ടൂവീലറില്‍ ചങ്കുമൊത്ത് പാതിരാത്രിയിലെ മൂന്നാർ യാത്ര..!!

കുറേ നാളായി ബൈക്കിന്റെ എല്ലാ പണിയും തീർത്ത് പുതുപുത്തൻ ആക്കി വച്ചിരിക്കുന്നു ഒരു യാത്ര പോകണമെന്ന് വിചാരിച്ചിട്ട് നടക്കുന്നുമില്ല. യാത്ര പോകണം എന്നുള്ള ആഗ്രഹം മൂത്ത ഉച്ചസ്ഥായിയിൽ എത്തിയപ്പോഴാണ് ഓരോരുത്തരെ വിളിച്ചു തുടങ്ങിയത്. ഓരോരുത്തർക്കും വരാതിരിക്കാൻ ഓരോരോ കാരണങ്ങൾ ചിലർക്കാണെങ്കിൽ ഒട്ടും താൽപര്യവുമില്ല. ചിലരുടെയൊക്കെ സംസാരം കേട്ടപ്പോൾ അവർ ജീവിക്കുന്നത് തന്നെ കമ്പനിയിൽ പണിയെടുക്കാൻ ആണെന്ന് തോന്നിപ്പോയി.

അതെന്തെങ്കിലുമാകട്ടെ. ആഗ്രഹങ്ങളെ എത്രനാളെന്നുവച്ച്തളച്ചിടും.എന്തുവന്നാലും നാളെ രാവിലെ അഞ്ചുമണി എന്നുള്ള ഒരു സമയം ഉണ്ടെങ്കിൽ ഞാൻ ഒറ്റക്കാണെങ്കിലും പോയിരിക്കും എന്ന് തീരുമാനത്തിൽ ഇരിക്കുകയാണ്,അപ്പോഴാണ് നല്ലൊരു ഹോട്ടലിലെ ജോലിയും രാജിവച്ചുവീട്ടിൽ വന്ന് കുത്തിയിരിക്കുന്ന നമ്മുടെ ഒരു ചങ്കിന്റെ കാര്യമോർത്തത്. അവനെ യാണെങ്കിൽ ഞാനിതുവരെ വിളിച്ചതുമില്ല. സമയം രാത്രി 12 മണി. അവനെ വിളിച്ചപ്പോൾ എപ്പോളാ നമുക്ക് പോകണ്ടേ എന്നതിരിച്ചുള്ള ചോദ്യം. കാർ വേണമെങ്കിൽ അവൻ എടുക്കാം. പെട്രോൾ അടിച്ചാൽ മതി എന്നുള്ള ഒരു ഓഫറും. അപ്പോൾ തന്നെ ഞാൻ കുത്തിയിരുന്ന് ഓരോരുത്തന്മാരേ വിളി തുടങ്ങി. എവിടെ കിട്ടാൻ. അവസാനം ഒരുത്തൻ ഫോണെടുത്തു, അവനാണെങ്കിൽ സ്ഥിരംക്ലീഷെ ഡയലോഗ്“അളിയാ നീ കുറച്ചു മുന്നേ വിളിച്ചെങ്കിൽ ഞാൻവന്നേനെ ഇപ്പോൾ കുറച്ചു മുന്നേ ഞാൻ ഒരു പരിപാടി ഏറ്റുപോയി”അത് കേട്ടപ്പോൾ മനസ്സിലായി തള്ള്ആണെന്ന്,രാത്രി ഒരുമണിക്കാണ് അവൻ പരിപാടിഏൽക്കാൻനടക്കുന്നത്.

ഫോണും സൈഡിൽ വെച്ച് ഒന്ന് മയങ്ങാം എന്ന് വിചാരിച്ച് കിടന്നപ്പോൾതന്നെ നമ്മുടെ ചങ്ക് വിളിച്ചിട്ട് ചോദിക്കുവാ“അളിയാ നമുക്ക് ഇപ്പോൾത്തന്നെ അങ്ങ് വിട്ടാലോ എന്ന്.പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി കുളിച്ചു റെഡിയായി. ഞാൻ എത്തുന്നതിനു മുന്നേഅവൻ കുറുപ്പംപടിയിൽ എത്തി. എന്റെ വേണ്ടിയാണെങ്കിൽ പോകുന്ന വഴിക്ക് പെട്രോളും തീർന്നു. പിന്നെ എങ്ങനെയോ നിർത്തിയിട്ട് സ്റ്റാർട്ട് ചെയ്തു ഞാനും കുറുപ്പംപടിയിൽ എത്തി.ഇനിയാണ് കഥ തുടങ്ങുന്നത്,വണ്ടിയിൽ പെട്രോൾ ഇല്ലാതെ എങ്ങനെ ട്രിപ്പ് പോകാൻ പറ്റും. ഞങ്ങളാണെങ്കിൽ രണ്ടും നല്ല തടിയന്മാർ,രണ്ടുപേരും ഏകദേശം 80 കിലോയോളം വരും.

മുന്നോട്ടു വച്ച കാൽപിന്നോട്ട് എടുക്കുന്നവർ അല്ലല്ലോ നമ്മൾ ആൺകുട്ടികൾ. അതുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു യാത്ര അങ്ങ്തുടങ്ങി. ആദ്യത്തെ ലക്ഷ്യം പെട്രോൾ അടിക്കണം.കുറച്ചു ദൂരം ചെന്നപ്പോഴേക്കും പെട്രോൾ മൊത്തംതീർന്നു. രണ്ടുപേരും നല്ല മൂഡിൽ ആയതുകൊണ്ട് ഞങ്ങൾ ഇറങ്ങി തള്ളാൻ തുടങ്ങി.ആ സമയത്താണ് പോകേണ്ട സ്ഥലങ്ങളെക്കുറിച്ച് പ്ലാൻ ചെയ്യുന്നത്. മൂന്നാർ ഗസ്റ്റ് ഹൗസിലെ മുട്ടൻ ഷെഫ് ആയിരുന്നിട്ടും അവൻ ഇതുവരെ മൂന്നാർ ടോപ്സ്റ്റേഷൻ കണ്ടിട്ടില്ല. എങ്കിൽ പിന്നെ ബാക്കി അവിടെ ചെന്നിട്ട് തീരുമാനിക്കാം എന്നും പറഞ്ഞ് പെട്രോൾ അടിച്ചു ഞങ്ങൾ ഒരു വിടലായിരുന്നു അങ്ങോട്ട്.

പോകുന്ന വഴിപഴയ കാര്യങ്ങളും തേപ്പ് കഥകളും ഒക്കെ ആയപ്പോൾ യാത്ര ഒന്നുകൂടി ആക്ടീവായി. നേര്യമംഗലം പാലം വരെ ഒച്ചയും അനക്കവും ഒക്കെ ഉണ്ടായിരുന്ന റോഡ് പെട്ടെന്ന് വിജനമായി മാറി.ആലുവ-മൂന്നാർ റോഡിൽ എപ്പോഴും വണ്ടികൾ ഉണ്ടെങ്കിലും ഞങ്ങൾ പോയ സമയത്ത് ഒരു പൂച്ചക്കുഞ്ഞിനെ പോലും റോഡിൽ കണ്ടില്ല. ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നതുകൊണ്ടും ലക്ഷ്യസ്ഥാനങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടും ഞങ്ങൾ സാവധാനമാണ് പോയത്. അങ്ങനെ അടിമാലി എത്തിയപ്പോൾ ഒരു ചായക്കട കണ്ടു. നമ്മുടെ രാത്രികാലങ്ങളിലെ ഉന്തുവണ്ടിയിലെ ചായക്കട. അതിനുചുറ്റുംകുറച്ചുപേർ കട്ടൻ ചായയും ആസ്വദിച്ചു അവരവരുടേതായ സംസാരങ്ങളിൽ മുഴുകി നിൽക്കുന്നു. കയ്യിലെ ബാഗ് കണ്ടപ്പോൾ എങ്ങോ ദൂരെ യാത്ര പോകുന്നവർ ആണെന്ന് മനസ്സിലായി.

അവൻ ഒരു കട്ടൻ കാപ്പിയും ഞാനൊരു പാൽകാപ്പിയും വാങ്ങി സംസാരിച്ചു നിൽക്കുമ്പോൾ തണുപ്പിന്റെകാഠിന്യംചെറുതായി കൂടുന്നത് ഞങ്ങൾ മനസ്സിലാക്കി.അപ്പോൾ വീശിയ കാറ്റിൽ നിന്ന് അറിയാമായിരുന്നു ഇനിയങ്ങോട്ടുള്ള തണുപ്പ്. അവിടെ നിന്ന് പത്ത് മിനിറ്റിനു ശേഷം ഞങ്ങളുടെ യാത്ര പുനരാരംഭിച്ചു. കാരണം ഇനിയും പതിയെ പോയാൽ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് ഞങ്ങൾക്ക് സമയത്തിന് എത്താൻ പറ്റില്ല എന്നു തോന്നി. മുകളിലേക്ക് കയറും തോറും തണുപ്പ് കൂടിക്കൂടി വന്നു തുടങ്ങി. പേരിനൊരു ജാക്കറ്റ് അല്ലാതെ തണുപ്പിനെ പ്രതിരോധിക്കാൻ വേറെ ഒന്നും തന്നെ ഞങ്ങളുടെ കയ്യിലില്ല.യാത്രയുടെ വേഗം കൂടുന്തോറും തണുപ്പിന്റെ കാഠിന്യം ഏറി വന്നു തുടങ്ങി ഏകദേശം അഞ്ചര മണിയോട് അടുക്കാറായി. പെട്ടന്നാണ് ഒരുതണുത്തകാറ്റു കൂടെ വീശിയത്.അപ്പോൾ ഞങ്ങളുടെ അവസ്ഥ അനുഭവിച്ചാൽ മാത്രമേ മനസ്സിലാകൂ . വിരലുകളെല്ലാം മരവിച്ച് അനക്കാൻ പോലും വയ്യാതെ ആയിപോയി ആ സമയം.

അങ്ങനെ മൂന്നാർ എത്തി,ഇനി ഒരു ചായ കുടിച്ചിട്ട് നീങ്ങാം എന്ന് വിചാരിച്ച് ഒരു ചായക്കടയിൽ കയറി.അവിടെവച്ച് രണ്ടുപേരെ പരിചയപ്പെട്ടു. സെബാസ്റ്റ്യൻ എന്ന പേരുള്ള ഒരു ഫ്രഞ്ചുകാരൻ സായിപ്പും അങ്ങേരുടെ ഭാര്യയും. ഭാര്യയുടെ പേര് മറന്നുപോയി. അല്ലെങ്കിലും യാത്രയെ മാത്രം സ്നേഹിച്ചു നടക്കുന്ന നമ്മളെ പോലെ ഉള്ളവർക്ക് ഒരു സായിപ്പിന്റെ ഭാര്യയുടെ പേര് ഓർത്ത് വച്ചിട്ടെന്തു കാര്യം. അവർ രണ്ടു പേരും നടന്നും കാണുന്ന വണ്ടികളിൽ ലിഫ്റ്റ്‌ അടിച്ചും ഒക്കെയാണ് ഓരോ സ്ഥലങ്ങളും കണ്ടു തീർക്കുന്നത്. അവർ സഞ്ചാരികളിൽ വേറെ ഒരു ലെവൽആണ്.

കുറച്ചുസമയത്തിനു ശേഷം ഞങ്ങൾ അവിടുന്ന് യാത്രതുടങ്ങി, അപ്പോൾ മുതൽ പ്ലാൻ ചെയ്തു തുടങ്ങിയതാണ് ടോപ്സ്റ്റേഷൻ കണ്ടതിനുശേഷം എവിടെപോകണമെന്ന്.പ്ലാനുകൾ മാത്രമേ നടക്കൂ എന്ന് കണ്ടപ്പോൾ ഞങ്ങൾ വീണ്ടും തേപ്പ് കഥയിലേക്ക് തന്നെ കടന്നു.അങ്ങനെ പോയിപ്പോയി എക്കോ പോയിന്റ് എത്തിയപ്പോൾ അതാ നിൽക്കുന്നു നമ്മുടെസബാസ്റ്റ്യൻ സായിപ്പും മദാമ്മയും. അവർക്ക് ഞങ്ങളെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം. അവരുടെ സന്തോഷം കണ്ടു ഞങ്ങൾക്കും ഒരു ആഹ്ലാദം. അവരോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും നിന്നപ്പോൾ ആണ് അറിയുന്നത് അവർ എക്കോ പോയിന്റ് വരെ എത്തിയത് ഒരു കരിങ്കൽ ലോറിയിൽ കുമ്മനടിച്ചാണെന്ന്.

ഓരോന്നു പറഞ്ഞ് നിന്നപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ മാരേഡ് കപ്പിൾസ് ആണോ ഫ്രണ്ട്സ് ആണോ എന്ന്. മലയാളി ആയിപ്പോയി എന്നതിൻറെ പേരിൽ തോന്നാവുന്ന ന്യായമായ സംശയം. അപ്പോൾ അങ്ങേരു പറയുകയാ“ഭാര്യ ആണെന്ന് തെളിയിക്കാൻ നെറ്റിയിൽ പൊട്ടുതൊട്ട്കൊടുക്കാം എന്ന്“. നൈസായി നമ്മളെ ട്രോളിയതാണെന്ന് മനസ്സിലായെങ്കിലും ഞങ്ങൾ അത്ട്രഡീഷന്റെ കാര്യങ്ങളൊക്കെ പറഞ്ഞുഒപ്പിച്ചെടുത്തു. നിർഭാഗ്യവശാൽ അവരുടെ ക്യാമറയിൽ ഫോട്ടോ എടുക്കുന്ന തിരക്കിൽ ഞങ്ങൾക്ക് ഒന്നും എടുക്കാൻ പറ്റിയില്ല. അവിടെ തൊട്ടടുത്ത് കണ്ട ഒരു പെട്ടിക്കട റോഡിലേക്ക് പൊളിഞ്ഞു വീണു കിടക്കുന്നു. കാര്യമന്വേഷിച്ചപ്പോൾ ഉള്ളിൽ ക്യാരറ്റ് ഉണ്ടായിരുന്നുവെന്നും അതെടുക്കാൻ രാത്രിയിൽ ആന വന്ന്മറിച്ചിട്ടതാണെന്നും അറിയാൻ കഴിഞ്ഞു. കട നിവർത്തി സാധനങ്ങൾ എടുത്തു വയ്ക്കാൻ ആ ചേട്ടനെ സഹായിച്ചിട്ട്ഞങ്ങൾ പിന്നെയും യാത്ര തുടർന്നു.

പോകുന്ന വഴിയിൽ പിന്നെയും സായിപ്പിനെ കണ്ടു. അവർക്ക് വേണ്ടി കാത്തു നിന്നും, അവരോടൊപ്പവും യാത്ര തുടർന്നു.അവസാനംടോപ്പ്സ്റ്റേഷനിലെത്തി.അവിടെ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല കടകൾ തുറന്നിട്ടില്ല അടുപ്പുകൾ പുകഞ്ഞത് തുടങ്ങിയിട്ടില്ലഞങ്ങളെ അങ്ങോട്ട് വരവേൽക്കാൻ ഒരു കച്ചവടക്കാരും ഉണ്ടായിരുന്നില്ല.വ്യൂപോയിന്റിന് അടുത്തെത്തിയപ്പോൾ ഒരു കടയിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു പാസ് വേണമെന്ന് ആവശ്യപ്പെട്ടു. പണം വാങ്ങിപാസ് തരാതെ അയാൾ അങ്ങ് പോയി.തിരിച്ച് വിളിച്ച് പാസ്ചോദിച്ചപ്പോൾ തിരിച്ചുവരുമ്പോൾ തരാമെന്നും പറഞ്ഞു.നിങ്ങൾക്ക് ഇപ്പോൾ പാസ് എന്തിനാണെന്ന് ഒരു ചോദ്യംകൂടി ചോദിച്ചപ്പോൾചെറിയ രീതിയിൽ ഞങ്ങൾക്ക് ദേഷ്യവും വന്നു.

വ്യൂടവറിൽ കേറാൻ ആണത്രെ 10രൂപ പാസ്. ഇതിന് മുൻപ് ഞാൻ പോയപ്പോൾ അങ്ങനെയൊരു ടവർ അവിടെ കാണാത്തതുകൊണ്ട് അവിടെ നിന്നാൽ എന്താ കാണാൻ പറ്റുന്നത് എന്നറിയാൻഉള്ള ആകാംക്ഷയിൽ ഞാൻ കേറി നോക്കി.നമ്മൾ വഴിയിൽ നിന്ന് എന്താണോ കാണുന്നത് അത് തന്നെയാണ്അവിടെ നിന്നാലും കാണാൻ പറ്റുക.ഇനി നിങ്ങൾ ആരെങ്കിലും പോകുന്നുണ്ടെങ്കിൽ ദയവു ചെയ്തുവ്യൂടവറിൽകയറി 10രൂപ കളയരുത് എന്നാണ് എന്റെ അഭ്യർത്ഥന.സ്റ്റെപ്പുകൾ കയറി നടക്കാൻ പറ്റാത്ത ആരെങ്കിലുമുണ്ടെങ്കിൽ മാത്രം വ്യൂടവറിൽ കയറിനിന്ന് കാണുക.അങ്ങനെയുള്ളവർ താഴേക്കിറങ്ങി ശരിക്കും വ്യൂ പോയിന്റിൽ എത്തിയാൽ തിരിച്ചു കയറി വരാൻ വളരെ ബുദ്ധിമുട്ടായിരിക്കും. താഴേക്ക് ഇറങ്ങിപ്പോകാൻ 25 രൂപയാണ് ഒരാൾക്ക് പാസ്.

കോടമഞ്ഞിന്റെകരലാളനങ്ങൾപ്രതീക്ഷിച്ചു വ്യൂ പോയിന്റിലേക്ക് ഇറങ്ങിയ ഞങ്ങളെ വരവേറ്റത് തെളിഞ്ഞ അന്തരീക്ഷവും ഒരു കൂട്ടംകുരങ്ങുകളും ആയിരുന്നു.ഒരു സൈഡിൽ കൂടെഇറങ്ങി താഴേക്കു പോകാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ഞങ്ങളുടെ നേരെ ചീറി കൊണ്ടുവരുന്ന കുരങ്ങുകളെ കണ്ടു. ഞങ്ങൾക്ക് മുന്നോട്ട്കാൽ വയ്ക്കേണ്ടി വന്നില്ല.കുറച്ചുസമയം അവിടെ നിന്ന് കാഴ്ചകൾ എല്ലാം ആസ്വദിച്ച് കഴിഞ്ഞപ്പോൾ എന്തും വരട്ടെ എന്ന് വിചാരിച്ചു ഞങ്ങൾ താഴോട്ടിറങ്ങി.അതിൽ ഒരാൾ മാത്രമേ കുറച്ചു പ്രശ്നക്കാരനായി ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും അവരവരുടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് കുറച്ചു കൂടി ധൈര്യമായി. ഞങ്ങൾ നേരെ താഴേക്ക് നടന്നിറങ്ങി.ഓരോ അടി മുന്നോട്ടു വയ്ക്കുമ്പോഴുംവർണ്ണപകിട്ട് അണിഞ്ഞ മലകളുടെദൃശ്യവിരുന്ന് ഞങ്ങളുടെ നഗ്നനേത്രങ്ങളിലേക്ക്ഒഴുകിയെത്തി. ഒരു ഇളം കാറ്റിന്റെ അകമ്പടിയോടെഞങ്ങൾ ഓരോ ചുവടും മുന്നോട്ട് വച്ചു.

അവിടെ ഞങ്ങൾ ഏകദേശം അരമണിക്കൂറോളം ചിലവഴിച്ചു, അത്രയും സമയം അവിടെ നിന്ന് കാണാനുള്ള കാഴ്ചകൾ അവിടെ ഇല്ലെങ്കിലുംഅത്രയും ദൂരംപലതവണ കണ്ടും സംസാരിച്ചുംവന്ന സായിപ്പ് കൂടെ അവിടെ എത്തണമല്ലോ.അതിനുവേണ്ടിയാണ് അത്രയും സമയം ഉള്ള കാത്തിരിപ്പ്.അവരെ കണ്ടില്ലെന്നു മാത്രമല്ല പിന്നെയും സഞ്ചാരികൾ വന്നുതുടങ്ങിയപ്പോൾ ഞങ്ങൾ അവിടെനിന്നും പതിയെ തിരികെ കയറി വന്നു തുടങ്ങി.അപ്പോഴാണ് ഒരു ജർമ്മൻ കാരനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ട് കൂടെ.ഞങ്ങളെ കണ്ടപ്പോൾ തന്നെ ജർമ്മൻ സായിപ്പ് ഇങ്ങോട്ട് വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.അതുകേട്ടപ്പോൾ ഞങ്ങൾക്കും സന്തോഷം. ഇത്രയും ചെറുപ്പത്തിൽ തന്നെ നിങ്ങൾക്ക് എങ്ങനെ കുടവയർ വന്നു എന്നാണ് അദ്ദേഹത്തിന് ആശ്വര്യം.കുടവയർ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ.

നേരെ ടിക്കറ്റ് കൗണ്ടറിനടുത്ത് തരാതിരുന്ന ടിക്കറ്റ് ചോദിച്ചു വാങ്ങി അടുത്ത സ്ഥലത്തേക്ക് ഉള്ള യാത്ര തുടങ്ങി. ഇനി തൊട്ടടുത്തുള്ള വട്ടവടയാണ്ലക്ഷം.. അവിടെ എന്താ ഉള്ളത് എന്നറിയില്ലെങ്കിലും തൊട്ടടുത്തുള്ള സ്ഥലം അല്ലേ എന്ന് വിചാരിച്ചു പോയി നോക്കാം എന്ന് കരുതി.കുറച്ചുദൂരം ചെന്നപ്പോൾ ഒരു ചെക്പോസ്റ്റിൽ ഞങ്ങളുടെപേരും അഡ്രസും വണ്ടിനമ്പറും എല്ലാം എഴുതി വാങ്ങി.എന്നിട്ട് കാട്ടിലെങ്ങും വണ്ടി നിർത്തരുത് എന്ന ഒരു താക്കീതുംതന്ന്ചെക്ക്പോസ്റ്റ് ഉയർന്നു.ചെയ്യരുത് എന്ന് പറയുന്ന കാര്യം ചെയ്യാനാണല്ലോ നമുക്ക് താല്പര്യം. അതുകൊണ്ട് അറുപതിൽ പോകേണ്ട വണ്ടി ഇരൂപത്തിലാണ് പോയത്.എന്നിട്ട് കാണാൻ പറ്റിയതോപറ്റിയത ആകെ ഒരു സിംഹവാലൻ കുരങ്ങിനെയും.

വട്ടവട അടുക്കാറായപ്പോൾ റോഡിന്റെഇരുവശത്തും റിസോർട്ടുകൾ കണ്ടുതുടങ്ങി.വളരെ പതിയെ പോകുന്നതുകൊണ്ട് റോഡ് സൈഡിൽ ഇരുന്ന് മലയാളം കുറച്ചു മാത്രം അറിയാവുന്ന ഒരാൾ ഞങ്ങളെ പിടികൂടി.ശുദ്ധമായ സ്ട്രോബറിയും സ്ട്രോബറിജാംഉം ആണ്  അദ്ദേഹത്തിന്റെ വാഗ്ദാനം. അപ്പുഎന്നാണ് ആളുടെ പേര്.അപ്പു ഞങ്ങളെ ഒരു വീട്ടിലേക്ക്ആണ് കൂട്ടിക്കൊണ്ടുപോകുന്നത്. മുകളിൽനിന്ന് നോക്കിയാൽ സ്ട്രോബറി തോട്ടത്തിന്റെ നടുക്കായി ഒരു വയലറ്റ് കളർ പെയിന്റടിച്ച വീട് കാണാം. അവിടെയാണ് ഞങ്ങൾ എത്തിച്ചേരേണ്ടത്. അപ്പുകാണിച്ചുതന്ന വഴിയിലൂടെ ഞങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു.അവിടെ എത്തിയപ്പോൾ ഒരു പാട്ടിയുടെ ആണ് കൃഷിസ്ഥലവും വീടും എല്ലാം. പാട്ടി എന്ന് പറയുമ്പോൾ മലയാളികൾക്ക് അമ്മൂമ്മ എന്നാണ്എന്റെ ഒരു വെപ്പ്,ശരിയാണോ എന്നറിയില്ല.

എന്തായാലും പാട്ടി ഞങ്ങൾക്ക് എടുത്തു തന്നത്നല്ല കിടുക്കൻസ്ട്രോബറി ജാംഉം,വൈനുംആണ്. സംഭവം എന്തായാലും ഞങ്ങൾ അതിൽ അങ്ങ് വീണു.വിലകുറച്ച് കൂടുതലാണെങ്കിലും എല്ലാം കുറച്ചു കുറച്ചു വാങ്ങി. വട്ടവടയിൽ ഇനി എന്തെങ്കിലും ഉണ്ടോ എന്നറിയാൻ പിന്നെയും മുന്നോട്ടു പോയപ്പോൾ ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നും ഇനി അവിടെ ഉണ്ടാകില്ല എന്ന് ഞങ്ങൾ മനസ്സിലാക്കി . പ്പോഴേ വിശപ്പിന്റെ വിളി ഞങ്ങൾ കേട്ടു തുടങ്ങിയിരുന്നു.സമയം ഏകദേശം പന്ത്രണ്ടരആയി.ഇനി ഞങ്ങൾ ഉദ്ദേശിക്കുന്നമറ്റേതെങ്കിലും സ്ഥലത്തേക്ക് പോകണം എങ്കിൽ മൂന്നാറിലെത്തിയിട്ട് പോകണം.എത്രയും പെട്ടെന്ന് മൂന്നാർ എത്താനായി ഞങ്ങൾ അവിടെനിന്നും വച്ചുപിടിച്ചു.ടാക്സി ചേട്ടന്മാർക്ക് എന്തുപറ്റിയെന്ന് അറിയില്ല.ബൈക്ക് പോലും മുന്നിൽ കയറാൻ അവർ അനുവദിക്കുന്നില്ല.പോകുന്ന വഴിയിൽ ചെറുതായൊന്ന് കുണ്ടള ഡാമിൽ തലകാണിച്ചു.എന്തായാലുംഏകദേശം രണ്ട് മണിയോടുകൂടിഞങ്ങൾ മൂന്നാറിലെത്തി.

അവിടെനിന്ന് നല്ല ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോഴാണ് അടുത്ത് ലക്ഷ്യസ്ഥാനത്തേക്കു റിച്ച് ചിന്തിക്കുന്നത്.പല പല പേരുകൾ മാറിമറിഞ്ഞു വന്നുകൊണ്ടിരുന്നു. അവസാനം പേരുകൾ ഒന്നും കിട്ടാതായപ്പോൾതൊട്ടടുത്തുള്ള ഗാർഡനിൽ പോയിരുന്ന്ആലോചിക്കാം എന്ന തീരുമാനത്തിലെത്തി.അവിടെയെത്തിയപ്പോൾ അകത്തേക്കു കയറാൻ 80 രൂപ പാസ്.ഒന്ന് ആലോചിക്കാൻ മാത്രം വേണ്ടി 80 രൂപ കളയേണ്ടല്ലോ എന്നു വിചാരിച്ച് ഞങ്ങൾ ഗാർഡൻന്റെ ഉള്ളിൽതന്നെ അകത്തേക്ക് കയറാതെഒരു ഐസ്ക്രീമും വാങ്ങി പുറത്തിരുന്നു ആലോചന തുടങ്ങി.ആലോചിച്ചു നിന്നപ്പോൾ രണ്ടുപേർക്കും നന്നായി ഉറക്കം വന്നു തുടങ്ങി.തലേദിവസം ഒരു മിനിറ്റുപോലും ഉറങ്ങാതെ ആണല്ലോ ഈ യാത്രയ്ക്ക് പുറപ്പെട്ടത്. ക്ഷീണം ഞങ്ങളെ പ്രതിയെ വീടുകളിലേക്ക് പോകാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അവസാനം തിരിച്ചു പോകാം എന്നുള്ള തീരുമാനത്തിൽ തന്നെ ആലോചന ചെന്നെത്തി.

പിന്നെ അവിടുന്ന് വണ്ടിയെടുത്ത് ഒറ്റ വരവായിരുന്നു.കുറച്ചങ്ങു വന്നപ്പോൾ അതാകാണുന്നു പെൻസ്റ്റോക്ക് പൈപ്പ്ലൈൻ. ചുമ്മ അവിടെ വണ്ടി നിർത്തി ഒരു നടത്തം. ഇതിനിടയിൽ സ്റ്റോക്ക് പൈപ്പിന്റെ വെൽഡിങ്ങും അതിന്റെ ഇൻസ്പെക്ഷനെയുംകുറച്ച് നാല്തള്ള് തള്ളി.അറിയാവുന്നതല്ലേ പറയാൻ പറ്റൂ.ഞങ്ങളവിടെ കാര്യമായ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നില്ക്കുമ്പോൾ തൊട്ടടുത്തിരുന്ന ചേട്ടൻമാർ 65 ലക്ഷം രൂപ ലോട്ടറി അടിക്കുമോ ഇല്ലയോ എന്നുള്ള ചർച്ചയിലായിരുന്നു.

എന്തായാലും ഇനിയും അധിക നേരം അവിടെ നിന്നാൽ ഉറങ്ങി വീഴും എന്നു തോന്നിയതു കൊണ്ട് ഞങ്ങൾ അവിടെ നിന്ന് പതിയെ നൂട്ടർ അടിച്ച് ഇങ്ങു പോന്നു…. ആദ്യമായാണ് ഒരു യാത്രാവിവരണം എഴുതുന്നത് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…
വിവരണം -ടിന്റോ ചുണ്ടക്കുഴി(tinto chundakuzhy).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply