ഒരു വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം..!!

ഒരു ദിവസം മുഴുവനും അനുഭവിച്ച വൈകാരിക നിമിഷങ്ങളുടെ അടുക്കും ചിട്ടയുമില്ലാത്ത ഓർമകളുടെ വേലിയേറ്റമാണ് ഇപ്പോൾ.. എങ്ങനെയൊക്കെ എഴുതി വച്ചാലും പൂർണമാവാതെ, ഉള്ളിലെന്നും തണലായി താലോലിക്കാൻ ഒരു കോണിലുണ്ടാവും ഒരുപാട് നിമിഷങ്ങൾ നമ്മൾ ഓരോരുത്തർക്കും.

‎പ്രായം തളർത്തിയവരും ഭിന്നശേഷിയുള്ളവരും കുട്ടികളുമടക്കം ഇരുന്നൂറോളം അന്തേവാസികൾ ഉള്ളിടത്തു നിന്നും അൻപതോളം പേരാണ് ഈ ദിവസം നമ്മളൊപ്പം കൂടിയത്.. രാവിലെ വടകര എടച്ചേരിയിൽ യാത്ര തുടങ്ങാൻ എത്തിയപ്പോൾ, ഉള്ളതിൽ വച്ചേറ്റവും നല്ല ഉടുപ്പൊക്കെയിട്ട് പുഞ്ചിരിച്ച മുഖങ്ങളുമായി അവർ കാത്തിരിപ്പുണ്ടായിരുന്നു.. കണ്ടപ്പോൾ തന്നെ ഒരുപാടു ആശകളുടെ കെട്ടഴിച്ചു.. കടൽ കാണാൻ പോവുലെ, കേക്ക് തരൂലെ, പാട്ടും ഡാൻസുമുണ്ടാവില്ലേ എന്നൊക്കെ.. ഈ ദിവസം മുഴുവനും എന്തിനും നമ്മളുണ്ടാവും എന്ന ഉറപ്പിൽ ഒരുപാട് പ്രതീക്ഷകൾ കൂട്ടുപിടിച്ച്, ബുദ്ധിമുട്ടുകൾ വക വയ്ക്കാതെ അവർ ബസിൽ കേറി.

‎തലശ്ശേരിയിലും കോഴിക്കോടും ഒക്കെ കൊറേ പരിചയമുള്ള മാതു അമ്മയും, അടിച്ചു പൊളി പാട്ട് മാത്രം മതിന്ന് പറഞ്ഞ ആമിനുമ്മയും , മാഹി എത്തിയപ്പോൾ നിർത്തീട്ടു രണ്ടു പെഗ്ഗടിച്ചു പോയാൽ മതീന്ന് പറഞ്ഞ മോഹനേട്ടനും ,ഇതൊക്കെ അയാളുടെ നമ്പർ ആണെന്ന് എന്തിനും കമന്റ് അടിക്കുന്ന ശശിയേട്ടനും ,പാട്ടുകാരൻ അഷ്റഫ്ക്കയും, ഏതു പാട്ടിനും കയ്യടിച്ച് ഡാൻസ് ചെയ്യുന്ന അബൂക്കയും തലശ്ശേരിയിലേക്കുള്ള യാത്രയുടെ ചുക്കാൻ പിടിച്ചു.


‎തലശ്ശേരി കോട്ടയിലെ വാകമര തണലിലാണ് ആദ്യം ഒത്തുകൂടിയത്.. പല വർണങ്ങളിലുള്ള റിബ്ബൺ കൊണ്ട് നമ്മളെല്ലാവരും മനസുകൾ കോർത്ത് കെട്ടി. കൂട്ടത്തിലെ പാട്ടുകാരൊക്കെ രംഗത്തിറങ്ങിയപ്പോൾ മലയാളവും ഹിന്ദിയും തമിഴും ബംഗാളിയും മറാത്തിയും ഒക്കെ ആയി പാട്ടുകൾ തണലിന് കുളിർ മഴയായി..അപ്പോഴൊക്കെ ഒരു മൂലയിലിരുന്നു ഗോപാലേട്ടൻ ചിരികൊണ്ടും നോക്ക് കൊണ്ടും വാക്ക് കൊണ്ടും അവർക്കൊക്കെ മാർക്കിട്ടു ചിരിച്ചു കുണുങ്ങി നിന്നു.. ഒഴിവു ദിവസം തലശ്ശേരി കോട്ട കാണാൻ വന്നവർ മനസു കൊണ്ട് കൂട്ട് നിന്നപ്പോൾ പിങ്ക് പോലീസ് അംഗങ്ങൾ വാക്കുകൾ കൊണ്ട് ആശംസകളേകി.. ശേഷം സെന്റ് ജോസഫ്‌സ് സ്കൂളിലേക്ക്. അവിടെ പഴയ ക്ലാസ് മുറികളുടെ തണുപ്പിൽ തലശ്ശേരി ദം ബിരിയാണി നമ്മുടെ മനസും വയറും നിറച്ചു.

പിന്നെ സെന്റിനറി പാർക്കിലേക്ക്. ജില്ലാ കോടതിക്ക് മുന്നിൽ തിരാമാലകളേറ്റു വാങ്ങി, കടൽകാറ്റേറ്റു മയങ്ങുന്ന കാറ്റാടി മരങ്ങൾ ഓപ്പൺ തീയേറ്ററിൽ നമുക്ക് തണലായി. ഗാലറിയിൽ ഒരുമിച്ചിരുന്നു കാറ്റിന്റെ താളത്തിൽ പഴയ ഗാനങ്ങളിൽ തുടങ്ങി, നാടൻ പാട്ടും , മാപ്പിളപാട്ടും , പെയർ ഡാൻസും ഒക്കെ ആഘോഷകൊടുമുടി കേറുമ്പോളാണ് കരോൾ ഗാനങ്ങളുടെ അകമ്പടിയിൽ ക്രിസ്മസ് അപ്പൂപ്പൻ വന്നത്.. എല്ലാവരും ക്രിസ്മസ് തൊപ്പി ഒക്കെ അണിഞ്ഞ് കൈകൊട്ടി തിമിർക്കുമ്പോഴേക്കും ക്രിസ്മസ് കേക്ക് എത്തി. പിന്നെ പരസ്പ്പരം സ്നേഹത്തിന്റെ മധുരം നുണഞ്ഞു. പങ്കുവയ്കാതെന്തു മധുരം , പങ്കുവയ്പ്പല്ലേ മധുരം.

അവിടുന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള യാത്രയിലും ബസിൽ പാട്ടും മേളവും തന്നെ. അസ്തമയ സൂര്യന്റെ ഇളം ചൂടിൽ, കടൽക്കാറ്റു കൊണ്ട് കൈകൾ കോർത്ത് കെട്ടി, തോളോട് തോൾ ചേർന്നു കടൽതിരകൾ കാൽ നനച്ചപ്പോഴും നനവ് ഉള്ളിലാണ്.. കാരണം അവർക്കു പറയാൻ ഒരുപാട് കഥകളുണ്ട്, കയ്പ് നിറഞ്ഞ ഒട്ടനവധി ഓർമകളുണ്ട് , വേദനകളുണ്ട് , നാളെക്കായി കാത്തിരിക്കുന്ന കുറെയേറെ ആശകളുണ്ട്. പറഞ്ഞതും , കേട്ടതും, അനുഭവിച്ചതും ഒക്കെ ഉള്ളിൽ കൂട്ടിവെച്ച് നമ്മൾ മടങ്ങുകയായി.. ആ സമയം ഒരു ദിവസം മുഴുവൻ വെളിച്ചം തൂകിയെറിഞ്ഞ സൂര്യൻ കടലിൽ അസ്തമിക്കുകയാണ്.

വെറും ഭംഗിക്ക് വേണ്ടിയല്ല പഴകിത്തേഞ്ഞ നന്ദിവാക്കുകൾ ഈ ദിവസത്തിൽ പറയുന്നതെന്ന് തണൽ സ്ഥാപനത്തിന്റെ മാനേജർ ഇല്യാസിക്ക പറയുമ്പോൾ , ഒരുപാട് പേരുടെ സ്വപ്നങ്ങൾക്ക് പ്രതീക്ഷകളേകാനുള്ള ഊർജമാണ് നമ്മളിൽ തെളിയുന്നത്. എന്നത്തെയും പോലെ കടന്നുപോയേക്കാവുന്ന ഒരു പകലിനെ പലരുടെയും കിനാവിലെത്തിക്കാൻ കുറെയേറെ നമുക്ക് കഴിഞ്ഞിരിക്കുന്നു.

ഡിസംബർ മാസത്തിൽ പലവർണങ്ങളിൽ വെളിച്ചം ചൊരിയുന്ന നക്ഷത്രവിളക്കുകളായി നമ്മൾ അവരിലും , അവർ നമ്മളിലും ഇനി ഒരുപാടു കാലം തെളിഞ്ഞു നിൽക്കും. തെരുവിൽ ആകാശം മാത്രം മേൽക്കൂരയായിരുന്ന ജീവിതങ്ങൾക്ക് മനസുകൊണ്ടും , സാമീപ്യം കൊണ്ടും വിളക്കായി കൂട്ടുവന്നതിന് ഒരായിരം സ്നേഹം.. നന്ദി..!!

By: ShaBeer Bìn MuhaMd Ali.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply