കണ്ടക്ടര്‍ നിയമനമില്ല; അഡ്വൈസ് മെമ്മോയില്‍ കടല പൊതിഞ്ഞ് ഉദ്യോഗാര്‍ഥികള്‍..

നാലായിരത്തിലധികം പേര്‍ കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരായി ജോലിചെയ്യുമ്പോഴും നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍ വലയുന്നു. പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ചതിനുശേഷവും കഴിഞ്ഞ എട്ടുമാസങ്ങളായി ഇവരുടെ നിയമനം കെഎസ്ആര്‍ടിസി നടത്തിയിട്ടില്ല. പിന്‍വാതില്‍ നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി റിസര്‍വ്വ് കണ്ടക്ടര്‍ പിഎസ്‌സി അഡൈ്വസ്ഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍.

റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷകള്‍ പിഎസ്‌സി ക്ഷണിച്ചത് 2010 ഡിസംബര്‍ 31നാണ്. 9378 ഒഴിവുകളാണ് കെഎസ്ആര്‍ടിസി ഈ തസ്തികയ്ക്ക് വേണ്ടി അന്ന് റിപ്പോര്‍ട്ട് ചെയ്തത്. നിയമന നടപടികളുമായി മുന്നോട്ട് പോവുന്നതിനിടയില്‍ 2011-12 വര്‍ഷങ്ങളില്‍ കെഎസ്ആര്‍ടിസിയില്‍ 2198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് പിഎസ്‌സി താത്കാലിക നിയമനങ്ങള്‍ നടത്തിയത്. അതിന് ശേഷം 2013 മെയ് 9ന് പിഎസ്‌സി റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിനിടെ, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ക്ലറിക്കല്‍ മിസ്‌റ്റേക്ക് ആണെന്ന വാദവുമായി കെഎസ്ആര്‍ടിസി രംഗത്ത് വന്നു.എന്നാല്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ കുറയ്ക്കാനോ തിരിച്ചെടുക്കാനോ നിയമപരമായി സാധിക്കില്ലെന്ന് വ്യക്തമാക്കി പിഎസ്‌സി കെഎസ്ആര്‍ ടിസിയുടെ ആവശ്യം തള്ളുകയായിരുന്നു.
പിഎസ്‌സി സെലക്ഷന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ മറ്റ് നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് സുപ്രിം കോടതിയുടെ ഉത്തരവും നിലവിലുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പിന്‍വാതില്‍ നിയമനം നടന്നത്.

2013 സെപ്തംബര്‍ അഞ്ചിന് പിഎസ്‌സി അഡൈ്വസ് ചെയ്ത നിയമനം മൂന്ന് മാസം കൊണ്ട് നല്‍കേണ്ടത് മൂന്ന് വര്‍ഷം കൊണ്ടാണ് കെഎസ്ആര്‍ടിസി പൂര്‍ത്തിയാക്കിയത്. 9300 പേരുടെ നിയമനത്തിലാണ് അന്ന് കെഎസ്ആര്‍ടിസിയ്ക്ക് വീഴ്ച പറ്റിയത്.

ഹാജരാവാത്തവരുടെ 4051 എന്‍ജെഡി വേക്കന്‍സിയിലാണ് 2016 ഡിസംബര്‍ 31ന് പിഎസ്‌സി അഡൈ്വസ് അയച്ചത്. ഇതു കൂടാതെ അഡൈ്വസ് കിട്ടിയവര്‍ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ലഭിക്കാതെ കാത്തുനില്‍ക്കുമ്പോഴും 2014 മുതല്‍ 128 എംപാനല്‍ കണ്ടക്ടര്‍മാരെ കൂടി കെഎസ്ആര്‍ടിസി സ്ഥിരപ്പെടുത്തി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു ക്ലറിക്കല്‍ മിസ്‌റ്റേക്കാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം പിഎസ്‌സിയും ഹൈക്കോടതിയും തള്ളിക്കളഞ്ഞ വിഷയമാണ്.

2500 പുതിയ ഒഴിവുകള്‍കൂടി പ്രസ്തുത ലിസ്റ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുമുണ്ട്. എന്നാല്‍ 4263 എംപാനല്‍ കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുമ്പോഴും പിഎസ്‌സി അഡ്വസൈ് അയച്ച 4051 പേരില്‍ ഒരാള്‍ക്ക് പോലും ഇതുവരെ നിയമനം കിട്ടാത്ത സ്ഥിതിയാണുള്ളത്.

പിഎസ്‌സിയെപ്പോലും അപ്രസക്തമാക്കി കെഎസ്ആര്‍ടിസി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ശക്തമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി അഡൈ്വസ് മെമ്മോയില്‍ പൊതിഞ്ഞ് കടല സൗജന്യമായി വില്‍പ്പന നടത്തി പ്രക്ഷോഭം തുടങ്ങാനാണ് അവരുടെ തീരുമാനം.

 

Source – http://janayugomonline.com/ksrtc-psc-appointment-candidates-advise-memo-rank-holders-association/

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply