തണുപ്പുള്ള നല്ല കാലാവസ്ഥ, കണ്ണിനു കുളിരു പകരുന്ന ഗ്രാമ സൗന്ദര്യം, മനസ്സിന്റെ ഏതോ കോണുകളിൽ അകാരണമായ നേർത്ത ഭീതിയും ഏകാന്തതയും ഉണർത്തുന്ന പുരാതനശേഷിപ്പുകളായ “മുനിയറകൾ” എന്ന ശവക്കല്ലറകൾ, മധുരം കിനിയുന്ന കരിമ്പ് പാടങ്ങൾ, കരിമ്പ് നീരിൽ നിന്നും ശർക്കര കുറുക്കിയെടുന്ന അസംഖ്യം കുടിലുകൾ, സർക്കാർ വേലികെട്ടി സംരക്ഷിക്കുന്ന ചന്ദനക്കാടുകൾ,…….അങ്ങിനെ പലതുമാണ് മറയൂർ !
ഇടുക്കി ജില്ലയിൽ മൂന്നാറിൽ നിന്നും നാല്പത് കിലോമീറ്റർ അകലെയാണ് മറയൂർ. മൂന്നാർ വഴിയും പൊള്ളാച്ചിയിൽ നിന്നും ഉദുമൽപേട്ട ചിന്നാർ വഴിയും അവിടെ എത്താം. മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊര് എന്നർത്ഥം, ചുറ്റും കോട്ട പോലെ ഉയർന്നു നിൽക്കുന്ന മലകളാൽ മറക്കപ്പെടുന്ന ഇടം.
ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ സേനകളിലെ മറവർ എന്ന ഗോത്രവർഗ്ഗക്കാർ കാടുകളിൽ മറഞ്ഞിരുന്നു വഴിയാത്രക്കാരെ കൊള്ളയടിക്കുമായിരുന്നു എന്നും മറവരുടെ ഊര് ആണ് മറയൂർ ആയതെന്നും മറ്റൊരു ചരിത്രമുണ്ട്. വനവാസക്കാലത്ത് പാണ്ഡവർ മറഞ്ഞിരുന്ന സ്ഥലമാണ് മറയൂർ എന്നത് മറ്റൊരു കഥ .
തണുത്ത കാലാവസ്ഥയും പ്രകൃതിമനോഹരമായ ഗ്രാമങ്ങളും കഴിഞ്ഞാൽ മറയൂരിലെ പ്രധാന ആകർഷണമാണ് മറയൂർ ശർക്കര. കരിമ്പ് പാടങ്ങളോട് ചേർന്ന കുടിലുകളിൽ കരിമ്പ് നീരെടുത്ത് ചൂടാക്കി കുറുക്കി ശർക്കരയുണ്ടാക്കി ചൂടോടെ വിൽക്കുന്ന കൃഷിക്കാർ ! അവിടം സന്ദർശിക്കുന്നവർക്ക് മറയൂർ ശർക്കര അവഗണിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
മഹാശിലായുഗ സംസ്ക്കാരത്തിന്റെ ബാക്കിപത്രമായി അറിയപ്പെടുന്ന മുനിയറകളാണ് മറയൂരിന്റെ മറ്റൊരു പ്രത്യേകത. എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്വരയിൽ നിലനിന്ന മനുഷ്യസംസ്ക്കാരത്തിന്റെ അവശേഷിപ്പാണ് മുനിയറകളും ഗുഹാചിത്രങ്ങളും.
ഇത് അക്കാലത്തുള്ളവരെ മറവുചെയ്ത ശവക്കല്ലറകളാണെന്നും മുനിമാർ തപസ്സുചെയ്തിരുന്ന ഇടങ്ങളാണെന്നും പറയപ്പെടുന്നു. മുനിയറകൾ നാലുവശത്തും കൽപ്പാളികൾ വെച്ച് മറച്ചിരിക്കുന്നു. മുകളിൽ വലിയൊരു മൂടിക്കല്ല്. ഏക്കറുകളോളം നിറഞ്ഞു കിടക്കുന്ന പാറക്കെട്ടുകളിൽ അവിടെയവിടെയായി നിൽക്കുന്ന മുനിയറകൾ, അവിടെ എത്തുന്നവരെ കുറച്ചു നേരത്തേക്കെങ്കിലും ഏതോ ഭൂതകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകും!
ഇവിടുത്തെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന് കൊടൈക്കാടുകൾ കയറി മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. പല ജാതികളിൽപ്പെട്ട അവർ അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന് പാലിൽതൊട്ട് സത്യം ചെയ്ത് ഒറ്റ ജാതിയായി. അവർ അഞ്ച് ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ് ഈ അഞ്ചുനാടുകൾ. അതുകൊണ്ടുതന്നെ അഞ്ചുനാട് എന്നും മറയൂരിനു പേരുണ്ട്, പക്ഷേ ഇപ്പോൾ വയലുള്ള ഊരുകാർ കുറവാണ്. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികൾ സ്വന്തമാക്കി. ബിരുദമെടുത്തവർപോലും കരിമ്പുകാട്ടിൽ പണിക്കുപോയി ജീവിക്കുന്നു !
മറയൂരിൽ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റർ അകലെയാണ് കാന്തല്ലൂർ . ഓറഞ്ച്, മുസമ്പി, ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
സഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ കൂടുതൽ ഉള്ളത് കാന്തല്ലൂരിലാണ്
മൂന്നാറിൽ നിന്നും മറയൂരിലേക്കുള്ള യാത്രയിലുടനീളം നയനമനോഹരമായ കാഴ്ചകളാണ്, ചെറുതും വലുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ, പച്ചപ്പ് നിറഞ്ഞു പൂത്തുലഞ്ഞു സർവാലങ്കാരങ്ങളും അണിഞ്ഞു സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന പ്രകൃതി ! ഇടക്ക് വന്നുപോകുന്ന ചാറ്റൽമഴയും, ഇളം വെയിലും , കുളിർ കാറ്റും ആരുടെയും മനസ്സിൽ നിറങ്ങൾ വിരിയിക്കും.
പറയുമ്പോൾ എല്ലാം പറയണമല്ലോ..
വർദ്ധിച്ചു വരുന്ന ടൂറിസ്റ്റുകളും, അവരെ മുന്നിൽ കണ്ടുള്ള റിസോർട്ട് നിർമാണവും , കുഴൽക്കിണറുകളും, സ്വാഭാവിക വനം നശിപ്പിച്ചുള്ള യൂക്കാലി പ്ളാന്റേഷനും,…. ഇവിടുത്തെ കാലാവസ്ഥയെയും പ്രകൃതിയെയും ബാധിക്കുന്നുണ്ട്. പഴയ തണുപ്പ് ഇപ്പോഴില്ല എന്ന് അവിടത്തുകാർ പറയുന്നു. കൂടാതെ ഉല്ലാസ യാത്ര എന്നാൽ കുടിച്ചു കൂത്താടലാണ് എന്ന ചിന്തയാണല്ലോ പലർക്കും, മദ്യ കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഭൂമിയെ വല്ലാതെ മലിനമാക്കുന്നുണ്ട്. നാം ജീവിക്കുന്ന ഭൂമിയോട് ഉത്തരവാദിത്തത്തോടെ പെരുമാറാൻ എന്നാണ് നാമിനിയും പഠിക്കുക …….
വരികളും ചിത്രങ്ങളും : Mohamed Maksub (Sanchari)
*******************************************************