ഭക്തിയും കാമവും ഒഴുകുന്ന ഇന്ത്യൻ ഗ്രാമവീഥികളിൽ…ജീവിതങ്ങള്‍ കണ്ട അനുഭവം

കർണാടകയിലെ ഡെക്കാൻ പീഠഭൂമിയിൽ ചോളവും പരിപ്പും പരുത്തിയും വിളയുന്ന വിശാലമായ വിളനിലങ്ങളിലൂടെ- ദേവദാസി ഗ്രാമങ്ങളിൽ സഞ്ചരിച്ചു് അവരുടെ ഇപ്പോഴത്തെ ജീവിതം കണ്ട അനുഭവം.

2018 ജനുവരി ആദ്യത്തെ ഒരു സന്ധ്യാനേരത്താണ് ഞാൻ യമുനയെ കാണുന്നത് .ഹുബ്ലിയിലെ ശ്രീ സിദ്ധരൂദ്ധ സ്വാമി മഥിലെ ഒരു മര ചുവട്ടിൽ ഭിക്ഷയായി കിട്ടിയ അന്നം ഭക്ഷിച്ചുകൊണ്ടിരുന്ന അവളുടെ അരുകിലേയ്ക്ക് നടന്നപ്പോൾ ഡ്രൈവർ പറഞ്ഞു :”സർ അവൾ H I V ബാധിതയാകാം” ഉറ്റവർക്ക് അസ്വീകാര്യയായ യമുന ക്ഷേത്ര പരിസരത്തു് ഭിക്ഷയാചിച്ചു് കഴിഞ്ഞുവരികയാണ് .പതിനാലാം വയസ്സുമുതൽ തന്റെ ആകാരസൗഷഠവം നിരവധി പേരുടെ ആതിഥ്യത്തിനു സമർപ്പിക്കപ്പെട്ടതോടെ കുടുംബവുമായുള്ള കെട്ടുപാടുകൾ അന്യമാക്കപ്പെട്ടു .ധനികരുടെ വെപ്പാട്ടിയായി ,ചുവന്ന തെരുവിലെ അഭിസാരികയായി മാറിമറിഞ്ഞ ജീവിത വഴികളിൽ അവൾക്ക് ആശ്രയമായതെപ്പോഴും യെല്ലമ്മ എന്ന ദേവിയാണെന്നാണ് അവളുടെ വിശ്വാസം .താൻ പുണ്ണ്യവതിയും ,സുമംഗലിയും യെല്ലമ്മയുടെ മകളുമാണെന്ന അവളുടെ വീമ്പു പറച്ചിലുകളിൽ ആ അടയാളപ്പെടുത്തലുണ്ട്.

സൗന്ദന്തിയിലെ യെല്ലമ്മഗുഡുവിൽ ജനിച്ച യമുനയെ യെല്ലമ്മ ക്ഷേത്രത്തിലേയ്ക്ക് അർപ്പിക്കുകയായിരുന്നു .ആളും ആരവങ്ങളും നിറഞ്ഞ ആ ആഘോഷദിനങ്ങളിൽ ധനികർ തന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി മത്സരിക്കുകയായിരുന്നു .10000 രൂപയ്ക്കാണ് അവളുടെ ആദ്യരാത്രി വിറ്റത് .പിന്നീടുള്ള ജീവിതത്തിൽ ഒറ്റപെടലുകളൊന്നും ഇല്ലായിരുന്നു .പരിചിതരും അപരിചിതരുമായുള്ള സഹശയനത്തിലൂടെ അറിഞ്ഞ അനുഭവങ്ങൾ മാത്രമായിരുന്നു അവളുടെ ജീവിത രുചി .

പിറ്റേ ദിവസം തന്നെ യമുനയുടെ ജന്മഗേഹമായ യെല്ലമ്മഗുഡുവിലേയ്ക്ക് പുറപ്പെട്ടു .ചോളവും പരിപ്പും പരുത്തിയും വിളയുന്ന വിശാലമായ വിളനിലങ്ങളിലൂടെ- ഗ്രാമങ്ങളുടെ നിരാലബതയും അന്യത്വവും , വിസ്മയിപ്പിക്കുന്ന വന്യതയും അനുഭവിച്ച ഒരു യാത്ര .ഒരു പീഠഭൂമിയുടെ അപ്രാപ്യതയിലൂടെയുള്ള ഒരു സഞ്ചാരത്തിൽ അനുഭവപ്പെടുന്ന ഭയങ്കരമായ വിജനത യെ മാർദ്ദവമാക്കുന്ന തണുത്ത ഇളം കാറ്റും ഇടയ്ക്കിടെ കാണുന്ന ഒറ്റപ്പെട്ട ജനപഥങ്ങളും യാത്രയെ കുറച്ചെങ്കിലും ആയാസരഹിതമാക്കികൊണ്ടിരുന്നു . പക്ഷെ മധ്യാഹ്ന സൂര്യന്റെ കാഠിന്യം മുന്നോട്ടു പോകുംതോറും ഏറി വന്നുകൊണ്ടിരുന്നത് ഒട്ടും സുഖകരമായ അനുഭവമായിരുന്നില്ല .

ദേവദാസി പെരുമയുടെ സ്‌മൃതികൾ പേറുന്ന ക്ഷേത്രമാണ് യെല്ലമ്മ ഗുഡു .ചരിത്ര പ്രധാനമായ ഈ ക്ഷേത്രത്തിന്റെ സാന്നിധ്യത്തിൽ പുഷ്ടിപ്പെട്ട ഫെർട്ടിലിറ്റി കൾട്ട് ആണ് ദേവദാസി സമ്പ്രദായം. അതിപുരാതനമായ ഒരു ഐതീഹ്യമാണ് ഈ ക്ഷേത്രത്തിന്റെ ജീവനാഡി .യെല്ലമ്മ ഗുഡു ക്ഷേത്ര പരിസരം സജീവവും വർണ്ണ സുന്ദരവുമായിരുന്നു .അവിടത്തെ ഒരു തടാകത്തിൽ യെല്ലമ്മ ക്ഷേത്രത്തിലേയ്ക്ക് തീർത്ഥാടനത്തിനെത്തിയ കുറെയധികം സ്ത്രീകൾ അർദ്ധനഗ്നരായി തലയിൽ വെള്ളമൊഴിക്കുന്നത് കാണാമായിരുന്നു.

നിറങ്ങൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രം നട്ടുച്ച വെളിച്ചത്തു് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു .ക്ഷേത്രത്തിനു ചുറ്റും പൂജാസാമഗ്രികൾ വിൽക്കുന്നവർ ,വർണ്ണപ്പൊടികളും കുപ്പിവളകളും പട്ടും ,കുങ്കുമവും ,യെല്ലമ്മയുടെയും പരശുരാമന്റെയും ലോഹപ്രതിമകൾ വിൽക്കുന്ന വാണിഭക്കാർ നിറയെ ഉണ്ട് .തളികകളിൽ വർണ്ണപ്പൊടികളുമായി അനുഗ്രഹിക്കാൻ തയ്യാറായി നിൽക്കുന്ന പ്രായമായ ദേവദാസി സ്ത്രീകൾ ക്ഷേത്രത്തിന്റെ ഉള്ളിലും പുറത്തും കൂട്ടമായി ഇരിക്കുന്നത് കാണാമായിരുന്നു .ഊർവ്വരതയുടെ ശുഭസൂചകമായി കണക്കാക്കുന്ന ഒരു പഴയ ദേവദാസി പാരമ്പര്യം തേടിയെത്തുന്നവരാണ് അവരുടെ പ്രതീക്ഷ .

ശയ്യാവലംബിയായ ദേവദാസികളും ഏതാനും ഹിജഡകളും ക്ഷേത്രത്തിന്റെ അന്തർഭാഗങ്ങളിൽ കണ്ടു. ദീനം പിടിച്ച ദേഹവുമായി അവിടെ ചുറ്റിപറ്റി നിൽക്കുന്ന ചിലരുണ്ട് . .അവരുടെ സാന്നിധ്യം ഒട്ടും പ്രിയങ്കരമായി തോന്നുകയില്ല .വിദ്വേഷത്തിന്റെയും അശുഭത്തിന്റെയും നോട്ടങ്ങളാണ് അവരെ എതിരേൽക്കുന്നത്. അഴക് നശിക്കുമ്പോൾ ,ശരീരത്തിന് കേട് വരുമ്പോൾ ,ജരാനരകൾ ആശ്ലേഷിക്കുബോൾ -അവരെ ആർക്കു വേണം? മധ്യാഹ്നത്തിന്റെ ഉഷ്ണവും ,ഉണങ്ങി പൊടിപിടിച്ച ഡക്കാൻ പീഠഭൂമിയുടെ ഊഷരപ്രകൃതിയുമെല്ലാം തികച്ചും പരുക്കമായ യാഥാർഥ്യമായി മാറുന്ന ജീവിതങ്ങളാണത് .

കുടുബാംഗങ്ങളാൽ ഉപേക്ഷിക്കപ്പെട്ട് ജീവിക്കേണ്ടിവരിക വഴിവക്കിൽ യാചിച്ചു് ,രോഗപീഢയാൽ കോലംകെട്ട് ,ആരാരും തുണയില്ലാതെ കഴിയുന്ന ജന്മങ്ങൾ .ജീവിതത്തിലെ ആയ കാലം ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ ഭഞ്ജിക്കപ്പെട്ട സ്വാതന്ദ്ര്യം, മറ്റുള്ളവരുടെ കാമശമനത്തിനായി ഹോമിക്കപ്പെട്ട ജീവിതത്തിലെ സായാഹ്നത്തിൽ ചില അനുകമ്പകൾ അവർ പ്രതീക്ഷിക്കുന്നു .കഴിഞ്ഞ ജന്മത്തിലെ പാപഫലമാവും യെല്ലമ്മ ദേവിയുടെ ഈ ജന്മത്തിലെ ശാപം എന്ന് വിശ്വസിച്ചു് വാവിട്ടു കരയുന്ന ആ വൃദ്ധ ദേവദാസികൾ ത്രീവ നൊമ്പരങ്ങളാണ് .പക്ഷെ ,ദേവദാസികളെ നിന്ദ്യ വിഭാഗമായി ആക്ഷേപിക്കുന്ന ചിലരെ കണ്ടു അവിടെ.

എന്നാൽ പുരാതന ഇന്ത്യൻ ചരിത്രത്തിലെ ദേവദാസികൾ രതിയിലും ആഡംബര ജീവിതത്തിലും മദിച്ചവരായിരുന്നു .അവർ നന്നായി വസ്ത്രം ധരിക്കുകയും ചമയുകയും ചെയ്തതിരുന്നു .അവരുടെ സംഗീത നൃത്ത നൈപുണ്ണ്യവും ഉന്നതകുലരുമായുള്ള ചങ്ങാത്തവും അവരെ ഉയർന്ന സ്ഥാനത്തിന് അർഹരാക്കി .മതപരവും സാംസ്കാരികവുമായ ഇടങ്ങളിൽ അവരുടെ സാന്നിധ്യം വിശേഷമായി കണക്കാക്കിയിരുന്നു .അവരുടെ ജീവിതം ഒരു ഉത്സവപരമ്പരയായിരുന്നു .ക്ഷേത്രങ്ങളിൽ അഭിഗമ്യകളായ അവരെ യെല്ലമ്മയുടെ പെൺമക്കളായി വാഴ്ത്തപ്പെട്ടു .വിവാഹം കഴിക്കാതെ മൊത്തം പൗര സമൂഹത്തിന്റെ ഭോഗതൃഷ്ണ തൃപ്തിപ്പെടുത്തുന്നതിനുള്ള ഉപാധികളായി അവർ .

സംഗീതത്തിലും ,നൃത്തത്തിലും മഹാവിദുഷികളായ അവരെ പ്രാപിക്കാൻ ധനികർ തമ്മിൽ മത്സരിക്കുമായിരുന്നു .ഒരു കാലത്തു ഹിന്ദു ജൈന ബുദ്ധ ക്ഷേത്രങ്ങളുടെ പ്രൗഢിയുടെ അടയാളമായിരുന്നു ദേവദാസികൾ .ക്ഷേത്രങ്ങളുടെ വരുമാനമാർഗ്ഗമായിരുന്നു ദേവദാസി സമ്പ്രദായം .ബുദ്ധമതവിഹാരത്തിൽ കഴിഞ്ഞിരുന്ന ദേവദാസികൾ രാജനർത്തകികളായാണ് അറിയപ്പെട്ടിരുന്നത് ക്ഷേത്രങ്ങളായിരുന്നു അവർക്കു പരിരക്ഷണം നൽകിയിരുന്നത് .ദേവദാസി സമ്പ്രദായം ഗവർമെന്റ് നിയമം മൂലം നിരോധിച്ചതോടുകൂടി അവർ പാത്തും പതുങ്ങിയുമുള്ള ലൈംഗികവ്യാപാരത്തിലേയ്ക്ക് പ്രവേശിച്ചു .

സൗന്ദത്തിയിൽ നിന്ന് ഏതെങ്കിലും ഉൾഗ്രാമത്തിലേയ്ക്ക് പോകാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു ദേവദാസികുടുംബത്തിലെ ഇളം തലമുറയ്ക്ക് സംഭവിച്ച വിപര്യയം എന്തെന്നറിയാനുള്ള ആകാംഷയാണ് പ്രചോദനം . .ഡ്രൈവർ മുഹമ്മദിന്റെ പ്രകടമായ അപ്രീതി വകവെയ്ക്കാതെ യെല്ലമ്മ ഗുഡുവിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്ത് ഗോരാവണകോല എന്ന മനോഹരമായ ഗ്രാമത്തിലെത്തി .നല്ല ഉഷ്ണമുണ്ടായിരുന്നു ,ആകാശം മേഘങ്ങളൊന്നുമില്ലാതെ തെളിഞ്ഞുനിന്നിരുന്നു .പച്ചപ്പുനിറഞ്ഞ പരുത്തി തോട്ടത്തിന്റെ പിൻ വഴികളിലൂടെ ഞങ്ങൾ നടന്നു .നിശബ്ദമായ ഗ്രാമീണാന്തരീക്ഷം.

കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ,മുടിക്കെട്ടിൽ ചൂടിയ മുല്ലപൂക്കളുമായി നടന്നുപോകുന്ന ഒരു കൂട്ടം പെണ്ണുങ്ങളെ കണ്ടു .അവർ വളരെ സുഭഗികളാണ് .വിടർന്ന കവിളെല്ലുകളും ,മുഖത്തെ രക്തകാന്തിയും തെന്നിമാറുന്ന നയനങ്ങളും നിറഞ്ഞ ചുണ്ടുകളും ഉറച്ച ശരീരവും അവരെ ആകർഷമാക്കിയിരിക്കുന്നു .അവരുടെ സാമീപ്യം പുരുഷന്മാരെ രതിവിവശരാക്കിയെന്നുവരാം .ദേവദാസികൾ പൊതുവെ ശരീര സൗന്ദര്യ വിഷയത്തിൽ ശ്രദ്ധാ കുലികളാണ് . മെച്ചപ്പെട്ട ആഹാരരീതികൾ കൊണ്ടും ജീവിതശൈലികൾകൊണ്ടുമെല്ലാം അവർ വടിവൊത്ത ചന്തവും ,വാർദ്ധക്യത്തെ പോലും ഉല്ലംഘിക്കുന്ന സ്ത്രൈണതയും നിലനിർത്തുന്നു .നാഗരികതയുടെ ആലിംഗനമേറ്റ ഈ ഗ്രാമത്തിലെ വീടുകളെല്ലാം നല്ല ശുചിത്വമുള്ളവയാണ്.

ഗ്രാമ വീഥിയിൽ നിൽക്കുന്ന അപരിചിതരായ ഞങ്ങളോട് അവിടെയുള്ളവർക്ക് ഹൃദ്യമാവാനായില്ല .അന്യദേശത്തിനോട് തോന്നുന്ന പരിഭ്രമം ഞങ്ങളുടെ ചുവടുകളെ സന്നിഗ്ദ്ധമാക്കി .ആ ഗ്രാമത്തിലെ പെൺകുട്ടികളെ വിലയ്ക്ക് വാങ്ങാൻ വന്നവരാണെന്ന് നിനയ്ച്ച കുശലരായ രണ്ടുപേർ ഞങ്ങളെ മുന്നോട്ടു നയിച്ചു .നാലോളം പെൺകുട്ടികൾ പ്രദര്ശിക്കപെട്ടു .കമ്പം തോന്നുന്ന ഏത് പെണ്ണിനെ വേണമെങ്കിലും തിരഞ്ഞെടുക്കാം .ഓരോന്നിനും ഒരു ലക്ഷം രൂപയാണ് മൂന്ന് മാസത്തയ്ക്കുള്ള വില .വിലപേശൽ സാധ്യമാണെന്ന ഭാവത്തോടെയാണ് അയാളുടെ നിൽപ്പ് .

തീർച്ചയായും ഈ ഗ്രാമത്തിൽനിന്ന് പെണ്ണുങ്ങളെ ചൂക്ഷണം ചെയ്യുന്നതിന്റെയും ലൈംഗീക അടിമകളാക്കുന്നതിന്റെയും വാർത്തകൾ വന്നുകൊണ്ടിരിക്കും .നമ്മുടെ ചെറുതും വലുതുമായ പട്ടണങ്ങളിലെ കുടുസു റൂമുകളിൽ ,മസ്സാജ് സെന്ററുകളിൽ ,മണി മന്ദിരങ്ങളിൽ ലൈംഗീക അടിമകളായി ഇവിടത്തെ പെണ്ണുങ്ങളെയും കാണാം .നമ്മുടെ വിഷയാസക്തി അലിയിപ്പിക്കുന്ന ശരീര ലാളനകളിൽ അവർ മുഴുകുബോഴും അവരിൽ ചിലരുടെയെങ്കിലും നിശബ്ദത നിലവിളികൾ അന്തരീക്ഷത്തിൽ ലയിച്ചുകൊണ്ടിരിക്കും.

വിവരണം -Prasad Amore.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply