കായംകുളം കെഎസ്ആർടിസി ഡിപ്പോയിലേക്കു ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഡീസലിൽ ചെളിയും വെള്ളവും കണ്ടെത്തിയതിനെ തുടർന്നു മടക്കി അയച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ കൊച്ചി ഇന്ത്യൻ ഓയിൽ കോർപറേഷനിൽനിന്നാണു 12,000 ലീറ്റർ ഡീസൽ എത്തിച്ചത്.
ഡിപ്പോയിലെ ടാങ്കിലേക്കു ഡീസൽ ഇറക്കുംമുൻപു ജീവനക്കാർ സാംപിൾ പരിശോധിച്ചപ്പോഴാണു ചെളിയും വെള്ളവും കണ്ടെത്തിയത്. 22 ലീറ്റർ ഡീസൽ എടുത്തു പരിശോധിച്ചപ്പോൾ അതിൽ പത്തു ലീറ്റർ വെള്ളവും ചെളിയുമായിരുന്നു. തുടർന്നു കെഎസ്ആർടിസി ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും ഡീസൽ ഇറക്കുന്നതു നിർത്തിവയ്പിക്കുകയും ചെയ്തു.

ഇന്നലെ കെഎസ്ആർടിസി അധികൃതർ കൊച്ചി ഇന്ത്യൻ ഓയിൽ കോർപറേഷൻ മാനേജരെ വിവരം അറിയിച്ചശേഷം ടാങ്കർലോറി മടക്കി അയയ്ക്കുകയായിരുന്നു. ടാങ്കർ തിരിച്ചയച്ചതിനെ തുടർന്നു കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽ ഡീസലിന്റെ വിതരണം നിലച്ചെങ്കിലും ബസ് സർവീസിനെ ബാധിച്ചിട്ടില്ലെന്ന് എടിഒ പറഞ്ഞു. ടാങ്കർ ഇന്നു പരിശോധിക്കും.
ഐഒസിയിൽനിന്ന് ഇന്നലെ 350 ടാങ്കർ ലോറികൾ ഇന്ധനം നിറച്ചിട്ടുണ്ടെന്നും ഒരു ടാങ്കറിൽ മാത്രമാണു ചെളി കണ്ടതായി റിപ്പോർട്ട് ചെയ്തതെന്നും ഐഒസി അധികൃതർ കൊച്ചിയിൽ അറിയിച്ചു. ഈ ടാങ്കർ തിരിച്ചുവിളിച്ചു. പ്രത്യേക സംഘം ഇന്നു ടാങ്കർ പരിശോധിക്കും. ഒാരോ രണ്ടുമണിക്കൂറിലും പ്ലാന്റിൽ ഇന്ധന നിലവാരം പരിശോധിക്കുന്നുണ്ട്. ടാങ്കർ പുറത്തേക്കു പോകുംമുൻപും പരിശോധിക്കാറുണ്ട്. പ്ലാന്റിൽ നിന്നു ചെളി കലരാനുള്ള സാധ്യത വിരളമാണെന്നും അധികൃതർ അറിയിച്ചു.
Source – http://www.manoramaonline.com/news/kerala/2017/09/12/09-alp-mud-diesel.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog