വിവരണം – ഗീതു മോഹൻദാസ്.
30 സ്ത്രീകൾ.. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ .. വിവിധ ഭാഷകൾ സംസാരിക്കുന്നവർ, വിവിധ സംസ്കാരങ്ങളിലൂടെ ജീവിക്കുന്നവർ ഒരുമിച്ചു ഒത്തുകൂടുന്നു. യാത്ര എന്ന ഒരുവികാരം അവരെ ഒന്നിപ്പിക്കുമ്പോൾ, ആ യാത്രക്ക് അർഥങ്ങൾ ഉണ്ടാകുന്നു. 2018 നവംബര് 17 നാണു ഒരിക്കലും കാണാത്ത ഒരുപാട് സ്ത്രീകളെ തേടി ആ യാത്ര ബാംഗ്ലൂർ നിന്നും ആരംഭിക്കുന്നത്.
കുറെ കാലങ്ങൾ ആയി മനസ്സിൽ കുറിച്ചിട്ടിരുന്നതാണ് അട്ടപ്പാടിയിലെ കയ്യേനി കാടുകൾ.. മഴനിഴൽ കാടുകളുടെ വരണ്ട കാലാവസ്ഥആണ് അട്ടപാടിക്കെന്ന് എല്ലാവരും പറയുന്നത്. വീട്ടികുണ്ടിലെ നെല്ലിക്കയും അങ്ങനെ വരണ്ടുങ്ങിയ ഭൂമി തന്നെ. പക്ഷേ കയ്യേനി കാട് മഴനിഴൽ കാടിന്റെ ഭാഗം ആണെന്ന് വിശ്വസിക്കാൻ സാധിക്കില്ല. സൈലന്റ് വാലിയുടെ മഴക്കാടുകളുടെ സാന്നിധ്യമാവാം ഈ ഭൂമിയെ അട്ടപ്പാടിയിലെ ഒരു സ്വർഗം ആക്കി മാറ്റിയത്.
ഏതു യാത്രപുറപ്പെടുന്നതിനു മുൻപും മഴ എന്റെ കൂടെ കൂടാറുണ്ട്, വേനലിൽ പോലും.. ഇത്തവണയും പതിവ് തെറ്റിക്കാതെ ഗജാ ചുഴലിക്കാറ്റ് കൃത്യമായി തമിഴ്നാട്ടിലേക്കെത്തിയ സമയം . ബാംഗ്ളൂരിലും ഗജ ലക്ഷണങ്ങൾ കാണിച്ചു കടന്നുപോകുന്നുണ്ട്. മനസ്സിൽ ചെറിയ ടെൻഷൻ ഉണ്ടെങ്കിലും പുറത്തുകാണിച്ചില്ല. കാരണം ഒരുമാസം ആയി ഈ യാത്രക്ക് കാത്തിരിക്കുന്ന 30 പെൺകുട്ടികൾ ഉണ്ട്. വീട്ടിൽ കഷ്ടപ്പെട്ടു സമ്മതം ചോദിച്ചും, പ്ലാനുകൾ മാറ്റിയും ലീവ് എടുത്തവരും അങ്ങനെ കുറെ സ്വപ്നം കണ്ടു തങ്ങളുടെ ആദ്യ യാത്രക്ക് പുറപ്പെടുന്നവർ. എന്റെ യാത്ര ഭഗവാനെ, ഒന്നും വരുത്താതെ ഞങ്ങളെ അങ്ങ് കയ്യേനിയിൽ എത്തിച്ചേക്കണേ..
എന്തായാലും ബുക്ക് ചെയ്ത KSRTC ബസ് മടിവാള ബസ് സ്റ്റോപ്പിൽ എത്തി ചേർന്നു. ബസിലെ ഭൂരിഭാഗം യാത്രക്കാരും നമ്മുടെ പിള്ളേർ തന്നെ, എല്ലാവരെയും ഒന്ന് ചെറുതായി പരിചയപെട്ടു. പറയാൻ മറന്നു യാത്ര കോയമ്പത്തൂരിലേക്കാണ്. കോയമ്പത്തൂർ എത്താൻ അധികം സമയം ഇല്ലാത്തതിനാൽ നമ്മൾ വേഗം തന്നെ ഉറങ്ങാൻ കിടന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, എറണാകുളം അങ്ങനെ എല്ലാ സ്ഥലത്തുനിന്നുള്ള പെൺപിള്ളേരും യാത്ര തുടങ്ങി കഴിഞ്ഞു.
വെളുപ്പിനെ 5 മണിയോടെ ഞങ്ങൾ കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. അവിടെ നിന്നും കുറച്ചു നടക്കണം ആനക്കട്ടിയിലേക്കുള്ള ബസ് കിട്ടുന്ന സ്റ്റോപ്പിൽ എത്താന്. ഒരുപാട് തവണ ഈ സ്റ്റാൻഡിൽ വന്നുപോയിട്ടുണ്ടെങ്കിലും ഒരു ചെറിയ തപ്പൽ. ബാംഗ്ലൂൽ നിന്നെത്തിയവർക്കു ഇതു പുതിയ അനുഭവം ആണ് ഒറ്റയ്ക്ക് ഇരുട്ടിൽ നടന്നു ഒരു ബസ് സ്റ്റാൻഡിലേക്ക്. അവിടെത്തെ അധികം വൃത്തി ഇല്ലാത്ത ബാത്റൂമിൽ പല്ലുതേപ്പും, ഫ്രഷ് ആകലും. കംഫോര്ട് സോണിനു പുറത്തു കടക്കുമ്പോൾ ആണ് ജീവിതം എന്താണെന്ന് പഠിക്കുക. അതാണ് ഓരോ യാത്രയും നമ്മളെ പഠിപ്പിക്കുന്നത് എന്നാണ് സൃഷ്ടി വിശ്വസിക്കുന്നത്.
പല്ലുതേപ്പുകഴിഞ്ഞു അനക്കട്ടിക്കുള്ള ബസിനുള്ള കാത്തിരിപ്പായിരുന്നു. അപ്പോളേക്കും അപരിചിതരായ എത്തിയവർ കുറച്ചുകൂടെ അടുത്തിരുന്നു. അനക്കട്ടിയിലേക്കുള്ള യാത്ര മനോഹരം ആയിരുന്നു. മഴൽ നിഴൽ കാടുകളുടെ വരണ്ട കാലാവസ്ഥയിൽ നിന്നും മാറി ഒരു നിത്യഹരിത വനഭൂമിപോലെ മനോഹരിയായ വഴികൾ. ഈ കാട്ടു പാതകൾ ഇത്രക്കും മനോഹരമായിത്തീരാൻ ഗജ ചുഴലിക്കാറ്റിന്റെ പങ്കു കുറച്ചൊന്നുമല്ല.
കുളിർകാറ്റാടിക്കുന്ന വഴികൾ അവസാനിച്ചത് തമിഴ്നാടിനെയും കേരളത്തെയും മുറിച്ചു കടന്നുപോകുന്ന പാലത്തിനു മുൻപിൽ. തമിഴ്നാട് ബസിൽ നിന്നിറങ്ങി യാത്ര കേരളത്തിന്റെ മണ്ണിലേക്ക്. അവിടെ നിന്നും കേരളത്തനിമനിറഞ്ഞ പുട്ടും കടലയും കഴിച്ചു ആദ്യമെത്തിയ ബസിൽ തന്നെ ഗൂളിക്കടവിലേക്കുള്ള യാത്ര ആരംഭിച്ചു . കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം പെൺകുട്ടികൾ അവിടെ എത്തി ബസ് സ്റ്റോപ്പിൽ കാത്തിരിക്കുന്നുണ്ട് എന്ന അറിയിപ്പ് മൊബൈലിൽ കിട്ടി തുടങ്ങി.
ഏകദേശം നാല്പതു മിനിറ്റ് സമയത്തിൽ ഞങ്ങൾ ഗൂളിക്കടവ് ബസ് സ്റ്റോപ്പിൽ എത്തിച്ചേർന്നു. അവിടെ എന്നെ കാത്തു സുനി ഇരിക്കുന്നുണ്ടായിരുന്നു. യാതൊരു പരിചയം ഇല്ലെങ്കിലും ആദ്യമായി കാണുന്നതാണെങ്കിലും പെട്ടെന്ന് അടുത്തു. ഇനി ഒരു 7 km യാത്രചെയ്താണ് കയ്യേനി കാടുകളിലേക്ക് എത്തേണ്ടത്. അവിടെ കാടിനെ സ്നേഹിക്കുന്ന പച്ചയായ ചില മനുഷ്യർ ഉണ്ട്. സാജൻ ചേട്ടനും അദ്ദേഹത്തിന്റെ മകൻ മാനവും. 3 ജീപ്പുകളിൽ ആയി ആണ് യാത്ര. ഞാൻ മൂന്നാമത്തെ ജീപ്പിൽ കയറി ഇരിപ്പായി. കുറച്ചു സമയം കഴിഞ്ഞിട്ടും ജീപ്പ് മുന്നോട്ടു എടുക്കാത്തതുകൊണ്ടു ഞാൻ ഒന്ന് പുറത്തേക്കിറങ്ങി.
അവിടെ രണ്ടുമൂന്നാളുകൾ ഉണ്ട്. കാര്യം അന്യോഷിച്ചപ്പോൾ പോലീസ് വരുന്നുണ്ട് ഒന്ന് കാത്തിരിക്കണം എന്ന് പറഞ്ഞു . എന്തിനാണ് പോലീസ് വരുന്നതെന്നായി എന്റെ ചോദ്യം.. എന്തായാലും കുറച്ചു സമയത്തെ രസകരമായ സംസാരത്തിനു ശേഷം ജീപ്പ് കാടും മലയും കുന്നും നിറഞ്ഞ മനോഹരമായ കയ്യേനി കാടിലേക്കുള്ള വഴിയിൽ എത്തിച്ചേർന്നു. ശിരുവാണിപ്പുഴ മനോഹരമായി ഒഴുകിനീങ്ങുന്നു. ആദ്യം എത്തിയവർ പുഴയിൽ ഇറങ്ങി കളിക്കുന്നുണ്ട്. അധികം താമസിക്കാതെ മുളയിൽ നിർമിച്ച തൂക്കുപാലത്തിലൂടെ ഞങ്ങൾ മറുകര ലക്ഷ്യമാക്കി നടന്നു.
ആദ്യമായാണ് പലരും ഇങ്ങനെ ഒരു യാത്ര. പുറത്തു ബാഗും കയ്യിൽ വെള്ളത്തിന്റെ കുപ്പിയുമായി അവർ പതുക്കെ പതുക്കെ ആടി ഉലയുന്ന ബാംബൂ ബ്രിഡ്ജ്നു മറുവശം കടന്നു. കഴിഞ്ഞ ദിവസം പെയ്ത് മഴയിൽ പുൽനാമ്പുകളൊക്കെ നനഞ്ഞു കുതിർന്നിരിക്കുന്നു. അട്ടയുടെ ഒരു സാന്നിധ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും ആരോടും പറയാൻ കൂട്ടാക്കിയില്ല. ആദ്യമായി അട്ടയെ കാണുന്നവർ ആണ്. ഇതെന്തോ ഭീകര ജീവിയാണ് എന്ന് കരുതി ഇരിക്കുന്നവർ. അതുകൊണ്ടു ആദ്യമേ പറഞ്ഞു പേടിപ്പിക്കണ്ട എന്ന് കരുതി. പക്ഷെ ആരുടെയോ കണ്ണിൽ ആ കുരുന്നു ജീവി ഉടക്കി. പിന്നീടങ്ങോടു പറയണ്ടല്ലോ, എല്ലവരും തപ്പലായി ഓട്ടം ആയി .
പ്രതീക്ഷിച്ചതിലും വേഗത്തിൽ ക്യാമ്പ് സൈറ്റിൽ എത്തിച്ചേർന്നു. അവിടെ എത്തി കാലൊക്കെ പരിശോധിച്ച എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് തന്നെ പറയാം. അട്ടകളുടെ ഒരു ചാകര തന്നെ. അട്ടയെക്കുറിച്ചു കുറെ കഥകൾ പറഞ്ഞും, അത് നിങ്ങൾ വായിച്ച പോലെ ഒരു ഭീകര ജീവി അല്ല എന്നൊക്കെ പറഞ്ഞ എന്റെ ക്ലാസുകൾ കുറച്ചൊക്കെ ആശ്വാസം വരുത്തി എന്ന് തോന്നുന്നു . എല്ലാവരും ഒന്ന് ഫ്രഷ് ആയി പുറത്തേക്കിറങ്ങി.
