പൊറോട്ടയും പെയിന്റും – രണ്ടുകൊല്ലത്തോളം എൻ്റെ ജീവൻ നിലനിർത്തിയ ഭക്ഷണം

എഴുത്ത് – ഷാനിൽ മുഹമ്മദ്.

നമ്മുടെയെല്ലാം ജീവിതത്തിൽ കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു കാലം ഉണ്ടായിരിക്കും. പിന്നീട് വലിയ നിലയിലെത്തുമ്പോൾ എല്ലാവരും മറക്കുന്ന ആ കാലത്തെ ഓർമ്മകൾ ചിലരെങ്കിലും അയവിറക്കാറുണ്ട്. കഷ്ടപ്പാടിലൂടെ ജീവിത വിജയം കണ്ട
ഷാനിൽ മുഹമ്മദ് എന്ന ബിസിനസ്സുകാരൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഐ ടി ഐ യിൽ നിന്ന് ഓട്ടോമൊബൈൽ കോഴ്സ് പഠിച്ചു ഇറങ്ങി ഉടനെ തന്നെ, ജോലി തപ്പി എറണാകുളത്തെ കാറിന്റെയും ബൈക്കിന്റെയും വലിയ വാഹനങ്ങളുടെയൊക്കെ ഷോറൂമിലും സർവീസ് സെന്ററുകളിലും അലഞ്ഞു നടന്ന കാലം ഉണ്ടായിരുന്നു. മെക്കാനിക് ട്രെയിനിയായി എവിടേലും കേറി പറ്റണം, നന്നായി പണിയൊക്കെ പഠിക്കണം. എന്നിട്ട് സീനിയർ മെക്കാനിക് ആവണം. കുറെ കഴിഞ്ഞു സൂപ്പർവൈസർ ആവണം. പിന്നെ പിന്നെ സർവീസ് മാനേജർ വരെ ആവണം. അതായിരുന്നു അന്നത്തെ ജീവിതലക്‌ഷ്യം. അതിന് എന്തും ചെയ്യാനും സഹിക്കാനും തയ്യാറായിരുന്നു അന്ന്.

പോപ്പുലറിന്റെ ഹെവി വെഹിക്കിൾസ് ന്റെ സർവീസ് സെന്ററിൽ സെലെക്ഷൻ ആയപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായിരുന്നു. ടാറ്റ യുടെ വലിയ വാഹനങ്ങളുടെ സർവീസ് എന്നെ സംബന്ധിച്ച് തികച്ചും പുതുമയുള്ള ലോകമായിരുന്നു. തൊടുപുഴയിൽ ആയിരുന്നു ആദ്യ പോസ്റ്റിങ്ങ്. ആദ്യമായി വീട്ടിൽ നിന്നും മാറി നിൽക്കുന്ന വിഷമവും പുതിയ ലോകവുമായുള്ള ഇണക്കക്കുറവും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. 750 രൂപ ശമ്പളക്കാരനായി തൊടുപുഴയിൽ. അതായത് ഒരു ദിവസം 25 രൂപ. താമസം ഫ്രീ. പക്ഷെ ഭക്ഷണത്തിനു ഒരു ദിവസം 22 രൂപ മെസ്സിൽ കൊടുക്കണം ( കഴിച്ചാലും കഴിച്ചില്ലെങ്കിലും).

ഒരു തരത്തിലും കണക്ക് ടാലി ആവാത്ത കാലഘട്ടം. നല്ല മല്ല് പണി. ഓവർടൈം ആയി പണിയെടുത്താൽ കിട്ടുന്ന മൂന്നു പൊറോട്ടയും കോഴിക്കാലും ആണ് ആകെ മനസ്സിന് സന്തോഷം നൽകുന്ന ആഹാരം. പക്ഷെ രാത്രി പത്തര വരെ പണി എടുക്കണം. വെളുപ്പിന് 2 മണി വരെ പണി എടുത്താൽ ഒരു 25 രൂപ കൂടി കിട്ടും. ഈ കാശുകിട്ടിയിട്ട് വേണം വീട്ടിൽ ആഴ്ചയിലോ രണ്ടു ആഴ്ച കൂടുമ്പോഴോ പോയി വരാൻ. രാവിലെ എട്ടരക്ക് തുടങ്ങുന്ന കരി ഓയിലിലും ഗ്രീസിലും കിടന്നുള്ള പണിയെടുക്കൽ ദിവസത്തിന്റെ അവസാനം ആവുമ്പോഴേക്കും ശാരീരികമായി വല്ലാതെ തളർത്തുമായിരുന്നു. ടാറ്റ 407 മുതൽ മിനി ലോറി, ബസ്, ടിപ്പർ, ടോറസ്, ട്രെയ്‌ലർ എല്ലാം ആയിരുന്നു അക്കാലത്തു കൂട്ടിന്.

വയറൊക്കെ കത്തി കരിഞ്ഞാണ് 8 മണിയാകുമ്പോഴേക്കും മെസ്സിൽ എത്തുന്നത് . ഭക്ഷണം എന്ന പേരിൽ വായിൽ വെക്കാൻ കൊള്ളില്ലാത്ത സാധനം ഞങ്ങൾ എത്തുമ്പോഴേക്കും കഴിഞ്ഞിട്ടുമുണ്ടാകും. വർക്ഷോപ്പിൽ നിന്ന് രണ്ടു കിലോമീറ്റർ നടന്നു വേണം മണിച്ചേട്ടന്റെ തട്ടുകടയിൽ എത്താൻ. ഞങ്ങളെ കാണുമ്പോഴേക്കും രണ്ടു പൊറോട്ടയും അതിൽ ചുവന്ന വെള്ളം പോലത്തെ ഒരു ചാറും ( പെയിന്റ് ) അടിച്ചു ഞങ്ങൾക്ക് നീട്ടും. 4 രൂപ വാങ്ങും. കഴിച്ചു കഴിഞ്ഞിട്ട്, വന്ന പോലെ 2 കിലോമീറ്റർ തിരിച്ചു നടക്കും. ഒരു ദിവസമല്ല, ഒരു മാസമല്ല, ഏതാണ്ട് രണ്ടു കൊല്ലം….

എന്നെങ്കിലും ഈ തൊഴിൽ പഠിച്ചിട്ട് നേരത്തെ പറഞ്ഞ പോലെ സീനിയർ മെക്കാനിക്, സൂപ്പർ വൈസർ, അങ്ങനെ അങ്ങനെ ജീവിതം കരുപ്പിടിപ്പിക്കണം എന്നാണ് മനസ്സ് നിറയെ. ആരോടും ഒരു പരാതിയും ഇല്ല. കാരണം, എനിക്കറിയാം ഞാൻ എന്നെകിലും രക്ഷപെടും എന്ന്. എന്റെ കഷ്ടപ്പാട് ദൈവം എന്നെകിലും കാണാതെ പോകില്ല എന്ന് ഞാൻ എന്നോട് തന്നെ പറയുമായിരുന്നു.

ഇതെല്ലാം ഇവിടെ പറയാൻ കാരണം, കഴിഞ്ഞ ഒരു മാസം ഒരുപാട് യുവാക്കളെയും യുവതികളെയും ഇന്റർവ്യൂ ചെയ്തതിൽ നിന്നും മനസ്സിലായ ചില കാര്യങ്ങൾ ഓർത്തിട്ടാണ്. ജോലി വേണം, ശമ്പളം വേണം, ആനുകൂല്യങ്ങൾ വേണം, വലിയ ഫോൺ വേണം, വല്യ ബൈക്ക് വേണം…. പക്ഷെ, ഇതുവരെ കോളേജിൽ പോലും നേരാം വണ്ണം പഠിച്ചിട്ടില്ല, യാതൊരു ബേസിക് അറിവോ, അനുഭവ ജ്ഞാനമോ, കോമൺ സെൻസെന്ന പറയുന്ന സാധനമോ അടുത്ത് കൂടി പോയിട്ടില്ല. ജീവിത ലക്‌ഷ്യം എന്നത് എന്താണെന്ന് പോലും അറിയില്ല.

കാര്യമായി മെനക്കെടാനുള്ള താല്പര്യവും ആർക്കും ഇല്ല. മറ്റേതോ ലോകത്തുനിന്ന് പൊട്ടി വീണ പോലെ തോന്നി പലരോടും സംസാരിക്കുമ്പോ. സങ്കടം തോന്നി ആരാ ഇതിനൊക്കെ ഉത്തരവാദികൾ ? കാശിന്റെ വില അറിയാതെ വളർത്തി വലുതാക്കിയ മാതാപിതാക്കളോ ? കാശ് വാങ്ങി വിദ്യാഭ്യാസം വ്യഭിചാരിക്കുന്ന സർക്കാരും കോളേജ് അധികൃതരോ ? മത്സരാധിക്യമുള്ള ഈ ലോകത്തിൽ പോരടിച്ചു ജീവിക്കേണ്ടതാണെന്നു ഇനിയും മനസ്സിലാക്കാത്ത കുട്ടികളോ ? ഇങ്ങനെ പോയാൽ നമ്മുടെയെല്ലാം ബഹുമാനപ്പെട്ട അബ്ദുൽ കലാം സർ പറഞ്ഞ പോലെ “ഇന്ത്യയുടെ ശക്തി യുവാക്കളാണെന്ന് ” ഇനിയും കുറെ കാലം കൂടി പറയാൻ കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply