വിവരണം – നിതിൻ ജോസ് ഇരിട്ടി.
ദേശീയ പണിമുടക്കിൽ കേരളം മാത്രം പണിമുടക്കുന്ന ജനുവരി 8, 9 തീയതികളിൽ എങ്ങോട്ടു യാത്ര പോകണം എന്ന് ഒരു തീരുമാനം ആയില്ല. അപ്പോളതാ എന്റെ ഒരു കൂട്ടുകാരൻ ഹിമചലിൽ പോയി മഞ്ഞിൽ കളിക്കുന്നു. എങ്കി ശരി മഞ്ഞെങ്കിൽ മഞ്ഞു, തണുപ്പെങ്കിൽ തണുപ്പ്. പക്ഷെ 2 ദിവസം അല്ലെ ഉള്ളു. അപ്പോഴതാ നമ്മുടെ വല്യഖാണ്ഡം കണ്ണൂർ എയർപോർട്ട് മാടി വിളിച്ചു പറയുന്നു “പിന്നെന്തിനാ മുത്തേ ചേട്ടൻ ഇവിടെ ഫ്ലൈറ്റ് പറത്തി കളിക്കണേ” എന്ന്.
അങ്ങനെ ആ ദിനം വന്നെത്തി.”കേരള ദേശീയ പണിമുടക്ക്”ചുമ്മാതല്ല ബുദ്ധി ജീവികൾ പറയുന്നേ കേരളം ഒരു രാജ്യം ആക്കണം എന്ന്,ഒരു രാജ്യം മൊത്തം നടത്തേണ്ട പണിമുടക്ക് ഒറ്റക്കങ്ങു നടത്തിയില്ലേ,എല്ലാരും പണിയെടുത്ത് സമരത്തെ ഒറ്റു കൊടുത്തപ്പോൾ കൊടുത്ത വാക്ക് കേരളം മാറ്റുകേല, നമ്മ മാറ്റിയ ചരിത്രം ഇല്ലാ. ഞങ്ങളെ ഒരു രാജ്യമായി പ്രഖ്യാപിക്കണം ഹേ.യുനൈറ്റഡ് സ്റേറ്സ് ഓഫ് കേരള അഥവാ USK.
കണ്ണൂരിൽ നിന്നു ബാംഗ്ലൂർക്കുള്ള ടിക്കറ്റ് ഗോഎയറിലും ബാക്കി യാത്രയുടെ ടിക്കറ്റ് ബാംഗ്ലൂരിൽ നിന്നു അമൃതസർ വഴിയുള്ള ശ്രീനഗർ ഇൻഡിഗോ എയർലൈൻസിനും ബുക്ക് ചെയ്തു. ഗോ എയർ ചേട്ടന്മാർ മുത്താണ്. ഇൻഡിഗോ,സ്പൈസ് ജെറ്റ് വമ്പന്മാർ കണ്ണൂരിൽ നിന്നു സർവീസ് ആലോചിച്ചു തുടങ്ങും മുൻപേ ഗോ എയർ ചേട്ടന്മാർ ഞങ്ങടെ കണ്ണൂരിൽ സർവിസ് തുടങ്ങി. ശ്രീനഗറിൽ പോകുവാണെന്നു പറഞ്ഞാൽ തീവ്രവാദികളുടെ വെടികൊള്ളാൻ പോകുവാണെന്നു കേൾക്കുന്ന വീട്ടുകാരോട് ബാംഗ്ലൂർവരെയുള്ള യാത്ര ചാർട്ട് നൽകി.ഒരു സാക്ഷിയെങ്കിലും വേണ്ട സ്ഥിതിക്ക് (ഇനിയെങ്ങാലും തീവ്രവാദികൾ വെടിവെച്ചാലോ) കെട്ടിയോളോട് മാത്രം മുഴുവൻ യാത്രാ ഉദ്ദേശം നൽകി(അവിടെ തീവ്രവാദികൾ ഉണ്ടെന്ന കാര്യം പാവം അവൾക്കറിയില്ലല്ലോ.പത്രം വായിക്കണം എന്നു പറഞ്ഞാൽ കേൾക്കില്ലാത്തത് നന്നായി).
അങ്ങനെ ജനുവരി 8ന് അതിരാവിലെ കണ്ണൂരിലെ മഞ്ഞു കൊണ്ടു എയർപോർട്ടിൽ എത്തി.അവിടുന്നുള്ള ഗോഎയറിൽ ബാംഗ്ലൂർ എത്തി.പിന്നെ അവിടുന്ന് ശ്രീനഗറും. ശ്രീനഗർ എത്തും മുൻപ് മഞ്ഞെല്ലാം പതുക്കെ പൊങ്ങി തുടങ്ങി.(മഞ്ഞു എന്നും മലയാളികൾക്ക് ഒരു വീക്നെസ് ആണല്ലോ,എത്ര ഫോട്ടോ എടുത്താലും ആർത്തി തീരില്ല. ഞാൻ അടക്കമുള്ള ബ്ലഡി ഫൂൾസ്). അങ്ങനെ ഹിമാലയവും കടന്ന് ശ്രീനഗറിൽ നമ്മുടെ ഇൻഡിഗോ ചേട്ടൻ ലാൻഡ് ചെയ്തു.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതും ഒരു മഞ്ഞിന്റെ ആവരണം അങ്ങു നമ്മളെ പുതച്ചു തുടങ്ങുകയാണ് സുഹൃത്തുക്കളെ തുടങ്ങുകയാണ്.നമുക്ക് പുതക്കാൻ ഒന്നും ഇല്ലേൽ നമ്മൾ അവിടെ തണുപ്പടിച്ചു യശശരീരൻ ആകും എന്നുള്ളത് കൊണ്ടു 2 കോട്ട് ഒക്കെ ഇട്ടു ഞാനും എന്റെ സ്വന്തം ബ്രോയും പുറത്തിറങ്ങി. പുറത്തിറങ്ങിയതും വന്നിറങ്ങിയത് ഇന്ത്യൻ മിലിറ്ററി ബേസിൽ ആണോ എന്നൊരു സംശയം.എങ്ങും വെടി വെക്കാൻ തയ്യാറായി നിൽക്കുന്ന നല്ല ഉശിരൻ പട്ടാളക്കാർ.(നമുക്ക് തണുപ്പ് നല്ല ഒരു രസം, പട്ടാളക്കാരും അവിടുത്തെ നാട്ടുകാരും വല്ല കട്ട തെറിയും പറഞ്ഞുകൊണ്ടാരിക്കും പണിയെടുക്കുന്നത്).
അവിടുന്നൊരു ടാക്സിയും പിടിച്ചു നേരെ ബുക് ചെയ്ത ഹോട്ടലിലേക്ക്. ഹോട്ടലിലേക്ക് പോകും വഴി നോക്കുമ്പോൾ അവിടുത്തെ നാട്ടുകാരൊന്നും ഈ ദേശീയ പണിമുടക്കൊന്നും അറിഞ്ഞമട്ടില്ല. എല്ലാരും കട്ടപ്പണിയിൽ തന്നെ. വർഗ്ഗബോധം ഇല്ലാത്ത മൂരാചികൾ, നിങ്ങളൊക്കെ അങ്ങു കേരളത്തിലേക്ക് വാട്ടോ,ഒരു പണിമുടക്ക് എങ്ങനെ നടത്തണമെന്ന് ഞങ്ങ കാണിച്ചു തരാം,പറഞ്ഞു കൊടുക്കണം എന്നുണ്ട് പക്ഷെ എനിക്ക് ഹിന്ദിയും അവർക്ക് മലയാളവും അറിയില്ലാത്തില്ലടത്തോളം വർഗ സമരം നഹി നഹി.
ഹോട്ടലിൽ എത്തി തലയും വാലും ഒന്നു ചൂടാക്കിയ ശേഷം പിന്നെയും പുറത്തേക്ക്. എവിടെയും മഞ്ഞിന്റെ കനത്ത ആവരണം (സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻ പറയുന്നത് പോലെ എങ്ങും അതിമനോഹരമായ മഞ്ഞു പാടങ്ങൾ). ആദ്യം കണ്ട ഒരു ഗ്രൗണ്ടിൽ അതാ നിറയെ മഞ്ഞു, അവിടെ പോയി കുറച്ചു മഞ്ഞു വാരി എറിഞ്ഞു ഫോട്ടോ എടുത്തു നടന്നു. ഇങ്ങു തെക്കേ അറ്റത്തു കിടക്കുന്ന കേരളം ആയാലും വടക്കേ അറ്റത്തു കിടക്കുന്ന കാശ്മീർ ആയാലും നായ എന്നു വിളിക്കണ ശ്വാനന്മാർക്കു ഒരു കുറവും ഇല്ല. പക്ഷെ നാട്ടിലുള്ള ചാവാലി പട്ടികൾ പോലെയല്ല കേട്ടോ നല്ല ആരോഗ്യ ദൃഢഗാർത്തരായ പട്ടികൾ. ങാ മഞ്ഞിൽ ജീവിക്കുന്ന പട്ടികൾ ഇങ്ങനാവും.
ശ്രീനഗറിലെ ജനങ്ങളെ കണ്ടപ്പോ ഒരു നിമിഷം ഞാൻ മേജർ രവി അണ്ണന്റെ കീർത്തിചക്ര എന്ന പടം ഓർമ്മ വന്നു. നല്ല നീണ്ട ഉടുപ്പിട്ട സുന്ദരകുട്ടപ്പന്മാരും സുന്ദരികുട്ടപ്പികളും. മുഖമൊക്കെ ചുവന്നു ചൊക ചൊക എന്നിരിക്കുന്നു. ചുമ്മാ എന്റെ മൊബൈലിൽ സെൽഫി ക്യാമറ ഒന്നു എടുത്തു നോക്കി. അയ്യേ ദാരിദ്ര്യം, വല്ല കാശ്മീരും ജനിച്ചാൽ മതിയായിരുന്നു,വെളുത്തു തുടുത്തേനെ.
ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് . അവിടുത്തെ ജനങ്ങൾ നമ്മളോട് കാണിക്കുന്ന മര്യാദ, സ്നേഹം, ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന പ്രകൃതം.. ഹാ പെരുത്തങ്ങ് ഇഷ്ടമായി കശ്മീർ ചേട്ടമാരെ (ചേച്ചിമാരോട് മിണ്ടിയില്ല, അതു കൊണ്ടു അവരുടെ കാര്യം അറിയില്ല). നമ്മുടെ നാട്ടിൽ അയൽക്കാരനോട് പോലും നമുക്ക് പുച്ഛം ആണ്. കണ്ടാൽ ചിരിക്കണം എന്നോർത്തു മുഖത്തോടു മുഖം കണ്ടാൽ വഴി തിരിഞ്ഞു പോകുന്ന ആൾക്കാരല്ലേ നമ്മൾ.
അങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു.രണ്ടാം ദിവസം -4°തണുപ്പിൽ എണീറ്റു ഭക്ഷണം ഒക്കെ കഴിച്ചു നേരെ പോയത് നമ്മുടെ സ്വന്തം ദാൽ തടാകത്തിലേക്ക് . നമ്മുടെ കീർത്തിചക്രയിലെ “ഖുദാസെ മന്നത്തു ഹോ മേരി..” പാട്ടു ഷൂട്ട് ചെയ്ത സ്ഥലം. തടാകം ഒക്കെ തടുത്തു ഉറഞ്ഞു കിടക്കുകയാണ്, എന്നാലും വേണ്ടില്ല ശ്രീനഗറിൽ വന്നിട്ടു അവിടുത്തെ വഞ്ചിയിൽ കേറിയില്ലേ എന്നു ആരേലും ചോദിച്ചാലോ? അതു കൊണ്ടു നല്ല കട്ട തണുപ്പിൽ ഒരു വഞ്ചിയും വിളിച്ച് ഞങ്ങൾ പാട്ടൊക്കെ പാടി അര മണിക്കൂർ തുഴഞ്ഞു. പിന്നെ നേരെ ഹോട്ടലിലേക്ക്.
2 മണിക്കാണ് വിമാനം. പട്ടാളക്കാരുടെ 4 വട്ട പരിശോധനക്ക് ശേഷം ഞങ്ങൾ വിമാനതാവളത്തിൽ എത്തി. മറ്റൊരു എയർപോർട്ടിലും കാണാത്ത അതിശക്തമായ കാവൽ. എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു തന്നെയാണ് നമ്മുടെ സ്വന്തം ഇന്ത്യൻ മിലിറ്ററി ജാഗ്രത പാലിക്കുന്നത്. നഗരം മുഴുവൻ നിറത്തോക്കുകളുമായി തൊക്കെന്നു പറഞ്ഞാൽ AK47 എന്തോ, നമ്മൾ മലയാളികൾ ഷാജി കൈലാസിന്റെയും അമൽ നീരദിന്റെ പടത്തിലല്ലേ തോക്കു കണ്ടിട്ടൊള്ളു). ഏതു കാലാവസ്ഥയിലും അവർ നമുക്കായി കാവൽ നിൽക്കുന്നു.
പാക്കിസ്ഥാൻകാർക്ക് നമ്മുടെ കാശ്മീർ വേണം പോലും. ഇമ്മിണി പുളിക്കും. ആ അത്യാഗ്രഹം എട്ടായി മടക്കി താഴെ വെച്ചാൽ മതി. നമുക്ക് ഇടക്കൊക്കെ പോയി പ്രകൃതി ഭംഗിയും മഞ്ഞും ഒക്കെ കാണണം എന്നുണ്ടേൽ നമ്മുടെ കാശ്മീർ വേണം. അതുകൊണ്ടാ കേട്ടോ. ഇനി എന്നെങ്കിലും കാണാം എന്നു ശ്രീനഗറിനോട് മനസ്സിൽ പറഞ്ഞുകൊണ്ട് ഞങ്ങൾ തിരികെ പണിമുടക്കി ആനന്ദിക്കുന്ന കേരളത്തിലേക്ക് മടക്ക യാത്രയായി.