പല സ്ഥലത്തുനിന്നെത്തിയവർ പലഭാഷ സംസാരിക്കുന്നവർ, പല പ്രായത്തിലുള്ളവർ, പല സംസ്കാരങ്ങളിലൂടെ ജീവിച്ചവർ, അപരിചിതരോട് പെട്ടെന്ന് അടുക്കാൻ മടികാണിക്കുന്നവർ ഇവരെ ഒരു കുടുംബം പോലെ ആക്കി മാറ്റുക.. 10 വയസുള്ള ലക്ഷ്മിയും മീനാക്ഷിയും മുതൽ 50 കഴിഞ്ഞ ജാനെറ്റ് ആന്റി വരെ. പിന്നീടങ്ങോടു കളിയും കാര്യം അഭിനയവും നാടകവും അങ്ങനെ അപരിചിതരായെത്തിയ പെൺകൂട്ടം വര്ഷങ്ങളോളം പരിചയമുള്ള സുഹൃത്തുക്കളെ പോലെ ആയി മാറി.
വേഴാമ്പലിനെ ജീവിത ചക്രം മനോഹരമായി അഭിനയിച്ച ഒരു ഗ്രൂപ്പ് എല്ലവരുടെയും പ്രശംസ പിടിച്ചുപറ്റി. അതുപോലെ മരങ്ങൾ വെട്ടുന്നതിനെതിരെയും, പറന്നു നടക്കുന്ന ചിത്രശലഭക്കൂട്ടങ്ങളെയും, ബൈക്കിൽ ലോകം ചുറ്റുന്ന യങ് ജനറേഷനെയും മനോഹരമായിത്തന്നെ അവർ അവതരിപ്പിച്ചു. ജോലിത്തിരക്കിനിടയിൽ, സമൂഹത്തിന്റെ കളിയാക്കൽ പേടിച്ചു മനസ്സിൽ ഒതുക്കിയ കാലാവാസനകളെ ഞങ്ങൾ പതുക്കെ പതുക്കെ പുറത്തേക്കിറക്കി. ഈ യാത്ര പലസ്ത്രീകൾക്കും നൽകിയത് അവരുടെ കുട്ടികാലത്തേക്കുള്ള തിരിച്ചുപോക്കായിരുന്നു.
ഇപ്പോ ആരും ആരെയും അറിയാത്തവർ ഇല്ല. എല്ലാവര്ക്കും എല്ലാവരുടെയും പേരറിയാം.. ഉച്ചക്കുള്ള സാമ്പാറും സ്പെഷ്യൽ അച്ചാറും കൂടിയുള്ള ഊണും കഴിഞ്ഞു. പക്ഷികളെ കുറിച്ചും പ്രകൃതിയുടെ മാസ്മരിക സൗന്ദര്യത്തെ പറ്റിയും സാജൻ സാറിന്റെയും മാനവിന്റെയും ചെറിയ ചർച്ചകൾക്ക് ശേഷം ഞങ്ങൾ സാഹസിക വിനോദത്തിനായി കാടുകയറി. സ്ത്രീ യാത്രകളിൽ എന്തിനാണ് സാഹസികത കൂട്ടികലർത്തുന്നത്? അവർക്കു കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനും മൊബൈൽ ഫോണിൽ സെൽഫി എടുത്തുകളിക്കുന്നതും ആണ് ഇഷ്ട്ടം.
ഒരിക്കൽ ഒരു കൂട്ടുകാരി എന്നോട് പറഞ്ഞു. ചെറുപ്പം മുതലുള്ള യാത്ര സംസ്കാരം പെൺകുട്ടികളെ മാറ്റുന്നത് ആത്മവിശ്വാസത്തിലേക്കല്ല. പകരം എല്ലാത്തിനും മറ്റൊരാളെ ആശ്രയിക്കേണ്ട ഒരുവളായി മാറ്റുകയാണ് . ഒരു ചെറിയ ഉദാഹരണം എടുക്കാം. സ്കൂൾ ട്രിപ്പുകൾ അല്ലെങ്കിൽ കുടുംബത്തോടൊപ്പം ഉള്ള യാത്രകൾ. സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതുമുതൽ അവിടെ എത്തുന്നത് വരെ എന്താണ് സംഭവിക്കുന്നതെന്നു അറിയാതെ അവൾ വളരും. എത്തുന്ന സ്ഥലത്താണേൽ അവിടെ പോകരുത്, ഇവിടെ പോകരുത്, അവിടെ ഇറങ്ങരുത്, ഇവിടെ ഇറങ്ങരുത് എന്നുള്ള നിർദേശങ്ങളും. പിന്നെ വഴിയരികിലെ കടകളിൽ മാത്രമായി ഒതുങ്ങുന്നു അവളുടെ സഞ്ചാരം.
വലുതാകുമ്പോൾ എല്ലാം സ്പൂണിൽ വായിലേക്ക് വച്ച് കൊടുക്കുമ്പോൾ അവൾക്കു തനിയെ ഒരു ബസ് ബുക്ക് ചെയുന്നതുപോലും എങ്ങനെ എന്ന് അറിയാത്തവളായി മാറും. ഒറ്റക്കായി പോകുന്നവൾ തളർന്നു വീഴും. ഇത്തരം യാത്ര സങ്കല്പങ്ങളിൽ നിന്നുള്ള മാറ്റം ഈ കാലഘത്തിൽ തീർച്ചയായും വേണ്ടതുതന്നെ ആണ്. യാത്രയിലെ ഓരോ വശങ്ങളും അവർക്കു ഓരോ അറിവുകൾ ആകണം. ബസ് ബുക്ക് ചെയ്യുന്നതുമുതൽ പുതിയ സൗഹൃദം തേടുന്നത് മുതൽ യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ പോലും നേരിടാനുള്ള മനക്കരുത്തു ഓരോ സ്ത്രീയിലേക്കും എത്തേണ്ടതാണ്.
സാഹസിക യാത്രക്ക് തെയ്യാറെടുത്തു കാട്ടിലൂടെ ട്രെക്ക് ചെയ്തവർ ഒന്ന് ഞെട്ടി. കാര്യം വിചാരിച്ച പോലെ എളുപ്പം അല്ല. മൂന്നു വലിയ മരങ്ങൾ . അതിൽ ആദ്യത്തെ മരത്തിൽ ഒരു ഒരു കയറ്റുപടി തൂങ്ങി ആടുന്നുണ്ട്. അതിൽ പിടിച്ചു മുകളിലെ മരത്തിൽ വലിഞ്ഞു കയറണം. അതിനു ശേഷം തൂങ്ങി ആടുന്ന ആകാശപാലത്തിലൂടെ നടന്നു അടുത്ത മരത്തിലേക്ക്. അവിടെ ഒരു കയർ ആദ്യത്തെ മരമായി കൂട്ടി കെട്ടിയിട്ടുണ്ട്. അതിലൂടെ നടന്നു മൂന്നാമത്തെ മരത്തിൽ എത്തിയാൽ ഒരു ചെറിയ കോണിയിലൂടെ താഴേക്കെത്താം. എല്ലാരും ഒന്ന് സംശയിച്ചു, നടക്കുമോ.. പണി പാളും!! അങ്ങനെ പണി പാളുന്നതിനല്ലയോ നമ്മൾ ഇവിടെ.
ഞാൻ തന്നെ ആദ്യം കയറാം എന്ന് പറഞ്ഞു അത് അവർക്കു ഒരു കോൺഫിഡൻസ് ആകും എന്ന് ഞാൻ കരുതി. തൂങ്ങി ആടുന്ന ചവിട്ടു പടി അത്ര നിസ്സാരകാരൻ അല്ല. സാജൻ ചേട്ടൻ മുകളിൽ നിന്നും നിർദേശങ്ങൾ തരുന്നുണ്ടെങ്കിലും കോണി തിരിഞ്ഞും മറിഞ്ഞും കളിക്കുകയാണ്. നല്ല ബാലൻസ് ചെയ്തു ശരീരഭാരം മുഴുവനായി മുകളിലേക്ക് ഉയർത്തണം . അവിടെ നിന്നും തൂങ്ങി ആടുന്ന പാലം അതും വെല്ലു വിളികൾ നിറഞ്ഞതു തന്നെ ഓരോ അടിയും വെക്കുമ്പോൾ പാലത്തിലെ മരകഷണങ്ങൾ തെന്നി മാറും. അതും കഴിഞ്ഞു ഒറ്റ കയറിലൂടെ ഉള്ള നടത്തം. ആ നടത്തം നമ്മളെ എത്തിക്കുന്നത് ആത്മവിശ്വാസത്തിന്റെ ഉച്ചസ്ഥായിലേക്കാണ്.
താഴെ എത്തിയപ്പോളേക്കും പേടിച്ചിരുന്നവർ പലരും ഉഷാറായി. പിന്നെ കയ്യടിയും പ്രോത്സാഹനവുമായി. 10 വയസുകാരി മുതൽ 50 കഴിഞ്ഞവർ പോലും അത്ര മനോഹരമായാണെന്നോ ഇതു പൂർത്തീകരിച്ചത്. തിരിച്ചിറങ്ങുമ്പോൾ അവരുടെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം കാണാൻ സാധിച്ചിരുന്നു. ഇരുട്ടിലൂടെ നടന്നു തിരിച്ചു ക്യാമ്പിലേക്ക്. അവിടെ കപ്പയും ചമ്മന്തിയും തയ്യാറായിരുന്നു. കളിയും ചിരിയുമായി ചിരിയും ആയി അടുത്ത പരിപാടിയിലേക്ക്.
ഒരു പാട് കളികൾ ആത്മവിശ്വാസം നൽകുന്നതും, സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതും, ആരെയും കാണിക്കാതെ ഒളിപ്പിച്ചു വച്ച കഴിവുകൾ പുറത്തെടുക്കുന്നതും.. വിത്തു പേനകളെ പറ്റിയും പേപ്പർ പേനകളെ പറ്റിയും ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും പലർക്കും എന്താണ് ഇതു എന്ന് ഒരു ധാരണ ഇല്ലായിരുന്നു. വിത്തു പേനകൾ സ്വയം നിർമിക്കാൻ ഉള്ള ഒരു പരിശീലനം ആയി എത്തിയത് സിനി ആയിരുന്നു. വേസ്റ്റ് പേപ്പറിൽ നിന്നും സിനി അവരെ പഠിപ്പിച്ചത് പേപ്പർ പേന ഉണ്ടാകുന്നതെങ്ങനെ എന്നും, അതിനൊപ്പം ഉപയോഗിച്ച് വലിച്ചെറിഞ്ഞു ഭൂമിക്കു ഭാരമായി തീരുന്ന പ്ലാസ്റ്റിക് പേനയുടെ ലോകത്തുനിന്നും ഒരു പുനർചിന്തയും ആയിരുന്നു. മനോഹരമായ ഡിസൈനിൽ ഉള്ള 30 പേപ്പർ പേനകൾ ആയിരുന്നു ആ രാത്രി കയ്യെനിക്കാട്ടിൽ പിറന്നു വീണത്.
പിന്നെ ചർച്ചകൾ ആയി. സ്ത്രീകൾ പുറത്തു പറയാൻ മടിക്കുന്ന മെൻസ്ട്രുൾ കപ്പിനെ കുറിച്ച് ചർച്ചകൾ. ഓരോ സ്ത്രീയും മാറി ചിന്തിക്കുന്ന രീതിയിൽ ഉപയോഗിക്കാൻ കോൺഫിഡൻസ് നൽകുന്ന രീതിയിൽ ഉള്ള ഒരു തുറന്ന ചർച്ച. ചർച്ചക്ക് ശേഷം കഞ്ഞിയും പുഴുക്കും കഴിച്ചു ആ രാത്രി കയ്യേനി കാട്ടിൽ എല്ലാം മറന്നു അവർ ഉറങ്ങി.
പിറ്റേന്ന് രാവിലെ കയ്യേനികാട്ടിൽ കോടമഞ്ഞു മൂടിയിരുന്നു.. കിളികളുടെ മനോഹരമായ സംഗീതംകേട്ടാണ് ഞാൻ ഉണരുന്നത്. നഗരജീവിതത്തിൽ വൈകിഎണീക്കാൻ ശീലിച്ചവരെല്ലാം നേരത്തെ എണീറ്റ് പ്രകൃതിയുടെ മനോഹാര്യതയിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.. പക്ഷികളെ തേടിയുള്ള ഒരു ചെറിയ യാത്ര. അതിനു ശേഷം പ്രഭാത ഭക്ഷണം കഴിച്ചു ട്രെക്കിങ്ങിനായി എല്ലാവരും തയ്യാറെടുത്തു. എല്ലാവരെയും പല ഗ്രൂപ്പുകളായി തിരിച്ചു.
കൃത്യമായ വഴിയിലൂടെ ഇറങ്ങിയും കയറിയും പുല്ലുകൾ അറിഞ്ഞു മാറ്റിയും കാടിനകത്തേക്കു നടന്നു നീങ്ങി. കുറച്ചു സമയം കഴിഞ്ഞു വിശ്രമിക്കാൻ തിരഞ്ഞെടുത്തത് ഒരു പാറപ്പുറം ആയിരുന്നു. പാറപുറത്തേക്കു ഒരു കയറിന്റെ സഹായത്തോടെ വലിഞ്ഞു കയറിയാൽ ആണ് എല്ലാവര്ക്കും മുകളിൽ എത്താൻ സാധിക്കുന്നത്. അങ്ങനെ റോക്ക് ക്ലൈമ്പിങ്ങും നമ്മെക്കൊണ്ട് പറ്റുന്ന പണി ആണെന്ന് പെൺകൂട്ടത്തിലെ എല്ലാവര്ക്കും മനസിലായി. കോൺഫിഡൻസ് അത് ഉണ്ടാക്കി എടുക്കാൻ കഴിയുന്നതാണ് ഓരോ യാത്രയും. അത് ഓരോ നിമിഷവും വരിലേക്കെത്തിക്കുകയായിരുന്നു സാഹസിക.
ഇനി ഉള്ള യാത്ര വെള്ളത്തിലൂടെ ആണ്.. ശാന്തമായി ഒഴുകുന്ന ശിരുവാണി നദിയിലൂടെ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഒരു നടത്തം. വീട്ടുകാരുടെ കൂടെ, കൂട്ടുകാരുടെ കൂടെ യാത്രപോകുമ്പോൾ പുഴകാണുമ്പോൾ പുഴക്കരികിൽ ഇറങ്ങാൻ കൊതിച്ചു നിൽക്കുന്ന പഴയ പെൺകുട്ടി അല്ല ഇവരാരും.. സാഹസികമാർ ആണ്.. എല്ലാവരും പതുക്കെ പതുക്കെ വെള്ളത്തിലേക്കിറങ്ങി.. ആദ്യമായാണ്, അതിന്റെ ഒരു ആഹ്ളാദം ഞാൻ അവരുടെ മുഖത്തു കാണുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടി പാട്ടുപാടി നൃത്തമാടി ഇരുന്നും നടന്നും നീന്തിയും അവർ നടന്നു കയറിയത് പ്രകൃതി എന്ന അനുഭവത്തെ അടുത്തറിഞ്ഞുകൊണ്ടായിരുന്നു.
തിരിച്ചെത്തിയ എല്ലാവരുടെയും മുഖത്തു, തിരക്കുള്ള ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ മ്ലാനത നിഴലിച്ചിരുന്നു. കുളിച്ചെത്തിയ അവർക്കായി സിപ്പ് ലൈൻ തയ്യാറാക്കിയിരുന്നു സാജൻ സാറും കൂട്ടുകാരും. ഇത്തവണ ആരും ഒരു മടിയും കൂടാതെ തന്നെ സിപ്പ് ലൈനിലേക്കെത്തി.. പോകാൻ നേരം ഒരുമിച്ചു കെട്ടിപിടിച്ചു പിരിയുമ്പോൾ അവരാരും ഇരുപതു മണിക്കൂറുകൾക്കു മുമ്പുമാത്രം കണ്ടുമുട്ടിയ അപരിചിതർ ആയിരുന്നില്ല. സൗഹൃദത്തോടൊപ്പം അറിവും ആത്മവിശ്വാസവും പ്രകൃതി എന്ന പുനർചിന്തയും ആണ് ഓരോ സ്ത്രീക്കും ഒരു യാത്ര നൽകുന്നത് യാത്രകൾ കാഴ്ചക്കപ്പുറം ലക്ഷ്യങ്ങൾ ആകുമ്പോൾ അതിനു മധുരം ഇരട്ടിയാകും…