നാല് ദേശക്കാർക്ക് പറയാനുള്ള ഒരു ഉത്സവ ലഹരിയുടെ കഥ – അണ്ടലൂർക്കാവ് ഉത്സവം

വിവരണം – തുഷാര പ്രമോദ്.

എല്ലാ ഉത്സവങ്ങളും ലഹരിയാണ് എന്നാൽ ഒരു നാട് മുഴുവൻ ജാതി മത രാഷ്ട്രീയ ഭേതമന്യേ വ്രതശുദ്ധിയോടെ ഒരു ഉത്സവക്കാലത്തെ നെഞ്ചേറ്റുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അണ്ടലൂർ ദേശത്ത് വരണം, അണ്ടലൂർ ഉത്സവം കൂടണം.. പിന്നിടെപ്പോഴും ഒരു കാന്തം പോലെ ഈ ഉത്സവകാലം നിങ്ങളെ ഇവിടേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണ്.. നാല് ദേശക്കാർക്ക് പറയാനുള്ള ഒരു ഉത്സവ ലഹരിയുടെ കഥ .

ഇങ്ങു വടക്ക് അറബിക്കടലിന്റെ ലാളനയേറ്റുകിടക്കുന്ന തലശ്ശേരിയിൽ നിന്നും 8 കിലോമീറ്റർ വടക്കുമാറി 3 ഭാഗവും പുഴകളാൽ ചുറ്റപ്പെട്ട് , ആണ്ടവൻ വില്ലൂന്നിയ അണ്ടലൂർ എന്നൊരു ദേശമുണ്ട്.. ഇവിടെയാണ് കേരളത്തിലെ പ്രസിദ്ധ രാമക്ഷേത്രമായ അണ്ടലൂർകാവ് സ്ഥിതി ചെയ്യുന്നത്.

ധർമ്മടം, പാലയാട്, മേലൂർ, അണ്ടലൂർ എന്നിങ്ങനെ നാല് ദേശക്കാരുടെ ദേശീയോത്സവമാണ്‌ അണ്ടലൂർ കാവിലേത്. ഒരു നാട് മുഴുവൻ വ്രതമെടുത്തു ഉത്സവകാലത്തെ നെഞ്ചിലേറ്റുന്നു.. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഒരു ജനത മുഴുവൻ മത്സ്യമാംസാദികളും മദ്യവും വർജ്ജിച്ചു ഉത്സവം ആഘോഷിക്കുകയാണ് ഇവിടെ. ഏഴ് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ഈ ആഘോഷമാണ് ഇവിടത്തുക്കാർക്ക് ലഹരി. നാട് വിട്ട് അന്യദേശങ്ങളിലേക്കു ചേക്കേറിയവരോടെല്ലാം എന്നാണ് നാട്ടിലേക്ക് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ അണ്ടലൂർകാവിലെ തെയ്യത്തിന് എന്ന്.. അത്രമേൽ ഒരു ജനതയുടെ ജീവിതരീതിയിൽ അലിഞ്ഞുചേർന്നുപോയി ഈ കാവും തെയ്യക്കാലവും.

ഭഗവാൻ ശ്രീരാമൻ സ്വയം ഇവിടെ ദൈവത്താർ ഈശ്വരനാകുന്നു എന്നാണ് സങ്കൽപ്പം. ഭൂരിപക്ഷം കാവുകളിലും ശിവ ഭൂത ഗണങ്ങൾ തെയ്യ സങ്കല്പങ്ങളാകുമ്പോൾ ഇവിടെ രാമായണമാണ് ഇതിവൃത്തം. ഉത്തരകേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ അണ്ടലൂർകാവിന്റെ ചരിത്രത്തിനു പിന്നിൽ നിരവധി കഥകൾ പറഞ്ഞുകേൾക്കുന്നു..പന്ത്രണ്ടാം നൂറ്റാണ്ടിനു മുൻപ് ഇത് ഒരു ബുദ്ധസങ്കേതം ആയിരുന്നെന്നും അതിനാൽ ബുദ്ധമത്തിന്റെ ആരാധനകൾ ആണ് ഉള്ളതെന്നും വിശ്വസിക്കുന്നവർ ഉണ്ട്..അതുപോലെ അണ്ടലൂർ കാവ് ഒരു കാവാകുന്നതിനുമുൻപ് അവിടം ഒരു ഭരണസിരാകേന്ദ്രം ആയിരുന്നുവെന്നും, ആണ്ടവൻ എന്നാൽ ഭരിക്കുന്നവൻ എന്ന അർത്ഥത്തിൽ ആണ്ടവന്റെ ഊര്, അണ്ടലൂർ ആയെന്നും പറയപെടുന്നുണ്ട്..

എന്നാൽ ഏറ്റവും പ്രചാരത്തിൽ ഉള്ളതും ക്ഷേത്ര ആചാരങ്ങളുമായി ഏറ്റവുംകൂടുതൽ ഇഴുകിചേരുന്നതുമായ വിശ്വാസം രാമായണ ഇതിവൃത്തം തന്നെ.. സീതാസ്വയംവരത്തിൽ ഭഗവാൻ ശ്രീരാമൻ ത്രയംബകംവില്ലൊടിച്ചപ്പോൾ അതിന്റെ ഒരു ഭാഗം ഇവിടെ വന്നു വീണുവെന്നും വീണിടത്തു മൂന്നു ചൈതന്യങ്ങൾ ഉണ്ടാവുകയും നാരദമുനിയുടെ നിർദ്ദേശപ്രകാരം സാക്ഷാൽ പരശുരാമൻ മൂന്നു മൂർത്തികളെ പ്രതിഷ്‌ഠിക്കുകയുമാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു. ദൈവത്താർ,സീതാദേവി,ബപ്പൂരൻ എന്നിങ്ങനെ ആയിരുന്നു പ്രതിഷ്‌ഠാമൂർത്തികൾ. മാത്രമല്ല ആണ്ടവൻ വില്ലൂന്നിയ ഊരായതിനാൽ കാലക്രമേണ ഈ നാട് അണ്ടലൂർ എന്ന് അറിയപ്പെടുകയും ചെയ്‌തു എന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രത്തിൽ നിന്നും ഏകദേശം 200 മീറ്റർ വടക്കുമാറി മൂലസ്ഥാനമായ താഴെക്കാവ് സ്ഥിതിചെയ്യുന്നു..മേലെക്കാവ് അയോദ്ധ്യ ആണെന്നും താഴെക്കാവ് ലങ്ക ആണെന്നുമാണ് വിശ്വാസം. പ്രധാന ശ്രീകോവിലിലെ ആരാധനാമൂർത്തി സാക്ഷാൽ ഭഗവാൻ ശ്രീരാമനാണ്.പ്രത്യേകിച്ച് രൂപമേതുമില്ലാത്തൊരു ഭാവത്തിൽ ലക്ഷ്മണനും ഇരിക്കുന്ന രൂപത്തിൽ ആജ്ഞനേയനും ഇവിടെ പ്രതിഷ്‌ഠ ഉണ്ട്. താഴെക്കാവിൽ സീതാദേവിയെയും ആരാധിക്കുന്നു. മരങ്ങളും വള്ളിപ്പടർപ്പുകളും ഒന്നുചേർന്ന് ഒരു കുഞ്ഞു അശോകവനം പോലെ തന്നെയാണ് താഴെക്കാവ് നിലകൊള്ളുന്നത്. മകരകുളിർ മെല്ലെ വഴി മാറി കുംഭം പിറക്കുമ്പോൾ അണ്ടലൂർ ഉത്സവത്തിന് തുടക്കമാവുകയായി..കുംഭം ഒന്നുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഒരു നാടിനെ മുഴുവൻ ആവേശത്തിലാഴ്ത്തുന്ന ഉത്സവകാലം..

ചരിത്ര പ്രാധാന്യം കൊണ്ട് മാത്രമല്ല ആചാരങ്ങളിലെ വ്യത്യസ്തതയും അണ്ടലൂർകാവിന് ചരിത്രത്തിൽ ഒരു ഇടം നേടിക്കൊടുത്തു.. കുംഭം പിറക്കുമ്പോഴേക്കും നാട് ഒരുങ്ങുകയായി.. വീടുകൾ പുതിയ ചായമണിഞ്ഞു നിൽക്കുന്നു, ചുറ്റുപാടും വൃത്തിയാക്കിയ ശേഷം മുറ്റം ചാണകം തളിച്ച് ശുദ്ധി വരുത്തുന്നു.. പിന്നിടങ്ങോട്ട് വ്രതകാലം ആരംഭിക്കുകയായി, മത്സ്യ മാംസാദികളും മദ്യവും ഒരു നാട് ഉത്സവകാലങ്ങളിൽ പടിക്ക് പുറത്തു നിർത്തുന്നു..മീൻ ചന്തകൾ പോലും വൃത്തിയാക്കി അടച്ചിടുന്നു.. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഒരു ജനത ഇവിടെ ഒന്ന് ചേരുന്ന അപൂർവ്വമായ കാഴ്ച്ച.. ഒരു അവധികാലം വന്നെത്തുന്ന പ്രതീതിയാണ് ഈ ഉത്സവ നാളുകൾ തരുന്നത്.. ജോലി തേടി പോയവരെല്ലാം കൂടു തേടിയെത്തുന്ന ദിവസങ്ങൾ.. ദൂരെ ദേശങ്ങളിലുള്ള ബന്ധുമിത്രാതികളെല്ലാം വ്രതമെടുത്ത ഉത്സവത്തിന്റെ ഭാഗമാകാൻ എത്തുന്നു.. നാട്ടിൽ നിന്നും വിവാഹം കഴിച്ചു മറ്റു ദേശങ്ങളിലേക്കു പോയ സ്ത്രീജനങ്ങൾ തന്റെ മക്കളേം കൂട്ടി വ്രതശുദ്ധിയോടെ ദേശത്തേക്ക് വരുന്നു..ഇവരെല്ലാം പിന്നീട് തിരിച്ചു പോകുന്നത് ഏഴുദിവസവും കഴിഞ്ഞു എട്ടാംനാൾ വ്രതം മുറിച്ചശേഷം.

ഉത്സവം തുടങ്ങുന്നതിനു ഒരു മാസം മുന്നേ തന്നെ മൺപാത്രങ്ങൾ വിൽക്കുന്നവർ കാവിനു പരിസരത്തു തമ്പടിച്ചു തുടങ്ങും..അതുകാണുമ്പോൾ തന്നെ ഉള്ളിൽ ഒരു ആവേശവും സന്തോഷവും ആണ്..ഉത്സവത്തിന്റെ വരവറിയിച്ചു ആദ്യം എത്തുന്നവരാണ് അവർ..ഉത്സവം തുടങ്ങുമ്പോഴേക്കും എല്ലാ വീടുകളിലും പുതിയ മൺപാത്രങ്ങളും കറിച്ചട്ടികളും വാങ്ങണമെന്നാണ്. ഉത്സവനാളുകളിൽ ദേശത്തെ വീടുകളിലെല്ലാം അതിഥികൾക്കായി ഒരുക്കുന്നത് അവലും മലരും പഴവും തേങ്ങയും പഞ്ചസാരയും നെയ്യുമൊക്കെ കുഴച്ചു കഴിക്കുന്ന പ്രസാദമാണ്.ഏതു പാതിരാവിൽ ഏതു വീട്ടിൽ കയറി ചെന്നാലും ആതിഥ്യമര്യാദയായി നിങ്ങൾക്ക് ഈ പ്രസാദം കിട്ടുന്നതായിരിക്കും.

പണ്ടുകാലങ്ങളിൽ ഓരോ വീട്ടിലും പ്രായം ചെന്നവർ സ്വന്തമായി വീട്ടിൽ തന്നെ അരിയിടിച്ചു അവൽ ഉണ്ടാക്കുകയും പുതിയ മൺപാത്രത്തിൽ നെല്ല് വറത്തു മലരുണ്ടാക്കുകയും ചെയ്യുന്നു..എന്നാൽ ഇന്ന് അത് അന്ന്യം നിന്നുപോയി എന്നുവേണം പറയാൻ.എല്ലാവരും കടകളിൽ നിന്ന് വാങ്ങിക്കുകയാണ് പതിവ്..എന്നിരുന്നാലും അപൂർവ്വം ചില വീടുകളിൽ ഈ സമ്പ്രദായം തുടർന്നു പോരുന്നു. അതുപോലെ ഉത്സവം തുടങ്ങുമ്പോൾ തന്നെ മുറ്റത്തൊരു ഓലപ്പന്തൽ കെട്ടുന്ന പതിവുണ്ടായിരുന്നു. വ്രതം എടുത്തവർക്ക് ഭക്ഷണം പാകം ചെയ്യാനാണത്. അതും ഇന്ന് ചുരുക്കം ചില വീടുകളിലെ കാണാൻ സാധിക്കുകയുള്ളു.

ഉത്സവത്തിന്റെ വരവറിയിച്ചെത്തുന്ന മറ്റൊരു കാഴ്ചയാണ് ചന്തകളിൽ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന പഴക്കുലകൾ. അതിഥികൾക്കായി നൽകുന്ന അവിലും മലരിനുമൊപ്പം കുഴക്കാനുള്ള പഴത്തിനായനാണ് ഈ പഴക്കുലകൾ എത്തുന്നത്. എല്ലാവീട്ടിലും നിരവധി വാഴക്കുലകൾ വാങ്ങി പഴുപ്പിക്കാൻ വയ്ക്കും. സ്ത്രീകളുടെയും പുരുഷൻമാരുടെയും വ്രതത്തിലുമുണ്ട് വ്യത്യാസം.. അവലും മലരും പഴവും കുഴയ്ക്കുന്ന പ്രസാദമാണ് പുരുഷൻമാരുടെ ഈ ദിവസങ്ങളിലെ പ്രധാന ഭക്ഷണം,ഒരു നേരം മാത്രമായിരിക്കും അരിഭക്ഷണം കഴിക്കുക.. കുംഭം മൂന്നിന് രാവിലെ തന്നെ തന്നിയും കുടിയും ചടങ്ങ് നടത്തുന്നു. വ്രതമെടുത്ത പുരുഷ ജനങ്ങൾക്ക് ഇളനീരും ചക്കകൊത്തിനുശേഷം ലഭിച്ച ചക്കയും ചെറുപയറും വേവിച്ചതും നൽകികൊണ്ട് നടത്തുന്ന ചടങ്ങാണത്..പിന്നീട് അവർ അന്ന് രാത്രി കുടവരവെന്ന ചടങ്ങും കഴിഞ്ഞു ദേവന്മാർ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷമാണു അരിഭക്ഷണം കഴിക്കുന്നത്.

വൈകുന്നേരത്തോടെ വെളുത്ത തോർത്തും ബനിയനും ഇട്ട് എല്ലാ പുരുഷന്മാരും മെയ്യാലുകൂടൽ,വില്ലൊപ്പിക്കൽ എന്നി ചടങ്ങുകൾക്കായി ക്ഷേത്രത്തിലേക്കെത്തുകയായി..അപ്പോൾ അവർ സ്വയം, ഭഗവാൻ ശ്രീരാമന്റെ വാനരപടയായി മാറുകയും സീത അന്വേഷണത്തിൽ ദൈവത്താർ ഈശ്വരനു ഐക്യദാർഢ്യം പ്രഖാപിച്ചു കരുത്ത് തെളിയിക്കുകയും ചെയ്യുന്നു. കുംഭം ഒന്നിന് അച്ഛന്മാരും എമ്പ്രാന്മാരും ആചാരപൂർവം കാവിലേക്ക് പ്രവേശിക്കുന്നതോടെ ഉത്സവത്തിനു കൊടിയേറ്റമായി.

ഉത്സവകാലം തുടങ്ങുമുൻപേ തന്നെ പുഷ്പ്പിച്ചും,കായിച്ചും പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യ ഭാവത്തിലും ഒരുങ്ങി നിൽക്കുമെങ്കിലും, കാവിൽ ചക്കകൊത്ത് എന്ന ചടങ്ങു നടത്തി ദേശക്കാർക്കും അവകാശകാർക്കും വീതിച്ചു നൽകിയ ശേഷമാണു ഫലങ്ങളും കായികളും ഇവിടത്തുകാർ കഴിച്ചു തുടങ്ങുന്നത്. ജാതി വ്യവസ്ഥ അരങ്ങുവാണിരുന്ന കാലത്തുപോലും നാനാജാതിക്കാർക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നു.അതിന്റെ തെളിവുകൾ ക്ഷേത്ര ആചാരങ്ങളിലെ നാനാജാതിക്കാരുടെ സാനിധ്യം തന്നെ വിളിച്ചോതുന്നതാണ്.

ചരിത്ര പ്രധാനമായ മറ്റൊരു കാര്യമെന്താണെന്നുവച്ചാൽ ശ്രീനാരായണഗുരുവിന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമി കൂടിയാണ് ഇത്. പെരുംകൊല്ലൻ കാവിൽ കുറ്റിയടിച്ചു ആചാരാനുഷ്‌ടനങ്ങൾക്ക് തുടക്കമിടുന്നതൊടെ ഉത്സവ തിരക്കേറുകയായി.. പെരുവണ്ണാനെ ഉപചാരപൂർവ്വം കാവിലെത്തിക്കുന്നത് മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ്. തട്ടാന്മാർ ദൈവത്താറീശ്വരന്റെ പൊന്മുടിയും ആഭരണങ്ങളും തിളക്കമേറ്റുകയും, കൊല്ലന്മാർ മൂർത്തികളുടെ ആയുധങ്ങൾ മാറ്റുകൂട്ടുകയും ചെയ്യുന്നു.

മൂന്നാംനാൾ രാത്രി നടക്കുന്ന ഒരു പ്രധാനപ്പെട്ട ചടങ്ങാണ് കുടവരവ്. മേലൂർ മണൽ ദേശക്കാരാണ് ആഘോഷപൂർവ്വം ഓലക്കുട ചൂടി ദേവന്മാരെ കാവിലേക്ക് ആനയിക്കുന്നത്. ദേവന്മാർ കാവിൽ എത്തുന്നതോടെ തെയ്യങ്ങൾ ആരംഭിക്കുകയായി..നാലാംനാൾ ദൈവത്താറീശ്വരൻ പൊന്മുടിയണിയുന്നതോടെ ഭക്തജന പ്രവാഹമാണ് ഉണ്ടാവുക. അതിരളാനും മക്കളും ( സീതയും മക്കളും ),ബാലി – സുഗ്രീവൻ ,ബപ്പൂരൻ ( ഹനുമാൻ ), അങ്കക്കാരൻ ( ലക്ഷ്മണൻ ), തൂവക്കാലി ,നാഗകണ്ടൻ , വേട്ടക്കൊരുമകൻ , പുതുചേകവൻ തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടുന്നു. ബാലി സുഗ്രീവ യുദ്ധം കാണേണ്ട കാഴ്ചതന്നെയാണ്.. കടുത്ത ഉച്ച വെയിലിലും കാഴ്ച്ചക്കാർ തിങ്ങി നിറഞ്ഞ് നിൽക്കും..ഉച്ചവെയിലിൽ പൊള്ളുന്ന പൂഴിമണലിൽ പോലും ഒത്തിരിപേർ കാഴ്ചക്കാരായി നിലയുറപ്പിച്ചിട്ടുണ്ടാകും,പ്രത്യേകിച്ച് കുട്ടികൾ..

സുഗ്രീവൻ ബാലിയെ പോരിന് വിളിക്കുന്നതാണ് തുടക്കം.. അൽപ്പനേരം കഴിയുമ്പോൾ ബാലിയും യുദ്ധത്തിനിറങ്ങുന്നു.. ഒടുവിൽ യുദ്ധം മൂർച്ഛിക്കുമ്പോൾ ബപ്പൂരൻ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുന്നു. വളരെ കൗതുകം ഉളവാക്കുന്ന തെയ്യാട്ടമാണിത്. ഇവിടത്തെ ബാക്കി എല്ലാ തെയ്യങ്ങളും സംസാരിക്കുമെങ്കിലും ദൈവത്താർ മാത്രം മൗനിയാണ്. സീത വിരഹത്താൽ ദുഖിതനായ ശ്രീരാമൻ മൗനിയായി സീതാദേവിയെ അന്വേഷിക്കുകയാണെന്നാണ് സങ്കൽപ്പം. ഏഴ് സമുദ്രം ചാടിക്കടന്ന് സീതാദേവിയെ ലങ്കയിൽ കണ്ടെത്തിയ വിവരം ബപ്പൂരൻ കാവ് ഏഴുതവണ വലം വച്ചുകൊണ്ട് ദൈവത്താറീശ്വരനെ അറിയിക്കുന്നു. അതോടെ പടപുറപ്പാടായി..

സീതാദേവിയെ വീണ്ടെടുക്കാനായി മേലെക്കാവിൽ നിന്നും താഴെക്കാവ് എന്ന ലങ്കയിലേക്ക് അങ്കക്കാരനും ബപ്പൂരനും സുഗ്രീവ സൈന്യമായ കുളുത്താറ്റിയവരോടൊത്ത്‌ പോകുന്നു. താഴെക്കാവിൽ ദൈവത്താർ സമക്ഷം അങ്കക്കാരനും ബപ്പൂരനും ആട്ടം കാഴ്ച്ചവെക്കുന്നു. ലങ്കയിലെ രാക്ഷസന്മാരുമായുള്ള യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ആട്ടം. തുടർന്ന് യുദ്ധം ജയിച്ചശേഷം മേലെക്കാവിലേക്ക് മടങ്ങുന്നു.അപ്പോൾ വിജയഭേരിയായി കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും നടക്കുന്നു. ഓരോ ദിവസവും ഓരോ ദേശക്കാരാണു വെടിക്കെട്ട് നടത്തുന്നത്. മേലെക്കാവിൽ എത്തിയാൽ യുദ്ധം ജയിച്ച ആഹ്ലാദത്തിൽ കുളുത്താറ്റിയവർ തടപൊളിച്ചോട്ടം നടത്തി കരുത്തു തെളിയിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഈ ചടങ്ങുകൾ ആവർത്തിക്കുന്നു.

ഏഴാം ദിവസം തടപൊളിച്ചോട്ടം കഴിയുന്നതോടെ ആ വർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും. തെയ്യാട്ടങ്ങൾക്കപ്പുറം വേറെയും ചില പ്രീയമുള്ള ഉത്സവകാഴ്ചകൾ ഉണ്ട്. മൂന്നാംനാൾ രാത്രി മുതൽ എങ്ങും തിരക്കേറിയ അമ്പലപ്പറമ്പാണ് കാണാൻ കഴിയുക. പ്രകാശപൂരിതമായ രത്രികൾ..ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന പരസ്യ വാചകങ്ങൾ. കൊയ്ത്തുകഴിഞ്ഞ പാടത്തു ആകാശത്തൊട്ടിലും ആകാശതോണിയും പോലെ പല പല റൈഡുകൾ.. ആകാശത്തൊട്ടിലിൽ നിന്നൊക്കെ ഉയർന്നുവരുന്ന നിലവിളികളും ആരവങ്ങളും..അതിന്റെ താഴെ അരണ്ടവെളിച്ചത്തിൽ കാഴ്ചക്കാരായി നിരവധിപേർ.. അതിനടുത്തായി തന്നെ ഐസ് ക്രീം വണ്ടികളും , അതിനെ പൊതിഞ്ഞുകൊണ്ട് പ്രായഭേദമില്ലാതെ കുറെ ആളുകളും..

പുതിയ കളിപ്പാട്ടങ്ങളും ബലൂണുകളുമൊക്കെയായി ജീവിതമാർഗം തേടി അന്യദേശത്തുനിന്നു എത്തിയവർ..കൂട്ടത്തിലെ പിഞ്ചു ബാല്യങ്ങൾ ഈ ആരവങ്ങളോ ശബ്ദകോലാഹലങ്ങളോ അറിയാതെ തളർന്നുറങ്ങുന്ന കാഴ്ച്ച..ഭൂതവും ഭാവിയും ഒക്കെ പറയാനായി ജീവിതത്തിന്റെ നേരെ തിരിച്ച ഭൂതക്കണ്ണാടിയുമായി അരണ്ടവെളിച്ചത്തിൽ ഓരോ മൂലയിലായി കാത്തിരിക്കുന്നവർ. പച്ചകുത്താനുള്ള അച്ചുകളുമായി മറ്റൊരുകൂട്ടർ .. കോളിഫ്ലവർ ഫ്രൈയുടെയും മുളകാബജിയുടെയും കൊതിപ്പിക്കുന്ന മണം. മരണകിണറിൽ നിന്നും ആവേശം ജനിപ്പിക്കുന്ന മോട്ടോർ ബൈകിന്റെയും കാറിന്റെയും ശബ്‌ദം.. തൊട്ടപ്പുറത്തു ആർക്കൊക്കെയോ പണി കൊടുത്തുകൊണ്ട് ഡോഗ് ഷോ.. ലൈറ്റുകളുടെ പ്രകാശത്തിൽ തിളങ്ങുന്ന ജിമിക്കികൾക്കരികെ കൗതുകത്തോടെ നിൽക്കുന്ന പെൺകുട്ടികൾ.. വെളുത്ത തോർത്തും ബനിയനും ഇട്ട് നടക്കുന്ന മെയ്യാലുകാരും മറ്റു ചെറുപ്പക്കാരും..താഴെക്കാവിലാണെങ്കിൽ തൊണ്ണൂറുകളിലെ മധുര മിട്ടായികളും ആ മധുരമൂറി നിൽക്കുന്നവരേം കാണാം..

കുടവരവിന്റെ സമയമാകുമ്പോഴേക്കും താഴെക്കാവ് നൂറുകണക്കിന് മെഴുകുതിരി വെട്ടത്തിൽ പ്രകാശിച്ചു നിൽക്കുന്ന ഒരു സുന്ദരിയാവും..നക്ഷത്രങ്ങൾ മണ്ണിൽ വീണപോലെ കണ്ണുകൾക്ക് വിരുന്നേകുന്ന ഒരു കാഴ്ചയാണത്.. രാത്രി മാത്രമല്ല പകലും താഴെക്കാവ് സുന്ദരി തന്നെ..ഉച്ചവെയിൽ കനക്കുന്ന സമയത്തു താഴെക്കാവിലെ തണലിൽ വന്നിരിക്കാൻ പ്രത്യേക രസമാണ്.. പൂഴുമണലിൽ കാലുകളാഴ്ത്തി അരയാൽ സ്വന്തം വേരുകളാൽ സ്വയം കെട്ടിത്തന്ന ഊഞ്ഞാലിൽ എത്ര നേരമിരുന്നാലും മതിയാവില്ല.. തൊട്ടടുത്ത് തന്നെ ചെത്ത് ഐസും നാരങ്ങാ സോഡയും ഉപ്പുതേച്ച നാരങ്ങയും ഒക്കെ വാങ്ങാനുണ്ടാകും.. അങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ച്ചകളും ഓർമകൾക്ക് നിറം നൽകുന്ന ഒത്തിരി അനുഭങ്ങളും നിറഞ്ഞതാണ് ഓരോ ഉത്സവകാലവും .

ഏഴാം ദിവസം തിറകഴിഞ്ഞു ദൈവത്താറീശ്വരൻ മുടിയഴിക്കുന്നതോടെ മുക്കുവർ മത്സ്യവുമായി ദേശത്തേക്കു വരും. അതോടെ ആ വർഷത്തെ വ്രതശുദ്ധിയുടെ നാളുകൾ കഴിഞ്ഞു. ദേശക്കാർ മത്സ്യമാംസാദികൾ ഭക്ഷിച്ചുകൊണ്ട് വ്രതം മുറിക്കുന്നു. അങ്ങനെ ആ വർഷത്തെ അണ്ടലൂർ ഉത്സവത്തിന്റെ ആരവങ്ങളും ആഘോഷങ്ങളും അരങ്ങൊഴിഞ്ഞു.. ഈ നാട്ടിലെ ഓരോ മനുഷ്യനും ഈ തെയ്യക്കാലം ഹൃദയതാളംപോലെ കൊണ്ടുനടക്കുന്നവരാണ്..ഈ ഉത്സവം ദേശത്തിന്റെ സംസ്കാരത്തിലും ഇവിടത്തുകാരുടെ ജീവിതരീതിയിലും ഇത്രയേറെ ഇഴുകി ചേർന്നിരിക്കുമ്പോൾ , കാലചക്രം തിരിയുന്നത് ഒരു ഉത്സവകാലത്തിൽ നിന്ന് മറ്റൊരു ഉത്സവ കാലത്തിലേക്കാണെന്നല്ലാതെ ഇവിടത്തുക്കാർക്ക് ചിന്തിക്കാൻ വയ്യ..

ഉത്സവത്തിനായി കൂടണഞ്ഞവരൊക്കെ തിരിച്ചു പറക്കുന്നത് അടുത്ത ഉത്സവകാലത്തു വീണ്ടും വന്നുചേരാമെന്ന പ്രതീക്ഷയോടെയും ആഗ്രഹത്തോടെയുമാണ്.. അതെ.. ഒത്തുചേരലിന്റേം സ്നേഹത്തിന്റെം ആദിത്യമര്യാദയുടെയും ആഘോഷത്തിന്റെയും ഒക്കെ കൂടിച്ചേരലുകളാണ് ഓരോ ഉത്സവകാലവും.

അണ്ടലൂർകാവിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ :- തലശ്ശേരി ബസ്റ്റാന്റിൽ നിന്നും ഇടവിട്ട സമയങ്ങളിൽ അണ്ടലൂർകാവ് വരെയുള്ള ബസ്സുകൾ ഉണ്ട്. അണ്ടലൂർകാവ് ബോർഡ് ഉള്ള ബസ്സുകളിലും അണ്ടലൂർ – പാറപ്രം ബോർഡ് ഉള്ള ബസ്സുകളിലും കയറാവുന്നതാണ്. കാവിന്റെ മുന്നിൽ തന്നെ ബസ്സ് ഇറങ്ങാൻ സാധിക്കും. ഇനി മറ്റു വണ്ടികളിലാണ് വരുന്നതെങ്കിൽ, തലശ്ശേരി – കണ്ണൂർ ഹൈവേയിലൂടെ തലശ്ശേരിയിൽ നിന്നും കണ്ണൂർ പോകുമ്പോൾ മീത്തലെപീടിക എന്ന സ്ഥലത്തു നിന്നും വലത്തോട്ട് തിരിഞ്ഞു ചിറക്കുനി വഴി അണ്ടലൂർകാവിലേക്ക് എത്തിച്ചേരാം. കാവിലേക്ക് എത്താൻ നിരവധി റോഡുകൾ ഉണ്ടെങ്കിലും വഴി അറിയാത്തവർ ഈ റൂട്ട് തിരഞ്ഞെടുക്കുന്നതാവും നല്ലത്.

ചിത്രങ്ങൾ കടപ്പാട് : റോഷിൻ ചെങ്ങര-.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply