന്നും തന്നെ മെച്ചം ഉള്ളവയല്ല,വൃത്തിയുടെ കാര്യത്തിൽ പുറകിലോട്ടു ആണെന്ന് പറയാം.

പുഴുങ്ങിയ നിലക്കടല വാങ്ങിയ ഞങ്ങൾ കംബോഡിയൻ റീൽ കൊടുത്തപ്പോൾ അയാൾക്ക്‌ റീൽ വേണ്ട ഡോളർ മതി എന്ന്‌ ,അയാൾ മാത്രം അല്ല കംബോഡിയക്കാർ വിനോദ സഞ്ചാരികളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഡോളർ ആണ് എന്ന് പന്നീട് മനസിലാക്കാൻ സാധിച്ചു, (അവരുടെ കറൻസിക്ക് മൂല്യം കുറവാണു.കംബോഡിയയിൽ പോകാൻ ഉദ്ദേശിക്കുന്നവർ ഡോളർ മാത്രം കരുതിയാൽ മതി.)നിലകടലയും വാങ്ങി ടുക് ടുക് ഇൽ കയറിയ ഞങളെ തണുത്ത വെള്ളം തന്നുകൊണ്ടാണ് സരൺ സ്വീകരിച്ചത് .ടുക് ടുകിൽ അതിനുള്ള സജീകരണങ്ങൾ എല്ലാം ഉണ്ട് .വിയർത്തു ഒഴുകിയിരുന്ന ഞങ്ങൾക്ക് അത് ഒരു ആശ്വാസമായി.കാടുകൾക്കിടയിലുള്ള പാതയിലൂടെ ടുക് ടുക് രാജാവിഹാര ലക്ഷ്യമാക്കി നീങ്ങി, തണു തണുത്ത കാറ്റേറ്റ് ഞങൾ അവിടെ എത്തുമ്പോഴേക്കും പഴയ ഉത്സാഹം വീടെടുത്തിരുന്നു.താ പ്രോം ഇൽ എത്തിയ ഞങളെ കരിക്ക് (ഇളനീർ) കുടിക്കാൻ സരൺ നിർബന്ധിച്ചു ഒരുപാടു നടന്നു കാണാൻ ഉള്ളതു മുന്നിൽ കണ്ടുകൊണ്ടായിരിക്കണം .ആ ഇളനീർ ഒന്നുമതി പ്രഭാത ഭക്ഷണത്തിനു പകരമായി അത്രയും വലുതാണ് അവ.എത്ര കുടിച്ചിട്ടും തീരുന്നില്ല അതിലെ എളമ്പു തേങ്ങ മാധുര്യമുള്ളതും.

താ പ്രോം ന്ടെ പ്രവേശന കവാടത്തിൽ ഗൗതമബുദ്ധന്ടെ മുഖം ആലേഖനം ചെയ്തിട്ടുണ്ട്, സ്ഥൂലമായ ഗോപുരത്തിൽ നാലു ഭാഗത്തും ബൗദ്ധമുഖങ്ങൾ. ബയോൺ ടെംപിളിനോട് കിടപിടിക്കുന്ന രീതിൽ ആണ് കവാടം സ്ഥിതിചെയ്യുന്നത് .കാലപ്പഴക്കം മൂലം വീഴാറായ ഗോപുരം ഇരുമ്പ് ദണ്ഡുകൾ കൊണ്ട് താങ്ങി നിർത്തിയിരിക്കുന്നതു കാണാം. ഇതു നിർമ്മിച്ച ജയവർമ്മൻ ഏഴാമൻ ബുദ്ധമതത്തിൽ ആസക്തിപൂണ്ടു ബുദ്ധമതം സ്വീകരിച്ചയാളാണ് .ഇതൊരു ബുദ്ധവിഹാരമായിട്ടാണ് -ബുദ്ധമതം പഠിപ്പിക്കുന്ന സർവകലാശാല പണികഴിപ്പിച്ചിട്ടുള്ളത് .കവാടത്തിലൂടെ ഉള്ളിലോട്ടു പ്രവേശിച്ചാൽ നല്ല വീതിയുള്ള ഒരു കാട്ടുപാതയാണ്, മരങ്ങൾ പൊഴിക്കുന്ന ഇലകൾ വൃത്തിയാക്കിയിട്ടുണ്ടു എന്നല്ലാതെ കാടിനെ ഹനിക്കുന്ന രീതിയിൽ ഒരു പ്രവർത്തനങ്ങളും അവിടെ കാണാൻ സാധിച്ചില്ല .ഈ വഴിയിലൂടെ കുറച്ചു ദൂരം നടക്കേണ്ടതുണ്ട് ടെംപിൾ ഇൽ എത്താൻ.പോകുന്ന വഴിക്കു ബുദ്ധ സൂക്തങ്ങൾ ആലപിക്കുന്ന ഒരു കൂട്ടം ആളുകൾ ശ്രദ്ധയിൽപെട്ടിരുന്നു, ഈ കൂട്ടരേ കംബോഡിയയുടെ പല ഭാഗങ്ങളിലും കാണാൻ സാധിക്കും ഇതിലെ എല്ലാവരും അംഗവൈകല്യമുള്ളവരാണ്.പ്രത്യേക രീതിയിൽ ആണ് അവരുടെ വാദ്യോപകരണ വായനയും ആലാപനവും അതെല്ലാം കേട്ടുകൊണ്ട് ഞങൾ നടത്തം തുടർന്നു.

വലിയ വലിയ വൃക്ഷങ്ങൾ ആണ് ചുറ്റും,അവക്കിടയിലൂടെ നടന്നുഎത്തിയത് മരത്തടികൾ പാകിയ ഒരു ചെറിയ പാലത്തിലേക്കാണ് അത് കയറിഇറങ്ങിയതും അമ്പലമുറ്റത്തേക്കും. നേരെ കയറാൻ സെക്യൂരിറ്റി അനുവദിച്ചില്ല, ഓരത്തൂടെ നടന്നു പുറകുവശത്തെ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു.കംബോഡിയ എന്ന് ഗൂഗിളിൽ പരതുമ്പോൾ കാണുന്ന ചിത്രങ്ങളിൽ അധികവും ഇവിടെ നിന്നാണ് ഒറ്റനോട്ടത്തിൽ മനസിലായി.ഒരു വിധപെട്ട വടവൃക്ഷങ്ങൾ എല്ലാം വളർന്നിരിക്കുന്നതു ടെംപിൾണ്ന്റെ മേൽക്കൂരയിലും ചുറ്റുമതിലിലുംആയിട്ടാണ്.പടുകൂറ്റൻ മരങ്ങൾ തിങ്ങിനിറഞ്ഞ വനത്തിനു നടുവിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ക്ഷേത്ര ശിലയിൽ വളർന്നു പന്തലിച്ച മരങ്ങളിൽ ഒരെണ്ണം പോലും മുറിച്ചുനീക്കിയിട്ടില്ല എന്ന് മാത്രമല്ല അവയെ വേണ്ടവിധത്തിൽ സംരക്ഷിച്ചുപോരുന്നു എന്ന് അടിവരയിട്ടു പറയേണ്ട കാര്യം ആണ്.വിനോദസഞ്ചാരികൾക്കു സന്ദർശിക്കാൻ സാധിക്കുന്ന രീതിയിൽ ഇവിടെ പുനരുദ്ധാരണം നടത്തിയതിൽ ഭാരതീയരായ നമുക്കും അഭിമാനിക്കാനും സന്തോഷിക്കാനും വകയുണ്ട്, ഇന്ത്യൻ പുരാവസ്തു ഗവേഷണ കേന്ദ്രവും അപ്‌സര എന്ന് വിളിക്കപ്പെടുന്ന കംബോഡിയൻ പുരാവസ്തു ഗവേഷണ കേന്ദ്രവും സംയോജിച്ചാണ് ഇതു ചെയ്തിട്ടുള്ളത്.ഇവിടെ വളർന്നു പന്തലിച്ച വൃക്ഷങ്ങളുടെ കാലപ്പഴക്കത്തിനു പോലും വ്യക്തമായ ഒരു കണക്കില്ല.

രാജാവിഹാരയിൽ പ്രവേശിച്ച ഞങൾ താഴേക്കു നോക്കണോ അതോ മുകളിലേക്കോ എന്ന് ആശയക്കുഴപ്പത്തിൽ ആയി കാരണം അടിച്ചും പൊളിച്ചും തകർത്തിട്ടിരിക്കുന്ന ഒരു ഭാഗമാണ് താഴേ,എങ്ങിനെയാണോ പൊളിഞ്ഞു വീണത് അതുപോലെ തന്നെ ഇപ്പോഴും കിടക്കുന്നു. ഭീമാകാരമായ ശിലകൾ ആയതുകൊണ്ടുതന്നെ അവിടെനിന്നു മാറ്റി സ്ഥാപിക്കാൻ നന്നേ പ്രയാസമാണ്.അനേകം ചെറിയ ചെറിയ അമ്പലങ്ങളും അവയിൽ വേരുറപ്പിച്ചു ജീവിക്കുന്ന വൻമരങ്ങളും ആണ് മുകളിലോട്ടുള്ള കാഴ്ച.അത്യുഗ്രൻ എന്ന് ഒറ്റവാക്കിൽ പറയാൻ കഴിയും.ഞങൾ വായ് തുറന്നുപിടിച്ചു മുകളിലോട്ടു നോക്കി നിന്നതു ഒന്നോ രണ്ടോ പ്രാവശ്യം അല്ല പലവട്ടം.

ഉള്ളിലോട്ടു നടക്കാൻ തീരുമാനിച്ച ഞങ്ങളെ വരവേറ്റത് ഒരു വരാന്തയാണ് അതിനു മുകളിലേക്ക് നോക്കിയാൽ ചെറിയരീതിൽ ഒന്ന് പേടിക്കും വെറുതെ കല്ലുകൾ അടുക്കിവച്ചിരിക്കുന്നു ഓരോ ശിലകൾക്കുമിടയിൽ കുമ്മായപശ( അന്ന് ഉപയോഗിച്ചത് കുമ്മായം ആണെന്ന് പറയപ്പെടുന്നു)ഉണ്ടോന്നു പോലും സംശയമാണ്, ഒരു ശിലാഫലകം ഇളകി വീണാൽ മതി വൻദുരദത്തിന്‌.ഈ വരാന്ത രണ്ടു തട്ടുകളായാണ്,ഉയരം കൂടിയ ഒരു ഭാഗവും താഴേക്ക് മറ്റൊരു ഭാഗവും ഞങൾ താഴേക്ക് ഇറങ്ങി സരൺ ഫോട്ടോസ് എടുത്തു തന്നു.കൊത്തുപണികൾ നിറഞ്ഞ തൂണുകളും മച്ചിലുമാണ് അവിടെ കാണാൻ ഉള്ളതു. മറ്റൊരു വാതിൽ കടന്നു ഉള്ളിലോട്ടു നടന്നു മുൻപ് കണ്ടതു പോലെയുള്ള വരാന്ത വീണ്ടും, പക്ഷെ മേൽക്കുരക്കു ഉയരം നന്നേ കുറവാണു. രണ്ടാമത്തെ വരാന്തയിലേക്ക് ഇറങ്ങിയ ഞങളെ സരൺ ഒരു വിഗ്രഹം ചൂണ്ടി കാണിച്ചു ഉയരം കുറഞ്ഞ അടുക്കി അടുക്കി വച്ച കല്ലിൽ കടഞ്ഞെടുത്ത തൂണുകൾക്കിടയിലൂടെ ഞങൾ കണ്ടത് ഒരു ദേവി രൂപമാണെന്നു മനസിലായി.താ പ്രോം പണികഴിപ്പിച്ച ജയവർമൻ ഏഴാമന്റെ അമ്മയെ സങ്കൽപ്പിച്ചാണു പ്രതിഷ്ഠചെയ്തിട്ടുള്ളത് അതിലെ ചൈതന്യം എന്ന് പറയുന്നത് അറിവിന്റെ ശക്തിയാണ് ചുരുക്കിപ്പറഞ്ഞാൽ നമുക്ക് സരസ്വതി ദേവി പോലെ.താ പ്രോം എന്നത് ഒരു കലാക്ഷേത്രമാണ് കൂടാതെ ബുദ്ധവിഹാരവും അതുകൊണ്ടു തന്നെയാണ് ഇതു രാജാവിഹാര എന്ന പേരിലും അറിയപ്പെട്ടത്.12,13 നൂറ്റാണ്ടുകളിൽആയി പണികഴിപ്പിച്ചതാണ് ഈ വിഹാരമന്ദിരം എന്ന് കണക്കുകൾ പറയുന്നു.ഖമർ നൃത്ത പഠനവും ഇവിടെ നടന്നിരുന്നു നർത്തകിമാർ അപ്സരകൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ഇപ്പോഴും അപ്സരകൾ കംബോഡിയക്കാരുടെ ജീവിതത്തിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്.ദേവി വിഗ്രഹം കൂടാതെ അദ്ദേഹത്തിന്റെ ഗുരുവിനെ സങ്കൽപ്പിച്ചും ഒരു ചൈതന്യം ഇതിനു എതിർദിശയിൽ സ്ഥിതിചെയുന്നുണ്ട്.

വരാന്തയിൽ നിന്നും നടന്നു നീങ്ങിയത് മറ്റൊരു അമ്പലത്തിലേക്കാണ്, മുക്കാൽ ഭാഗവും നിലംപൊത്തിയ അവിടെ ഞങൾ കണ്ടത് ഒരു വടവൃക്ഷം വേരുറപ്പിച്ചിരിക്കുന്നതാണ്.ആ വൃക്ഷത്തിന് ജീവഹാനി സംഭവിക്കാതിരിക്കണം എന്നതുകൊണ്ട് മാത്രം സംരക്ഷിച്ചുപോരുന്ന ഒരിടം. വൃക്ഷം പൂർണമായും മേൽക്കൂരയിലാണ് അതിന്റെ വേരുകൾ ഭൂമിയിലേക്ക് ഊർനിറങ്ങിയിരിക്കുന്നു അവിടെ വളരെ ഭംഗിയായി മരപ്പടവുകളും കൈവരികളും കൂടാതെ മരത്തെ താങ്ങി നിർത്താൻ പോന്നത്രയും തൂണുകളും പുനരുദ്ധാരണത്തിന്റെ ഭാഗമായി ചെയ്തിട്ടുണ്ട് .അതുകഴിഞ്ഞു വളരെ ഇടുങ്ങിയ നടപ്പാതയിലൂടെ( നിലംപൊത്തിയ രണ്ടു അമ്പലങ്ങൾക്കിടയിലൂടെ മരത്തിൽ തീർത്ത വളരെ ചെറിയ വഴി) ഞങൾ എത്തിയത് വേരുകൾ കൊണ്ട് വിസ്മയം തീർത്ത മറ്റൊരു മരത്തണലിലേക്കാണ്. ഏറ്റവും പഴക്കം ചെന്നവൃക്ഷം ഇതാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അവിടെ നിന്നും സരൺ ഒരു വൃക്ഷത്തെ ചൂടികാണിച്ചിട്ടു പറഞ്ഞു ഇവിടെ അമ്പലത്തിന്റെ ഭാഗമെന്നോണം സംരഷിക്കുന്നതിൽ ഏറ്റവും വലിയ വൃക്ഷമാണ്‌ ആ കാണുന്നതെന്നും.മറ്റൊരു മരത്തിൽ നിറയെ തേനീച്ച കൂടുകൾ.ചുറ്റുപാടും നോക്കിയാൽ പലതരത്തിലുള്ള പടുകൂറ്റൻ മരങ്ങൾ കൊണ്ട് പ്രകൃതിതന്നെ ഒരുവിസ്മയം തീർത്തിരിക്കുന്നു.ഇതെല്ലാം നിലകൊള്ളുന്നത് കണ്ണഞ്ചിപ്പിക്കുന്ന മനുഷ്യ നിർമ്മിതിക്കു മുകളിലാണെന്നത്‌ മറ്റൊരു വിസ്‌മയവും.

പിന്നീട് ഞങൾ ഇറങ്ങിയത് ഒരു മൈതാനത്തേക്കാണു അവിടെ അനേകം ചെറിയ ചെറിയ അമ്പലങ്ങൾ,അവക്കിടയിലൂടെ അതിമനോഹരമായ നടപ്പാത തീർത്തിരിക്കുന്നു.സാധിക്കുന്നതിൽ എല്ലാം ഞങൾ കയറിയിരുന്നു.അതിലൊന്നിൽ ബുദ്ധ പഗോഡയുടെ കല്ലിൽ തീർത്ത ചെറിയ രൂപം ഉണ്ട്.അതിനുള്ളിൽ കയറി ഭിത്തികളോട് ചേർന്നു പഗോഡക്ക് അഭിമുഖമായി നിന്ന് നമ്മുടെ വലതുകൈ മുഷ്ടിചുരുട്ടി ഹൃദയഭാഗത്തു അടിച്ചാൽ ” ഭും ഭും ” എന്നൊരു ശബ്ദം അവിടെ മുഴങ്ങും.ഞങൾ പരീക്ഷിച്ചു നോക്കി,അതൊരു പോസിറ്റീവ് എനർജി ആണ്.ഗോപുര നിർമിതിയുടെ പ്രത്യേകത ആണെന്ന് തോന്നുന്നു അതിനു കാരണം.അതിനുശേഷം കുറച്ചു പടവുകൾ കയറി രണ്ടുമൂന്ന് വലിയ ക്ഷേത്രങ്ങൾ കൂടെ സന്ദർശിച്ചു ഞങൾ പുറത്തേക്കിറങ്ങി.ഏതോ ഒരു മരത്തിൽനിന്നും വീണുകിടക്കുന്ന പഴങ്ങൾ കാഴ്ച്ചയിൽ പെട്ടു ഭഷ്യയോഗ്യമാണെന്നു സരൺന്ടെ അടുത്ത് ഉറപ്പുവരുത്തുകയും ചെയ്തു രുചിച്ചു നോക്കി പ്ലംന്ടെ വർഗ്ഗത്തിൽ പെട്ട ഒന്നാണത്.

അങ്കോറിലെ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചു രാജാവിഹാര ഒരു ഭീമാകാരമായ നിർമ്മിതിയല്ല മറിച്ചു വലിയ ഒരു പ്രദേശത്തു വിശാലമായി കിടക്കുന്ന അനേകം ചെറുക്ഷേത്രങ്ങൾ. സഞ്ചാരയോഗ്യമല്ലാത്തതും മുഴുവനായും നശിച്ചതുമായ ചുറ്റുപാടുകൾ കാടു വിഴുങ്ങിയ കാഴ്ചകളും കണ്ടു ഞങൾ നടന്നു.പുറത്തേക്കിറങ്ങുന്ന വഴിയിൽ വലിയ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്,അതിൽ വ്യക്തമായി എഴുതിയിരിക്കുന്നത് ഇന്ത്യൻ പുരാവസ്തു ഗവേഷണകേന്ദ്രം എത്ര മാത്രം പുനരുദ്ധാരണത്തിന് സഹായിച്ചു എന്നതാണ് അതുമുഴുവൻ വായിച്ചു പുളകിതരായ ഞങൾ ടുക് ടുക് ലക്ഷ്യമാക്കി നടന്നു.

അറിയും തോറും ചോളാസാമ്രാജ്യത്തിനോട് ബഹുമാനം തോന്നുന്നു, സർവകലാശാല വരെ പണിതുയർത്തിയിരിക്കുന്ന അന്നത്തെ രാജാക്കന്മാർ എത്ര ദീർഘ വീക്ഷണമുള്ളവരായിരിക്കണം.സിയാം റീപ് എന്നത് ജനങ്ങൾക്കുവേണ്ട എല്ലാം തികഞ്ഞ ഒരു മാതൃക നഗരം ആയിരുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.രാജാവിഹാരയുടെ പ്രവർത്തന കാലത്തേ ചിത്രങ്ങൾ കാണാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ഞങൾ വെറുതെ മോഹിച്ചുപോയ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply