വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തെരുവു യുദ്ധങ്ങൾ ; അന്നും ഇന്നും…

സ്വകാര്യ ബസ് സർവ്വീസുകൾ തുടങ്ങിയ അന്നു മുതലേയുള്ള പ്രശ്നമാണ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ. കെഎസ്ആർടിസിയിൽ പ്രത്യേകം കൺസെഷൻ കാർഡുകൾ ഉള്ളവർക്ക് മാത്രമേ ചാർജ്ജിൽ ഇളവ് ലഭിക്കുകയുള്ളൂ എന്നതിനാൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാറുമില്ല. എന്നാൽ കാർഡ് ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് കൺസെഷൻ കൊടുക്കുവാൻ പൊതുവെ മടിയുള്ളവരാണ് നമ്മുടെ നാട്ടിലെ ചില ബസ്സുകാർ.

ബസ് സ്റ്റാൻഡുകളിൽ മറ്റു യാത്രക്കാർ കയറി സീറ്റ് നിറയുന്നതുവരെ ബസ്സിനു പുറത്ത് കാത്തു നിൽക്കുന്ന വിദ്യാർഥീ-വിദ്യാർത്ഥിനിമാർ ഒരിടയ്ക്ക് എല്ലായിടത്തെയും സ്ഥിരം കാഴ്‌ചയായിരുന്നു. എന്നാൽ പിന്നീട് ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയുടെ ഉയർന്നതലത്തിലുള്ള ഇടപെടലുകൾ വന്നതോടെ ഈ കാഴ്ചകൾക്ക് ഒരു പരിധിവരെ കുറവുണ്ട്. എന്നാൽ ഇന്നും ചില ബസ് സ്റ്റാൻഡുകളിൽ ഈ കലാപരിപാടി അരങ്ങേറുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുറമേ കോളേജ് വിദ്യാർത്ഥികളും പൊരിവെയിലത്ത് ബസ് ജീവനക്കാരുടെ അനുവാദം ലഭിക്കുന്നതിനായി കാത്തുനിൽക്കേണ്ടി വരാറുണ്ട്.

എന്തുകൊണ്ടാണ് ഇവർക്ക് വിദ്യാർത്ഥികളോട് ഇത്ര വിവേചനം? ഒരുകാലത്ത് ഇവരും ഇതുപോലെ ബസ്സിലും ബോട്ടിലുമൊക്കെ കയറി സ്‌കൂളിൽ പോയിരുന്നതല്ലേ? അന്നൊക്കെ ഇതുപോലെ പല കണ്ടക്ടർമാരുടെയും ഡോർ ചെക്കർമാരുടെയും അവഹേളനവും വഴക്കു പറച്ചിലുകളും ഒക്കെ ഇവരും സഹിച്ചിട്ടുണ്ടാകില്ലേ? കളക്ഷൻ കുറയുന്നതു കാരണം മുതലാളിയുടെ നിർദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ജീവനക്കാർ പറയുന്ന ന്യായം. മുതലാളിയുടെ മക്കൾ ആണെങ്കിൽ ഇവർ ഇതുപോലെ തന്നെയായിരിക്കുമോ പെരുമാറുന്നത്? കുറേയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അന്നുമിന്നും വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള അകൽച്ചയ്ക്ക് അധികം കുറവുകളൊന്നും വന്നിട്ടില്ല.

ഇനി വിദ്യാർത്ഥികളോടായി ചിലത്.. നിങ്ങൾ ഒരു ബസ്സിൽ കൺസെഷൻ കാർഡുമായി (കാർഡ് ആവശ്യമായ വിദ്യാർഥികൾ ആണെങ്കിൽ കാണിച്ചാൽ മതി) കയറിയിട്ട് ST ടിക്കറ്റ് എടുത്തു യാത്ര ചെയ്യുകയാണെങ്കിൽ പോലും ഫുൾ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവർക്കുള്ള അതേ പരിഗണന തന്നെയാണ് നിങ്ങൾക്കും ആ ബസ്സിൽ ലഭിക്കേണ്ടത്. നിങ്ങളുടെ ഭാഗത്താണ് ന്യായം എന്നു ബോധ്യമുണ്ടെങ്കിൽ പേടിച്ചു മാറി നിൽക്കാതെ മുഖത്തു നോക്കി മാന്യമായി കാര്യം പറയുവാൻ മടിക്കരുത്. സീറ്റ് കാലിയാണെങ്കിൽ വിദ്യാർത്ഥികൾക്കും ഇരുന്നു പോകുവാനുള്ള അവകാശമുണ്ട്. ഇതൊന്നും ആരുടേയും ഔദാര്യമല്ല എന്നോർക്കുക.

ഇനി മറ്റൊരു കാര്യംകൂടി വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌കൂൾ വിട്ടു സ്റ്റോപ്പിൽ എത്തുമ്പോൾ ആദ്യം വരുന്ന ബസ്സിൽ എല്ലാവരും കൂടി തിരക്കിട്ടു കയറിയാൽ അത് ആ ബസ്സുകാർക്കും ബുദ്ധിമുട്ടുണ്ടാക്കും. ഒരേ റൂട്ടിൽ പുറകെ പുറകെ ബസ്സുകളുണ്ടെങ്കിൽ അവ വരുന്ന മുറയ്ക്ക് കുറേശ്ശെയായി കയറി പോകുവാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് എറണാകുളം ഹൈക്കോർട്ടിൽ നിന്നും ആലുവ, കാക്കനാട്, ചിറ്റൂർ, വൈപ്പിൻ ഭാഗങ്ങളിലേക്ക് മിനിറ്റുകളുടെ വ്യത്യാസത്തിൽ ബസ്സുകൾ ലഭ്യമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾ കുറേശ്ശെയായി കയറിപ്പോകുകയാണെങ്കിൽ അത് ബസ്സുകാർക്കും സ്വീകാര്യമായിരിക്കും. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന പോളിസിയാണ് ഇപ്പോൾ പറഞ്ഞത്.

ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് അന്യായമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്ക് ഈ സംഭവം ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിൽ വണ്ടിയുടെ പേരും രജിസ്‌ട്രേഷൻ നമ്പറും റൂട്ടും ഒക്കെ ചൂണ്ടിക്കാട്ടിച്ചുകൊണ്ട് നേരിട്ടു വിളിച്ച് അറിയിക്കാവുന്നതാണ്. സ്‌കൂൾ കുട്ടികൾക്കും ഈ നമ്പറിൽ വിളിച്ചു പരാതിപ്പെടാവുന്നതുമാണ്. ഉറപ്പായും അവർ വേണ്ട നടപടിയെടുക്കും എന്നുറപ്പ്. വിളിക്കേണ്ട നമ്പർ – 0471-2326603. ഒരു കാര്യംകൂടി പറയട്ടെ, ബസ്സുകാരോടുള്ള മറ്റു വൈരാഗ്യം തീർക്കുവാനായി ഈ സൗകര്യം നിങ്ങൾ ദുർവിനിയോഗിക്കരുത്.

ഇനിയുള്ള കാലത്ത് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കുറവുകൾ ഉണ്ടാകുമെന്നു തന്നെ വിശ്വസിക്കാം. ഈ വിശ്വാസം യാഥാർഥ്യമാകട്ടെ.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply