വേടൻചാടിമലയും മൺറോതുരുത്തും – നിങ്ങൾ പോയിരിക്കേണ്ട സ്ഥലങ്ങൾ..

യാത്രാവിവരണം – Anu Nediyavila.

മെയ് 26 ന് ആണ് സഞ്ചാരി കൊല്ലം യൂണിറ്റിന് ഒപ്പം ആദ്യമായി ഒരു യാത്ര ചെയ്യാൻ അവസരം ഉണ്ടായതു അന്ന് പരിചയപെട്ടതിൽ അനീഷിനും വിഷ്ണുവിനും മൺറോപോകാൻ ആഗ്രഹം ഉണ്ടെന്നു മനസിലായി. അങ്ങനെ പ്ലാനിങ് തുടങ്ങി , എന്തു പ്ലാൻ ചെയ്യാൻ വീട്ടിൽ നിന്നും വെറും പതിനഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലം വരെ പോകാൻ വർഷം 26 എടുത്തു എന്ന് ആലോചിക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. അങ്ങനെ ഞാൻ ഒരു സെക്കന്റ് ഹാൻഡ് ബുള്ളറ്റ് വാങ്ങിയ ദിവസം അനീഷ് വിളിച്ചു . ബ്രോ ഞാൻ ഫ്രീയാണ് നമ്മുക് ഇന്ന് പോയാലോ ,3 മണി ആകുമ്പോഴേക്കും ഞാൻ എത്താം എന്നു പറഞ്ഞ അനീഷ് വാക്ക് പാലിച്ചു . അവന്റെ വണ്ടി എന്റെ വീട്ടിൽ വെച്ചു ഞങ്ങൾ മൺറോക്ക് യാത്രയായി .

15 km അപ്പുറത്ത് ആണേലും കേട്ടറിവ് മാത്രമേ ഉള്ളു . ചിറ്റുമല ചെന്നിട്ട് ഇടത്തോട്ട് ആണെന്ന് മാത്രം അറിയാം . അങ്ങനെ സ്വന്തം ബുള്ളറ്റ് ലെ ആദ്യ യാത്ര മൺറോയിലേക്ക്. മൺറോ നിവാസിയായ സുഹൃത്തു നീലിയിൽ നിന്നും വിജീഷിനെ പറ്റി അറിഞ്ഞു . വിജീഷിനെയും അച്ഛൻ വിമലൻചേട്ടനെയും ഇന്ന് എല്ലാവർക്കും അറിയാം . അങ്ങനെ അവിടെ എത്തി വിജീഷിനെ മീറ്റ് ചെയ്തു . ഇന്നിപ്പോ വള്ളം ഒഴിവില്ല നേരത്തെ പറഞ്ഞൂടാരുന്നോ ,നേരത്തെ വന്ന ഒരു ടീമിന്റെ കൂടെ പോകേണ്ടതുണ്ടെന്നു പറഞ്ഞു . ഇവിടെ ബൈക്കിൽ ഒന്ന് കറങ്ങികാണാൻ എങ്ങനെ എന്ന് ചോദിച്ചപ്പോഴാണ് വേടൻചാടി മലയെ പറ്റി പറയുന്നത് . കുറച്ചു നടക്കണം എന്നും പറഞ്ഞു. വഴി ചോദിച്ചു പതുക്കെ മുന്നോട് നീങ്ങി . ഒരു റെയിവേ മേൽപ്പാലത്തിന് കീഴിൽ വണ്ടി വെച്ചിട്ട് നടക്കാൻ തീരുമാനിച്ചു .

ചുറ്റും തെങ്ങിൻതോപ്പുകളും ഇടക്ക് ചെറിയ തോടുകളും ,മിക്ക തൊടുകൾക്കും കുറുകെ പാലങ്ങളും ഉണ്ട് . വീണ്ടും കുറെ ദൂരം മുൻപോട്ടുനടന്നു ഒരു പുഴക്കരയിൽ എത്തിച്ചേർന്നു. അവിടെ ഒരു ചെറിയ പെട്ടിക്കടയും ഭരണികളിൽ നിറയെ നാരങ്ങാ മിട്ടായിയും പുളി മിട്ടായിയും കപ്പലണ്ടിയും പൊരി മുട്ടായിയും .അവിടുന്ന് മിട്ടായിയും വാങ്ങി നൊസ്റ്റു അയവിറക്കി നടന്നു കടവിൽ എത്തി . അവിടുന്നു ഇടത്തേക് ആണ് പോകേണ്ടത് , കടത്തുവള്ളം കണ്ടപ്പോൾ വീണ്ടും നൊസ്റ്റു അങ്ങനെ വള്ളത്തിൽ കയറി വെറുതെ അക്കര പോയി അവിടെ കുറെ ചെമ്മീൻ കെട്ടുകൾ ഉണ്ടെന്നും ഇപ്പോ സീസൺ അല്ലെന്നും വള്ളക്കാരൻ പറഞ്ഞെങ്കിലും വെറുതെ പോയിനോക്കാൻ തീരുമാനിച്ചു. തിരിച്ചെത്തുമ്പോ കൂവിയാൽ മതി ഞാൻ അക്കരെ ഉണ്ടാകും എന്നുപറഞ്ഞു ഞങ്ങളെ ഇറക്കി വേറെ ആളേംകൊണ്ട് വള്ളം തിരിച്ചുപോയി.

ഞങ്ങൾ അവിടൊക്കെ വെറുതെ കറങ്ങിനടന്നു ചെമ്മീൻ കെട്ടും കണ്ടു തിരിച്ചെത്തി അക്കരെ നിന്ന വള്ളക്കാരനെ കൂവി വിളിച്ചുവരുത്തി . ആളൊരു പാവമാണ് ഒരു സാദാ ഗ്രാമീണൻ. സർക്കാർ വക വള്ളമാണ് ശമ്പളവും ഉണ്ട്.ഞങ്ങളെ പഴയ സ്ഥലത്താക്കി പോകാൻ ഒരുങ്ങുമ്പോ ഇരുപതു രൂപ അയാൾക്ക് കൊടുത്തു. വേണ്ടാന്നു പറഞ്ഞെങ്കിലും നിർബന്ധിച്ചു കൊടുത്തു .വേടൻചാടി മലയിലേക്കുള്ള വഴിയിയൊക്കെ ചോദിച്ചു മനസിലാക്കി വീണ്ടും നടത്തം തുടർന്നു .

ഒരു തോടിന്റെ കരയിലൂടെ കുറെ നടന്നു വീണ്ടും എങ്ങോട്ടു പോകണം എന്നറിയാതെയായി കുറെ വഴികൾ മുന്നിലുണ്ട് . അവിടെകണ്ടവരോടൊക്കെ വഴി ചോദിച്ചു ചോദിച്ചു മുന്നോട്ടുപോയി ഒരു അമ്പലത്തിൽ എത്തി . ഒരു ചെറിയ അമ്പലം ഒരു ആൽമരവും അവിടെ ആരും തന്നെ ഇല്ല . കുറേനേരം അവിടെ ഒറ്റക്ക് നില്ക്കാൻ തോന്നിപോകും . അമ്പലമുറ്റത്തുകൂടെ വലത്തേക്ക് ഉള്ള വഴിയേ നടന്നു . അമ്പലത്തിലേക് കയറുന്നിടംമുതൽ കയറ്റമാണ് കയറ്റം കയറി ചെല്ലുന്നിടത് ഒരു ചെറിയ കട.നടന്നു തളർന്നതിനാൽ ഒരു സെവൻഅപ്പ് ഉം 4 സിപ് അപ്പ് ഉം കപ്പലണ്ടി മിട്ടായിയും വാങ്ങി വില ഇരട്ടിയിൽ അധികമാണെങ്കിലും കുറ്റപ്പെടുത്താൻ കഴിയില്ല , ഞങ്ങൾ നടന്നു തളർന്ന വഴികളിലൂടെ തലച്ചുമടായി കൊണ്ടുവന്നു വില്ക്കുന്നവയല്ലേ .

ക്ഷീണം മാറ്റി വീണ്ടും നടത്തം തുടർന്നു. ഒരു വശത്തു താഴെയായി കായൽ കാണാം. വഴികൾ എല്ലാം അവസാനിച്ചു. കുറെ വീടുകൾ മാത്രം. ഓടിട്ടതും ഓല മേഞ്ഞതും ആയ വീടുകൾ സിമിന്റ് തേയിച്ചതും അല്ലാത്തവയും . വീടിനു അതിരുകൾ നിർണയിക്കുന്നത് തെറ്റി യും ചെമ്പരത്തിയും മുല്ലയും അങ്ങനെ പലതരം ചെടികൾ ആണ്.അവരുടെ വീടുകൾക്കും മനസുകൾക്കും മതിൽകെട്ടിന്റെ മറവുകൾ വന്നിട്ടില്ല. പെയിന്റ് ഇല്ല പുട്ടി ഇല്ല .വീടിന്റ ചുവരുകളിൽ കുട്ടികൾ കരിക്കട്ടയും ചോക്കും കൊണ്ട് കോറിയിട്ട അക്ഷരങ്ങളും അക്കങ്ങളും. ചിത്രങ്ങളും രണ്ടു മലയും നടുക്ക് സൂര്യനും സൂര്യകിരണവും സൈഡിൽ തെങ്ങും പറക്കുന്ന കിളികളും മേഘവും . ആ ചിത്രങ്ങൾ ഞാൻ അറിയാതെ എന്നെ lkg – ukg ക്ലാസ്സുകളിലേക് എത്തിച്ചു . ഇനിയുള്ള വഴികൾ ഓരോ വീടിന്റെയും മുറ്റത്തുകൂടിയാണ് . പലരോടും വഴി ചോദിക്കുമ്പോൾ ആ മുറ്റത്തുകൂടെ നേരെ പോയാൽ മതി എന്നാണ് മറുപടി.

നടന്നു നടന്നു തളർന്നു .വീടുകൾ അവസാനിച്ചു .വലതു വശത്തു താഴേക്കു പടിക്കെട്ടുകൾ കണ്ടു. പടിക്കെട്ടു ഇറങ്ങിച്ചെല്ലുന്നതു കായൽ തീരത്താണ് കുറച്ചുനേരം അവിടെനിന്നു.ഇനി മുന്നോട്ടു വഴി കാണുന്നില്ല വഴി ചോദിയ്ക്കാൻ ഒറ്റ മനുഷ്യനെ പോലും കാണാനില്ല, ചെറിയ നിരാശയോടെ പടികൾ കയറി തിരികെ നടന്നു .പറങ്കിമരചുവട്ടിൽ കിടന്ന പറങ്കിപ്പഴം കൊതിയോടെ എടുക്കാൻ ശ്രമിച്ചപ്പോൾ അനീഷ് തടഞ്ഞു , തറയിൽ വീണ പഴമാണ് പാമ്പ് കൊത്തിയതാകാം ഒഴിവാക്കു നമ്മുക് വേറെ കിട്ടും.വീണ്ടും നിരാശയോടെ നടത്തം തുടർന്നു. വലതു വശത്തെ ഒരു വീട്ടിൽ നല്ല കിളിച്ചുണ്ടൻ മാങ്ങാ അതും കൈയെത്തും ദൂരത്തു , ഉടമസ്ഥനോട് ചോദിച്ചു.മാങ്ങയും പറിച്ചു ഉപ്പും മുളകുപൊടിയും മിക്സ് ആക്കി തന്നു പാവം . എവിടുന്നു വരുന്നു എന്തിനു വന്നു എന്നൊകെ ചോദിച്ചറിഞ്ഞു .എന്നിട്ട് പറഞ്ഞു മടങ്ങിപോകണ്ട ,നിങ്ങൾ താഴേക്ക് ഇറങ്ങാതെ വലത്തോട്ട് പോയാൽ മതിയാരുന്നു എന്നു പറഞ്ഞു . എങ്കിൽ പോയിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ചു ചേട്ടനോട് നന്ദിയും പറഞ്ഞു വീണ്ടും മുൻപോട്ടു നടന്നു.

വഴി അവസാനിച്ച സ്ഥലത്തുന്ന് ഇടത്തേക്ക് നടന്നു കുറച്ചു നടന്നപ്പോൾ വലത്തേക് ഒരു വഴി കണ്ടു.അവിടെ ഒരു വശം കുഴിയാണ് .അതിൽ ഒരു വീടും വലതുവശത്തു കുറച്ചകലെയായി ഒരു വീടും വീട്ടുകാർ പുറത്തു നിന്ന് സംസാരിക്കുന്നു അവരുടെ പറമ്പിൽ നിറയെ പറിങ്കിമാവും പഴങ്ങളും അനീഷിന്റെ വാക്കുകൾ അർത്ഥവത്തായി ,ഞങ്ങൾ മരത്തിൽ കയറി പറങ്കിപഴ പറിച്ചു കഴിച്ചു. ദൂരേക്ക് ചൂണ്ടി വേടൻചാടിമല കാട്ടിത്തന്നു അവിടുത്തെ ചേച്ചി . വിചാരിച്ചപോലെ ഒരു മല ഒന്നും അവിടെ ഇല്ലായിരുന്നു.അത് ഒരു മുനമ്പ് ആണ് താഴെ കായലും.അവിടുന്ന് താഴ്ത്തേക്കു നോക്കിയാൽ തന്നെ തലകറങ്ങും.

നേർത്ത തണുത്ത കാറ്റും കായലിന്റെ ചെറിയ തിരയും അതിന്റെ നേരിയ ഇരമ്പവും അസ്തമയ സൂര്യന്റെ ചെമ്പട്ടു വിരിച്ച ആകാശവും ചുറ്റും കൂടണയാൻ പോകുന്ന കിളികളുടെ കളകള നാദവും താഴെ കായലിൽ പ്രതിഭലിക്കുന്ന അസ്തമയസൂര്യനും ഹാ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. നേരം ഇരുട്ടി തുടങ്ങി ,തിരികെ നടന്നുതുടങ്ങി പറങ്കിപ്പഴവും കിളിച്ചുണ്ടൻ മാങ്ങയും ഉപ്പും മുളകും കിണറ്റിലെ പച്ചവെള്ളവും ഒക്കെയായി കഴിച്ചും കുടിച്ചും ക്ഷീണം അറിയാതെ വീണ്ടും തോടിന്റെയും കൈവഴികളുടെ അടുത്തെത്തി. മുൻപ് ചാടികടന്ന തോടുകൾ ഇപ്പോൾ നീന്തി കടക്കേണ്ട അവസ്ഥയായിരിക്കുന്നു.വേലിയേറ്റം ആണ് , പുഴ ഏതാ വഴി ഏതാ തോട് ഏതാ എന്നറിയാൻ പറ്റുന്നില്ല .എങ്ങനൊക്കെയോ നടന്നു വണ്ടിയുടെ അടുത്തെത്തി.

പുറത്തുനിന്ന് വന്നു മൺറോ കണ്ടു മടങ്ങുന്നവർക്ക് അവിടുത്തെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാകില്ല അവരുടെ മനസിന്റെ വലിപ്പവും. ബൈക്ക് എടുത്തു ചെറിയ മഴയും നനഞ്ഞുകൊണ്ട് പുതിയ യാത്രാചർച്ചകളുമായി വീട്ടിലേക് യാത്രയായി …

പ്രണയനൈരാശ്യം മൂലം പണ്ടുപണ്ട് എന്നോ ഒരു വേടൻ ആ മുനമ്പിൽ നിന്നും കായൽകയത്തിലേക്കു ചാടി ആത്മഹത്യ ചെയ്തു . അന്നുമുതലാണ് ആ സ്ഥലത്തിന് വേടൻചാടിമല എന്നു പേര് വന്നത്. വേടൻചാടിമലയേക്കാൾ അവിടേക്കു ഉള്ള യാത്രയും ആ വഴികളും വഴിയിലെ കാഴ്ചകളും വീടുകളും അവിടുത്തെ ജനങ്ങളെയും ഗ്രാമീണതയും ക്ഷേത്രവും പുഴയും തോടും പെട്ടിക്കടയും പറങ്കിപ്പഴവും ഒക്കെയാണ് എനിക്കിഷ്ട്ടപെട്ടതും. എല്ലാവർക്കും ഞങ്ങളുടെ അതെ വട്ടുണ്ടാവണമെന്നില്ല , ആയതിനാൽ ഒന്നും പ്രതീക്ഷിച്ച് അവിടേക്കു പോകരുത് ..

വഴി-കൊല്ലം കൊട്ടാരക്കര ഭാഗത്തു നിന്ന് വരുമ്പോൾ ,കുണ്ടറ, ചിറ്റുമല ,മൺറൊ. അവിടെ ചെന്നിട്ടു ചോയിച്ചു ചോയിച്ചു പോയാൽ മതി .. കരുനാഗപ്പള്ളി നിന്ന് വരുമ്പോൾ ഭരണിക്കാവ് ,ചിറ്റുമല … അടൂർ ന്നു വരുമ്പോൾ കടമ്പനാട് നെടിയവിള ,ചിറ്റുമല ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply