ആദ്യമായി കണ്ട അനന്തപുരിയും നടന്നു കണ്ട പൊന്മുടിയും…

ആദ്യമായി പൊന്മുടിയിലേക്ക് യാത്ര ചെയ്തതിന്റെ ഈ മനോഹരമായ വിവരണം എഴുതി തയ്യാറാക്കിയിരിക്കുന്നത് ആനവണ്ടി ബ്ലോഗിന്റെ അഡ്മിനുകളിൽ ഒരാളായ റിയാസ് റഷീദിന്റെ ബീവിയായ സിബിനയാണ്.

ജീവിതത്തിൽ ഒരുപാട് യാത്രചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചത് ഇപ്പോഴാണ്, കേട്ട് കേൾവിയുള്ള പല സ്ഥലങ്ങളും കണ്ണുകൾക്ക് മുന്നിൽ നിറഞ്ഞു നിന്നപ്പോൾ പലപ്പോഴും വിശ്വസിക്കാനാവാതെ നിന്നിട്ടുണ്ട്, അത്തരത്തിലുള്ള യാത്രകൾ എഴുതി വെയ്ക്കാം എന്ന് തോന്നിയപ്പോഴാണ് എന്നിൽ നിന്നും ആദ്യമായി യാത്രാ വിവരണം ഉണ്ടായത് തന്നെ.

ഇത് പൊന്മുടിയിലേക്കുള്ള യാത്രയാണ്. കോട്ടയംകാരിയായ എനിക്ക് തിരുവനന്തപുരവും പൊന്മുടിയുമെല്ലാം വാക്കുകളും ചിത്രങ്ങളും മാത്രമായിരുന്നു ഈ യാത്രയ്ക്ക് മുൻപ് വരെ. വന്നപ്പോൾ തന്നെ ഞങ്ങളെ അനന്തപുരി വരവേറ്റത് ചാറ്റൽ മഴയോടെയായിരുന്നു. അങ്ങനെ ചാറ്റൽ മഴയും കൊണ്ട് തമ്പാനൂർ നിന്നും പാളയം വരെ രാത്രിയിൽ ഒരു നടത്തം. അതും രാത്രി 11 മണിക്ക്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ സമയത്ത് ഒരു നഗരത്തിലൂടെ നടക്കുന്നത്. ചാറ്റൽ മഴയും കൊണ്ട് പാളയം വരെ കൂടെയുള്ള റിയാസിന്റെ ഓരോ കഥകൾ കേട്ടുകൊണ്ടാണ് നടന്നത്. തിരുവനന്തപുരത്തിന്റെ ചരിത്രം, റോഡുകൾ, സ്ഥാപനങ്ങൾ, പത്മനാഭസ്വാമി ക്ഷേത്രം, ശ്രീമൂലം തിരുനാൾ, സ്വാതിതിരുനാൾ ,ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം എന്നിങ്ങനെ ഒരു ലോഡ് കഥകളും ചരിത്രങ്ങളും കേട്ട് കൊണ്ടാണ് നടപ്പ്. കൂടെ ഒരു വൻ തള്ളൽ പ്രസ്ഥാനം ഉള്ളത് കൊണ്ട് അറിവുകൾക്ക് പഞ്ഞമില്ല. പറയുന്നത് തള്ളാണോ സത്യമാണോ എന്ന് എനിക്കും അറിയാത്തതു കൊണ്ട് കുഴപ്പമില്ല.

ഇടയ്ക്കു പോലീസുകാർ എങ്ങോട്ടാ ഈ രാത്രിയിൽ എന്ന് ചോദിച്ചിരുന്നു. മഴകൊണ്ട് നടക്കാനിറങ്ങിയതാണ് എന്ന മറുപടിയിൽ അവർ ചിരിച്ചു കൊണ്ട് പോയി. വഴിയിൽ മുഴുവൻ പോലീസ് വാഹനങ്ങളും പോലീസുകാരും ഉള്ളതുകൊണ്ട് ഒരു സുരക്ഷിതത്വം ഈ നഗരം എനിക്ക് നൽകി എന്നത് സത്യമാണ്. രാത്രി 12 മണിയോട് കൂടി സുഹൃത്തായ വീണയുടെ വീട്ടിൽ കയറിപ്പറ്റി. അവിടെ ഒരു പിറന്നാൾ സർപ്രൈസും കലാപരുപാടികളും ഞങ്ങൾ തയാറാക്കി വെച്ചിട്ടുണ്ടായിരുന്നു. എല്ലാം കഴിഞ്ഞു വീണ്ടും ഒരു കറക്കം. റിജോയുടെ കാറിൽ ഏകദേശം തിരുവനന്തപുരം ടൗൺ മുഴുവൻ കറങ്ങി തിരികെ വീട്ടിലെത്തിയത് രാവിലെ 4 മണിക്കാണ്‌. അതിഗംഭീര ഉറക്കത്തിനു ശേഷം പിറ്റേന്ന് ഉച്ചയ്ക്കാണ് പൊന്മുടി പോകാം എന്ന അഭിപ്രായം വരുന്നത്. യാത്രികരായ ഞങ്ങൾ നാല് പേർ – ഞാൻ, റിയാസ്, വീണ , റിജോ. അങ്ങനെ ചലോ പൊന്മുടി.

സാധാരണ നാല് പേരും കൂടാറുള്ളത് പോലെ തന്നെ ആദ്യം വൻ തള്ളലുകൾ റിയാസിൽ നിന്നും റിജോയിൽ നിന്നും വന്നു തുടങ്ങിയിരുന്നു. ഓരോ സ്ഥലത്തിന്റെയും പ്രതേകഥകൾ പ്രാധാന്യം ചരിത്രം എന്നിങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് താത്പര്യം ഇല്ലാത്തതിനാൽ തത്ക്കാലം കല്ലാർ, വിതുര, പശ്ചിമ ഘട്ടം എന്നിങ്ങനെ ചിലത് മാത്രം ഓർമ്മയിൽ വ്വന്നുള്ളു എന്നതാണ് സത്യം. ഞായറാഴ്ച ആയതിനാൽ വഴിയിൽ നല്ല തിരക്കുണ്ടായിരുന്നു. ചുരം കയറി മുകളിലോട്ടു കയറിയതോടെ കാഴ്ചകളും കാലാവസ്ഥയും മാറുവാൻ തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ തേയില തോട്ടങ്ങൾ ഉണ്ട് എന്നത് എനിക്ക് പുതിയ അറിവും കാഴ്ചയുമായിരുന്നു. അവിടെ കുറച്ച് നേരം നിർത്തി, നല്ല കാറ്റും കോടമഞ്ഞും തണുപ്പും ഒരു പുത്തൻ ഉണർവേകി. പിന്നീട് ഒരു ചെക് പോസ്റ്റ് , അവിടെ കുറെ നേരം കിടന്നു എന്ന് പറയാം. പിന്നീട് മുൻപോട്ട് പോകുവാൻ കഴിയാത്ത തരത്തിൽ ബ്ലോക്കായിരുന്നു. പൊന്മുടി കാണുവാൻ വന്നിട്ട് ബ്ലോക്കിൽ കിടക്കേണ്ടി വരുമോ എന്നോർത്ത് കുറെ നേരം വണ്ടിയിൽ തന്നെ ഇരുന്നു.

അവസാനം ഒരു സ്ഥലം കിട്ടിയപ്പോൾ റോഡരികിൽ കാർ സൈഡാക്കി റിജോ, എന്നിട്ട് ഞങ്ങൾ നാല് പേരും കൂടി നടക്കുവാനിറങ്ങി. അന്നേരമാണ് മനസ്സിലായത് ഇവിടം മുഴുവൻ വാഹനങ്ങൾ മുന്നോട്ടു പോകുവാൻ കഴിയാത്തവിധം കുരുങ്ങി കിടക്കുകയാണെന്ന്. നടക്കാം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടും നല്ല തീരുമാനമായി എന്ന് പറയാം. കുറേനേരം റോഡിലൂടെ വാഹനങ്ങളുടെ ഇടയിലൂടെ നടന്നപ്പോൾ വലതു വശത്തെ പുൽമേട്ടിലേക്കു കയറിയാലോ എന്നൊരു പ്ലാൻ, എന്നാൽ അങ്ങനെ ആകട്ടെ എന്ന് കരുതി വഴി ഒന്ന് മാറ്റി പിടിച്ച് നടന്നു.വഴിയൊന്നും ഇല്ല. വലതു വശത്ത് അവ്യക്തമായി കണ്ട ഒരു മല, നല്ല കോടമഞ്ഞു കാരണം ഒന്നും കാണാത്തതുമില്ല.എന്തായാലും മലകയറ്റം ആരംഭിച്ചു. മഴയും കോടമഞ്ഞും ആസ്വദിച്ച് നടന്നു കയറി എത്തിയത് ഒരു മലയുടെ മുകളിലാണ്. അവിടെ ഒരു വലിയ പാറയും. വലിഞ്ഞു അതിന്റെ മുകളിൽ കയറി അല്ല കയറ്റി എന്ന് പറയാം.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മലയും പാറയും കുന്നുമെല്ലാം വലിഞ്ഞു കയറുന്നത്. ആദ്യമായിട്ടാണ് കോടമഞ്ഞും മഴയും ഒക്കെ ആസ്വദിച്ച് ഇങ്ങനെ പറന്നു നടക്കുന്നതും. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ. പെട്ടെന്നൊരു മഴ ശക്തമായി പെയ്തപ്പോൾ ഒരു പാറക്കെട്ടിന്റെ അടിയിൽ ഇരുന്നു മഴ നനയാതെ ഇരുന്നതും നല്ല ഓർമ്മയായി. ഇല്ലാത്ത വഴിയിലൂടെ വഴി കണ്ടു പിടിച്ച് നടത്തം തന്നെ, വഴി ഇല്ല, കോടമഞ്ഞു കാരണം ഒരു വക കാണത്തില്ല, നല്ല കയറ്റവും വഴുക്കലുള്ള പാറകളും അറിയാത്ത സ്ഥലവും, മുകളിൽ നിന്നും ആരൊക്കെയോ കൂകുന്ന ശബ്ദം കേട്ടപ്പോഴാണ് ഇതിനപ്പുറവും ഒരു മലയുണ്ടെന്നു മനസ്സിലായത്. അങ്ങനെ അങ്ങോട്ട് നടന്നു. ഒരു വിധം വലിഞ്ഞു കയറി കഷ്ടപ്പെട്ടിട്ടാണ് അവിടെ എത്തിയത്. മല കയറി ശീലം ഇല്ലാത്തത് തന്നെ കാരണം. അങ്ങനെ മുകളിൽ എത്തിയപ്പോഴാണ് ആശ്വാസം ആയത്.

പൊന്മുടിയുടെ മുകളിൽ ഉള്ള വയർലെസ്സ് സ്റ്റേഷന്റെ പുറകിലാണ് ഇപ്പോൾ എത്തിയത് എന്ന് റിയാസിൽ നിന്നും മനസ്സിലായി, റിജോയ്ക്കും റിയാസിനും വഴികൾ അറിയാമായിരുന്നു എന്നും ഒരു ട്രെക്കിങ്ങ് എക്സ്പിരിയൻസ് ഞങ്ങൾക്ക് കിട്ടുവാൻ വേണ്ടിയാണ് ഈ വഴി വന്നതും എന്ന് പിന്നീടാണ് മനസ്സിലായത്.നേരെയുള്ള വഴിയിലൂടെ വന്നാലും ഇവിടെ ആണ് എത്തുക, പിന്നീട് അങ്ങോട്ട് ഒരു പാട് കുടുംബങ്ങളെയും യാത്രികരെയും കാണുവാൻ തുടങ്ങി. ഇത്രയും നേരം ഞങ്ങൾ നാല് പേർ മാത്രമായിരുന്നു ഈ യാത്രയിൽ. എന്തായാലും മല കയറി എത്തേണ്ടിടത്ത് എത്തിയപ്പോൾ സന്തോഷമായി. പക്ഷെ കോടമഞ്ഞു കാരണം പൊന്മുടിയുടെ സൗദര്യം കാണുവാൻ സാധിച്ചില്ല എന്നതാണ് സങ്കടം.

 

പിന്നെ താഴേക്കു നടന്നു.. നേരായ വഴിയിലൂടെ ഇപ്പോഴാണ് നടക്കുന്നത്. നടന്നു നടന്നു താഴെ എത്തി ഒരു ചൂട് ചായ കുടിച്ചപ്പോഴാണ് ആശ്വാസമായത്. ഈ സമയവും റോഡിൽ ബ്ലോക്ക് തന്നെ. വൈകിട്ട് ആറരയ്ക്ക് എത്തേണ്ട ആനവണ്ടി ഏഴര ആയിട്ടും എത്തിയിട്ടില്ല. ആ ബസ് താഴെ ബ്ലോക്കിൽ കുടുങ്ങി കിടക്കുവാണ് എന്നും അറിയാൻ കഴിഞ്ഞു. ബ്ലോക്ക് മാറും എന്ന് കരുതി വണ്ടിയിൽ തന്നെ ഇരുന്നിരുന്നെങ്കിൽ പൊന്മുടിക്കു പകരം ‘ബ്ലോക്ക് മുടി’ കണ്ടിട്ട് പോകേണ്ടി വന്നേനെ. നടക്കാൻ തോന്നിയത് ഭാഗ്യം. വീണ്ടും വണ്ടി സൈഡാക്കിയ താഴത്തെ ചെക് പോസ്റ്റ് വരെ നടത്തം. അന്നേരമാണ് ആനവണ്ടി കിതച്ചു മുകളിലോട്ടു കയറി പോകുന്നത് കണ്ടതും. ചെറിയ യാത്ര ആണെങ്കിലും എനിക്കിത് ഒരു വലിയ യാത്ര തന്നെയാണ്. വീണ്ടും ബ്ലോക്കിൽ കുടുങ്ങി തിരുവന്തപുരത്തേക്കു മടക്ക യാത്ര…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply