പ്രളയത്തിൽ വീടും നാടും മുങ്ങിയപ്പോൾ കൂടെയുള്ള മിണ്ടാപ്രാണിയെ കൈവിടാതെ ഒരു പലായനം…

കേരളത്തെ മൊത്തത്തിൽ പിടിച്ചുലച്ച ഒരു സംഭവമായിരുന്നല്ലോ 2018 ഓഗസ്റ്റ് മാസത്തിലെ പ്രളയം. പ്രളയകാലത്ത് കേരളം ജനത ഒരുപാട് പാഠങ്ങൾ പഠിച്ചു. എന്നിട്ടിപ്പോൾ അതെല്ലാം ഓർക്കുന്നുണ്ടോന്നു ചോദിച്ചാൽ, ആർക്കറിയാം… വെള്ളപ്പൊക്കത്തിൽ വീടും റോഡുമെല്ലാം മുങ്ങിയപ്പോൾ സ്വന്തം ജീവൻ രക്ഷിക്കുവാൻ നമ്മളെല്ലാവരും ഓടി. എന്നാൽ മറ്റുള്ള ജീവനുകളെ രക്ഷിക്കുവാനുള്ള മനസ്സ് ആരെല്ലാം കാണിച്ചിരുന്നു അന്ന്? വളരെ കുറവായിരുന്നിരിക്കണം. എന്തായാലും അത്തരത്തിൽ തങ്ങളുടെ എല്ലാമെല്ലാമായ വളർത്തു നായയെ രക്ഷിക്കുവാൻ ഓടിയ ഒരനുഭവകഥയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടം സ്വദേശിയായ മനു വി. കുറുപ്പ് പങ്കുവെയ്ക്കുന്നത്. മനുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് നമുക്കൊന്നു വായിക്കാം.

“15/8/2018 കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിൽ ആലപ്പുഴ, കഞ്ഞിപ്പാടം എന്ന ഗ്രാമത്തിലെ ഞങ്ങളുടെ വീടും മുങ്ങിക്കൊണ്ടിരിക്കുന്നു.. വെള്ളത്തിന്റെ ഭീകരത മനസിലാകാതെ പിടിച്ചു നിന്ന ആദ്യ ദിവസം ഞങ്ങളുടെ വളർത്തുനായ നിക്കിയുടെ (lab) കൂട്ടിലേക്ക് വെള്ളം പതിയെ ഒഴുകിയെത്തി. ശേഷം അടുത്തവീട്ടിലെ ടെറസിൽ അവിടുത്തെ ചാർളിയുടെ(lab) കൂടെ ആയി അഭയം.

നാൾക്കുനാൾ മുങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിൽ ചില രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം ഞങ്ങളും 2 ലാബ്രഡോർ നായ്ക്കളെയും ഒരു ചങ്ങാടത്തിൽ നിർത്തി വലിച്ചു കൊണ്ട് നെഞ്ചറ്റം വെള്ളത്തിലൂടെ നടന്നു. കുറച്ചെത്തിയപ്പോൾ ഒരു രക്ഷാപ്രവർത്തന വള്ളം. പക്ഷെ നായ്ക്കളുള്ളതുകൊണ്ട് കയറ്റില്ല. അറിയുന്ന ആളുകളാണ്. Lab ആണെന്നും ഒന്നും ചെയ്യില്ലന്നുമൊക്കെ പറഞ്ഞെങ്കിലും അവർക്ക് കയറ്റാൻ പറ്റില്ല. അതിപ്പോ അങ്ങനാണല്ലോ അറിയുന്ന പോലീസ്‌കാരൻ ഒരിടി കൂടുതൽ തരുമെന്നല്ലേ..

ഒന്നും പറയാതെ ഞങ്ങൾ നടപ്പിന്റെ വേഗത കൂട്ടി. വീണ്ടും ശക്തമായി മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. നെഞ്ചറ്റം വെള്ളത്തിൽ കനത്ത മഴയത്തു നടക്കുന്നതിനാൽ ശരീരമാകെ തണുത്ത് വിറങ്ങലിക്കാൻ തുടങ്ങി. 3.5 km നടന്നാലേ കരയെത്തു. ചുറ്റും കലങ്ങിയൊഴുകുന്ന വെള്ളം മാത്രം. ആളുകളെല്ലാം പോയ്കഴിഞ്ഞിരിക്കുന്നു. ശോകമൂകമായ അവസ്ഥ. പകുതി മുങ്ങിയ വീടുകളും അവയുടെ മുകളിൽ ജീവരക്ഷാർത്ഥം കയറി ഇരിക്കുന്ന സഹജീവികളും. ഹൃദയയഭേദകമായ കാഴ്ചകളാണ് എവിടെയും.

2 km നടന്നപ്പോൾ ഒറു ടോറസ് ലോറി കണ്ടു. അവിടം വരെ ടോറസ് വരുന്നുണ്ട്. അടുത്ത് ചെന്നപ്പോൾ അവസാന trip ആണ്. വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടിയിരിക്കുന്നു. ടോറസിൽ കയറാൻ ചെന്നപ്പോൾ അവിടെയും പ്രശനം നായയെ കയറ്റാനാവില്ല. ഒരു വിഭാഗത്തിന് നായയെ പേടി മറ്റൊരു വിഭാഗത്തിന് നായ ഹറാം. പക്ഷെ ഏതൊക്കെയോ നല്ല മനസ്സിനുടമകൾ ഉള്ളത് കൊണ്ട് ആ ലോറിയിൽ കയറാൻ സാധിച്ചു.

നിറയെ ആളുകൾ ഉള്ള ആ ലോറിയിൽ പുറം കാഴ്ചകളും കണ്ട് ഒന്നുമറിയാതെ ഇരിക്കുകയാണ് ആ സാധു ജീവികൾ. കരയിൽ എത്തിയതിനു ശേഷം സന്ധ്യ വൈകിയ സമയത്തു ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം കിട്ടി. ശേഷം അടുത്ത ദിവസത്തിൽ ഇനി എങ്ങോട്ട് എന്നതായിരുന്നു ആലോചന. ബന്ധു വീടുകൾ എല്ലാം കോട്ടയത്താണ്. ആലപ്പുഴയും കോട്ടയവുമായി ബന്ധപ്പെടുത്തുന്ന റോഡുകളിൽ എല്ലാം അരയറ്റം വെള്ളവും. ക്യാമ്പുകളിൽ നായയുമായി ചെല്ലാൻ കഴിയില്ല. നായയുമായി കയറി ചെല്ലാനാകുന്ന ഒരു വീട് അടുത്തെങ്ങും ഇല്ല താനും.

അവസാനം വിഷമത്തോടെ ആണെങ്കിലും വീട്ടുകാർ അത് പറഞ്ഞു, “നിക്കിയെ തുറന്ന് വിട്ടേക്കുക എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളും”. സർക്കാർ ക്യാമ്പുകളിലും മറ്റും കഴിയുന്ന പലരും മറ്റു മാർഗങ്ങളില്ലാതെ തങ്ങളുടെ അരുമകളെ ഉപേക്ഷിച്ചിരിക്കുകയാണ്. സഹിക്കാൻ കഴിയാത്ത വാക്കുകളായിരുന്നു അവ. അതുകൊണ്ടു തന്നെ സംശയമേതുമില്ലാതെ അപ്പൊ തന്നെ ഉറപ്പിച്ചു എന്തുവന്നാലും ഇവളെ അങ്ങനെ വിട്ടുകളയില്ല.

ശെരിക്കും ടെൻഷനിൽ ആയ നിമിഷങ്ങൾ. തിരക്കിയപ്പോൾ ഒരു വഴി തെളിഞ്ഞു. തണ്ണീർമുക്കം കല്ലറ റോഡ് വഴി കറങ്ങി പോയാൽ കോട്ടയത്ത് എത്താം.. അങ്ങനെ സുഹൃത്തിന്റെ കാറിൽ നിക്കിയും വീട്ടുകാരുമായി കോട്ടയത്തേക്ക്. നിര്ഭാഗ്യമെന്ന് പറയട്ടെ അവിടെയെത്തിയപ്പോൾ ആ റോഡിലും തലേ ദിവസം വെള്ളം കയറി. അങ്ങനെ ആ വഴിയും അടഞ്ഞു. അതിനാൽ വെച്ചൂർ ഉള്ള ഒരു ബന്ധു വീട്ടിൽ താമസിച്ചു. 3 ദിവസത്തിന് ശേഷം വെള്ളത്തിന്റെ അളവ് കുറഞ്ഞപ്പോൾ വീണ്ടും കാറിൽ കോട്ടയത്തെ അമ്മ വീട്ടിലേക്കും എത്തി. വീട്ടിൽ കുസൃതികൾ കാണിക്കുന്ന നിക്കി അവിടെയൊക്കെ അച്ചടക്കത്തോടെ പെരുമാറി അവസരത്തിനൊത്ത് ഉയർന്നത് ശെരിക്കും എന്നെ അമ്പരപ്പിച്ചു.

ഒരാഴ്ചക്ക് ശേഷം പ്രളയമൊഴിഞ്ഞതിനെത്തുടർന്ന് വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തു. AC റോഡിൽ വെള്ളമിറങ്ങാത്തതിനെ തുടർന്ന് തിരുവല്ല വഴി കറങ്ങി വേണം സഞ്ചരിക്കാൻ. സ്വന്തമായി കാർ ഇല്ലാത്തതിനാൽ വീട്ടിലേക്കുള്ള യാത്ര തീർത്തും വ്യത്യസ്തമായിരുന്നു. ചേട്ടനും നിക്കിയും ആയി 54 km ബൈക്കിൽ വരാൻ തീരുമാനമെടുത്തു. ബൈക്കിൽ ഇത്രയും ദൂരം അവളെ കൊണ്ടുപോകാനാകുമോ എന്നതിൽ ബന്ധുകൾക്കെല്ലാം സംശയമുണ്ടായിരുന്നു. പക്ഷെ പിൻസീറ്റിൽ ചേട്ടന്റെ മടിയിൽ ഒന്നുമറിയാതെ അവൾ വീണ്ടും കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. യാത്രയിലുടനീളം അത്ഭുദം കൂറുന്ന കണ്ണുകളായിരുന്നു ഞങ്ങളെ പിന്തുടർന്നത്.

തകർന്ന് കിടക്കുന്ന ഗ്രാമമാണ് ഞങ്ങളെ നാട്ടിൽ എതിരേറ്റത് എല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. വെള്ളം കയറി ഇറങ്ങിയതിന്റെ ശേഷിപ്പുകൾ വീട്ടിനകത്തും പുറത്തും പ്രകടമായിരുന്നു. എങ്കിലും പെട്ടെന്നൊരു ദിനം എല്ലാമിട്ടെറിഞ്ഞ് പോയി ആഴ്ചകൾക്ക് ശേഷം വെള്ളമിറങ്ങിയ സ്വന്തം വീട് കണ്ടപ്പോൾ ഞങ്ങളെപ്പോലെ തന്നെ അവളുടെയും കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവിടെ നിന്ന് ഞാനൊരു സത്യം മനസിലാക്കി- ‘അവളെല്ലാം മനസ്സിലാക്കുന്നുണ്ട്, അത് മനസിലാക്കാതെ പോകുന്ന നമ്മളാണ് പരാജയം!’

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply