വിവരണം – ശ്രുതി നായർ(Post of the Week – Paravakal Group)
ഏതൊരു യാത്രികന്റെയും ഉള്ളിൽ ഒരു ചരിത്രാന്വേഷി കൂടെയുണ്ടാകും. അങ്ങനെ ചരിത്രം അന്വേഷിക്കുന്ന യാത്രികരുടെ പറുദീസ ആയ ഹംപിയിലേക്ക് ഒരു യാത്ര എന്നത് എന്റെയും സ്വപ്നം ആയിരുന്നു. അത് യാഥാർഥ്യമാക്കുവാൻ ആയി ഇറങ്ങിത്തിരിച്ച എന്റെ ആദ്യ കാൽവയ്പ്പിൽ തന്നെ ചുവടുതെറ്റി. ടിക്കറ്റ് എല്ലാം ബുക്ക് ചെയ്തു കാത്തിരുന്ന എന്റെ തലയിൽ ഇടിത്തീ പോലെ ഒരു അർജന്റ് മീറ്റിംഗ് വന്നു വീണു. അങ്ങനെ ഹംപി വീണ്ടും സ്വപ്നം മാത്രമാകുമോ എന്നു വിചാരിച്ചിരുന്നപ്പോൾ മനസ്സു പറയുന്നുണ്ടായിരുന്നു മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ എന്നു.
അന്ന് എന്തായാലും മീറ്റിംഗ് എല്ലാം അറ്റൻഡ് ചെയ്തു കഴിഞ്ഞു നേരെ അങ്ങു ആനവണ്ടികളുടെ തട്ടകത്തിലേക്ക് കയറിച്ചെന്നു. ബാംഗ്ലൂരിലേക്ക് ഒരു ടിക്കറ്റും എടുത്തു. പ്ലാനിൽ ചെറിയ മാറ്റങ്ങൾ എല്ലാം വരുത്തി ഇറങ്ങി, വീട്ടിൽ ചെന്ന് മുന്നേ തന്നെ പാക്ക് ചെയ്തു വച്ച ബാഗും എടുത്ത് രാത്രിക്കു രാത്രി ബാംഗ്ലൂരിലേക്ക് വണ്ടി കയറി. രാത്രിയിൽ ആനവണ്ടിയിലെ ഉറക്കം ആണ് ഉറക്കം. അങ്ങനെ സുഖമായി കിടന്നുറങ്ങി രാവിലെ തന്നെ ബാംഗ്ലൂരിൽ സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ കാലുകുത്തി. എവിടെ ചെന്നാലും ആദ്യം അന്വേഷിക്കുന്ന സാധനം ഭക്ഷണം ആയകൊണ്ടും ശരീരത്തിനു ഊർജ്ജം കൊടുക്കേണ്ടത് കൊണ്ടും നേരെ ഒരു ഹോട്ടലിൽ ചെന്നു നല്ലൊരു മദാലസയും സോറി മസാലദോശയും വടയും പിന്നൊരു കാപ്പിയും കുടിച്ച് ഉന്മേഷത്തോടെ തന്നെ മജിസ്റ്റിക് ബസ് സ്റ്റാൻഡിലേക്ക്. അവിടുന്ന് ഹോസ്പെട്ടിലേക്ക് അടുത്ത വണ്ടി പിടിച്ചു.
ഏകദേശം 9 മണിക്കൂറത്തെ യാത്രക്ക് ശേഷം രാത്രി ഏതാണ്ട് 9 മണിയായപ്പോൾ ഹോസ്പെട്ടിലെത്തി. അവിടുന്നു ഒട്ടും തന്നെ സമയം കളയാതെ ഹംപിയിലേക്ക് ഉള്ള ലാസ്റ്റ് ബസ്സ് പിടിച്ചു… ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും അതാ കാണുന്നു നമ്മുടെ വിജയ നഗര സാമ്രാജ്യത്തിന്റെ ഇരുളിൽ മറഞ്ഞ കാഴ്ചകൾ.. ഒരു മഹാസാമ്രാജ്യം കീഴടക്കിയ ഒരു സന്തോഷം ആയിരുന്നു അപ്പോൾ. നേരെ ചെന്നു കയറിയതും പൂന്തോട്ടം കണ്ട പുൽചാടികളെ പോലെ ഹോട്ടൽ ഏജന്റുമാരുടെ കോലാഹലം തുടങ്ങി. വന്നതും റേറ്റ് കുറഞ്ഞ ഹോട്ടൽ നല്ല ഹോട്ടൽ എന്നെല്ലാം പറഞ്ഞുള്ള പ്രലോഭനങ്ങൾ, അതിലൊന്നും വീഴാതെ നോക്കിയെങ്കിലും വിജയ നഗരത്തിൽ ഒരു ഹോട്ടൽ കിട്ടിയില്ലേൽ പെരുവഴിയിൽ കിടക്കേണ്ടി വരുമെന്നതിനാൽ ഒരു നല്ല ഹോട്ടലിൽ തന്നെ ചെക്ക് ഇൻ ചെയ്തു.
നന്നായി ഒന്നു ഫ്രഷ് ആയി, രാത്രിയിലെ ഹംപി സ്പെഷ്യൽ താലി മീൽസും തൈരും എല്ലാം കൂട്ടികുഴച്ചു നല്ലൊരു അത്താഴവും കഴിച്ചു കുറെ കറങ്ങാൻ ഉള്ളത് കൊണ്ടും പിന്നെ ഒരു ദൂരയാത്രയുടെ ക്ഷീണം കൊണ്ടും നന്നായൊന്നുറങ്ങി. ശരിക്കും പറഞ്ഞാൽ വെട്ടിയിട്ട ചക്ക പോലെ കിടന്നുറങ്ങി എന്നു പറയുന്നതാകും ശരി. പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു ഒരു കുളിയെല്ലാം കഴിഞ്ഞൊന്ന് പുറത്തിറങ്ങി നടക്കാൻ തന്നെ തീരുമാനിച്ചു. അതിനു മുന്നേ ബ്രേക്ഫാസ്റ്റ് കഴിക്കുക എന്ന ഒരു നല്ല ആചാരം ഉള്ളത് കൊണ്ട് തന്നെ ഞാൻ ഒരു സെറ്റ് പൂരിയും കഴിച്ചു നടത്തം ആരംഭിച്ചു.
വിജയനഗര സാമ്രാജ്യത്തിലെ മണ്ണിനു തന്നെ ഒരു പ്രൗഢി ആണ് ഉള്ളത് എന്നു തോന്നിപ്പോയി. നേരെ ചെന്നു കയറിയത് ഒരു ആന്റിക് ഷോപ്പിലേക്ക് ആയിരുന്നു. അല്ലേലും പണ്ടേ ആക്രി എന്നാൽ എനിക്ക് ഒരു ഹരമായിരുന്നു. അങ്ങനെ ആക്രി സാധനങ്ങൾ നോക്കി നോക്കി നടന്നു പോകുമ്പോൾ ആണ് ഒരു കൊലുസ്സ് എന്റെ കണ്ണിൽ പെട്ടത്. ഒരു ഒറ്റക്കാലിൽ ഇടാവുന്ന മനോഹരമായ ഒരു കൊലുസ്. പിന്നെ ഒന്നും നോക്കിയില്ല ആ കടക്കാരനെ കയ്യിലെടുത്തു ആ കൊലുസ്സും വാങ്ങി പോക്കറ്റിലിട്ടു. പിന്നെയും എന്റെ നടത്തം തുടങ്ങി. കേരളത്തിൽ ഈ നടത്തം നടത്തിയതാണേൽ ഒരു കേരളയാത്ര ആയേനെ.
അപ്പോഴാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്! പൊട്ടിച്ചതോ, അവിടെ കണ്ട വാടകക്ക് കൊടുക്കാൻ വച്ചിരിക്കുന്ന സൈക്കിളുകളും…. അപ്പോഴാണ് വരുന്ന വഴിക്ക് കണ്ട കുറച്ചു മല്ലുസ് (“എവിടെ പോയാലും അവിടെ നമ്മുടെ പിള്ളേര് ഉണ്ടാകും എന്നാണല്ലോ”) തന്ന ഉപദേശം ഫേസ്ബുക്കിൽ പോസ്റ്റ് കുത്തിപൊക്കുന്ന പോലെ പൊങ്ങി വന്നത്. ഹംപിയിൽ ചൂട് കൂടുതൽ ആയിരുന്നതിനാലും അതൊരു കട്ട ഡാർക്ക് സീൻ ആകും എന്നു അവർ പറഞ്ഞതു കൊണ്ടും അധികം റിസ്ക് എടുക്കാൻ നിൽക്കാതെ എനിക്ക് അവിടെ റൂം അറേഞ്ച് ചെയ്തു തന്ന രഘുവിനെ വിളിച്ചപ്പോൾ ആണ് അറിയുന്നത് അവൻ ഒരു ഓട്ടോ മുതലാളി ആണെന്ന്. അപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല അവനെ അങ്ങു വിളിച്ചു അവനും അവന്റെ അനിയനും എനിക്ക് കൂട്ടായി വന്നു. അങ്ങനെ ഹംപി മുഴുവൻ അവരുടെ ആ പേടകത്തിൽ കറക്കി കാണിച്ചുതന്നു.
അപ്പോഴാണ് ശരിക്കും ആ ഉപദേശത്തിന്റെ വില അറിഞ്ഞത്, ഓട്ടോയിൽ ആയിരുന്നിട്ട് പോലും വെള്ളം കുടി തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഞാൻ സൈക്കിൾ എടുത്താണേൽ എന്നെ എടുത്തു കൊണ്ടുപോകാൻ വേറെ ആളുകൾ വരേണ്ടി വന്നേനെ. ഉച്ചയായപ്പോൾ വീണ്ടും ഹംപിയിലെ താലി മീൽസ് കഴിച്ചു. ഹംപിയിൽ വിട്ടുപോയ കാഴ്ചകൾ എല്ലാം കണ്ട് ഹിപ്പി ഐലൻഡിലേക്ക് തിരിച്ചു. തുങ്കഭദ്രയിൽ ബോട്ട് സർവീസ് വെള്ളം പൊങ്ങിയതുകൊണ്ടു നിർത്തിവച്ചത് അവിടെ ഒരു പാരയായി വന്നു. പിന്നെ ഒരു 40 കിലോമീറ്റർ ചുറ്റി കറക്കിയാണ് എന്നെ ഹിപ്പി ഐലൻഡിൽ അവർ കൊണ്ടു വിട്ടത്. അങ്ങനെ ഹിപ്പിയിൽ കാലുകുത്തിയ ഞാൻ അവിടെയും ഒരു സ്റ്റേ ഒപ്പിച്ചു.
അവിടുന്നായിരുന്നു നമ്മുടെ ഡിജിറ്റൽ ഇന്ത്യയുടെ ഏറ്റവും വലിയ പണി കിട്ടുന്നത്. “മൂത്തവർ ചൊല്ല് മുതുനെല്ലിക്ക പോലെ ആണെന്ന്” ആണല്ലോ. കയ്യിൽ പൈസ പ്ളാസ്റ്റിക് രൂപത്തിൽ വച്ചതിനു ഏറ്റവും നല്ല പണി തന്നെ കിട്ടി. എവിടെയും പ്ളാസ്റ്റിക് മണി എടുക്കൂല. ഹിപ്പിയിൽ ഫുഡ് കഴിക്കാൻ കയറിയപ്പോളോ മാരക അന്തരീക്ഷം 2 മഗ് ബിയറും നല്ല കിടു ട്രാൻസ് മ്യൂസിക്കും, വയറു നിറയെ ഫുഡും കഴിച്ചു കഴിഞ്ഞതും കിട്ടിയ ബിൽ കണ്ടതും വളരെ സന്തോഷമായി. കാരണം ഏകദേശം രണ്ടായിരത്തിനു മുകളിൽ ഉണ്ടായിരുന്നു. ഞാൻ ഹോംസ്റ്റേ എടുത്തപ്പോൾ ക്യാഷ് കൊടുത്തു കഴിഞ്ഞതിൽ പിന്നെ എന്റെ കയ്യിൽ കാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.
എങ്ങനെ ആ പൈസ കൊടുക്കും എന്നു ആലോചിക്കുമ്പോൾ ആണ് അവർ തന്നെ വഴി പറഞ്ഞു തന്നത് അതും ഒരു ഡിജിറ്റൽ ഐഡിയ ആയിരുന്നു. ‘പേടിഎം’. എന്റെ ഭാഗ്യത്തിന് എന്റെ പേടിഎമ്മും പണി തന്നു. വേറെ ഒരു വഴിയും ഇല്ലാഞ്ഞപ്പോൾ ഞാൻ അവിടുന്ന് ഒരു ആക്ടിവയും റെന്റിനെടുത്ത് എടിഎം തിരഞ്ഞിറങ്ങി. ഒരു 14 കിലോമീറ്റർ കഴിഞ്ഞതും എടിഎം കണ്ടുകിട്ടി. എന്നാൽ അവിടെയും എന്നെ ഭാഗ്യദേവത തുണച്ചു. പൈസ ഇല്ലായിരുന്നു. പിന്നെയും കുറച്ചു ദൂരം കൂടി പോയാൽ വേറൊരു എടിഎം ഉണ്ട് എന്ന് പറഞ്ഞപ്പോൾ പോകാൻ തന്നെ തീരുമാനിച്ച എന്റെ മുന്നിൽ വിജനമായ ഒരു കാനന പാതയായിരുന്നു തെളിഞ്ഞു വന്നത്. പണ്ടേ പേടി പുറത്ത് കാണിക്കാത്തത് കൊണ്ടു ഞാൻ ഒരുവിധത്തിൽ എടിഎം എത്തിപ്പെട്ടു.
അവിടെയാണേൽ 100 രൂപയുടെ നോട്ടുകൾ മാത്രം, അതും 2000 രൂപയിൽ കൂടുതൽ കിട്ടുകയുമില്ല. അവസാനം ആ ഉദ്യമം ഉപേക്ഷിച്ചു കിട്ടിയ 2000 രൂപയും കൊണ്ടു ഹോംസ്റ്റയിൽ വന്നു രാത്രി ഭക്ഷണവും കഴിച്ചു. എങ്ങും ട്രാൻസ് നിറഞ്ഞു നിൽക്കുന്ന ആ ഒരു അറ്റ്മോസ്ഫേയിറിൽ കുറച്ചു നേരം ഇങ്ങനെ ഓർമകളെ തലോടി ഇങ്ങനെ ഇരുന്നു. അവരുടെ ബിൽ അമൗണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തു ഞാൻ സെഫ് ആയി (എന്നും ട്യൂബിലൈറ്റ് പതുക്കയല്ലേ തെളിയൂ).
പിറ്റേന്ന് തന്നെ രാവിലെ മാതങ്ക ഹിൽസിലെ സൂര്യോദയം കാണാൻ ആയിരുന്നു ആഗ്രഹം. എന്നാൽ ഭാഗ്യദേവത തുണക്കാത്ത എന്നെ ഉറക്കത്തിന്റെ ആള് നന്നായി തുണച്ചു. ഉറക്കം കുറച്ചു കൂടിപ്പോയി. 7 മണി ആയി എണീക്കുമ്പോൾ. നമ്മുടെ സൂര്യൻ പിന്നെ എന്നെ കത്തുനിൽക്കാത്തത് കൊണ്ടു തന്നെ എന്റെ സൂര്യോദയം ഗുധാ ഹവാ ആയി. അപ്പോൾ എന്തായാലും ബാക്കി കാര്യങ്ങൾ എങ്കിലും നടത്താം എന്നു കരുതി വേഗം കുളിച്ചു റെഡി ആയി ചെക്ക്ഔട്ട് ചെയ്തു. ബാഗെല്ലാം അവിടെ തന്നെ വച്ചു തിരിച്ചു വന്നെടുക്കാം എന്ന വിശ്വാസത്തിൽ തലേന്ന് റെന്റിനെടുത്ത അതേ ആക്ടിവയിൽ അഞ്ജനെയ ഹിൽസ് കാണാൻ ഇറങ്ങി.
അഞ്ജനെയ ഹിൽസിനും ഒരു ചരിത്രം പറയാനുണ്ടായിരുന്നു. ഹനുമാൻ ജനിച്ചു വളർന്ന സ്ഥലം ആണ് അത്. അതിനു മുകളിലെ ക്ഷേത്രത്തിൽ 25 കിലോ ഭാരം വരുന്ന കല്ല് ഒരു വലിയ അക്വേറിയത്തിൽ ഇട്ടു വച്ചിട്ടുണ്ട്. അതു രാമസേതു പണിത്തപ്പോൾ അവിടുന്നു കൊണ്ടു വന്നതാണ് എന്നാണ് കരുതപ്പെടുന്നത്. അതു കൊണ്ടു തന്നെ അത് വെള്ളത്തിനു മുകളിൽ പൊങ്ങിയാണ് കിടക്കുന്നുണ്ടായിരുന്നത്. പിന്നെ നിറയെ കുരങ്ങന്മാരും ഉണ്ടായിരുന്നു. അവരെല്ലാം കൂടി എന്റെ ബാഗ് തട്ടിപ്പറിക്കാൻ ഒരു വിഫല ശ്രമം നടത്തി. ഞാനുണ്ടോ എന്റെ മർക്കട മുഷ്ടി വിടുന്നു. അങ്ങനെ എന്റെ ബാഗ് കിട്ടാതായപ്പോൾ അവിടെ കണ്ട മറ്റുള്ളവരുടെ തക്കാളി നിറച്ച കോട്ടകളിലേക്ക് ആയി പിന്നെ പരാക്രമം.
മാതങ്കി ഹിൽസ് ഒരു 700 പടവുകൾ കയറാൻ ഉണ്ടായിരുന്നു. താഴേക്കാണേൽ ഉരുണ്ടു പോകാമായിരുന്നു. ഇതു മുകളിലേക്കു ആണല്ലോ. അതുകൊണ്ടു കഷ്ടപ്പെട്ടു കയറി ഞാൻ മേലെ എത്തി. മനോഹരമായ കാഴ്ചകൾ കണ്ടു. മുകളിലുള്ള ഹനുമാന്റെ ക്ഷേത്രത്തിൽ കയറി തൊഴുതു. തിരിച്ചു ഉരുണ്ടു ഇറങ്ങി വണ്ടിയും എടുത്ത് തിരികെ വന്ന് ബാഗ് എടുത്തു ഹംപിയിലേക്ക്. അപ്പോളാണ് തലേന്ന് മുതൽ ട്യൂണ് ചെയ്തുകൊണ്ടിരുന്ന കന്നട പയ്യൻ അവന്റെ വിസിറ്റിംഗ് കാർഡുമായി കേറി കൊത്തിയത്. ആ കോഴിയെയും നൈസായി ഒഴിവാക്കി(സൗന്ദര്യം ഒരു ശാപമല്ലല്ലോ അല്ലെ) നേരെ ചെന്നു തുങ്കഭദ്രയിൽ നദിക്കരയിൽ തിരികെ ആരംഭിച്ച ബോട്ട് സർവിസും കാത്തിരുന്നു….
ബോട്ട് വൈകിയപ്പോൾ അവിടെ കണ്ട വലിയ പാറപ്പുറത്ത് ഒരു അനന്ത ശയനം എല്ലാം നടത്തി. അവസാനം ബോട്ട് വന്നപ്പോൾ കൊള്ളാത്ത ലൈഫ് ജാക്കറ്റിൽ എന്നെയും തിരുകിക്കയറ്റി. ഞാൻ ഹംപിയിലേക്ക് തിരിച്ചു പോകുകയാണ് സുർത്തുക്കേളേ തിരിച്ചു പോകുകയാണ്. ഹംപിയിൽ നിന്നു ഹോസ്പെട്ട് ബസ് സ്റ്റേഷനിലേക്ക് നമ്മുടെ രഘുവിന്റെ വണ്ടിയിൽ. അവിടുന്നു അവരുടെ കർണാടക RTC യുടെ ബസിൽ ഏതാണ്ട് 8 മണി ആയപ്പോൾക്കും നമ്മുടെ പഴയ തട്ടകം ആയ ബാംഗ്ലൂറിലേക്കും.ഒരു ദിവസം ഷോപ്പിങും സൗഹൃദങ്ങളും ഒക്കെ ആയി ബാംഗ്ലൂരിന്റെ മായ കാഴ്ചകൾ ആസ്വദിച്ചു വൈകുന്നേരത്തെ വണ്ടിക്ക് തിരികെ നാട്ടിലേക്കും..
കുറച്ചു ചരിത്രത്തിലേക്ക്: 1336-ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തിൽ നിന്നും ഹംപി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു എന്നു മസനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകൾ ഉപയോഗിച്ചാണ് കല്ലുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കല്പ്പണി കണ്ടിട്ടുള്ളുവെന്നും പോർട്ടുഗീസ് സഞ്ചാരി ഗോമിങ്ങോ പയസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പരന്ന മേൽക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങൾ കോട്ടക്കുള്ളിൽ കെട്ടിയിരുന്നു. കൊട്ടാരസമുച്ചയത്തിൽ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളിൽ താങ്ങി നിർത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ടായിരുന്നു. അതിന്റെ പ്രതാപകാലങ്ങളിൽ ഹംപി വ്യാപാര സാംസ്കാരികപ്രവർത്തനങ്ങളാൽ മുഖരിതമായിരുന്നു. ചെട്ടികൾ, മൂറുകൾ എന്ന മുസ്ലീം കച്ചവടക്കാർ, പോർച്ചുഗീസുകാരെപ്പോലെയുള്ള യുറോപ്യൻ കച്ചവടപ്രതിനിധികൾ തുടങ്ങിയവർ ഹംപിയിലെ ചന്തകളിൽ വ്യാപാരം നടത്തിയിരുന്നു.
സാംസ്കാരികപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങൾ. ദേവദാസികൾ വീരൂപക്ഷ ക്ഷേത്രത്തിലെ മണ്ഡപങ്ങളിൽ രാജാക്കന്മാർക്കും ജനങ്ങൾക്കും മുൻപാകെ നൃത്തങ്ങൾ നടത്തി. ഹംപിയിൽ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉൽസവമായിരുന്നു മഹാനവമി. രാജാവ് അതിഥികളെ സ്വീകരിക്കുകയും സാമന്തരിൽ നിന്നും കപ്പം സ്വീകരിക്കുകയും ചെയ്യുന്നതിനായി നിലകൊണ്ടിരുന്ന മഹാനവമി പീഠം ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്നു കൊണ്ടായിരുന്നു രാജാവ് നൃത്തവും സംഗീതപരിപാടികളും ഗുസ്തിമത്സരങ്ങളും വീക്ഷിച്ചിരുന്നത്.
1565-ൽ ഗോൾകൊണ്ട, ബീജാപൂർ, അഹ്മദനഗർ, ബെരാർ, ബിദാർ എന്നിവരുടെ ഭരണകർത്താക്കളായിരുന്ന ഡെക്കാൻ സുൽത്താൻമാർ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ ഹംപിയുടെ പ്രതാപകാലവും അവസാനിച്ചു. കാണാൻ ഉള്ള സ്ഥലങ്ങൾ: വിരൂപക്ഷ ക്ഷേത്രം,മന്മഥ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണ ക്ഷേത്രം, ഉഗ്രനരസിംഹമൂർത്തി, ബാദവ ലിംഗം,ചണ്ഡികേശ്വര ക്ഷേത്രം,വീരഭദ്ര പ്രതിമ,ഭൂഗർഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം, പാൻ സുപാരി ബസാർ, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹൽ, ആനപന്തി,വിട്ടലക്ഷേത്രം, ഗരുഡ രഥം, തുലഭാരം നടത്തിയിരുന്ന ത്രാസ്.
കുറച്ചു ഫ്രീ അഡ്വൈസസ്: സൈക്കിൾ ഓടിക്കാൻ ഉള്ള ത്രാണിയുള്ളവർ മാത്രം സൈക്കിൾ എടുക്കുക. കയ്യിൽ ആവശ്യത്തിന് പൈസ കരുതുക. ഒരിടത്തും കാർഡ് പേയ്മെന്റ് നടക്കില്ല. ഹിപ്പി ഐലൻഡ് എന്തായാലും പോയി കാണണം. ഒരിക്കലും നിങ്ങൾ നിരാശപ്പെടില്ല. ഓട്ടോ മുതലാളി രഘു നല്ലൊരു കൂട്ടുകാരനെപ്പോലെ കൂടെ ഉണ്ടാകും ആവശ്യമെങ്കിൽ അവനെ വിളിക്കാം പുള്ളിക്ക് നന്നായി ഇംഗ്ലീഷ് അറിയാം.