തീർത്തഹള്ളിയും തുങ്കയുടെ തീരത്തെ ചിബലഗുഡ്ഡയും രണ്ടു പെണ്ണുങ്ങളും…

തീർത്ഥഹള്ളിയിലേക്കുള്ള ബസ് യാത്ര.. ചെറിയ ഒരു ബസ്, ബസ് നിറയെ ആളുകൾ, ഇരിക്കാൻ സീറ്റ് പോലും കിട്ടിയില്ല കയറിയപ്പോൾ തന്നെ ബാഗ് ഡ്രൈവർ ചേട്ടന്റെ കയ്യിൽ കൊടുത്തു. ബസിന്റെ മുൻപന്തിയിൽ തന്നെ 2ണ്ടു ബാഗുകൾ ഞെളിഞ്ഞിരുന്നു. ഞങ്ങൾ രണ്ടാളും സീറ്റിനുവേണ്ടി നോക്കി നിൽക്കുകയാണ്. നമ്മുടെ നാട്ടിലെ പോലെ ഒന്നും അല്ല. അടുത്തടുത്തൊന്നും സ്റ്റോപ്പുകൾ ഇല്ല. ഒരു സ്റ്റോപ്പ് കഴിഞ്ഞാൽ അടുത്തത് ഒരുപാട് ദൂരെ ആണ്. എന്നാലും പ്രതീക്ഷ കൈവിടാതെ ഞാനും ഉർമിയും ഒരു വേഴാമ്പലിനെ പോലെ സീറ്റിനു വേണ്ടി കാത്തുനിന്നു. അവസാനം അതുസംഭവിച്ചു ഏതോ ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ കുറെ ആളുകൾ ഒന്നിച്ചിറങ്ങി. ഞങ്ങൾ രണ്ടാൾക്കും അടുത്തടുത്തുതന്നെ സീറ്റും കിട്ടി.

പുറകിലിരുന്ന ചേച്ചിയോട് തീർത്ഥഹള്ളിയിലേക്കു ഇനി എത്രദൂരം ഉണ്ട് എന്ന് ചോദിച്ചു മനസിലാക്കി. ചേച്ചി ആൾ ആകെ ആക്റ്റീവ് ആയിരുന്നു, ഞങ്ങൾ എവിടേക്കാണ് പോകുന്നത് സ്റ്റുഡന്റസ് ആണോ എന്നൊക്കെ ചേച്ചി ചോദിച്ചു. ചേച്ചി ഇറങ്ങുന്ന സ്റ്റോപ്പ് ഏതാണ്, അത് കഴിഞ്ഞു എത്ര സ്റ്റോപ്പ് കഴിഞ്ഞാണ് തീർത്ഥഹള്ളി എന്നെല്ലാം പറഞ്ഞുതന്നു. നല്ല സ്നേഹം ഉള്ള മനുഷ്യർ. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഒരുപരിചയതും ഇല്ലാത്ത ഞങ്ങളോട് എത്രത്തോളം സ്നേഹത്തോടെ ആണ് ഓരോ ആളുകളും പെരുമാറുന്നത്. ..വൈകാതെ ചേച്ചി റ്റാ റ്റാ പറഞ്ഞു ഇറങ്ങി. ഞാനും ഉർമിയും ഇടക്കെപ്പോളോ ഉറങ്ങിപ്പോയി.

എണീക്കുമ്പോൾ തീർത്ഥഹള്ളി എത്താനായിരിക്കുന്നു. ഏകദേശം 11.30 ആയി സമയം. മഴയൊക്കെ മാറി നീക്കുകയാണ്എന്ന ആശ്വാസത്തോടെ തീർത്ഥഹള്ളിയിലേക്കു ബസിൽനിന്നും കാൽ എടുത്തു വച്ചതേ ഉള്ളു, എവിടെ നിന്നോ മഴ എത്തി. ആകെ പണിയായി! അടുത്തുകണ്ട ഷെഡിലേക്കു കയറിനിന്നു. അതിനുസമീപം തന്നെ ആണ് ഓട്ടോസ്റ്റാൻഡ്. മഴ മാറാൻ കാത്തു നിന്നാൽ എല്ലാ പ്ലാൻസും പൊളിയും. അതുകൊണ്ടു മഞ്ജുനാഥ് സാർ പറഞ്ഞുതന്ന സ്ഥലങ്ങൾ എഴുതിവച്ച പേപ്പർ എടുക്കാം എന്നുകരുതി. ഒരുനിമിഷം ഞാനാനും ഉര്മികയും ഒന്ന് ഞെട്ടി!! പേപ്പർ കാണുന്നില്ല . വീണ്ടും പണിപാളിയാ.. പോക്കറ്റ് തപ്പുന്നു ബാഗ് തപ്പുന്നു, ഒരിടത്തും കാണുന്നില്ല. സ്ഥലത്തിന്റെ പേരാണെങ്കിൽ ഓർമയും ഇല്ല. ആകെ വിഷമം ആയി. എന്നാപ്പിന്നെ അവസാനം ക്യാമറ ബാഗിൽ ഒന്ന് തപ്പാം എന്നുകരുതി. ഭാഗ്യം പേപ്പർ ചെറുതായി മടക്കി ബാഗിൽ വച്ചിരിക്കുന്നു. രണ്ടാൾക്കും അപ്പോളാണ് ഒന്ന് സമാധാനം ആയത്. ലിസ്റ്റ് അനുസരിച്ചു ഇനി മൂന്നുസ്ഥലങ്ങൾ കൂടി കവർ ചെയ്യണം. എന്നിട്ടു സാഗരയിൽ എത്തണം അവിടെ ആണ് രാത്രിയിലേക്കുള്ള താമസം ബുക്ക് ചെയ്തിരിക്കുന്നത്.

ഓട്ടോ സ്റ്റാൻഡിൽ എത്തി സ്ഥലങ്ങളുടെ പേരെല്ലാം പേപ്പർ ഒന്നും നോക്കാതെ പറഞ്ഞു. ഇവിടെ ഒക്കെ പോകണം, എത്രരൂപ ആകും എന്ന് ചോദിച്ചു. ഒരു അഞ്ചാറു വട്ടം ഈ സ്ഥാനലങ്ങളൊക്കെ പോയിട്ടുള്ളതുപോലെ ആണ് ഞങ്ങളുടെ സംസാരം. ഞങ്ങൾക്ക് ഒന്നും അറിയില്ലെന്ന് ഓട്ടോകാർക്കു തോന്നരുതല്ലോ. ആദ്യം പറഞ്ഞ പൈസ ഞങ്ങൾക്ക് പറ്റില്ലാന്ന് ഞാൻ പറഞ്ഞു. അപ്പോളേക്കും ബാക്കി ഓട്ടോ ചേട്ടന്മാരൊക്കെ കൂടി. കൂട്ടത്തിൽ പ്രായം ഉള്ള ഒരു ചേട്ടൻ സ്ഥലങ്ങളുടെ പേരൊക്കെ കേട്ടിട്ട് അതിൽ ഒരു സ്ഥലത്തു (കവല ദുർഗ) അവിടെ പെൺകുട്ടികൾ ഒറ്റക്ക് പോകണ്ട എന്ന് ഉപദേശിച്ചു. എന്തെങ്കിലും കാരണം ഉള്ളത് കൊണ്ടാണല്ലോ ആ ചേട്ടൻ അങ്ങനെ പറഞ്ഞത് എന്നാൽ അവിടെ പോകണ്ട എന്ന് തീരുമാനിച്ചു. ബാക്കി സ്ഥലങ്ങൾ എല്ലാം കൂടി ഞങ്ങൾ ഒരു റേറ്റ് പറഞ്ഞു അവസാനം ഒരു ചേട്ടൻ സമ്മതിച്ചു.

ഒരുത്തരിപോലും തമിഴോ, ഇംഗ്ലീഷോ, ഹിന്ദിയോ അറിയാത്ത ചേട്ടൻ. ഓട്ടോ എടുത്തപ്പോൾ തന്നെ ഞാൻ അങ്ങേരുടെ പേരുചോദിച്ചു . നിതിൻ. തമിഴ് അറിയുമോ എന്നായി അടുത്ത ചോദ്യം. ഇല്ല എന്ന് ഉത്തരം. ശെടാ ആകെ പണിയായല്ലോ. തമിഴ് സിനിമ ഒന്നും കാണാറില്ലേ എന്ന് ചോദിച്ചപ്പോൾ ചേട്ടൻ പറയുവാണ് സിനിമ കാണാറില്ല ക്രിക്കറ്റ് കളി ആണ് പുള്ളിടെ ഹോബി, അത് കാണാൻ ഭാഷയുടെ ആവശ്യം ഇല്ലല്ലോ. ആകെ പുള്ളിക്കാരൻ കണ്ട പടം മഗധീര ആണത്രേ. അത് കിടിലൻ ആണ് എന്നും പുള്ളിക്കാരൻ പാഞ്ഞു . ഞങ്ങൾ തമ്മിലുള്ള സംസാരം മുറി കന്നടയിൽ ആയിരുന്നു. ഏതെല്ലാം കണ്ടു പാവം എന്റെ ബംഗാളി ഫ്രണ്ട് മിണ്ടാതിരുന്നു. പിന്നെ ഞാൻ കുറച്ചൊക്കെ പറഞ്ഞുകൊടുത്തു.

ചേട്ടൻ എന്തായാലും അധികം സംസാരിക്കുന്ന ടൈപ്പ് അല്ല എന്നാണ് എനിക്ക് തോന്നിയത്. ചിലപ്പോ ഭാഷ പ്രശനം ഉള്ളതുകൊണ്ടാകും . എന്തായാലും ഞങ്ങളുടെ യാത്ര തീർത്ഥഹള്ളിയിലെ fish sanctuary ആയ Chibbalagudde യിലേക്കാണ്. തുങ്കയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രവും, അതിനു സമീപത്തായി ധാരാളം മീനുകൾ എത്തുന്ന തുങ്കയുടെ ഒരു പ്രധാന ഭാഗവും. ഒരു 20 മിനിറ്റ് യാത്രയാണ് ഓട്ടോയിൽ. വലിയ കയറ്റങ്ങൾ. ഇരുവശവും കാട് അങ്ങനെ ഞങ്ങൾ ശ്രീ സിദ്ദി വിനായക ക്ഷേത്രത്തിനുമുന്നിൽ എത്തി. ക്ഷേത്രത്തോടു ചെന്ന് നമ്മുടെ നാട്ടിലെ ഇല്ലങ്ങൾ പോലെ ഒരു ചെറിയ വീട്.. അവിടെ ആണ് പൂജാരി കുടുംബവും താമസിക്കുന്നതെന്നു തോന്നുന്നു. പലതരത്തിലുള്ള പൂക്കൾ ആണ് വീടിന്റെ മുൻഭാഗത്തും ക്ഷേത്രത്തിലേക്കുള്ള വഴികളിലും. ആ വീടും ക്ഷേത്രവും അല്ലാതെ അവിടെ മറ്റൊരു വീടോ കടയോ ആളുകളെയോ കാണുന്നില്ല.

ബാഗ് എല്ലാം വണ്ടിയിൽ തന്നെ വച്ച് ക്യാമറ എടുത്തു ഞാനും ഉര്മികയും ക്ഷേത്രത്തിലേക്ക് നടന്നു. വിജനമായ വഴി. ക്ഷേത്രത്തിനകത്തു പൂജാരിയും ഭാര്യയും അവരുടെ മകളും അവരുടെ 2 വയസോളം പ്രായം തോന്നിക്കുന്ന കൊച്ചുമകളും മാത്രം. എല്ലാവരും ചേർന്ന് കുട്ടിയെ കളിപ്പിക്കുക്കയാണ്. ഞങ്ങളെ കണ്ടപ്പോൾ കുട്ടിക്ക് ആകെ സന്തോഷം. ഉര്മിക കുഞ്ഞിന്റെ ചില ചിത്രങ്ങൾ എടുത്തു. ക്ഷേത്രത്തിൽ ഒന്ന് തൊഴുതു, മീനുകൾ ധാരാളം ഉള്ള ഭാഗം എവിടെ എന്ന് അവരോടു ചോദിച്ചു. കുറച്ചധികം പടികൾ ഇറങ്ങണം, ക്ഷേത്രത്തിനു പിൻഭാഗത്തായായാണ് പടികൾ തുടങ്ങുന്നത്. നമ്മളുടെ നാട്ടിലെ ക്ഷേത്രകുളത്തിനോട് സാമ്യം തോന്നും എന്നാൽ ഇറങ്ങി എത്തുമ്പോൾ കാണുന്നത് വിശാലമായ തുങ്ക. അതിമനോഹരമായ ഒരു കാഴ്ച.

നല്ല മഴ പെയ്തെതിനാൽ തുങ്ക അവളുടെ രൗദ്ര ഭാവത്തിൽ ഒഴുകുകയാണ്. തെന്നാൻ ഉള്ള സാധ്യതയുണ്ട്, വെള്ളം പൊങ്ങിയതിനാൽ മീനുകളെ കാണാൻ സാധിക്കില്ല എന്നും മുകളിലുള്ള കുടുംബം ഞങ്ങളോട് പറഞ്ഞു. ഉർമികക്ക് അതുകേട്ടപ്പോൾ കുറച്ചു വിഷമം ആയി. എന്നാലും സാരമില്ല ഇവിടെ വരെ വന്നതല്ലേ , ഞങ്ങൾ പടികൾ ഇറങ്ങി. മനോഹരമായ കാഴ്ച. തിരക്കുകൂട്ടലും ഒച്ചപ്പാടും ഇല്ലാതെ തുങ്കയുടെ തീരത്തു കുറച്ചുനേരം ഇരുന്നു. സഞ്ചാരികൾക്കു ഇരിക്കുന്നതിനായി സിമെന്റ് കസേരകൾ ഉണ്ടാക്കിയിട്ടുണ്ട്. മഴ പെയ്തു കുതിർന്നിരിക്കുകയാണ് എല്ലാം. ചാഞ്ഞുനിൽക്കുന്ന മരത്തിൽനിന്നും വീണ ഇലകളുടെ ഒരുപാളിതന്നെ ഉണ്ടായിട്ടുണ്ട് അവിടെ. കുറച്ചു നേരം ഞാനും ഉർമിയും തുങ്കയുടെ തീർത്ത് സംസാരിച്ചിരുന്നു. ഒരു മീനെപോലും കണ്ടില്ല. എന്നാലും മനോഹരമായ ഈ കാഴ്ച കാണാൻ പറ്റിയല്ലോ എന്ന ഒരു സന്തോഷം.

അതികം വൈകാതെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു . പുറത്തു നിതിൻ ചേട്ടൻ ഞങ്ങളെ വെയിറ്റ് ചെയ്യുകയാണ്. തിരിച്ചെത്തിയപ്പോൾ തെന്നുന്നുണ്ടായിരുന്നോ, മീനുകളെ കണ്ടോ എന്നൊക്കെ അന്യോഷിച്ചു. മീനുകളെ കണ്ടില്ലെങ്കിലും മനസിന് നല്ല സന്തോഷം.. അടുത്ത യാത്ര എവിടേക്കാണ് എന്ന് ഞാൻ നിതിൻ ഏട്ടനോട് ചോദിച്ചു. ഇനി കുപ്പള്ളിയിലേക്കു പോകാം എന്ന് പറഞ്ഞു. കർണാടക സാഹിത്യത്തിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണാണ് കുപ്പള്ളി. അങ്ങനെ ഞങ്ങൾ Chibbalagudde യിൽ നിന്നും കുപ്പള്ളിയിലേക്കുള്ള യാത്ര ആരംഭിച്ചു.
കുപ്പള്ളിയിലേക്കുള്ള യാത്രയിൽ അവിചാരിതമായി കണ്ട തപോവനവും അവിടുത്തെ കല്ലിൽ കൊത്തിയ കവിതകളും, കുപ്പള്ളിയിലെ മനോഹരമായ തറവാടും അവിടെനിന്നും മലമുകളിലേക്കുള്ള യാത്രയും, മഴയും വിശേഷങ്ങളും ഇനി അടുത്ത പാര്‍ട്ടില്‍…

വിവരണം – ഗീതു മോഹന്‍ദാസ്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply